sections
MORE

ഗൂഗിളിന്റേത് സൂപ്പര്‍ റെസലൂഷന്‍ ക്യാമറ അല്‍ഗോറിതം, കണ്ടു നോക്കൂ...

google-pixel
SHARE

മൊബൈല്‍ ഫോണ്‍ ഫൊട്ടോഗ്രാഫിയുടെ ഏറ്റവും വലിയ പരിമിതികളിലൊന്ന് അവയുടെ ക്യാമറകളില്‍ ഉപയോഗിക്കുന്ന സെന്‍സറുകളുടെ വലുപ്പക്കുറവാണ്. വലിയ സെന്‍സര്‍ വയ്ക്കുക എന്നത് അത്ര പ്രായോഗികമല്ലാത്ത കാര്യമായതിനാല്‍ ഗൂഗിള്‍ അടക്കമുള്ള കമ്പനികള്‍ കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രാഫിയുടെ സാധ്യതകള്‍ ആരായുകയാണ്. ഡിഎസ്എല്‍ആറുകളിലും മറ്റും പിടിപ്പിക്കുന്ന വലിയ സെന്‍സറുകള്‍ക്കും അവയുടെ ലെസുകള്‍ക്കും കൂടുതല്‍ വെളിച്ചം സ്വീകരിക്കാനുള്ള കഴിവുണ്ട്. എന്നാല്‍ സ്മാര്‍ട് ഫോണുകളുടെ ചെറിയ സെന്‍സര്‍ നിലനിര്‍ത്തി എങ്ങനെ മികവു കൊണ്ടുവരാമെന്നാണ് ഗൂഗിളും മറ്റും ശ്രമിക്കുന്നത്. ഗൂഗിളിന്റെ പിക്‌സല്‍ 3യില്‍ ആദ്യം കണ്ട നൈറ്റ് സൈറ്റ് മോഡ് അദ്ഭുതാവഹമാണ്. ഒരു ചെറിയ സെന്‍സറിനെ കൊണ്ട് ഇത്രയെല്ലാം ചെയ്യിക്കാമെന്ന് ഏതാനും വര്‍ഷം മുൻപ് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ആരുമത് ഗൗരവത്തിൽ എടുക്കുമായിരുന്നില്ല.

ഇത്തവണ ഗൂഗിളിന്റെ കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രാഫി ഡിപ്പാര്‍ട്ട്‌മെന്റ് എത്തുന്നത് സൂപ്പര്‍ റെസലൂഷന്‍ ടെക്‌നോളജിയുമായാണ്. ഫോണ്‍ ക്യാമറയുടെ സെന്‍സറിലെത്തുന്ന പ്രകാശവും നോയിസും തമ്മിലുള്ള അനുപാതം വളരെ കൂടുതലായിരിക്കും എന്നതാണ് അവര്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ഇതിനു പരിഹാരമായി ഫോണ്‍ കൈയ്യില്‍ പിടിച്ച് നിരവധി റോ ചിത്രങ്ങള്‍ എടുക്കുക എന്നതാണ്. മനുഷ്യരുടെ കൈയ്ക്ക് പാറയുടെ ഉറപ്പൊന്നുമില്ല. അല്‍പമെങ്കിലും അനക്കം തട്ടും. ഒറ്റയിടിക്ക് എടുക്കുന്ന ഓരോ ചിത്രവും തമ്മില്‍ ഇതിലൂടെ പിക്‌സല്‍ തലത്തില്‍, വ്യത്യാസം വരും. ഈ വ്യത്യാസം കൂടുതല്‍ വിശദാംശങ്ങള്‍ അന്തിമ ചിത്രത്തിലേക്ക് എത്തുന്നതിനു സഹായകമാക്കാം. ഇതിലൂടെ കൃത്രിമമായ ഡീമൊസെയ്കിങ് നടത്താതെ റെസലൂഷന്‍ വര്‍ധിപ്പിക്കുകയും സിഗ്നലും നോയിസും തമ്മിലുള്ള അനുപാത പ്രശ്‌നം പരിഹരിക്കുകയും ചെയ്യാം.

വെല്ലുവിളി ഉയര്‍ത്തുന്ന വെളിച്ചമുള്ള സ്ഥലത്തു പോലും തങ്ങളുടെ അല്‍ഗോറിതം മികച്ച പ്രകടനം നടത്തുമെന്ന് ഗൂഗിള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം നൈറ്റ് സൈറ്റ് മോഡിനൊപ്പം ഗൂഗിള്‍ അവതരിപ്പിച്ച മറ്റൊരു ഫീച്ചര്‍ ആയിരുന്നു സൂപ്പര്‍-റെസ് സൂം (Super-Res Zoom). ഇതിനു രണ്ടിനും അനുവര്‍ത്തിച്ച അതേ തത്വങ്ങള്‍ തന്നെയാണ് പുതിയ സൂപ്പര്‍ റെസലൂഷന്‍ ഫൊട്ടോഗ്രാഫിയ്ക്കും നല്‍കിയിരിക്കുന്നതെന്ന് പറയുന്നു. ഈ വര്‍ഷം ഇറക്കുന്ന പിക്‌സല്‍ 4 മോഡലുകളില്‍ ഇതു പ്രതീക്ഷിക്കാനാകുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. (ഈ വര്‍ഷത്തെ ഒരു പിക്‌സല്‍ ഫോണെങ്കിലും ഇരട്ട ക്യാമയുമായി ആയിരിക്കും എത്തുക എന്നും വാര്‍ത്തകളുണ്ട്.) എന്നാല്‍, ഡിഫ്രാക്ഷന്‍ എന്ന പ്രശ്‌നം ഇതിലൂടെയൊന്നും പരിഹരിക്കാനാവില്ലെന്നും വാദമുണ്ട്. ഫോട്ടോയിലെ ചില ഭാഗങ്ങള്‍ മികച്ചു നില്‍ക്കുമെങ്കിലും മറ്റിടങ്ങളില്‍ പ്രശ്‌നങ്ങള്‍ കാണുമെന്നാണ് വിമര്‍ശകര്‍ വാദിക്കുന്നത്.

ഈ ടെക്‌നിക് ഗൂഗിള്‍ എൻജിനീയര്‍മാര്‍ക്ക് പതിച്ചു നല്‍കേണ്ട കാര്യമുണ്ടോ എന്നറിയില്ല. വര്‍ഷങ്ങളായി ഫോട്ടോഗ്രാഫര്‍മാര്‍ പിക്‌സല്‍ ഷിഫ്റ്റ് എന്ന പേരില്‍ ഉപയോഗിച്ചിരുന്നതാണിത്. ആദ്യകാലത്ത് ഫോട്ടോ എടുത്ത ശേഷം സോഫ്റ്റ്‌വെയറിലായിരുന്ന അവ സംയോജിപ്പിച്ചിരുന്നത്. അടുത്ത കാലത്തിറങ്ങിയ ഒളിമ്പസ് (Olympus OM-D E-M1X) ക്യാമറയില്‍ ഹൈ റെസലൂഷന്‍ മോഡ് പ്രവര്‍ത്തിക്കുന്നതും ഏകദേശം ഇതേ തത്വങ്ങള്‍ ഉപയോഗിച്ചാണ്. ക്യാമറ കൈയ്യില്‍ പിടിച്ചു ഫോട്ടോ എടുക്കുമ്പോള്‍ 50 എംപി ഫയലുകളും ട്രൈപ്പോഡില്‍ വച്ചാണെങ്കില്‍ 80 എംപി ഫയലുകളും ഈ ക്യാമറയ്ക്ക് നല്‍കാനാകും. 80 എംപി ഫയലുകള്‍ക്കായി എട്ടു ഷോട്ടുകളാണ് ക്യാമറ സംയോജിപ്പിക്കുന്നത്. എന്നാല്‍ ഇത് ഫ്രെയ്മില്‍ അനക്കമില്ലെങ്കില്‍ മാത്രമെ നന്നായി കിട്ടൂ. ഗൂഗിളിന്റെ എൻജിനീയര്‍മാര്‍ പറയുന്നത് ഫ്രെയ്മില്‍ അനങ്ങുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍ പോലും മികച്ച ചിത്രം എടുക്കുമെന്നാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
FROM ONMANORAMA