ADVERTISEMENT

ലോക പ്രശസ്ത ക്യാമറ നിര്‍മാതാക്കളായ നിക്കോണ്‍ തങ്ങളുടെ ചില DX സെന്‍സര്‍ ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ നിര്‍മിച്ചേക്കില്ലെന്ന് പുതിയ അഭ്യൂഹങ്ങള്‍ പറയുന്നു. മിറര്‍ലെസ് ക്യാമറകള്‍ നിര്‍മാണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ശ്രമിക്കുന്നതിനാലാകണം ഡിഎസ്എല്‍ആര്‍ ശ്രേണികള്‍ നിർത്തുന്നത്.

 

നിക്കോണിന്റെ ചില DX ക്യാമറകളായ D3500, D5600, D500 എന്നീ മോഡലുകള്‍ക്കാണ് ഇനി പകരം ക്യാമറകള്‍ ഇറങ്ങിയേക്കില്ലെന്നു പറയുന്നത്. അവയ്ക്കു തുല്യമായ മിറര്‍ലെസ് മോഡലുകള്‍ വന്നേക്കുമെന്നു പറയുന്നു. D3500 ഇപ്പോഴത്തെ ഡിഎസ്എല്‍ആര്‍ ശ്രേണിയിലെ ഏറ്റവും വിലകുറഞ്ഞ മോഡലാണ്. D5600 ആകട്ടെ, ഫ്‌ളിപ് എല്‍സിഡി സ്‌ക്രീനുള്ള എന്‍ട്രി ലെവല്‍ ക്യാമറയാണ്. D500 വൈല്‍ഡ് ലൈഫ്, സ്‌പോര്‍ട്‌സ് ഷൂട്ടര്‍മാര്‍ക്കുള്ള ക്യാമറ ബോഡിയാണ്. നിക്കോണിന്റെ പുതിയ മിറര്‍ലെസ് മൗണ്ട് ഉപയോഗിച്ചാണോ ഡിഎക്‌സ് ക്യാമറകള്‍ നിര്‍മിക്കുന്നതെന്ന് ഇ‌പ്പോള്‍ പറയാനാവില്ല. ക്യാനന്റെ ഇപ്പോഴുള്ള ഡിഎക്‌സ് ക്യാമറകള്‍ക്ക് അവരുടെ പുതിയ ആർ മൗണ്ട് അല്ല.

 

എന്നാല്‍, D7500, D750, D850, D5 എന്നീ മോഡലുകള്‍ ഉള്‍പ്പെടുന്ന ശ്രേണി തല്‍ക്കാലം തുടര്‍ന്നേക്കുമെന്നാണ് അഭ്യൂഹം. പല മോഡലുകളും ഒരു തലമുറ കൂടെയായിരിക്കാം നിര്‍മിക്കുക. അധികം വലിയ കമ്പനിയല്ലാത്ത നിക്കോണിന് ഡിഎസ്എല്‍ആര്‍ ക്യാമറകളും മിറര്‍ലെസ് ക്യാമറകളും അവയുടെ ലെന്‍സുകളും ഒരുമിച്ചു നിര്‍മിച്ചു മുന്നോട്ടു പോകല്‍ എളുപ്പമായേക്കില്ലെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൂടൂതല്‍ ഫോട്ടോഗ്രാഫര്‍മാര്‍ മിറര്‍ലെസ് ക്യാമറകള്‍ വാങ്ങുന്നതോടെ ഡിഎസ്എല്‍ആര്‍ നിര്‍മാണം നിക്കോണ്‍ നിർത്തിയേക്കും.

 

ഒളിംപിക്‌സിന് D6

 

സ്‌പോര്‍ട്‌സ് ഷൂട്ടര്‍മരുടെ ഇഷ്ട മോഡലാകാന്‍ സാധ്യതയുള്ള D6 ക്യാമറ ഒളിംപിക്‌സിനു മുൻപ് പുറത്തിറക്കിയേക്കുമെ‌ന്നു പറയുന്നു. 2020 ആദ്യ പകുതിയില്‍ ഇത് അവതരിപ്പിച്ചേക്കും. സെന്‍സര്‍ സ്റ്റബിലൈസേഷന്‍ ഫീച്ചര്‍ ഇതിനു കണ്ടേക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതൊരു ഹൈബ്രിഡ് ക്യാമറയായിരിക്കില്ല. മറിച്ച് ചില മിറര്‍ലെസ് ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്ന ഡിഎസ്എല്‍ആര്‍ തന്നെ ആയിരിക്കുമെന്നു കരുതുന്നു. എന്നാല്‍ ഇത് വിഡിയോ ഷൂട്ടിങ്ങിനും മറ്റും കൂടുതല്‍ ഉപകരിച്ചേക്കും. ഇന്‍-ബോഡി ഇമേജ് സ്റ്റബിലൈസേഷനും പ്രതീക്ഷിക്കുന്നു. ഇരട്ട മെമ്മറി കാര്‍ഡ് സ്‌ളോട്ടുകളും ഇരട്ട എക്‌സ്പീഡ് പ്രോസസറും ടച്‌സ്‌ക്രീന്‍ എല്‍സിഡിയും ശബ്ദരഹിത ഷൂട്ടിങ് ഫീച്ചറുകളും ഇതില്‍ പ്രതീക്ഷിക്കുന്നു.

 

1000 ഡോളറില്‍ താഴെ വിലയ്ക്ക് ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറയും?

 

ക്യാനന്‍ തങ്ങളുടെ വില കുറഞ്ഞ EOS RP മോഡല്‍ ഇറക്കിയപ്പോള്‍ മുതല്‍ കേള്‍ക്കുന്ന കാര്യമാണ് നിക്കോണ്‍ 1,000 ഡോളറില്‍ താഴെ ഒരു ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറ മോഡല്‍ ഇറക്കിയേക്കുമെന്നത്. 

 

ഹൈ-റെസലൂഷന്‍ മിറര്‍ലെസ് മോഡലുകള്‍ ഒരുങ്ങുന്നു

 

ഇപ്പോള്‍ നിക്കോണ്‍, ക്യാനന്‍ ബ്രാന്‍ഡുകള്‍ ഇറക്കിയ മിറര്‍ലെസ് ക്യാമറകള്‍ മികച്ച പ്രൊഫഷണലുകളെ ലക്ഷ്യമിട്ടല്ല എന്നാണ് പറയുന്നത്. തങ്ങളുടെ മിറര്‍ലെസ് ക്യാമറ നിര്‍മാണത്തിലുള്ള കുറ്റങ്ങളും കുറവുകളും പഠിക്കുക എന്നത് അവരുടെ ലക്ഷ്യങ്ങളില്‍ പെടുമത്രെ. അതേസമയം, ഇനി ഇരു കമ്പനികളും ഇറങ്ങിയേക്കുമെന്നു പറയുന്ന ഹൈ-റെസലൂഷന്‍ മോഡലുകള്‍ പക്ഷേ അങ്ങനെയായിരിക്കില്ല. ഇരു കമ്പനികളുടെയും നിര്‍മാണ മകവു മുഴുവന്‍ ഇവയില്‍ പ്രതീക്ഷിക്കുന്നു. ക്യാനന്റെ മോഡലിന് 70എംപി റെസലൂഷന്‍ കണ്ടേക്കുമെന്നാണ് ചില അഭ്യൂഹങ്ങള്‍ പറയുന്നത്. നിക്കോണും അതുപോലെ റെസലൂഷനുള്ള മോഡലായിരിക്കും പുറത്തിറക്കുക എന്നും പറയുന്നു. ഇരു കമ്പനികളും ഇപ്പോള്‍ ഇറക്കിയിരിക്കുന്ന മോഡലുകളെ ബഹുദൂരം അതിശയിക്കുന്നവയായിരിക്കും ഈ ഹൈ-റെസലൂഷന്‍ മോഡലുകളെന്നു പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com