ADVERTISEMENT

താരതമ്യേന പുതിയ ഫാഷനായ ഡ്രോണ്‍ പറപ്പിക്കലിന് ഓരോ രാജ്യവും നിയമങ്ങള്‍ പരിഷ്കരിച്ചു കൊണ്ടിരിക്കുകയാണ്. ക്യാമറ വച്ച ഡ്രോണുകള്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും സ്വകാര്യതയ്ക്കു ഭീഷണിയാകുമെന്നതിനാലാണ് പുതിയ നിയമങ്ങള്‍ വേണ്ടിവരുന്നത്. ഏതാനും വര്‍ഷം മുൻപ് ചില സാഹചര്യങ്ങളില്‍ ഡ്രോണ്‍ പറത്തുന്നവര്‍ക്കെതിരെ എന്തു നടപടിയെടുക്കണമെന്ന കാര്യത്തെക്കുറിച്ച് നിയമപാലകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ അതെല്ലാം ഇപ്പോള്‍ മാറിയിരിക്കുകയാണ്. ഇന്ത്യയില്‍ ഡ്രോണുകളെ അഞ്ചായി തരം തിരിച്ചിരിക്കുന്നു. ഇവയില്‍ നാനോ ഡ്രോണിന് ലൈസന്‍സ് വേണ്ട. ഡ്രോണ്‍ പറത്താന്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചയമായും ഇതു വായിച്ചിരിക്കണം.

 

ഒന്നാമതായി ഡ്രോണ്‍ പറത്താനാഗ്രഹിക്കുന്നവര്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ (ഡിജിസിഎ) ആവശ്യമുള്ള രേഖകകളുമായി പെര്‍മിറ്റിനായി അപേക്ഷ നല്‍കുകയാണു വേണ്ടത്. ഏഴു ദിവസത്തിനുള്ളില്‍ ഡിജിസിഎ പെര്‍മിറ്റ് നല്‍കും. അഞ്ചു വര്‍ഷത്തേക്കാണിത്. ഇത് മറ്റാര്‍ക്കും കൈമാറ്റം ചെയ്യാനാവില്ല. എന്നു പറഞ്ഞാല്‍ മറ്റൊരാള്‍ എടുത്ത പെര്‍മിറ്റുമായി നിങ്ങള്‍ ഡ്രോണ്‍ പറപ്പിച്ചാല്‍ അതു കുറ്റകരമാണ്.

 

പ്രായം, വിദ്യാഭ്യാസ യോഗ്യത

 

പതിനെട്ടു വയസു തികയാത്ത ആരും പെര്‍മിറ്റിന് അപേക്ഷിക്കേണ്ട കാര്യമില്ല. ഡ്രോണ്‍ പറപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പത്താം ക്ലാസ് പാസായവരായിരിക്കണം. അവര്‍ ഡിജിസിഎ അംഗീകരികച്ച സ്ഥാപനങ്ങളില്‍ പരിശീലനവും നേടിയിരിക്കണം.

 

ഇന്‍ഷ്വറന്‍സ്, പറപ്പിക്കാവുന്ന സമയം

 

ആര്‍ക്കെങ്കിലും നാശനഷ്ടങ്ങള്‍ വരുത്തിയാല്‍ നല്‍കാനായി ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാണ്. ഡ്രോണുകളെ ഡിജിസിഎ തരം തിരിച്ചിട്ടുണ്ട്. ഇവയെല്ലാം പ്രവര്‍ത്തിപ്പിക്കാന്‍ ചില നടപടിക്രമങ്ങളും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാത്തരം ഡ്രോണുകളും പകല്‍ സമയത്തു മാത്രമേ പറപ്പിക്കാനാകൂ. അതു മാത്രമല്ല അവ വിഷ്വല്‍ ലൈന്‍ ഓഫ് സൈറ്റില്‍ (VLOS) ഉണ്ടാകുകയും വേണം.

 

വിവിധ തരം ഡ്രോണുകള്‍

 

ഡിജിസിഎ ഡ്രോണുകളെ അഞ്ചായി തരം തിരിച്ചിരിക്കുന്നു. നാനോ ഡ്രോണ്‍ എന്ന ഗണത്തില്‍ പെടുത്തുന്നത് 250 ഗ്രാമില്‍ താഴെ ഭാരമുള്ള ഡ്രോണുകളെയാണ്. 250 മുതല്‍ 2 കിലോ വരെ ഭാരമുള്ള ഡ്രോണുകളെ വിളിക്കുന്നത് മൈക്രോ ഡ്രോണ്‍ എന്നാണ്. സ്‌മോള്‍, മീഡിയം, ലാര്‍ജ് എന്നിങ്ങനെയാണ് മറ്റു ഡ്രോണുകളെ വിളിക്കുന്നത്. ഇവ യഥാക്രമം രണ്ടു മുതല്‍ 25 കിലോ വരെ, 25 മുതല്‍ 150 കിലോ വരെ 150നു മുകളില്‍ എന്നിങ്ങനെ ഭാരമുള്ളവയായിരിക്കും.

 

നാനോ ഡ്രോണുകള്‍ക്ക് ലൈസന്‍സ് വേണ്ട

 

നാനോ ഡ്രോണ്‍ അല്ലാതെയുള്ള ഏതു ഡ്രോണാണ് പറപ്പിക്കുന്നതെങ്കിലും ലൈസന്‍സ് ആവശ്യമുണ്ട്. ലൈസന്‍സ് വേണ്ട ഡ്രോണുകള്‍ പറപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡിജിസിഎയെ സമീപിക്കുക തന്നെ വേണം. അവരുടെ തീരുമാനത്തിനു ശേഷം മാത്രമേ അത്തരം ഡ്രോണ്‍ പറപ്പിക്കാനാകൂ.

 

ചിലപ്പോള്‍ പൊലീസിന്റെ സമ്മതപത്രം മതിയാകും

 

ചുരുക്കം ചില സാഹചര്യങ്ങളില്‍ ഡ്രോണ്‍ പറത്താന്‍ സ്ഥലത്തെ പൊലീസിന്റെ സമ്മതപത്രം മതിയാകും. ഒരു മൈക്രോഡ്രോണാണ് പറപ്പിക്കുന്നത്, അത് 200 അടിയ്ക്കു മേലെ പറപ്പിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല എങ്കില്‍ അടുത്ത പൊലീസ് സ്റ്റേഷനില്‍ 24 മണിക്കൂര്‍ മുൻപെ അറിയിക്കണം. സർക്കാർ ഏജന്‍സികള്‍ പ്രവര്‍ത്തിപ്പിക്കുന്ന ഡ്രോണുകളും പറപ്പിക്കുന്നതിനു മുൻപ് അതെപ്പറ്റി പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ പറയണം.

 

വിമാനത്താവളങ്ങള്‍ക്ക് അടുത്ത് പറപ്പിച്ചു കൂടാ

 

ഒരു തരത്തിലുള്ള ഡ്രോണും മുംബൈ, ഡൽഹി, ചെന്നൈ, കൊല്‍കത്ത, ഹൈദരാബാദ്, ബെംഗളൂരു എന്നീ നഗരങ്ങളുടെ എയര്‍പോര്‍ട്ടുകളുടെ അഞ്ചു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവാദമുണ്ടായിരിക്കില്ല. മറ്റ് എയര്‍പോര്‍ട്ടുകളുടെ മൂന്നു കിലോമീറ്റര്‍ പരിധിക്കുള്ളല്‍ ഡ്രോണ്‍ പ്രവേശിപ്പിക്കരുത്.

 

പറപ്പിക്കരുതാത്ത മറ്റു സ്ഥലങ്ങള്‍

 

രാജ്യാതിര്‍ത്തിയുടെ 25 കിലോമീറ്റര്‍ ഉള്ളിലായിരിക്കണം ഡ്രോണ്‍ പറപ്പിക്കല്‍. കടലിലേക്കാണെങ്കില്‍ 500 മീറ്ററില്‍ കൂടുതല്‍ പറത്താന്‍ പാടില്ല. സൈനികത്താവളങ്ങളുടെ മൂന്നു കിലോമീറ്റര്‍ ഉള്ളില്‍ പ്രവേശിപ്പികാനും പാടില്ല. കൂടാതെ ഡ്രോണ്‍ പറപ്പിക്കരുതെന്ന ബോര്‍ഡ് വച്ചിരിക്കുന്നിടത്ത് പറപ്പിക്കാന്‍ പാടില്ല. ഡൽഹിയിലെ വിജയ് ചൗക്കിന് അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ പ്രവേശിപ്പിക്കരുത്. എല്ലാ സംസ്ഥാനങ്ങളുടെയും സെക്രട്ടറിയേറ്റ് കോംപ്ലക്‌സുകളുടെ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലും ഡ്രോണുകള്‍ പ്രവേശിക്കുന്നത് കുറ്റകരമാണ്. തന്ത്രപ്രധാനമായ സ്ഥലമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളുടെ രണ്ടു കിലോമീറ്ററിനുള്ളില്‍ ഡ്രോണ്‍ പറപ്പിച്ചാലും കുറ്റകരമാണ്.

 

ഒരു സമയത്ത് ഒരു ഡ്രോണ്‍

 

ലൈസന്‍സ് കിട്ടിയിട്ടുണ്ടെന്നു പറഞ്ഞ് കുറെ ഡ്രോണുകളെ അഴിച്ചു വിടാമെന്നും കരുതേണ്ട. ഒരാള്‍ക്ക് ഒരു സമയ്ത്ത് ഒരു ഡ്രോണ്‍ മാത്രമെ പറപ്പിക്കാനാകൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com