sections
MORE

ലക്ഷങ്ങള്‍ക്കിടയില്‍ നിന്ന് ഏതു മുഖവും തിരിച്ചറിയും; ഇത് 'പേടിപ്പെടുത്തും' ചൈനീസ് ക്യാമറ

china-camera
SHARE

നിരീക്ഷണ ക്യാമറകള്‍ സ്വകാര്യതാ വാദികളുടെ ഉറക്കെകെടുത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ടെക്‌നോളജി വളര്‍ന്നിട്ടേയുള്ളൂ. തങ്ങളുടെ പൗരന്മാരെ നിരീക്ഷിക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലാത്ത ചൈന പുതിയ, 'പേടിപ്പെടുത്തുന്ന' ക്യാമറ പിടിപ്പിക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് വാര്‍ത്തകള്‍ പറയുന്നത്. ഫുഡാന്‍ യൂണിവേഴ്‌സിറ്റിയിലേയും ചാങ്ചുങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളിജിയിലേയും ഫൈന്‍ മെക്കാനിക്കസ് ആന്‍ഡ് ഫിസിക്‌സിലേയും ശാസ്ത്രജ്ഞന്മാര്‍ ചേര്‍ന്ന് സൃഷ്ടിച്ച പുതിയ 500 മെഗാപിക്സൽ സെന്‍സറിന് പതിനായിരക്കണക്കിന് അളുകള്‍ക്കിടയിൽ നിന്ന് ഒരു മുഖം തിരിച്ചറിയാന്‍ പൊലീസിനെ സഹായിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

'സൂപ്പര്‍ ക്യാമറ' എന്നു വിളിക്കുന്ന ഈ സജ്ജീകരണം ഉപയോഗിച്ച് ഒരു സ്‌റ്റേഡിയത്തില്‍ കയറിപ്പറ്റിയിരിക്കുന്ന പതിനായിരക്കണക്കിന് ആളുകളില്‍ തങ്ങളന്വേഷിക്കുന്ന ആളുണ്ടോ എന്ന് അറിയാനാകുമെന്നാണ് റിപ്പോര്‍ട്ട്. ഇത് സർക്കാരിന്റെ നിരീക്ഷണ ശക്തി വര്‍ധിപ്പിക്കുകയും പൊതുജനത്തിന്റെ സ്വകാര്യത തീര്‍ത്തും ഇല്ലാതാക്കുകയും ചെയ്‌തേക്കുമെന്നാണ് സ്വകാര്യതയ്ക്കു വേണ്ടി നിലകൊള്ളുന്നവര്‍ വാദിക്കുന്നത്.

ചൈനാ ഇന്റര്‍നാഷണല്‍ ഇന്‍ഡ്‌സ്ട്രി ഫെയര്‍ എന്ന മേളയില്‍ ഈ സെന്‍സര്‍ നിര്‍മിക്കാന്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്മാരില്‍ ഒരാളായ സിയാവോയാങ് സെങ് ആണ് ഈ ക്യാമറ പരിചയപ്പെടുത്തിയതെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സെന്‍സറിന്റെ റെസലൂഷന്‍ 500 എംപിയാണ്. ഇത് ക്ലൗഡും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധിപ്പിച്ചിരിക്കും. ഇതിലൂടെ തത്സമയ ഫേഷ്യല്‍ റെക്കഗ്നിഷനാണ് പുതിയ സംവിധാനത്തിന്റെ പ്രധാന മികവ്. അള്‍ട്രാ വൈഡ് ലെന്‍സിന്റെ സഹായത്തോടെ ഒരു കൂറ്റന്‍ സ്‌റ്റേഡിയത്തില്‍ കയറിയിരിക്കുന്ന ഓരോരുത്തരെയും തിരിച്ചറിയാമെന്നതാണ് ഇതുകൊണ്ടുള്ള ഗുണം. ഇനി ഇതൊന്നും പോരെങ്കില്‍ 500 എംപി റെസലൂഷനില്‍ വിഡിയോ പകര്‍ത്താനും സെന്‍സറിനാകുമെന്ന് പറയുന്നു.

ഇതുകൊണ്ടുള്ള ഗുണമെന്താണെന്ന് ദി ചൈനാ ന്യൂസ് സര്‍വീസ് കൃത്യമായി വ്യക്തമാക്കുന്നുണ്ട്. ഈ ക്ലൗഡ് ക്യാമറ സിസ്റ്റത്തിന് വേണ്ടത്ര വിശദാംശങ്ങളോടെ ഒരു സ്‌റ്റേഡിയത്തില്‍ കയറിക്കൂടിയിരിക്കുന്ന ആയിരക്കണക്കിനാളുകളെ തിരിച്ചറിയാനാകും. അവരുടെ മുഖങ്ങളുടെ ഫേഷ്യല്‍ ഡേറ്റാ ക്ലൗഡിനായി തത്സമയം സൃഷ്ടിക്കാനുമാകും. ഇതിലൂടെ ഒരു പ്രത്യേക വ്യക്തി സ്റ്റേഡിയത്തിലുണ്ടോ എന്ന് അറിയാനാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

യുദ്ധസമയത്തും ഉപകരിച്ചേക്കാം

ഈ ടെക്‌നോളജിയെ മിക്ക ചൈനീസ് സാങ്കേതികവിദ്യാ വിദഗ്ധരും പുകഴ്ത്തി. പട്ടാള നീക്കങ്ങളിലും ദേശീയ സുരക്ഷയുടെ കാര്യത്തിലും പൊതുസ്ഥലം നിരീക്ഷണവിധേയമാക്കാൻ ഇത് ഉപകരിക്കുമെന്നാണ് അവര്‍ വാദിച്ചതെന്ന് ഇസിഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ചിലരെങ്കിലും ഇതിനെ ഒരു ഗുരുതരമായ സുരക്ഷാ ഭീഷണിയായും കണ്ടുവെന്നും പറയുന്നു.

എന്നാല്‍, ചൈനയ്ക്കു വെളിയിലുള്ളവര്‍ ചോദിക്കുന്നത് പ്രായോഗിക തലത്തില്‍ ഇതു പൂര്‍ണമായും ഉപയോഗിക്കാന്‍ ഇനി എത്ര നാള്‍ കാത്തിരിക്കണമെന്നാണ്. ആള്‍ക്കൂട്ടത്തില്‍ നിന്ന് ഈ സെന്‍സറിന് ഒരു പ്രത്യേക ആളെ കണ്ടെത്താനൊക്കെ സാധിക്കുമായിരിക്കും. എന്നാല്‍ 500 മെഗാപിക്സൽ ഡേറ്റ എന്നൊക്കെ പറഞ്ഞാല്‍ അത് പ്രോസസ് ചെയ്യാന്‍ മണിക്കൂറുകള്‍ എടുക്കും. പ്രത്യേകിച്ചും അവര്‍ പറയുന്നതു പോലെ ഇതു വയര്‍ലെസ് ആയാണു ചെയ്യുന്നതെങ്കില്‍ എന്നാണ് ഒരു പ്രതികരണം. ഫോട്ടോയുടെ കാര്യം അങ്ങനെയാണെങ്കില്‍ വിഡിയോയുടെ കാര്യം പറയണോ എന്നും ചോദ്യമുയര്‍ത്തുന്നു. എന്നാല്‍ അതും പറഞ്ഞ് ഇതൊന്നും നടക്കില്ലാത്ത കാര്യമാണെന്നു പറഞ്ഞ് ആശ്വസിക്കുകയൊന്നും വേണ്ടെന്നു വാദിക്കുന്നവരും ഉണ്ട്. അള്‍ട്രാ-ഹൈ റെസലൂഷന്‍ ക്യാമറ ഇതാദ്യമായല്ല സൃഷ്ടിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫേഷ്യല്‍ റെക്കഗ്നിഷന്‍, 5 ജി തുടങ്ങിയ സാങ്കേതികവിദ്യകള്‍ സമ്മേളിക്കുമ്പോള്‍ 'മൈനോരിറ്റി റിപ്പോര്‍ട്ട്' എന്ന സിനിമയില്‍ കണ്ട തരത്തിലുള്ള നിരീക്ഷണ സാധ്യതകള്‍ നമുക്കിടയിലേക്ക് ഇറങ്ങിവരാന്‍ അധികം സമയം വേണ്ടെന്നാണ് അവരുടെ വാദം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
FROM ONMANORAMA