ADVERTISEMENT

കൂടുതല്‍ മെഗാപിക്‌സല്‍ വേണമെന്നില്ലാത്ത പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് കണ്ണുവയ്ക്കാവുന്ന ഏറ്റവും ആധുനികമായ ഫുള്‍ ഫ്രെയിം ക്യാമറയാണ് സോണിയുടെ എ9 മാര്‍ക്ക് 2 ( a9 II). സ്‌പോര്‍ട്‌സ്, വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ മുതല്‍ ഫോട്ടോ ജേണലിസ്റ്റുകള്‍ വരെ എല്ലാവര്‍ക്കും ഉപകരിക്കുന്ന തരത്തിലുള്ള നിര്‍മിതിയാണിതിന്. നിലവില്‍ ഇതിന് എതിരാളികളില്ല. അണിയറയിലൊരുങ്ങുന്ന ക്യാനന്‍ 1ഡിഎക്‌സ് മാര്‍ക് 3, നിക്കോണ്‍ ഡി6 എന്നിവയായിരിക്കും സോണി എ9 II ന്റെ എതിരാളികള്‍. ഈ മൂന്നു ക്യാമറകളെയും ഒളിമ്പിക്‌സ് മോഡലുകള്‍ എന്നും വിളിക്കാം. ടോക്കിയോ ഒളിമ്പിക്‌സ് മുന്നില്‍ കണ്ട് ഇറക്കുന്നവയാണിവ. ഇവയേന്തിയ ഫോട്ടോഗ്രാഫര്‍മാരെ കാണാനാകും എന്നതാണ് ഒരു സവിശേഷത.

സോണിയുടെ എ9 II മോഡലിന് കമ്പനിയുടെ സ്വന്തം 24എംപി സെന്‍സറാണ് നല്‍കിയിരിക്കുന്നത്. ബോഡിയിലെ പല ഫീച്ചറുകളും എ7ആര്‍ IIല്‍ നിന്നു കടം കൊണ്ടതാണ്. ബയോണസ് എക്‌സ് പ്രൊസര്‍, മെച്ചപ്പെട്ട ഇവിഎഫ്, ഓട്ടോഫോക്കസ്, കൃത്യത തുടങ്ങിയവയാണ് മുന്‍ മോഡലായ എ9നെക്കാള്‍ മികച്ചതാക്കുന്നത്. പഴയ പടക്കുതിരകളായ നിക്കോണെയും ക്യാനനെയും അപേക്ഷിച്ച് മികച്ച ഓട്ടോഫോക്കസാണ് സോണി എ9 IIല്‍ ഉള്ളത്. മുഖങ്ങളെ സ്വയമേവ തിരിച്ചറിയും. ലോക്കു ചെയ്ത ഫോക്കസ് വിട്ടു പോകാതെ ഉറപ്പിച്ചു നിർത്തുന്നതും അനായാസമാണ്.

മനുഷ്യരുടെ കണ്ണുകള്‍ മാത്രമല്ല മൃഗങ്ങളുടെ കണ്ണുകള്‍ പോലും തിരിച്ചറിയും. ഇക്കാര്യത്തില്‍ സോണിക്കു തത്കാലം വെല്ലുവിളിയില്ല. മുന്‍ മോഡലിനേക്കാള്‍ മികച്ച ഗ്രിപ്പും വെതര്‍ സീലിങും ഉണ്ട്. ബാറ്ററി ലൈഫ് മെച്ചപ്പെടുത്തി. പോരെങ്കില്‍, ക്യാമറയിലുള്ള യുഎസ്ബി 3.2 ടൈപ്-സി പോര്‍ട്ടിലൂടെയും ക്യാമറ പ്രവര്‍ത്തിപ്പിക്കാം. ഇരട്ട എസ്ഡികാര്‍ഡ് സ്ലോട്ടുകളാണ് ഉള്ളത്. ഇരു സ്ലോട്ടിലും യുഎച്എസ്-II സ്പീഡും ഉണ്ട്. എ9ല്‍ കണ്ട അതേ, 693 പോയിന്റുകളുള്ള ഓണ്‍ സെന്‍സര്‍ പിഡിഎഎഫ് സിസ്റ്റമാണ് പുതിയ മോഡലിലും. എന്നാല്‍ സബ്ജക്ട് ട്രാക്കിങ്ങിന് പുതിയ അല്‍ഗോറതം പ്രയോജനപ്പെടുത്തുന്നു. 1,200-സോണ്‍ ലൈറ്റ് മീറ്ററാണ്ഉള്ളത്. പെട്ടെന്നു ഫോട്ടോ കൈമാറേണ്ടിവരുന്ന ഫോട്ടോഗ്രാഫര്‍മാരെ സഹായിക്കാന്‍ കണക്ടിവിറ്റിയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതിയ ക്യാമറ 4കെ സ്‌റ്റീരിയോ വിഡിയോ ഷൂട്ടു ചെയ്യും. സോണിയുടെ തന്നെ ഫ്‌ളാഷ് ഉപയോഗിച്ചാല്‍ 1/250 വരെ സിങ്ക് സ്പീഡ് കിട്ടും മെക്കാനിക്കല്‍ ഷട്ടര്‍ ഉപയോഗിച്ചാല്‍.

ഷട്ടര്‍

∙ മെക്കാനിക്കല്‍ 

∙ 1/8,000 മുതല്‍ 30 സെക്കന്‍ഡ് വരെ. ബള്‍ബ് മോഡും ഉണ്ട്

ഇലക്ട്രോണിക്

∙ 1/32,768 മുതല്‍ 30 സെക്കന്‍ഡ് വരെ

തുടര്‍ച്ചയായി 362 ജെപെയ്ഗ് ചിത്രങ്ങള്‍ എടുക്കാം. തുടര്‍ച്ചയായി 128 അണ്‍കംപ്രസ്ഡ് റോ ചിത്രങ്ങളും പകര്‍ത്താം.

ഇലക്ട്രോണിക് ഷട്ടര്‍ ഉപയോഗിക്കുമ്പോഴാണ് സെക്കന്‍ഡില്‍ 20 ഫ്രെയിം ഷൂട്ടു ചെയ്യാനാകുക. മെക്കാനിക്കല്‍ ഷട്ടറിന് സെക്കന്‍ഡില്‍ 10 ഫ്രെയിം ഷൂട്ടു ചെയ്യാനാകും. 5 ലക്ഷം ആക്ചുവേഷന്‍സ് ആയിരിക്കും ഇതിന്റെ ലൈഫ് എന്നാണ് കമ്പനി പറയുന്നത്. ഇന്‍-ബോഡി ഇമേജ് സ്റ്റബിലൈസേഷന്‍ അല്‍പം മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി പറയുന്നു. ഈ മോഡലിന്റെ ബോഡിക്കു മാത്രം 4500 ഡോളറായിരിക്കും വില.

ചില ഫീച്ചറുകള്‍ വിശദമായി പരിശോധിക്കാം

സോണി എ9IIന്റെ ഇലക്ട്രോണിക് ഷട്ടര്‍ ഉപയോഗിച്ചാല്‍ പരിപൂര്‍ണ്ണ നിശബ്ദ ഷൂട്ടിങ് സാധ്യമാണ്. ഇത് ഓണ്‍ ചെയ്യണമെങ്കില്‍ ഈ പാത് ഉപയോഗിക്കാം: MENU > Camera 2 > page 4/9 > Shutter Type > ELEC. സെക്കന്‍ഡില്‍ 24 ഫ്രെയിം ഷൂട്ടു ചെയ്യാം. ഈ ക്യാമറയുടെ ഇപ്പോഴത്തെ പ്രധാന എതിരാളിയായ നിക്കോണ്‍ ഡി5ലും മറ്റുമുള്ള ക്വയറ്റ് മോഡുകള്‍ അയല്‍പക്കത്തെ വീട്ടുകാര്‍ക്കു പോലും കേള്‍ക്കാനായേക്കും. 

ബോഡിയിലുള്ള പല ബട്ടണുകളും വിവിധ കാര്യങ്ങള്‍ക്കായി പ്രോഗ്രാം ചെയ്യാം. വോയിസ് റെക്കോര്‍ഡര്‍ ഉപയോഗിച്ച് നോട്ടുകള്‍ എടുക്കാം. ഓരോ ഫ്രെയിം ഷൂട്ടു ചെയ്തുതകഴിഞ്ഞും ഓരോ ക്ലിപ് ഓഡിയോ റെക്കോഡു ചെയ്യാം. ഹോട്ഷൂവില്‍ ഇപ്പോള്‍ ഡിജ്റ്റല്‍ ഓഡിയോ ഇന്റര്‍ഫെയ്‌സ് ഉണ്ട്. ഏതു തരം പ്രകാശത്തിലും മികച്ച അനുഭവം നല്‍കുന്ന ഉജ്വലമായ ഇലക്ട്രോണിക് വ്യൂഫൈന്‍ഡര്‍.

മെറ്റല്‍ ബോഡിയാണ് എന്നത് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു. മികച്ച ഹൈ-ഐസോ പ്രകടനം. ( പരമാവധി ഐസോ 204,800 ആണ്). സ്റ്റീരിയോ മൈക്രോഫോണ്‍ ക്യാമറയില്‍ തന്നെയുണ്ട്. വിഡിയോയില്‍ നിന്ന് സ്റ്റില്ലുകള്‍ അടര്‍ത്തിയെടുക്കാം. ഇതു ക്യാമറയ്ക്കുള്ളില്‍ വച്ചു തന്നെ ചെയ്യാം. 4കെ വിഡിയോ ഷൂട്ടു ചെയ്താല്‍, 30, 8എംപി സ്റ്റില്ലുകള്‍ വേര്‍തിരിച്ചെടുക്കാം.

സോണി 12-24mm f/4 G, 16-35/2.8 ജിഎം, 24-70/2.8 ജിഎം, 70-200/2.8 ജിഎം എന്നീ ലെന്‍സുകള്‍ അതുല്യ പ്രകടനമാണ് നടത്തുന്നത്. ക്ഷണം ഫോക്കസാകും.

ചില പോരായ്മകള്‍

∙ ബില്‍റ്റ്-ഇന്‍ ഫ്‌ളാഷ് ഇല്ല. 

∙ പിന്നിലെ എല്‍സിഡിയ്ക്ക് ഓട്ടോബ്രൈറ്റ്‌നെസ് നിയന്ത്രണം ഇല്ല. (എന്നാല്‍ ഇവിഎഫില്‍ ഇത് ഉജ്വലമാണ്.)

∙ ജിപിഎസ് ഇല്ല.

∙ ഷട്ടര്‍സ്പീഡ്, ഐസോ ഡയലുകള്‍ ഇല്ല. 

∙ മെന്യുവിന്റെ കാര്യത്തില്‍ ടച് സ്‌ക്രീന്‍ പ്രവര്‍ത്തിക്കില്ല. എന്നാല്‍ വിഡിയോയില്‍ ഫോക്കസ് ഉറപ്പിക്കാന്‍ ഉപയോഗിക്കാം.

ചുരുക്കത്തില്‍

പുതിയ യുഗം തുറന്ന ക്യാമറയാണ് സോണി എ9. അതിന്റെ പിന്‍ഗാമിയായ എ9II നിരവധി ചെറിയ ചെറിയ, എന്നാല്‍ അര്‍ഥവത്തായ പുതുമകള്‍ അണിനിരത്തിയാണ് ഇറങ്ങിയിരിക്കുന്നത്. ഈ ക്യാമറാ ബോഡിയുടെ മുഴുവന്‍ ശേഷിയും ചൂഷണം ചെയ്യണമെങ്കില്‍ സോണിയുടെ ലെന്‍സുകള്‍ തന്നെ ഉപയോഗിക്കണം. ക്യാനന്റെയും നിക്കോണിന്റെയും ഇതേ ഷൂട്ടിങ് സ്പീഡും മറ്റുമുള്ള ബോഡികള്‍ക്ക് ഭാരക്കൂടുതലുണ്ട്. സ്‌പോര്‍ട്‌സ്, ന്യൂസ്, ആക്ഷന്‍ ഫോട്ടോഗ്രാഫര്‍മാര്‍ ആഗ്രഹിക്കുന്ന പല ഫീച്ചറുകളും നിറച്ചാണ് പുതിയ ബോഡി എത്തിയിരിക്കുന്നത്. കൂടുതല്‍ പിക്‌സലുകള്‍ ആവശ്യമാണെങ്കില്‍ സോണി സിസ്റ്റത്തിലെ ഏറ്റവും പുതിയ ബോഡി വേണമെങ്കില്‍ എ7ആര്‍ മാര്‍ക് IV പരിഗണിക്കൂ. എന്നാല്‍, 24 എംപി ധാരാളമാണെന്നാണു വിചാരിക്കുന്ന പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറാണെങ്കില്‍ ഇതു തന്നെയാണു വാങ്ങേണ്ട സോണി ബോഡി. ക്യാനനും നിക്കോണും എന്തെല്ലാം പുതിയ ഫീച്ചറുകളുമായാണ് എത്തുന്നതെന്നു കാത്തിരുന്നുകാണാം.

വാല്‍ക്കഷണം

അടുത്ത എത്ര ഒളിമ്പിക്‌സില്‍ മനുഷ്യര്‍ ഫോട്ടോഗ്രാഫര്‍മാരായി കാണും? 2028ലോ അതിനു മുൻപു തന്നെയോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ശക്തി പകരുന്ന സിസ്റ്റങ്ങള്‍ എത്തിയാലും ആരും അദ്ഭുതപ്പെടേണ്ട.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com