sections
MORE

പുതിയ ചരിത്രം കുറിയ്ക്കാന്‍ നിക്കോണ്‍ D6, കൂടെ നിക്കോര്‍ 120-300 f/2.8 ലെന്‍സും

nikon-d6
SHARE

ഇന്നേവരെ നിര്‍മിച്ചിരിക്കുന്ന ഏതു ഡിഎസ്എല്‍ആറിനെയും വെല്ലുന്ന തരം ഷൂട്ടിങ് സ്പീഡുള്ള ഡിഎസ്എന്‍ആര്‍ ക്യാമറ അവരതിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിക്കോണ്‍. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരെ, പ്രത്യേകിച്ചും വന്യജീവി, സ്‌പോര്‍ട്‌സ് ഷൂട്ടര്‍മാരെ മാത്രം ലക്ഷ്യംവച്ചുള്ളതായിരിക്കും പുതിയ ക്യാമറ. ആദ്യ ഡിഎസ്എല്‍ആര്‍ ആയ D1 1999ല്‍ അവതരിപ്പിച്ചതിന്റെ 20-ാം വാര്‍ഷികമാണ് ഈ വര്‍ഷമെന്ന് കമ്പനി പറയുന്നു. (നിക്കോണ്‍ ലേബലില്‍ അതിനു മുൻപും ഡിജിറ്റല്‍ ക്യാമറ ഇറങ്ങിയിട്ടുണ്ടെങ്കിലും അത് കമ്പനി സ്വന്തമായി നിര്‍മിച്ചതല്ല.)

പുതിയ ക്യാമറ എന്നു പുറത്തിറക്കുമെന്നതടക്കം മറ്റു വിശദാംശങ്ങളൊന്നും കമ്പനി പുറത്തുവിട്ടില്ല. എന്നാല്‍ ഇത് അടുത്ത വര്‍ഷം ജപ്പാനില്‍ നടക്കാന്‍ പോകുന്ന ഒളിംപിക്‌സിന് ഒരുങ്ങുന്ന ഫോട്ടോഗ്രാഫര്‍മാരെ ലക്ഷ്യമിട്ടായിരിക്കും ഇറക്കുക. ക്യാനനും സോണിയും (A9 II) ഇത്തരം പ്രൊഫഷണല്‍ ക്യാമറകള്‍ പുറത്തിറക്കുമെന്ന കാര്യവും ഉറപ്പാണ്. മിറര്‍ലെസ് ക്യാമറകള്‍ക്ക് വേണ്ടത്ര ടെലി റീച്ചുള്ള പ്രൊഫഷണല്‍ ലെന്‍സുകള്‍ ഇല്ലാത്തതും ഉറപ്പും പ്രകടനത്തികവുമുള്ള മിറര്‍ലെസ് ബോഡികള്‍ ഇല്ലാത്തതുമാണ് നിക്കോണും ക്യാനനും പുതിയ ഡിഎസ്എല്‍ആറുകള്‍ ഇറക്കുമെന്ന് പറയാന്‍ കാരണം. കൂടാതെ ഇത്തരം ക്യാമറകള്‍ ഉപയോഗിക്കുന്ന പ്രൊഫഷണലുകള്‍ മിറര്‍ലെസ് സിസ്റ്റത്തിലേക്ക് കുടിയേറിയിട്ടുമില്ല.

കഴിഞ്ഞ കുറച്ചു ദിവസമായി നിക്കോണ്‍ തങ്ങളുടെ പുതിയ ഡിഎസ്എല്‍ആര്‍ അവതരിപ്പിക്കാന്‍ പോകുന്നുവെന്ന അഭ്യൂഹം പരന്നിരുന്നെങ്കിലും അത്തരമൊരു ക്യാമറ തങ്ങള്‍ നിര്‍മിക്കുന്നുണ്ടെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിക്കുക മാത്രമാണ്  ചെയ്തിരിക്കുന്നത്. ക്യാമറയെക്കുറിച്ചു പ്രചരിക്കുന്ന് ചില അഭ്യൂഹങ്ങള്‍ കൂടെ പങ്കുവയ്ക്കാം. 24 എംപി സെന്‍സാറായിരിക്കും ക്യാമറയ്ക്ക് ഉണ്ടാകുക. 4K 60p വിഡിയോ ഷൂട്ടിങ് ശേഷിയും ബില്‍റ്റ്-ഇന്‍ സെന്‍സര്‍ സ്റ്റബിലൈസേഷനും ഉണ്ടായിരിക്കുമെന്നു വാദിക്കുന്നവരും ഉണ്ട്. സ്‌പോര്‍ട്‌സ് ക്യാമറയായിരിക്കുമെന്ന് ഉറപ്പുളളതിനാല്‍ സെക്കന്‍ഡില്‍ നിരവധി ഫ്രെയിം ഷൂട്ടു ചെയ്യാനുള്ള ശേഷി ഉറപ്പാണ്. ക്യാമറ വില്‍പന നിലംപൊത്തുന്ന ഇക്കാലത്ത് നിക്കോണിന്റെ അവസാനത്തെ ഡിഎസ്എല്‍ആറുകളില്‍ ഒന്നായിരിക്കും ഇതെന്നാണ് ഒരു വിഭാഗം ആളുകള്‍ വിശ്വസിക്കുന്നത്. 

അതേസമയം, അധികം താമസിയാതെ നിക്കോണ്‍ പുതിയ ഹൈ-റെസലൂഷന്‍ ക്യാമറയും പുറത്തിറക്കുമെന്നാണ് അറിയുന്നത്. എന്നാല്‍, ഇത് D850യുടെ പിന്‍ഗാമിയായിരിക്കുമോ, അതോ ആദ്യ പ്രൊഫഷണല്‍ മിറര്‍ലെസ് ക്യാമറായായിരിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. കൂടുതല്‍ പേരും വിശ്വസിക്കുന്നത് 60 എംപി സെന്‍സര്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ക്യാമറ മിറര്‍ലെസ് ആയിരിക്കുമെന്നാണ്.

നിക്കോര്‍ 120-300 f/2.8

പുതിയ പ്രൊഫഷണല്‍ സൂം ലെന്‍സായ നിക്കോര്‍ 120-300mm f/2.8E FL ED SR VR എന്നു വിളിക്കുന്ന ലെന്‍സും അധികം താമസിയാതെ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. എഫ് മൗണ്ടിനുള്ള ഈ ലെന്‍സും ഒളിമ്പിക്‌സ്/സ്‌പോര്‍ട്‌സ്/വൈല്‍ഡ്‌ലൈഫ്/ ആക്ഷന്‍ ഫോട്ടോഗ്രാഫര്‍മരെ ലക്ഷ്യം വിച്ചുള്ളതായിരിക്കും. ലെന്‍സിന്റെയും ക്യാമറ ബോഡിയുടെയും വിലയും കമ്പനി പിന്നീടു പ്രഖ്യാപിക്കും. ഉജ്വലമായ പ്രകടനം പ്രതീക്ഷിക്കുന്ന ലെന്‍സിന് വിലയും കൂടുതലായിരിക്കും.

നിക്കോര്‍ Z 24mm f/1.8 പുറത്തിറക്കി

നിക്കോണ്‍ മിറര്‍ലെസ് ക്യാമറ മൗണ്ടായി Z നു യോജിച്ച പുതിയ വൈഡ് ആംഗിള്‍ പ്രൈം പുറത്തിറക്കി. പുതിയ ലെന്‍സ് ചേരുന്ന ബോഡിക്കൊപ്പം ഉപയോഗിച്ചാല്‍ അല്‍പം വെള്ളം വീണാലൊന്നും പ്രശ്‌നമല്ല. ഡെസ്റ്റ്, വെതര്‍ സീലിങ്ങിലൂടെ ഒഴിവാക്കാന്‍ കഴിഞ്ഞതായി കമ്പനി പറഞ്ഞു. ഒരു ഇഡി ലെന്‍സ് എലമെന്റും നാല് അസ്‌ഫെറിക്കല്‍ എലമെന്റുകളുമുള്ള ലെന്‍സിന് നിക്കോണിന്റെ നാനോ ക്രിസ്റ്റല്‍ കോട്ടിങ്ങിലൂടെയും മികവു ലഭിക്കും. ലെന്‍സിന്റെ ഫോക്കസ് റിങ്ങില്‍ അപേർച്ചറും എക്‌സ്‌പോഷര്‍ കംപെന്‍സേഷനും മറ്റും ക്രമീകരിക്കുകയും ചെയ്യാം. ഒക്ടോബര്‍ പകുതിയോടെ വിപണിയിലെത്തുന്ന ലെന്‍സിനു 999 ഡോളറായിരിക്കും വില.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
FROM ONMANORAMA