ADVERTISEMENT
സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറാ സെന്‍സര്‍ യുദ്ധത്തില്‍ പുതിയ വഴിത്തിരിവായി ആണ് സാംസങിന്റെ 108എംപി സെന്‍സര്‍ വരുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നൂറു മെഗാപിക്‌സലിലധികം ഉള്ള ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ സെന്‍സര്‍ എന്ന പേരും ഇതിനുണ്ട്. പേപ്പറില്‍ മാത്രമായിരിക്കില്ല സാംസങിന്റെ (Samsung ISOCELL Bright HMX) സെന്‍സറിന്റെ മികവ് എന്നാണ് ആദ്യ സൂചന. നേരത്തെ സാംസങ് ഒരു 64എംപി സ്മാര്‍ട്ട്‌ഫോണ്‍ സെന്‍സറും അവതരിപ്പിച്ചിരുന്നു. രണ്ടു സെന്‍സറുകളും ആദ്യമായി ഫോണില്‍ അവതരിപ്പിക്കുന്നത് ചൈനീസ് കമ്പനിയായ ഷഓമിയായിരിക്കും. ഇരു കമ്പനികളും ചേര്‍ന്നാണ് സെന്‍സര്‍ വികസിപ്പിച്ചെടുത്തത്.

ലോകത്തെ ക്യാമറാ സെന്‍സര്‍ നിര്‍മ്മാണ രംഗത്ത് ഒന്നാം സ്ഥാനത്തുള്ളത് സോണിയാണ്. ഐഫോണിലടക്കം ക്യാമറാ സെന്‍സറുകള്‍ വാങ്ങുന്നത് സോണിയില്‍ നിന്നാണ്. സോണിയുടെയടക്കം പല സ്മാര്‍ട്ട്‌ഫോണ്‍ സെന്‍സറുകളുടെയും വലുപ്പം 1/2.5' ആണ്. എന്നാല്‍ സാംസങിന്റെ 108എംപി സെന്‍സറിന്റെ വലുപ്പം 1/1.33' ആയിരിക്കും. സാധാരണ സെന്‍സറുകളേക്കാള്‍ വളരെ വലുപ്പക്കൂടുതലുണ്ട് പുതിയ സെന്‍സറിന് എന്നത് കൂടുതല്‍ മികച്ച ഫോട്ടോകള്‍ എടുക്കാന്‍ ഉപകരിക്കും. സാംസങിന്റെ ടെട്രാസെല്‍ ഡിസൈന്‍, സോണിയുടെ ക്വാഡ് ബെയര്‍ ടെക്‌നോളജിയോട് കിടപിടിക്കുന്നതാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ശക്തികൂടിയ പ്രൊസസറുകള്‍ ഉള്‍ക്കൊള്ളിച്ചാല്‍ മാത്രമേ, 108എംപി സെന്‍സറില്‍ നിന്ന് മികച്ച ഫോട്ടോകള്‍ കിട്ടൂ.

സെന്‍സറിന്റെ സവിശേഷതകളിലൊന്ന് സ്മാര്‍ട്ട് ഐഎസ്ഒ മെക്കനിസം (Smart-ISO 'mechanism') എന്നു സാംസങ് വിളിക്കുന്ന സാങ്കേതികവിദ്യയാണ്. വെളിച്ചക്കുറവുള്ള ഇടങ്ങളില്‍ ഐഎസ്ഒ തനിയെ വര്‍ദ്ധിപ്പിക്കുകയും, നല്ല പ്രകാശമുള്ളപ്പോള്‍ അത് താഴ്ത്തുകയും ചെയ്യുന്നതിനെയാണ് സ്മാര്‍ട്ട്ഐഎസ്ഒ എന്ന് കമ്പനി വിളിക്കുന്നത്. ഒന്നിലേറെ 'ഗെയ്‌സ് മോഡുകളുള്ള' സെന്‍സറായിരിക്കാമിത്. ഓരോ പിക്‌സസിന്റെയും സാച്ചുറേഷന്‍ വര്‍ദ്ധിപ്പിക്കാനാകും, അതിലൂടെ കൂടുതല്‍ വര്‍ണ്ണാഞ്ചിതമായ ഫോട്ടോകള്‍ എടുക്കാം. വിഡിയോ റെക്കോഡിങിലും പുതിയ സെന്‍സര്‍ ഒരുപടി മുന്നിലാണ്--6കെ (6K 6016 x 3384at 30fps) വിഡിയോ റെക്കോഡു ചെയ്യാനുള്ള ശേഷിയാണ് ഇതിനുള്ളത്.

പുതിയ സെന്‍സര്‍ ഉപയോഗിച്ച് ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കാന്‍ പോകുന്ന ഷഓമിയുടെ പ്രസിഡന്റ് ലിന്‍ ബിന്‍ പറയുന്നത് ഏറ്റവും മികച്ച ഡിഎസ്എല്‍ആറുകളില്‍ മാത്രം ലഭ്യമായ തരം മികവുള്ള ഫോട്ടോകള്‍ എടുക്കാന്‍ സാധിക്കുന്നതാണ് പുതിയ സെന്‍സറെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. സാംസങുമൊത്തുള്ള തങ്ങളുടെ കൂട്ടുകെട്ട് കൂടുതല്‍ മികച്ച ക്യാമറാ അനുഭവം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ സെന്‍സറുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം സാംസങ് ഈ മാസം തന്നെ തുടങ്ങും. പുതിയ സെന്‍സറിന് ഫോട്ടോഗ്രാഫിയില്‍ അര്‍ത്ഥവത്തായ മാറ്റം കൊണ്ടുവരാനാകുമെന്ന്കരുതുന്ന ഏതു സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാവിനും സാംസങിന്റെ സെന്‍സര്‍ വാങ്ങാവുന്നതാണ്.

യാഥാര്‍ഥ്യമെന്ത്?

ഇത്തരം അവകാശവാദങ്ങള്‍ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഉപയോക്താക്കള്‍ കേള്‍ക്കുകയാണ്. ഡിഎസ്എല്‍ആര്‍ ക്വാളിറ്റിയുള്ള സെന്‍സറായിരിക്കുമോ സാംസങ് ഇറക്കുക. ഫുള്‍ ഫ്രെയ്ം ഡിഎസ്എല്‍ആറുകളില്‍, പുതിയ സാംസങ് സെന്‍സറിനെക്കാള്‍ പല മടങ്ങു വലുപ്പമുള്ള സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. ചില പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യമറകളില്‍ ഉപയോഗിക്കുന്നത് 1'' ഇഞ്ച് വലുപ്പമുള്ള സെന്‍സറാണ്. ഇതിനേക്കാള്‍ 40 ശതമാനം വലിപ്പക്കുറവാണ് സാംസങിന്റെ പുതിയ സെന്‍സറിനുള്ളത്.

സെന്‍സറിന്റെ വലുപ്പത്തിന് എന്താണിത്ര പ്രസക്തി?

പരമ്പരാഗത സെന്‍സറുകള്‍ ഉപയോഗിക്കുമ്പോള്‍ വലുപ്പം കൂടിയ സെന്‍സര്‍ സാങ്കേതികമായി പറഞ്ഞാല്‍ വലുപ്പം കുറഞ്ഞ സെന്‍സറിനെക്കാള്‍ മികച്ച ഫോട്ടോ എടുക്കുമെന്നാണ് പൊതുവെയുള്ള ധാരണ. അത് ഫിസിക്‌സ് ആണ്. എന്നാല്‍, ക്യാമറാനിര്‍മാതാക്കള്‍ പരീക്ഷിക്കാത്ത, കംപ്യൂട്ടേഷണല്‍ ഫോട്ടോഗ്രാഫിയിലൂടെ ചില അഭ്യാസങ്ങളൊക്കെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ കാണിച്ചിട്ടുമുണ്ട്. അതുകൊണ്ട് നിലവിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകളെ വെല്ലുന്ന പ്രകടനം പുതിയ സെന്‍സര്‍ പുറത്തെടുത്താല്‍ അതില്‍ അദ്ഭുതപ്പെടേണ്ട. മിക്കവാറും സ്മാര്‍ട്ട്‌ഫോണ്‍ സെന്‍സറുകളേക്കാള്‍ വലുപ്പവും ഉള്ളതിനാല്‍ ഫിസിക്‌സ് പ്രകാരവും മികവു കിട്ടും.

സോണിയേക്കാള്‍ മികച്ച സെന്‍സറുകളുണ്ടാക്കാന്‍ സാംസങിന് ആകുമോ? ക്യാമറാ സെന്‍സര്‍ നിര്‍മാണത്തില്‍ മികവു കാണിച്ച കമ്പനികളിലൊന്നാണ് സാംസങ്. പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ തങ്ങളുടെ ക്യാമറാ വിഭാഗത്തെ അനാഥമാക്കുകയായിരുന്നു സാംസങ്. ക്യാനനെപ്പോലെയൊരു കമ്പനി ഈസെന്‍സര്‍ നിര്‍മ്മാണ വിഭാഗം ഏറ്റെടുക്കണമെന്നു വരെ ചിലര്‍ ആവശ്യമുയര്‍ത്തിയിരുന്നു. സാംസങ് മികച്ച സെന്‍സറുമായി എത്തിയാല്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.

പുതിയ സെന്‍സറിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഒരു വാക്കു കൂടെ. നിലവില്‍ സോണിയുടെ 48 എംപി സെന്‍സറുള്ള ഫോണുകള്‍ മാര്‍ക്കറ്റിലുണ്ട്. അവ ഡീഫോള്‍ട്ടായി എടുക്കുന്ന ചിത്രങ്ങള്‍ 12 എംപിയാണ്. എന്നാല്‍ അവയ്ക്ക് 48 എംപി ചിത്രങ്ങളും എടുക്കാനാകും. അതുപോലെ, പുതിയ സെന്‍സറിന് 108എംപി ചിത്രങ്ങള്‍ എടുക്കാനാകുമെങ്കിലും ഡീഫോള്‍ട്ടായി 27എംപി ചിത്രങ്ങളായിരിക്കും എടുക്കുക. വെളിച്ചക്കുറവില്‍ റെസലൂഷന്‍ കൂടിയ ചിത്രങ്ങള്‍ എടുക്കില്ല എന്നും കമ്പനി പറയുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com