ADVERTISEMENT

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എത്തിയെന്നു വിളിച്ചറിയിക്കുന്നതാണ് യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടന്റെയും ഫെയ്‌സ്ബുക്കിന്റെയും ഗവേഷകര്‍ ഒറ്റ സ്റ്റില്‍ ഫോട്ടോയെ എഐ ആനിമേറ്റു ചെയ്തു കാണിച്ചിരിക്കുന്നത് വളരെ യഥാര്‍ഥമെന്നു തോന്നിപ്പിക്കുന്ന രീതിയിലാണ്. വളരെക്കാലം ഫോട്ടോ എഡിറ്റിങ് നടത്തിയിട്ടുള്ള ആളുകള്‍ ആവര്‍ത്തിച്ചു പറയുന്ന ഒരു കാര്യമുമുണ്ട്. ഒറ്റ സ്റ്റില്‍ ഫോട്ടോയില്‍ നിന്ന് 3D ഇമേജ് സൃഷ്ടിക്കല്‍ സാധ്യമല്ലെന്ന്. ഒരാളുടെ ഫോട്ടോ എടുത്താല്‍ കാണാവുന്നത് അത് ദ്വിമാനമാണ് എന്നാണ്. ക്യാമറയ്ക്ക് എതിര്‍വശത്തെപ്പറ്റിയുള്ള ഒരു ഡേറ്റയും ഇല്ല. ത്രിമാനത സൃഷ്ടിക്കണമെങ്കില്‍ പല വശങ്ങളില്‍ നിന്നുമുള്ള ഡേറ്റ ആവശ്യമാണ്. പല ആംഗിളുകളില്‍ നിന്നുള്ള ചിത്രങ്ങള്‍ എടുത്ത ശേഷം അവ സമ്മേളിപ്പിച്ചാല്‍ മാത്രമെ ത്രിമാനത സൃഷ്ടിക്കാന്‍ സാധ്യമാകുമായിരുന്നുള്ളു. എന്നാല്‍ എഐ വിശ്വസനീയമായ രീതിയില്‍ ഇപ്പോള്‍ അതും ചെയ്തിരിക്കുന്നു എന്നതാണ് കാണാനാകുന്നത്. വിഡിയോ കാണാം.

 

ഫോട്ടോ വെയ്ക്-അപ് (Photo Wake-Up) എന്നാണ് അല്‍ഗോറിതത്തിന്റെ പേര്. ജൂണ്‍ 19 നടന്ന കോണ്‍ഫറന്‍സ് ഓണ്‍ കംപ്യൂട്ടര്‍ വിഷന്‍ ആന്‍ഡ് പാറ്റേണ്‍ റെക്കഗ്നിഷനിലാണ് ഇത് അവതരിപ്പിച്ചത്. നില്‍ക്കുന്ന ഒരാളുടെ ഫോട്ടോയാണ് ആനിമേറ്റു ചെയ്തു കാണിക്കുന്നത്. യഥാര്‍ഥമെന്നു തോന്നിക്കുന്ന പെയ്ന്റിങും ഇത്തരത്തില്‍ ആനിമേറ്റു ചെയ്തു കാണിക്കുന്നു. പെയ്ന്റിങ്ങിലെ രൂപത്തിന് ഫ്രെയ്മില്‍ നിന്ന് പുറത്തേക്കു നടക്കാന്‍ സാധിക്കുന്നതായി കാഴ്ചക്കാരനു തോന്നുന്നു. ത്രിമാനമായ ഇടത്തേക്കാണ് അത് ഇറങ്ങി വരുന്നതെന്നും കാണാം. ഫ്രെയ്മില്‍ എവിടെയായിരുന്നോ ചിത്രം അവിടം ഓട്ടോമാറ്റിക്കായി സോഫ്റ്റ്‌വെയര്‍ നിറംകൊണ്ടു നിറയ്ക്കുന്നുമുണ്ട്.

 

ഇതേക്കുറിച്ചു പുറത്തുവിട്ട പഠനം പറയുന്നത് ഈ സോഫ്റ്റ്‌വെയറിന് ഒറ്റ സ്റ്റില്‍ ചിത്രത്തെ നടക്കുന്നതോ, ഓടുന്നതോ, ഇരിക്കുന്നതോ ചാടുന്നതോ ആയ ത്രിമാനതയുള്ള ചിത്രങ്ങളായി പരിവര്‍ത്തനം ചെയ്യാമെന്നാണ്. ഈ ആനിമേഷന്‍സും ത്രിമാനതയും ഒരു ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റിലൂടെ അനുഭവവേദ്യമാകുകയും ചെയ്യും. ഇതിലൂടെ മ്യൂസിയങ്ങളിലെ കലാ രൂപങ്ങള്‍ക്ക് എഴുന്നേറ്റു നടക്കാനാകും!

 

ഒറ്റ ക്യാമറ പൊസിഷനില്‍ എടുത്ത ഫോട്ടോയോ ചിത്രമോ മാത്രം മതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഈ മാജിക്കു കാണിക്കാന്‍ എന്നതാണ് പലരെയും അദ്ഭുതപ്പെടുത്തിയത്. ഇതിനെ പാര്‍ശ്വങ്ങളില്‍ നിന്നും പിന്നില്‍ നിന്നുമൊക്കെ കാണാം. ഇന്‍പുട്ടിനെ അല്‍ഗോറിതത്തിനു നല്‍കുന്ന ചിത്രത്തെ ആശ്രയിച്ച് അതു തരുന്ന ഔട്ട്പുട്ടിന്റെ ക്വാളിറ്റി കുറഞ്ഞും കൂടിയും ഇരിക്കും. മുന്നില്‍ നിന്നെടുത്ത ചിത്രത്തെ ആനിമേറ്റു ചെയ്യുമ്പോള്‍ അയാളുടെ പുറത്ത് ശരിക്കുമുള്ള അരിമ്പാറ എഐ കണ്ടില്ല തുടങ്ങിയ വിമര്‍ശനങ്ങള്‍ ഉന്നയിക്കണ്ടവര്‍ക്ക് ഉന്നയിക്കുകയും ചെയ്യാം.

 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രമാക്കി നിര്‍മിച്ച ഫെയ്‌സ് റെക്കഗ്നിഷന്‍ ടെക്‌നോളജിയുടെ കാര്യത്തില്‍ നാം മനസ്സിലാക്കിയ ഒരു കാര്യമുണ്ട്, കാലം കഴിയും തോറും അതിന്റെ ഗുണമേന്മ കൂടി കൂടി വരുമെന്നത്. എന്നു പറഞ്ഞാല്‍ വരും മാസങ്ങളിലും വര്‍ഷങ്ങളിലും ഈ സാങ്കേതികവിദ്യ മികവാര്‍ജ്ജിക്കും. മുഖം മാത്രം ആനിമേറ്റു ചെയ്യുന്ന സാങ്കേതികവിദ്യ സാംസങ് പുറത്തു വിട്ടത് ഓര്‍ക്കുമല്ലോ.

 

മനുഷ്യനു സാധ്യമല്ലാതിരുന്ന പലയിടങ്ങളിലേക്കും അതിന്റെ ശൈശാവാവസ്ഥയില്‍ തന്നെ നിര്‍മിത ബുദ്ധി നടന്നു കയറുകയാണ്. ഇതിനെല്ലാം ഗുണവും ദോഷവുമുണ്ടാകും. ആനിമേഷന്‍ തുടങ്ങിയ മേഖലകളില്‍ ഇനി കുട്ടികള്‍ പഠനം തുടരേണ്ട കാര്യമുണ്ടോ എന്നാണ് ഉയരുന്ന ഒരു ചോദ്യം. ഡീപ് ഫെയ്ക് വിഡിയോകളും ചിത്രങ്ങളും യഥേഷ്ടം സൃഷ്ടിക്കപ്പെടാം. ഇതെല്ലാം വരും വര്‍ഷങ്ങളില്‍ ഫോണ്‍ ആപ്പുകളായി വന്നേക്കാം. വരും കാലത്തു ജീവിക്കാന്‍, കാണുന്നതെല്ലാം വിശ്വസനീയമാണെന്നു കരുതിയിരുന്ന നമ്മളുടെ മനസ്സുകളെ എത്രയും വേഗം പുനക്രമീകരിക്കേണ്ടതായിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com