ADVERTISEMENT

ഒരു സ്മാർട് ഫോണിന്റെ വിലയ്ക്ക് ഒന്നാന്തരം ക്യാമറ വേണോ? ഇതെന്തു ചോദ്യമാണാശാനേ? മൊബൈൽ ഫോണിൽ പടമെടുത്താലും ഒരു ക്യാമറ കയ്യിലുണ്ടാകുന്നതു ഗമയല്ലേ? മൊബൈലിൽ നന്നായി പടമെടുക്കുമെന്നു സുഹൃത്തുക്കൾ പറയാറില്ലേ? ഫോണിന്റെ അത്രയേ ബജറ്റ് ഉള്ളൂവെങ്കിൽ ഒരു ക്യാമറ നോക്കിയാൽ എന്താ? ആകട്ടെ, ക്യാമറ ഏതാണ്?

 

fuji-film-camera-1

ഫ്യൂജിഫിലിം എക്സ് ടി 100. ബജറ്റ് മിറർലെസ് ക്യാമറകളിലെ പുപ്പുലി. ഈ കിടു ക്യാമറയുടെ വിശേഷങ്ങൾ അറിയാം. ആദ്യം ഫ്യൂജിഫിലിം കമ്പനിയെപ്പറ്റി പറയാം. പലരും കേട്ടിട്ടുണ്ടാകും. 1934 ൽ ഫൊട്ടോഗ്രഫി ഫിലിം നിർമാണത്തിനു സ്ഥാപിക്കപ്പെട്ട ജാപ്പനീസ് കമ്പനി പിന്നീട് ക്യാമറ നിർമാണത്തിലേക്കു തിരിഞ്ഞു. പഴയ കാല ഫിലിം ഫൊട്ടോഗ്രഫർമാർക്ക് അറിയാം ഈ ഫിലിമുകളുടെ ഗുണം. ഇന്ന് ഏറ്റവും മികച്ച മിറർലെസ് ക്യാമറകളിലൂടെയാണ് ഫ്യൂജി ഫിലിം അറിയപ്പെടുന്നത്.

 

എക്സ് ടി 100 

 

fuji-film-camera-pic-10

ഫ്യൂജിയുടെ ബജറ്റ് മിറർലെസ് ക്യാമറയാണ് എക്സ് ടി 100. ഒരു കൈയ്യിൽ ഒതുങ്ങുന്നത്ര ചെറുപ്പം. എന്നാലോ ഒരു പ്രഫഷണൽ എസ്എൽആറിനു തുല്യമായ പിക്ചർ ക്വാളിറ്റി. ഇതാണ് എക്സ്ടി ഒറ്റനോട്ടത്തിൽ. വില മുപ്പത്തയ്യായിരത്തിനു താഴെ. വില ഓരോ തവണയും മാറിവരുന്നതുകൊണ്ടാണ് ഇങ്ങനെ കൃത്യമായി പറയാത്തത്.

fuji-film-camera-pic-9

 

ബോഡി സ്റ്റൈൽ

 

fuji-film-camera-2

എസ്എൽആർ പിടിച്ചു ശീലിച്ചശേഷം ഫ്യൂജിയുടെ ക്യാമറ കയ്യിലേന്തുമ്പോൾ എന്തോ കുറവുണ്ട് എന്നാണു തോന്നിയത്. ക്യാമറ തന്നു വിടുമ്പോൾ എറണാകുളത്തെ പ്രശസ്ത ക്യാമറാഷോപ്പിന്റ ഉടമ മനോജ് ഒരു കാര്യം പറഞ്ഞു– ‘ ഭാവി മിറർലെസ് ക്യാമറകളുടേതാണ്. ഒന്നു പരീക്ഷിച്ചുനോക്കൂ. ഈ കുഞ്ഞുക്യാമറ നിങ്ങൾക്ക് ഇഷ്ടമാകും. പ്രത്യേകിച്ച് എക്സ്ടി 100 പകർത്തുന്ന നിറങ്ങൾ. ഒരു ബജറ്റ് ക്യാമറയാണെന്നു തോന്നുകയേ ഇല്ല’. സംഗതി ശരിയായിരുന്നു.

 

യാത്രയിൽ ഈ കുഞ്ഞുക്യാമറയുടെ ഗുണം മനസിലായി. ഭാരം വെറും അഞ്ഞൂറു ഗ്രാമിനു താഴെ. പോക്കറ്റിൽ വരെ ഇട്ടുകൊണ്ടുപോകാം. കയ്യിലെടുക്കുമ്പോൾ ആ ക്ലാസിക് രൂപത്തോടു നമുക്കു പ്രിയം തോന്നും. മൂന്നു ഡയലുകൾ മുകളിൽ. പിക്ചർ മോഡ് മാറ്റാനും ഷട്ടർസ്പീഡ് മാറ്റാനും രണ്ടെണ്ണം, പിന്നെ ഇടതുവശത്തായി ഫ്യൂജിയുടെ മാത്രം ഫിലിം സിമുലേഷൻ ഡയലും. ഈ സിമുലേഷൻ വിദ്യ ഉപയോഗിച്ച് ചിത്രങ്ങൾ പല ടോണിൽ പകർത്താം. ഫോട്ടോഷോപ്പിൽ കളിക്കുകയൊന്നും വേണ്ട എന്നർഥം.

 

ടിൽറ്റ് ചെയ്യാവുന്ന ടച്സ്ക്രീൻ മിഴിവുറ്റതാണ്. മുന്നിലേക്കും തിരിക്കാം. സെൽഫി പ്രിയർക്കും വ്ലോഗേഴ്സിനും ഈ ഫീച്ചർ ഇഷ്ടപ്പെടും. ബോഡിയോടൊപ്പം ഹാൻഡ്‌ലിങ് എളുപ്പത്തിനായി ഒരു പ്ലാസ്റ്റിക് ഗ്രിപ്പ് അധികമായി ഘടിപ്പിച്ചിട്ടുണ്ട്. ക്ലാസിക് ക്യാമറകളെ ഓർമിപ്പിക്കുന്നതാണു ബോഡിയുടെ മുകൾവശം ലോഹമാണ്. ബട്ടണുകൾ എല്ലാം മികച്ചവ.

 

സെൻസർ 

 

എപിഎസ്– സി സെൻസർ ആണ്. എഫക്ടീവ് മെഗാപിക്സൽ 24. നിങ്ങളുടെ മൊബൈൽ ക്യാമറയെക്കാൾ പതിനാലു മടങ്ങു വലുപ്പമുള്ളതാണ് സെൻസർ. ചിത്രത്തിനുണ്ടാകുന്ന മിഴിവിനെപ്പറ്റി പറയേണ്ടതില്ലല്ലോ? കൂടിയ മെഗാപിക്സൽ സ്മാർട് ഫോൺ ക്യാമറകൾ നോക്കുന്നവർക്ക് എക്സ്ടി 100 ആയിരിക്കും മികച്ച ചോയ്സ്. 

 

ലെൻസ്

 

കിറ്റ് ലെൻസ് ആണ് ബോഡിയോടൊപ്പം ലഭിക്കുക. ഫ്യൂജിയുടെ മറ്റു പ്രഫഷണൽ ലെൻസുകൾ ഈ ബോഡിയുടെ കൂടെ ഘടിപ്പിക്കാം. 15-45 mm കിറ്റ് ലെൻസ് തന്നെ മികവുറ്റ ചിത്രങ്ങൾ നൽകുന്നതാണ്. ഇനി കാണുന്ന പടങ്ങളെല്ലാം കിറ്റ് ലെൻസ് ഉപയോഗിച്ച് എടുത്തവയാണ്.

 

എക്സ്ടി 100 ന്റെ ഗുണങ്ങൾ 

 

ISO-1

∙ 24.2 മെഗാപിക്സൽ സെൻസർ 

∙ കൂടിയ ഐഎസ്ഒയിലും താരതമ്യേന നോയ്സ് ഇല്ലാത്ത ചിത്രങ്ങൾ തരുന്നുണ്ട് ഈ സെൻസർ 

ISO-2

∙ നിറങ്ങൾ അതീവമനോഹരമായി പകർത്തുന്നു 

fuji-film-camera-pic-8

∙ പോർട്രെയിറ്റുകൾക്ക് യോജിച്ചതാണ് ഈ ക്യാമറ

fuji-film-camera-pic-1

∙ എല്ലാസമയത്തും കണ്ണുകൾ ഫോക്കസ് ചെയ്യുന്ന വിദ്യ ഗുണമാണ്.

∙ ഭാരം കുറവ് (448 ഗ്രാം)

∙ ക്ലാസിക് ഡിസൈൻ

∙ ടിൽറ്റ് ചെയ്യാവുന്ന സ്ക്രീൻ

∙ മികച്ച പെർഫോമൻസ് ഉള്ള കിറ്റ് ലെൻസ്

 

പോരായ്മകൾ 

 

∙ ബാറ്ററി എല്ലാ മിറർലെസ് ക്യാമറകളുടേതുപോലെ അത്ര ലാസ്റ്റ് ചെയ്യില്ല

∙ മൂവി 4K റസല്യൂഷനിൽ ഷൂട്ട് ചെയ്യുമ്പോൾ ഫ്രെയിം റേറ്റ് കുറവാണ്. പതിനഞ്ചു ഫ്രെയിം പെർ സെക്കൻ‍ഡ് മാത്രമേ ഉള്ളൂ. ഫുൾ എച്ച്ഡിയിൽ അറുപതു ഫ്രെയിം കിട്ടും.

∙ ബോഡി വെതർപ്രൂഫ് അല്ല (ഈ വിലയിൽ അത് ആഡംബരമാണ്. എങ്കിലും പറയണമല്ലോ)

 

പ്രകടനം നോക്കാം

 

ചിത്രങ്ങളിലെ നോയ്സ്- ഐഎസ്ഒ 3200 നു മുകളിൽ പോയാലും പ്രിന്റ് ചെയ്യാവുന്നതും ഷാർപ് ആയതുമായ ചിത്രങ്ങൾ കിട്ടുമെന്നതു നേട്ടം. ചിത്രത്തിലെ ഐഎസ്ഒ പ്രകടനം കണ്ടറിയാം.

 

വിഡിയോ ക്വാളിറ്റി- 4K റസല്യൂഷനിൽ ഷൂട്ട് ചെയ്യുമ്പോൾ അത്ര പോരാ എന്നു മാത്രമേയുള്ളൂ. പക്ഷേ, അല്ലാത്ത സമയത്ത് ഒന്നാന്തരം വിഡിയോ ലഭ്യം. ഓട്ടോഫോക്കസ് നന്നായി പ്രവർത്തിക്കുന്നുണ്ട് വിഡിയോയിൽ. ഫോക്കസ് പിടിക്കുമ്പോഴുള്ള ആ ‘ചാട്ടം’ അങ്ങനെ ഫീൽ ചെയ്യുന്നില്ല.

 

ചുരുക്കത്തിൽ

 

ഒന്നാന്തരം ക്യാമറ. പോർട്രയിറ്റ് എടുക്കുന്നവർക്കും സ്ട്രീറ്റ് ഫൊട്ടോഗ്രഫി ചെയ്യുന്നവർക്കും ഈ വിലയിൽ ഇത്ര നല്ല ചിത്രങ്ങൾ വേറെ ക്യാമറ നൽകുമോ എന്നു സംശയം. എന്നാൽ വ്ലോഗേഴ്സ്, വിഡിയോയ്ക്കു മുൻഗണന നൽകുന്നവർ എന്നിവർ ശരാശരി പ്രകടനം പ്രതീക്ഷിച്ചാൽ മതി. സ്മാർട് ഫോൺ വാങ്ങുന്ന വിലയേ ഉള്ളൂ എന്നതു കൂടി കണക്കിലെടുത്താൽ വിലയ്ക്കൊത്ത മൂല്യം നൽകുന്ന ക്യാമറയാണ് എക്സ് ടി 100.

 

കൂടുതൽ വിവരങ്ങൾക്കായി വിളിക്കാം

വി ട്രേഡേഴ്സ് എറണാകുളം- 9995883889

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com