2012 ലാണ് മൊബൈൽ വ്യവസായത്തിന്റെ മുൻനിരയിലുള്ള നോക്കിയ 808 പ്യുവർവ്യൂ എന്ന സിംബിയൻ ഓപ്പറേറ്റിംഗ് സിസ്റ്റം (ഒഎസ്) അടിസ്ഥാനമാക്കിയുള്ള സ്മാർട് ഫോൺ കൊണ്ടുവന്നത്. ഇതിനുശേഷം, ആൻഡ്രോയിഡ് അധിഷ്ഠിത സ്മാർട് ഫോണുകൾ ശ്രദ്ധ നേടാൻ തുടങ്ങി. ജനങ്ങളെ ആകർഷിക്കാൻ ക്യാമറകളിൽ കൂടുതൽ മെഗാപിക്സലുകൾ ചേർക്കാനും തുടങ്ങി.
ഇപ്പോൾ ചൈനീസ് സ്മാർട് ഫോൺ നിർമാതാക്കൾ മെഗാപിക്സൽ യുദ്ധത്തിനായി രംഗത്തിനിറങ്ങിയിട്ടുണ്ട്. കൂടാതെ ഉപയോക്താക്കൾക്ക് ക്യാമറ സെൻസറുകളും ഫീച്ചറുകളും മിതമായ നിരക്കിൽ ലഭ്യമാക്കുന്നതും ചൈനീസ് കമ്പനികളാണ്. ഇന്ത്യയിൽ തുടക്കത്തിൽ ചൈനീസ് ഹാൻഡ്സെറ്റ് നിർമാതാക്കളായ ഒപിപിഒയുടെ അനുബന്ധ സ്ഥാപനമായി ആരംഭിച്ച റിയൽമി 64 എംപി ക്യാമറ സ്മാർട് ഫോൺ (റിയൽമി എക്സ് ടി) അവതരിപ്പിച്ച ആദ്യത്തെ കമ്പനിയായി. ഏതാനും ആഴ്ചകൾക്ക് മുൻപ് ഷഓമിയുടെ റെഡ്മി നോട്ട് 8 പ്രോ അടുത്തിടെ പുറത്തിറക്കിയത് 64 എംപി ക്യാമറയുമായാണ്.
വരാനിരിക്കുന്ന സ്മാർട് ഫോണുകൾക്ക് 108 എംപി സെൻസർ പോലും ഉണ്ടാകാമെന്നാണ് സാംസങ് പറയുന്നത്. രാജ്യാന്തര തലത്തിൽ വിൽക്കുന്ന സ്മാർട് ഫോണുകളിൽ 50 ശതമാനത്തിനും 2021 അവസാനത്തോടെ മൂന്നോ അതിലധികമോ ക്യാമറ സെൻസറുകൾ ഉണ്ടായിരിക്കുമെന്ന് കൗണ്ടർപോയിന്റ് റിസർച്ച് പറയുന്നു.
വ്യവസായ വിദഗ്ധരുടെ അഭിപ്രായത്തിൽ, ബ്രാൻഡുകൾ മത്സരത്തിൽ നിന്ന് സ്വയം വേർതിരിച്ച് ഉപഭോക്താക്കളുടെ മൈൻഡ് ഷെയറിൽ ഒന്നാമതായി തുടരാനുള്ള ശ്രമമാണിതെന്നാണ്. ഇതൊരു മാർക്കറ്റിംഗ് തന്ത്രമായി കാണണം. ഇത് സ്മാർട് ഫോൺ ഉപഭോക്താക്കളെ ആകർഷിക്കാനുള്ള പ്രധാനപ്പെട്ട ഒരു തന്ത്രമായാണ് ബ്രാൻഡുകൾ കാണുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.
ഈ നമ്പറുകൾ സെൻസർ വലുപ്പത്തിന്റെ ചെലവിൽ ലഭ്യതയെ സൂചിപ്പിക്കുന്നു. അത് സ്മാർട് ഫോൺ ബ്രാൻഡുകളെ മിതമായ നിരക്കിൽ ഒരു മോഡലിൽ കൊണ്ടുവരാൻ അനുവദിക്കുന്നു. 2020 ന്റെ തുടക്കത്തിൽ, 92 എംപിയും 108 എംപിയും വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഒരു സാധാരണ ഉപഭോക്താവിന് ഫോട്ടോയിലെ വ്യത്യാസം മെഗാപിക്സൽ വീക്ഷണകോണിൽ നിന്ന് മാത്രം അനുഭവിക്കാൻ കഴിയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
കൗണ്ടർപോയിന്റ് റിസർച്ചിന്റെ കണക്കനുസരിച്ച് 2019 ലെ രണ്ടാം പാദത്തിൽ 15,001 മുതൽ 20,000 രൂപ വരെ വില വിഭാഗത്തിൽ 17 ശതമാനം ഓഹരിയുമായി ഷഓമിയാണ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. ഇതേ കാലയളവിൽ ആറ് ശതമാനം ഓഹരിയുമായി റിയൽമി ആറാം സ്ഥാനത്താണ്.
എന്നാലും ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ റിയൽമി 12 ശതമാനം വിപണി വിഹിതവുമായി നാലാം സ്ഥാനത്തെത്തി. 9 ശതമാനം ഓഹരിയുമായി ഷഓമി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2019 രണ്ടാം പാദത്തിൽ 14 ശതമാനം സ്മാർട് ഫോണുകൾ 48 എംപി ലെൻസ് ക്യാമറകളും 70 ശതമാനം രണ്ടോ അതിലധികമോ പിൻ ക്യാമറകളുമായാണ് അവതരിപ്പിച്ചത്.
അതേസമയം, ഒരു വലിയ മെഗാപിക്സൽ സെൻസർ ചേർക്കുന്നത് ഉയർന്ന ചിത്ര നിലവാരം നിർണ്ണയിക്കുന്നില്ലെന്നാണ് കൗണ്ടർപോയിന്റ് റിസർച്ചിലെ റിസർച്ച് അനലിസ്റ്റ് കർൺ ചൗഹാൻ പറഞ്ഞത്. ലെൻസ്, അപ്പേർച്ചറിന്റെ വലുപ്പം, ഇമേജ് സിഗ്നൽ പ്രോസസർ (ISP), സോഫ്റ്റ്വെയർ അൽഗോരിതംസ്, എഐ, എന്നിങ്ങനെ ഒന്നിലധികം ഘടകങ്ങൾ ചിത്രത്തിന്റെ ഗുണനിലവാരം നിർണ്ണയിക്കുമ്പോൾ പ്രവർത്തിക്കുന്നുണ്ട്. സാംസങ്ങിന്റെ ഐസോസെൽ ബ്രൈറ്റ് ജിഡബ്ല്യു 1, 64 എംപി ഇമേജ് സെൻസർ ആണ് റിയൽമി, ഷഓമി എന്നിവർ ഉപയോഗിക്കുന്നത്.