ADVERTISEMENT

ക്യാമറകളിലെ ഓട്ടോഫോക്കസ് ടെക്‌നോളജി അതിവേഗം വളരുകയാണ്. സോണിയുടെ ക്യാമറകളില്‍ മുഖം, കണ്ണ് തിരിച്ചറിയലും പക്ഷി മൃഗാദികളുടെ കണ്ണു തിരിച്ചറിയലും വരെ സാധ്യമാക്കി ഓട്ടോഫോക്കസ് ഉറപ്പിക്കുന്ന കാലമാണിത്. എന്നാല്‍, തങ്ങളുടെ മുന്‍ ക്യാമറകളില്‍ ഉണ്ടായിരുന്നതും പില്‍ക്കാത്തു വേണ്ടെന്നുവച്ചതുമായ ഒരു സാങ്കേദികവിദ്യ പുനരുജ്ജീവിപ്പിക്കാന്‍ ഒരുങ്ങുകയാണ് ക്യാനന്‍ എന്ന് പുതിയ പേറ്റന്റുകള്‍ സൂചിപ്പിക്കുന്നു. വ്യൂ ഫൈന്‍ഡറിലൂടെ ഫോട്ടോഗ്രാഫര്‍ നോക്കുന്നിടത്ത് ഫോക്കസ് ഉറപ്പിക്കാനുതകുന്നതരം ഓട്ടോഫോക്കസായിരിക്കും ക്യാനന്‍ വീണ്ടും കൊണ്ടുവരാന്‍ ശ്രമിക്കുക. മിറര്‍ലെസ് ക്യാമറകളിലായിരിക്കും ഈ സാങ്കേതികവിദ്യ ഇണക്കുക. നേത്ര നിയന്ത്രിതമായ ഓട്ടോഫോക്കസ് സിസ്റ്റമെന്നാണ് കമ്പനി ഇതിനെ വിളിക്കുന്നത്.

 

ഈ സിസ്റ്റം ക്യാനന് 1992 മുതല്‍ തന്നെ സ്വന്തമായിരുന്നു എന്നതാണ് രസകരമായ കാര്യം. ക്യാനന്റെ EOS 5/A2E/EOS 3, EOS Elan II E, EOS Elan 7NE ഉപയോഗിച്ചിട്ടുള്ളവര്‍ ഗൃഹാതുരത്വത്തോടെ ഓര്‍ക്കുന്ന ഒരു ഫീച്ചറാണിത്. പുതിയ സിസ്റ്റം ഇതില്‍ നിന്ന് അധികം വ്യത്യസ്തമായേക്കില്ല എന്നാണ് സൂചനകള്‍. പേറ്റന്റ് അപേക്ഷയില്‍ നിന്നു മനസ്സിലാകുന്നത് ക്യാമറ നിയന്ത്രിക്കുന്നയാള്‍ നോക്കുന്നത് എവിടേക്കാണെന്ന് ക്യാമറയ്ക്കുള്ളില്‍ വച്ചിരിക്കുന്ന ഇന്‍ഫ്രാറെഡ് ലൈറ്റും അതിനൊത്തു പ്രവര്‍ത്തിക്കുന്ന സെന്‍സറും ഉപയോഗിച്ചു കണ്ടെത്തുകയാണ് എന്നതാണ്. ഇതില്‍ നിന്നു ലഭിക്കുന്ന ഡേറ്റ ഉപയോഗിച്ച് ഫോക്കസ് പോയിന്റ് നിര്‍ണ്ണയിക്കുകയാണ് ഉദ്ദേശം.

 

മുകളില്‍ പറഞ്ഞ EOS 5 തുടങ്ങിയ ക്യാമറകള്‍ക്ക് കണ്ണട അല്ലെങ്കില്‍ കോണ്ടാക്ട് ലെന്‍സ് ധരിച്ച ഒരാളുടെ നോട്ടം കൃത്യമായി അളന്നെടുക്കല്‍ ദുഷ്‌കരമായിരുന്നു. പുതിയ പേറ്റന്റ് അപേക്ഷയിലും ഇതു മറികടക്കാനുള്ള മാര്‍ഗങ്ങളൊന്നും പറഞ്ഞു കാണുന്നില്ല എന്നതാണ് ഇപ്പോള്‍ കാണുന്ന ഒരു പ്രശ്‌നം. എന്നാല്‍ പുതിയ 'പ്രവചന അല്‍ഗോറിതങ്ങളുമായി' സംയോജിപ്പിക്കുമ്പോള്‍ ഇതു സുഗമമായി പ്രവര്‍ത്തിച്ചേക്കാമെന്നു കരുതുന്നവരും ഉണ്ട്. ഇപ്പോള്‍ ഇതൊരു പേറ്റന്റ് അപേക്ഷ മാത്രമാണ്. പ്രവര്‍ത്തികമാകുമോ എന്നുറപ്പില്ല.

 

ക്യാമറകള്‍ക്ക് വയര്‍ലെസ് ചാര്‍ജിങ്

 

സ്മാര്‍ട് ഫോണുകളില്‍ വയര്‍ലെസ് ചാര്‍ജിങ് ഒരു ഫീച്ചറായി മാറിക്കഴിഞ്ഞിരിക്കുന്ന ഇക്കാലത്ത് ക്യാനനും വിശ്വസ്തരായ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വയര്‍ലെസ് ചാര്‍ജിങ്ങിന്റെ മികവ് നല്‍കിയേക്കുമെന്ന സൂചനയാണ് മറ്റൊരു പേറ്റന്റ് അപേക്ഷയില്‍ നിന്ന് അറിയാനാകുന്നത്. അമേരിക്കയില്‍ നല്‍കിയിരിക്കുന്ന പേറ്റന്റ് അപേക്ഷ പ്രകാരം ഒരു പവര്‍മാറ്റിലൂടെ തങ്ങളുടെ ക്യാമറകൾക്ക് വയര്‍ലെസ് ചാര്‍ജിങ് സാധ്യമാക്കാനാണ് ക്യാനന്‍ ശ്രമിക്കുന്നതെന്നു കാണാം. ക്യാനന്റെ മാറ്റില്‍ ക്യാമറ മാത്രമായിരിക്കണമെന്നില്ല ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നത്. ഒരു പക്ഷേ, ഫോട്ടോഗ്രാഫറുടെ വയര്‍ലെസ് ചാര്‍ജിങ് ശേഷിയുള്ള സ്മാര്‍ട് ഫോണും മറ്റ് ഉപകരണങ്ങളും വരെ ചാര്‍ജു ചെയ്‌തെടുക്കാനായേക്കും.

 

ക്യാമറയുടെ സാന്നിധ്യം മാറ്റ് നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ വഴി അറിയുകയാണ് ചെയ്യുക. ക്യാമറയ്ക്കു വേണ്ട ചാര്‍ജ് കൃത്യമായി അറിഞ്ഞു നല്‍കാന്‍ ഇതിലൂടെ മാറ്റിനു സാധിക്കും. ക്യാമറ ആവശ്യത്തിലേറെ ചൂടാകുന്നുണ്ടോ എന്നും മാറ്റിന് അറിയാനാകും. ഇപ്പോഴുള്ള ചീ വയര്‍ലെസ് ചാര്‍ജിങ് ആണോ ക്യാനനും പിന്തുടരുക എന്ന് വ്യക്തമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com