ADVERTISEMENT

ക്യാമറാ ഫോണുകളുടെ ശേഷി പോരാ എന്നു കരുതുന്നവര്‍ക്ക് വാങ്ങാന്‍ പരിഗണിക്കാവുന്ന മോഡലാണ് ക്യാനന്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന ഇഒഎസ് എം200. കമ്പനിയുടെ ഏറ്റവും വില കുറഞ്ഞ മിറര്‍ലെസ് ക്യാമറയാണിത്. തുടക്കക്കാര്‍ ആസ്വദിച്ച് ഉപയോഗിക്കുന്ന ഇപ്പോഴത്തെ മോഡലായ ഇഒഎസ് എം100ന്റെ പുതുക്കിയ പതിപ്പാണ് എം200. പുതിയ ഡിജിക് 8 പ്രോസസറാണ് എം200ലെ താരം. ഐഡിറ്റക്ഷനോടു കൂടിയ ഡ്യൂവല്‍ പിക്‌സല്‍ ഓട്ടോഫോക്കസാണ് പ്രധാന ഫീച്ചറുകളിലൊന്ന്. പഴയ മോഡലിനേക്കാള്‍ മെച്ചപ്പെട്ട ബാറ്ററി ലൈഫും ഉണ്ട്. സെന്‍സറിന്റെ കുറച്ചു ഭാഗം മാത്രം ഉപയോഗിച്ച് 4കെ വിഡിയോയും റെക്കോഡു ചെയ്യാം.

മറ്റെല്ലാ കാര്യങ്ങളിലും തനി ഇഒഎസ്100ന്റെ നേര്‍പ്പകര്‍പ്പ് തന്നെയാണ് പുതിയ മോഡലെന്നു പറയാം. ഡിസൈനില്‍ കാര്യമായ മാറ്റമൊന്നും കമ്പനി വരുത്തിയിട്ടില്ല. ഇഒഎസ്200ന്റെ 24എംപി എപിഎസ്-സി സെന്‍സര്‍ മുന്‍ മോഡലില്‍ കണ്ടതു തന്നെയാണ്. സെല്‍ഫി പ്രേമികള്‍ക്ക് ഇഷ്ടപ്പെടുന്നതാണ് ഇതിന്റെ ഉയര്‍ത്തി വയ്ക്കാവുന്ന ടച്‌സ്‌ക്രീന്‍. ഉപോഗിക്കല്‍ എളുപ്പത്തിലായിരിക്കണമെന്ന കാര്യത്തിലും ക്യാനന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നു കാണാം.

പഴയ സെന്‍സര്‍

ഇഒഎസ് എം100ല്‍ കണ്ട അതേ 24.1 എംപി സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. ദോഷം പറയരുതല്ലോ. പുതിയ ക്യാമറയും ഉപയോഗിക്കാന്‍ സാധ്യതയുള്ള തുടക്കക്കാര്‍ക്ക് മികച്ച ഫോട്ടോകള്‍ കിട്ടാന്‍ ഇതു മതിയായേക്കും. ക്യാനന്റെ വിശ്രുതമായ കളറും വിശദാംശങ്ങളും ഈ സെന്‍സറിനു പകര്‍ത്താനാകും. നോയിസ് ലെവല്‍ എതിരാളികളെക്കാള്‍ അല്‍പം കൂടുതലാണെന്ന പ്രശ്‌നം മനസില്‍ വയ്ക്കുകയും വേണം. എന്തായാലും മികച്ച ജെയ്‌പെഗ് ചിത്രങ്ങള്‍ എടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് കൊളളാവുന്ന ക്യാമറയാണിത്. അല്‍പം കൂടെ ഭേദപ്പെട്ട മോഡലായ ഇഒഎസ് എം6 മാര്‍ക്ക് IIല്‍ കണ്ട അതേ ഓട്ടോഫോക്കസാണ് ഈ ക്യമറയ്ക്ക് എന്നത് ക്യാനന്‍ ആരാധകരെ ഉത്സാഹത്തിലാഴ്ത്തിയേക്കും. ഐഡിറ്റെക്ഷന്‍ (ചിത്രത്തിലുള്ള ആളുടെ കണ്ണ് കൃത്യമായി ഫോക്കസില്‍ നിലനിര്‍ത്തുക) എന്നത് സ്വന്തം നിലയില്‍ ചെയ്യാനുള്ള കഴിവാണ് ഈ മോഡലിനെ വേര്‍തിരിച്ചു നിര്‍ത്തുന്നത്. സോണിയുടെ ക്യാമറകളില്‍ കുറച്ചുകാലമായുള്ള ഈ ഫീച്ചറിന് ക്യാനനും ഇനി കൂടുതല്‍ ശ്രദ്ധ നല്‍കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. 

3-ഇഞ്ച് വലുപ്പമുള്ള എല്‍സിഡി സ്‌ക്രീന്‍ മുകളിലേക്കാണ് ഉയര്‍ത്തി വയ്ക്കാനാകുക. ഇത് സെല്‍ഫി പ്രേമികളെ ലക്ഷ്യം വച്ചാണ്. വെക്കേഷനുകള്‍ക്കും കുടുംബ ടൂറുകള്‍ക്കും ഇത് അനുയോജ്യമായരിക്കുമെന്നു കരുതുന്നു. ഇതിലൂടെ ഇപ്പോള്‍ സെല്‍ഫ് പോര്‍ട്രെയ്റ്റ് മോഡ് ഉപയോഗിക്കാം. എന്നു പറഞ്ഞാല്‍ സബ്ജക്ടിന് കൂടുതല്‍ പ്രാധാന്യം നല്‍കി പശ്ചാത്തലം അസ്പഷ്ടമാക്കാം. സ്‌ക്രീന്‍ ഉയര്‍ത്തിവച്ച ശേഷവും ഫ്‌ളാഷ് ഉപയോഗിക്കാം.

പ്രൊഫഷണലുകള്‍ക്കും മറ്റും വിരല്‍ത്തുമ്പത്ത് ബട്ടണുകളുള്ളതാണ് ഇഷ്ടമെങ്കല്‍, ഇഒഎസ് എം200ന്റെ ബോഡിയില്‍ അത്രമാത്രം ബട്ടണുകളില്ല. കാരണം അവയെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്‌തേക്കില്ലാത്ത തരം ഉപയോക്താക്കളെ ലക്ഷ്യംവച്ചാണിത് എത്തുന്നത്. മറ്റു പല ക്യാനന്‍ ക്യാമറകളിലുമുള്ളതു പോലെ ഇന്റലിജന്റ് മോഡ് ഉണ്ട്. ഉചിതമായ സെറ്റിങ്‌സ് ക്യാമറ തന്നെ സെലക്ടു ചെയ്‌തോളും.

അടുത്ത കാലത്തിറങ്ങിയ ക്യാനന്‍ ക്യാമറകള്‍ കമ്പനിയുടെ വിചിത്രമായ ഒരു തീരുമാനം കൊണ്ട് മുടന്തുകയായിരുന്നു. വിഡിയോ ഷൂട്ടിങ്ങില്‍, സെക്കന്‍ഡില്‍ 24 ഫ്രെയിം ഷൂട്ടുചെയ്യാനുള്ള ശേഷി നല്‍കാതിരിക്കുകയാണ് കമ്പനി ചെയ്തത്. നിശിതമായ വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നത്. എന്തായാലും എം200 ബോഡിയില്‍ ക്യാനന്‍ 4കെ/24 ഫ്രെയിംസം പെര്‍ സെക്കന്‍ഡ് ഷൂട്ട് ചെയ്യാന്‍ അനുവദിക്കുന്നു. 4കെയ്ക്ക് 1.6x ക്രോപ് ആണുള്ളത്. ചുരുക്കി പറഞ്ഞാല്‍ സെന്‍സറിന്റെ മുഴുവന്‍ പ്രതലവും ഉപയോഗിച്ചല്ല വിഡിയോ റെക്കോഡ് ചെയ്യുന്നത്. എന്നാല്‍, 1080പി വിഡിയോ മതിയെങ്കില്‍ ക്രാപ് മാറും. 1080പി വിഡിയോ, സെക്കന്‍ഡില്‍ 60 ഫ്രെയിം വരെ ഷൂട്ടു ചെയ്യാം. എന്നാല്‍ സക്കന്‍ഡില്‍ 120 ഫ്രെയിം വേണമെങ്കില്‍ റെസലൂഷന്‍ 1280 x 720 ആയി കുറയും.

വില 

മറ്റെന്തിനെക്കാളും വിലയായിരിക്കും ഇഒഎസ് എം200ന്റെ പ്രധാന ആകര്‍ഷണീയത. കിറ്റ് ലെന്‍സായ 15-45 (15-45mm F3.5-6.3 IS STM ) ഒപ്പം വാങ്ങുമ്പോള്‍ 549 ഡോളറായിരിക്കും വില. ഇന്ത്യയിലെ വില പ്രഖ്യാപിച്ചിട്ടില്ല.  

എതിരാളികള്‍

സോണിയുടെ വിശ്രുതമായ എ6000 സീരിസ് ആണ് ക്രോപ് സെന്‍സര്‍ മിറര്‍ലെസ് ക്യാമറകളില്‍ ഏറ്റവും മികച്ചത്. ഈ സീരിസിലെ ഏറ്റവും പുതിയ എ6600 ഷൂട്ടിങ് പുതിയൊരു തലത്തിലേക്കെത്തിക്കുന്നു. പക്ഷേ, ഇതിന് വില ക്യാനന്‍ എം200നെ അപേക്ഷിച്ച് വളരെ കൂടുതലായരിക്കും.

എന്നാല്‍, ഇരു കമ്പനികള്‍ക്കും ശരിക്കും വെല്ലുവിളി ഉയര്‍ത്താന്‍ ഒരുങ്ങുകയാണ് നിക്കോൺ എന്നാണ് സൂചനകള്‍. തങ്ങളുടെ പുതിയ Z മൗണ്ട് കേന്ദ്രീകരിച്ചുള്ള പുതിയ എപിഎസ്-സി ക്യാമറകള്‍ ഉടന്‍ പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനിയത്രെ. രണ്ടു മോഡലുകളായിരിക്കും ആദ്യം അവതരിപ്പിക്കുക എന്നാണ് അഭ്യൂഹങ്ങള്‍. ഇവയിലൊന്ന് വ്യൂഫൈന്‍ഡര്‍ ഇല്ലാത്തതായരിക്കും. ഇഒഎസ് എം200നെ പോലെയുള്ള ക്യാമറകള്‍ക്ക് വന്‍ വെല്ലുവിളി ഉയര്‍ത്താന്‍ പാകത്തിനുള്ള വിലയുമായിരിക്കും അതിന്. എന്നാല്‍ ശരിക്കും പ്രോ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും രണ്ടാമത്തെ മോഡല്‍ എന്നാണ് കേള്‍ക്കുന്നത്. ഡി500ന്റെ ശേഷിയുള്ള ഒരു മിറര്‍ലെസ് ബോഡിയായിരിക്കാം ഇതെന്നു കരുതുന്നു. ഒപ്പം കിറ്റ് ലെന്‍സുകളായി 16-55എംഎം, 50-250എംഎം എന്നിവയും ഇറക്കുമെന്നു കരുതുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com