sections
MORE

ക്യാനന്‍ പ്രേമികള്‍ക്ക് ഉത്സവം! 32.5 എംപി ഫുള്‍സെന്‍സര്‍ 4K റെക്കോഡിങ് 90D, M6 II അവതരിപ്പിച്ചു

canon-eos-m6ii-90d
SHARE

താമസിയാതെ ഡിഎസ്എല്‍ആറുകള്‍ക്ക് 'വംശനാശം' സംഭവിക്കാന്‍ പോകുന്നുവെന്നാണ് പൊതുവെ പറയുന്നത്. ഇത്തരം ക്യാമറകള്‍ ഇറക്കുന്നതില്‍ പ്രമുഖരായി അറിയപ്പെടുന്ന ക്യാനന്‍, നിക്കോണ്‍ കമ്പനികള്‍ ഏതാനും ഡിഎസ്എല്‍ആറുകള്‍ കൂടെ ഇറക്കിയേക്കുമെന്നും കേട്ടിരുന്നു. എന്തായാലും ലോകത്തെ ഏറ്റവും വലിയ ക്യാമറ നിര്‍മാണ കമ്പനിയായ ക്യാനന്‍ തങ്ങളുടെ എപിഎസ്-സി സെന്‍സറുകളുള്ള EOS 90D, M6 മാര്‍ക്ക് 2 എന്നീ ബോഡികളാണ് പുറത്തിറക്കി. ഇവയില്‍ 90D ആണ് ഡിഎസ്എല്‍ആര്‍. ഇരു ക്യാമറകള്‍ക്കുമുള്ളത് പൂര്‍ണമായും പുതുക്കിപ്പണിത 32.5 എംപി സെന്‍സറാണ്.

ഇരു ക്യാമറകൾക്കും 4കെ വിഡിയോ റെക്കോഡിങ് ശേഷിയുണ്ടായിരിക്കും. ക്യാനന് എതിരെയുള്ള ആരോപണങ്ങളിലൊന്ന് 4കെ വിഡിയോ റെക്കോഡിങ് സെന്‍സറിന്റെ കേന്ദ്രഭാഗത്തു മാത്രം നിർത്തുന്നു എന്നുള്ളതായിരുന്നു. പുതിയ ക്യാമറകളുടെ മുഴുവന്‍ സെന്‍സര്‍ പ്രതലവും ഉപയോഗിച്ചും ക്രോപ്ചെയ്തും 4കെ വിഡിയോ റെക്കോർഡ് ചെയ്യാമെന്നത് ക്യാനന്‍ പ്രേമികൾക്ക് സന്തോഷമുള്ള വാര്‍ത്തയായിരിക്കും.

RF ലെന്‍സുകള്‍

ക്യാമറകള്‍ക്കൊപ്പം ക്യാനന്റെ ഫുള്‍ഫ്രെയിം മിറര്‍ലെസ് മൗണ്ടായ RFനു വേണ്ടി പുതിയ ലെന്‍സുകളും പുറത്തിറക്കിയിരിക്കുകയാണ്. മിറര്‍ലെസ് ക്യാമറാ രംഗത്ത് ലെന്‍സുകള്‍ ഇറക്കുന്ന കാര്യത്തില്‍ ക്യാനന്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കുന്ന കാഴ്ചയാണ് കാണുന്നത്. (ഇവയ്‌ക്കെല്ലാം വലിയ വിലയാണെന്നത് കഥ വേറെ.) സെന്‍സര്‍ നിര്‍മാണത്തില്‍ ക്യാനന്‍ അല്‍പം പിന്നിലാണെന്ന വാദം അംഗീകരിച്ചാലും ലെന്‍സ് നിര്‍മാണത്തില്‍ കമ്പനി ആരുടെയും പിന്നിലല്ല എന്നൊരിക്കല്‍ കൂടി അടിവരയിടുകയാണ് പുതിയ ലെന്‍സുകള്‍. ഇമേജ് സ്റ്റബിലൈസേഷനോടു കൂടിയ RF15-35mmF2.8 L IS USM (840ഗ്രാം), RF24-70mm F2.8 L IS USM (900ഗ്രാം) എന്നീ പ്രൊഫഷണല്‍ ലെന്‍സുകളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.

ഇരു ലെന്‍സുകള്‍ക്കും 5 സ്റ്റോപ് വരെ സ്റ്റബിലൈസേഷന്‍ കിട്ടുമെന്നാണ് ക്യാനന്‍ പറയുന്നത്. ഇരു ലെന്‍സുകള്‍ക്കും നല്ല ഭാരമുണ്ടെന്നത് ഒരു പ്രശ്‌നമായി തോന്നാം. പുതിയ 24-70 വിഡിയോ ഷൂട്ടര്‍മാരെക്കൂടെ മനസില്‍ കണ്ടു നിര്‍മിച്ചതാണ്. ഇതിന് താരതമ്യേന കുറച്ച് ഫോക്കസ് ബ്രീതിങ് മാത്രമാണുള്ളതെന്നു കമ്പനി പറയുന്നു. ഇരു ലെന്‍സുകളിലും ഇണക്കിയിരിക്കുന്ന ഇമേജ് സ്റ്റബിലൈസേഷനെ കമ്പനി വിശേഷിപ്പിക്കുന്നത് ഡ്യൂവല്‍ സെന്‍സിങ് എന്നാണ്. ക്യാമറയുടെ സെന്‍സറില്‍ നിന്നു കിട്ടുന്ന വിവരവും കൂടെ ഉള്‍ക്കൊള്ളിച്ചായിരിക്കും ചിത്രങ്ങള്‍ക്കു വരാവുന്ന ഷേക്കിങ് കുറയ്ക്കാന്‍ ശ്രമിക്കുക. ക്യാമറയ്ക്കുള്ളിലുള്ള ഡിജിറ്റല്‍ ഇമേജ് സ്റ്റബിലൈസേഷനുമൊത്തും പ്രവര്‍ത്തിക്കും. രണ്ടു ലെന്‍സുകളും പ്രൊഫഷണല്‍ ഷൂട്ടര്‍മാരെ ലക്ഷ്യംവച്ചിറക്കുന്നതാകയാല്‍ വിലയും അങ്ങനെ തന്നെ, ഓരോ ലെന്‍സിനും 2300 ഡോളര്‍ വീതം.

ക്യാനന്റെ RF മൗണ്ടിനായി ഇറക്കുന്ന ലെന്‍സുകളില്‍ ഞെട്ടിക്കുന്ന രൂപകല്‍പനാ വൈഭവം കാണിച്ചിരിക്കുന്നത് 70-200mm ലെന്‍സിനാണ്. ഇതെപ്പറ്റിയുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഈ ലെന്‍സും 2019ൽ തന്നെ പുറത്തിറക്കുമെന്നും കമ്പനി പറഞ്ഞു.

ക്യാമറകളെ അല്‍പം വിശദമായി പരിശോധിക്കാം

അവസാന ഡിഎസ്എല്‍ആറുകളില്‍ ഒന്നായിരിക്കുമെന്നു കരുതുന്ന 90D നിലവിലുള്ള 80Dയുടെ പിന്‍ഗാമിയാണ്. എന്നാല്‍ ക്യാനന്റെ ഏറ്റവും മികച്ച എപിഎസ്-സി ബോഡിയായ 7D സീരിസ് ഇനി ഇറക്കിയേക്കില്ല. ഇതിന്റെയും കൂടെ പിന്‍ഗാമിയായി 90Dയെ കാണണമെന്നും വാദിക്കുന്നവരുണ്ട്. വില്‍പന പരിഗണിച്ചായിരിക്കാം ഇനി ഏതെല്ലാം ഡിഎസ്എല്‍ആര്‍ ശ്രേണികള്‍ തുടരണമെന്ന കാര്യത്തില്‍ കമ്പനികള്‍ തീരുമാനത്തിലെത്തുക. നിക്കോണ്‍ തങ്ങളുടെ ക്രോപ് സെന്‍സര്‍ ഡിഎസ്എല്‍ആറുകള്‍ എല്ലാം തന്നെ നിർത്തിയേക്കാമെന്നാണ് അഭ്യൂഹങ്ങള്‍ പറയുന്നത്. എന്തായാലും ക്യാനന്റെ പുതിയ 90Dയ്ക്ക് മുകളില്‍ പറഞ്ഞതു പോലെ 32.5 എംപി റെസലൂഷനുള്ള സെന്‍സറാണ് നല്‍കിയിരിക്കുന്നത്. നിലവില്‍ ഇത്രയും റെസലൂഷനുള്ള ക്രോപ് സെന്‍സറുകള്‍ ഇല്ല. ഏറ്റവും പുതിയ ഡിജിക് 8 പ്രോസസറാണ് ക്യാമറയ്ക്ക്. ഓട്ടോഫോക്കസോടു കൂടെ സെക്കന്‍ഡില്‍ 10 ഫ്രെയിം വരെ ഷൂട്ടു ചെയ്യാമെന്നതാണ് ഇതിന്റെ പ്രധാന കഴിവുകളിലൊന്ന്. ഓട്ടോഫോക്കസ് വേണ്ടെങ്കില്‍ സെക്കന്‍ഡില്‍ 11 ഫോട്ടോയും എടുക്കാം. ഇത് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ആകര്‍ഷകമായേക്കാം. എന്നാല്‍ ബോഡിക്ക് 7Dയുടെ ഫീല്‍ ഇല്ലാത്തതിനാല്‍ എത്ര വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ ഇതിഷ്ടപ്പെടുമെന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. ക്യാമറയുടെ ബോഡിക്കു മാത്രം വില 1199 ഡോളറാണ്.

M6 മാര്‍ക്ക് 2 (EOS M6 Mark II)

മുകളില്‍ കണ്ട 32.5 എംപി സെന്‍സറിനെ കേന്ദ്രീകരിച്ച് ക്യാനന്‍ ഇറക്കിയിരിക്കുന്ന മിറര്‍ലെസ് ക്യാമറയാണ് EOS M6 Mark II. പ്രധാന മിറര്‍ലെസ് ക്യാമറ മൗണ്ടായ RF നു മുൻപ് ഇറക്കിയതാണ് M മൗണ്ട്. ഇത് വളരെയധികം ഉപയോക്താക്കളെ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ പുതിയ RF മൗണ്ട് എത്തിയതിനാല്‍ ഈ സീരീസ് ക്യാനന്‍ ഉപേക്ഷിച്ചേക്കുമെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. നിക്കോണ്‍ തങ്ങളുടെ എപിഎസ്-സി ക്യാമറകള്‍ തങ്ങളുടെ Z മൗണ്ടിലേക്ക് മാറ്റുമ്പോള്‍ ക്യാനന് അത് തിരിച്ചടി നല്‍കിയേക്കും എന്നതായിരുന്നു കാരണം. എന്നാല്‍ കമ്പനി തത്കാലത്തേക്കെങ്കിലും M സീരിസ് തുടരാന്‍ തന്നെയണ് തീരുമാനിച്ചിരിക്കുന്നതെന്നു കാണാം.

മുകളില്‍ കണ്ട 90Dയില്‍ സാധ്യമായ കാര്യങ്ങളെല്ലാം ഈ ക്യാമറയിലും സാധ്യമാകും. എന്നാല്‍, ബോഡിക്ക് വ്യൂഫൈന്‍ഡര്‍ ഇല്ല. ഇലക്ട്രോണിക് വ്യൂഫൈന്‍ഡര്‍ വാങ്ങി പിടിപ്പിച്ചാല്‍ മാത്രമേ ഇതിലൂടെ നോക്കാനൊക്കൂ. അല്ലെങ്കില്‍ പിന്‍എല്‍സിഡിയെ ആശ്രിയിച്ചായിരിക്കും ഷൂട്ടിങ്. എല്‍സിഡി ടച്ച് സ്‌ക്രീനാണ്. 90Dയെ പോലെയല്ലാതെ സെക്കന്‍ഡില്‍ 14 ഫ്രെയിം ഓട്ടോഫോക്കസോടു കൂടി ഇതിനു ഷൂട്ടു ചെയ്യാനാകും. മറ്റൊരു സവിശേഷ ഫീച്ചര്‍ സെക്കന്‍ഡില്‍ 30 ഫ്രെയിം എടുക്കാവുന്ന റോ (RAW) ബേസ്റ്റ് മോഡാണ്. ഷട്ടര്‍ അമര്‍ത്തുമ്പോള്‍ അതിനു മുൻപെ, അരസെക്കന്‍ഡില്‍ സംഭവിച്ച കാര്യങ്ങള്‍ കൂടെ പിടിച്ചെടുക്കുകയാണ് ക്യാമറ ചെയ്യുന്നത്. ക്യാമറയുടെ ബോഡിക്കു മാത്രം വില 850 ഡോളറായിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
FROM ONMANORAMA