ADVERTISEMENT

ക്യാനനും നിക്കോണും ഫുള്‍-ഫ്രെയിം മിറര്‍ലെസ് ക്യാമറകള്‍ ഇറക്കിയ ശേഷം സോണി ഇറക്കുന്ന ആദ്യ പ്രധാന ക്യാമറയാണ് 61എംപി ( 24 × 36mm സെന്‍സര്‍: 9,504 × 6,336 പിക്‌സല്‍സ് (60.22 എംപി) റെസലൂഷനുള്ള എ7ആര്‍ 4. ലോകത്തെ ഏറ്റവും റെസലൂഷന്‍ കൂടിയ കണ്‍സ്യൂമര്‍ ക്യാമറ എന്ന ഖ്യാതി ഇനി ഈ ക്യാമറയ്ക്കായിരിക്കും. സെന്‍സര്‍ നിര്‍മാണത്തിലെ അദ്വിതീയ സാന്നിധ്യമായ സോണി, 2015 നു ശേഷം പരിപൂര്‍ണ്ണമായി പുതുക്കി നിര്‍മിച്ച ബാക്‌സൈഡ് ഇലൂമിനേറ്റഡ് സീമോസ് സെന്‍സറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നതാണ് പുതിയ മോഡലിന്റെ പ്രധാന പ്രത്യേകതകളില്‍ ഒന്ന്.

 

ചുരുക്കി പറഞ്ഞാല്‍ ഇത്ര നൂതനമായ സെന്‍സര്‍ ഇന്ന് മറ്റൊരു കണ്‍സ്യൂമര്‍ ക്യാമറയിലും കണാന്‍ വഴിയില്ല. ഇതിന് 15 സ്‌റ്റോപ്പ് ഡൈനാമിക് റെയ്ഞ്ച് കിട്ടുമെന്നാണ് കമ്പനി പറയുന്നത്. ക്യാമറയ്ക്ക് 567 പിഡിഎഫ് പോയിന്റുകളും 425 കോണ്‍ട്രാസ്റ്റ് ഡിറ്റെക്ട് പോയിന്റുകളും ഫ്രെയ്മിന്റെ 74 ശതമാനം ഭാഗത്തുമായി വിന്യസിച്ചിരിക്കുന്നത് ഓട്ടോഫോക്കസ് മികവ് വര്‍ധിപ്പിക്കുമെന്നു കരുതുന്നു. മനുഷ്യരുടെയും മൃഗങ്ങളുടെയും കണ്ണുകള്‍ വ്യക്തതയോടെ ഫോക്കസ് ചെയ്യുന്ന, ഐ ഓട്ടോഫോക്കസ് രംഗത്ത് ഇന്ന് സോണിയാണ് ഒന്നാം സ്ഥാനത്ത്. (നിക്കോണ്‍ തങ്ങളുടെ Z റെയ്ഞ്ച് ക്യാമറകളുടെ ഐഓട്ടോഫോക്കസ് കഴിഞ്ഞ ദിവസം അപ്‌ഡേറ്റു ചെയ്തിരുന്നു. അപ്പോഴും അതിന് പൂര്‍ണ്ണത കൈവരിക്കാനായിട്ടില്ല എന്നു ടെസ്റ്റുകള്‍ കാണിച്ചു തരുന്നു.) മെക്കാനിക്കല്‍ 5-ആക്‌സിസ് സെന്‍സര്‍ ഷിഫ്റ്റ് സ്റ്റബിലൈസര്‍ 5.5-സ്‌റ്റോപ്പ് സ്റ്റബിലൈസേഷന്‍ കിട്ടുമെന്ന് കമ്പനി അവകാശപ്പെടുന്നു.

 

സെക്കന്‍ഡില്‍ 10 ഫ്രെയിം വച്ച് തുടര്‍ച്ചയായി 68 ഷോട്ടുകള്‍ എടുക്കാം. പിക്‌സല്‍ ഷിഫ്റ്റ് മോഡില്‍, 960എംബി ഡേറ്റാ ശേഖരിച്ച ശേഷം 241എംപി ഫോട്ടോയാക്കാന്‍ സോണിയുടെ ഇമേജിങ് എജ് സോഫ്റ്റ്‌വെയറിനു സാധിക്കും. എപിഎസ്-സി മോഡില്‍ 26 എംപി ഫോട്ടോ എടുക്കാനാകുമെന്നത് മറ്റൊരു മികവാണ്.

 

തങ്ങളുടെ മിറര്‍ലെസ് ക്യാമറകളില്‍ സോണി പിന്തുടര്‍ന്നു വന്ന രീതിയ്ക്ക് മാറ്റം വരുത്തിയിരിക്കുന്നതും കാണാം. വെതര്‍ സീലിങ് കൂടുതല്‍ സുരക്ഷിതമാക്കി. കൂടുതല്‍ ആഴത്തിലുള്ള ഗ്രിപ് കൊണ്ടുവന്നിരിക്കുന്നത് ഉപയോഗ സുഖം വര്‍ധിപ്പിച്ചേക്കും. കൂടുതല്‍ വലുപ്പമുളള ജോയിസ്റ്റിക്ക് കൊണ്ടുവന്നിരിക്കുന്നു. അതിന് സ്ഥാന ചലനവും നല്‍കിയിട്ടുണ്ട്. ഡയലുകളും ബട്ടണുകളും പുതിയതായി ഡിസൈന്‍ ചെയ്തവയാണ്. ഇരട്ട കാര്‍ഡ് സ്ലോട്ടും മിക്കവാറും കണക്ടിവിറ്റി ഓപ്ഷന്‍സും ഉണ്ട്. ബോഡിയുടെ ഭാരം 665ഗ്രാം ആയിരിക്കും. 1/250 ആയിരിക്കും സിങ്ക് സ്പീഡ്.

 

ക്യാമറയുടെ ബാറ്ററി (NP-FZ100) മുഴുവന്‍ ചാര്‍ജില്‍ 670 ഷോട്ടുകള്‍ എടുക്കാന്‍ ഉപകരിക്കുമെന്നു പറയുന്നു. ഒപ്പം ഇറക്കിയിരിക്കുന്ന ഗ്രിപ്പിന് (VG-C4EM) ഇത്തരം രണ്ടു ബാറ്ററികളെ ഉള്‍ക്കൊള്ളാനാകും. മെക്കാനിക്കല്‍ ഷട്ടര്‍ ഉപയോഗിക്കുകയാണെങ്കില്‍ ഐഎസ്ഒ 100 - 32,000 ആയിരിക്കും. 50 - 102,400 വരെ ബൂസ്റ്റു ചെയ്യാം. എന്നാല്‍ ഇലട്‌ക്രോണിക് ഷട്ടര്‍ ഉപയോഗിച്ചാല്‍ ഇത് യഥാക്രമം 100 - 32,000, 100 - 102,400 എന്നിങ്ങനെയായിരിക്കും. വിഡിയോയ്ക്ക് 100 - 32,000 ആയിരിക്കും സ്വാഭാവിക ഐഎസ്ഒ.

 

വിഡിയോയുടെ കാര്യത്തില്‍ ടച്ച് ട്രാക്കിങ്ങോടു കൂടി 4K/30p റെക്കോഡു ചെയ്യാനാകും. റിയല്‍ടൈം ഐ എഎഫും ഉണ്ടായിരിക്കും. 8-bit S-Log2/3 ഉം HLG സപ്പോര്‍ട്ടോടു കൂടി വിഡിയോ റെക്കോഡു ചെയ്യാം. കൂടാതെ ക്രോപ് മോഡുകളും ഉണ്ട്. വില ഏകദേശം 3,500 ഡോളറാണ്.

 

നിക്കോണും ക്യാനനും താമസിയാതെ ഹൈ റെസലൂഷന്‍ മിറര്‍ലെസ് ക്യാമറകള്‍ ഇറക്കിയേക്കുമെന്നും വാര്‍ത്തകളുണ്ട്. എന്തായാലും തത്കാലം ഹൈ റെസലൂഷന്‍ സെന്‍സറുകളില്‍ പിക്‌സലുകളുടെ എണ്ണത്തില്‍ കണ്‍സ്യൂമര്‍ ക്യാമറകളിലെ രാജാവ് സോണി എ7ആര്‍ ഫോര്‍ ആയിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com