ADVERTISEMENT

സ്മാര്‍ട് ഫോണ്‍ ക്യാമറകള്‍ ഉജ്വല നിലവാരത്തിലേക്ക് ഉയരുന്നതിന്റെ ഉന്മേഷം പകരുന്ന കാഴ്ചകളാണ് ആപ്പിള്‍, വാവെയ്, സാംസങ് തുടങ്ങിയ നിര്‍മാതാക്കളുടെ പ്രധാന മോഡലുകളില്‍ കാണാനാകുന്നത്. വര്‍ഷാവര്‍ഷം അവ പുത്തന്‍ ഫീച്ചറകളാണ് അവതരിപ്പിക്കുന്നത്. പരമ്പരാഗത ക്യാമറകളുടെ ബട്ടണുകളും നോബുകളും എല്ലാം ശരാശരി ഉപയോക്താവിനെ അകറ്റി നിർത്തുന്നുവെങ്കില്‍ സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കള്‍, പ്രത്യേകിച്ചും ആപ്പിള്‍, അവ പൂര്‍ണ്ണമായും എല്ലാവര്‍ക്കും പ്രാപ്യമാക്കത്തക്ക വിധമാണ് അവതരിപ്പിക്കുന്നത്.

 

എങ്കില്‍ പോലും ചില പുതിയ ഫീച്ചറുകളെക്കുറിച്ച് അറിയുന്നത് പല ഉപയോക്താക്കള്‍ക്കും ഉപകാരപ്രദമാകും. ഈ വര്‍ഷത്തെ മോഡലുകളായ ഐഫോണ്‍ 11, 11 പ്രോ, 11 പ്രോ മാക്‌സ് ഇവയിലേതെങ്കിലുമാണ് നിങ്ങളുടെ കയ്യിലിരിക്കുന്നതെങ്കില്‍, നിങ്ങള്‍ വാങ്ങാനുദ്ദേശിക്കുന്നതെങ്കില്‍ ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് ഉപകാരപ്രദമായേക്കാം. പ്രത്യേകിച്ചും നിങ്ങള്‍ ഒരു ഉപകരണപ്രേമിയല്ലാ എങ്കില്‍ ഇവ സഹായകമാകാം.

 

കഴിഞ്ഞ വര്‍ഷത്തെ ഇവയുടെ പൂര്‍വ മോഡലുകളെ അപേക്ഷിച്ച് ഈ മൂന്നു ഫോണുകളുടെയും പിന്നില്‍ ഒരോ ക്യാമറ വീതം കൂടിയിട്ടുണ്ട്. ഐഫോണ്‍ 11ന് 2ഉം, 11 പ്രോ/മാക്‌സ് മോഡലുകള്‍ക്ക് മൂന്നും ക്യാമറകളാണ് ഉള്ളത്. ഈ ഹാര്‍ഡ്‌വെയര്‍ പുതുമയ്ക്കു പുറമെ, സോഫ്റ്റ്‌വെയറിലും മാറ്റംവരുത്തിയിട്ടുണ്ട്. വെളിച്ചക്കുറവില്‍ ഫോട്ടോ എടുക്കുന്ന കാര്യത്തിലും മറ്റും മുന്‍ ഐഫോണ്‍ മോഡലുകളെ ബഹുദൂരം പിന്നിലാക്കുന്ന കാഴ്ചയാണ് പുതിയ മോഡലുകള്‍ തരുന്നത്. നിങ്ങള്‍ ഒരു കെട്ടിടത്തിന്റെ ചിത്രം പകര്‍ത്തിയെന്നിരിക്കട്ടെ. വീട്ടില്‍ ചെന്നപ്പോള്‍ നിങ്ങള്‍ക്കു തോന്നുന്നു, 'അയ്യോ, അതിന്റെ ചുറ്റുപാടുകളും കൂടെ എടുക്കേണ്ടതായിരുന്നു' എന്ന്. സാധാരണഗതിയില്‍ അതു സാധ്യമല്ല. എന്നാല്‍ പുതിയ ഐഫോണിന് എടുത്ത ചിത്രത്തിന്റെ ചുറ്റുപാടുകള്‍ വീണ്ടും ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കും! ഇതെല്ലാമാണെങ്കിലും ആപ്പിള്‍ എൻജിനീയര്‍മാരും മറ്റും ഫോട്ടോ എടുക്കല്‍ പ്രക്രിയ മുന്‍ മോഡലുകളിലേതുപോലെ ലളിതമായി നിലനിര്‍ത്തുകയും ചെയ്തരിക്കുന്നു എന്നതാണ് ആശ്വാസകരം.

 

ക്വിക് സെറ്റിങ്‌സ് എവിടെ?

 

പുതിയ ക്യാമറാ വ്യൂഫൈന്‍ഡര്‍ ഒരു വെടിപ്പുള്ള കാഴ്ചയാണ്. അധികം ഉപയോഗിക്കാന്‍ വഴിയില്ലാത്ത ഫീച്ചറുകളെ സ്‌ക്രീനില്‍ നിന്ന് മാറ്റിയിരിക്കുകയാണ്. എന്നാലും അവയെ വിളിപ്പുറത്തു തന്നെ സൂക്ഷിച്ചിട്ടുമുണ്ട്. ഫോണ്‍ ലംബമായി പിടിച്ചിരിക്കുമ്പോള്‍ മുകളില്‍ കാണുന്ന ആരോയില്‍ സ്പര്‍ശിച്ചാല്‍ വേണ്ട സെറ്റിങ്‌സ് പ്രത്യക്ഷപ്പെടും. ഫ്‌ളാഷ്, ലൈവ് ഫോട്ടോസ്, ഫ്രെയ്മിന്റെ അനുപാതം, ഫില്‍റ്ററുകള്‍ ഇവയെല്ലാം പ്രത്യക്ഷപ്പെടും. വേണ്ട ക്രമീകരണങ്ങള്‍ വരുത്തിയ ശേഷം ആരോയില്‍ ഒരിക്കല്‍കൂടെ സ്പര്‍ശിച്ചാല്‍ എല്ലാം അപ്രത്യക്ഷമായിക്കോളും. ആരോയ്ക്കു പകരം സ്വൈപ് ചെയ്താലും ഈ ക്രമീകരണങ്ങള്‍ വിളിച്ചുവരുത്താം.

 

നൈറ്റ് മോഡ്

 

ഗൂഗിള്‍ പിക്‌സല്‍, വാവെയ് പി 30, മെയ്റ്റ് 30 തുടങ്ങിയ മോഡലുകള്‍ ഉപയോഗിച്ചിരുന്ന തരം നൈറ്റ് മോഡ് ഇപ്പോള്‍ ഐഫോണ്‍ ഉപയോക്താക്കളുടെ വിരല്‍ത്തുമ്പിലേക്കും എത്തിയിരിക്കുകയാണ് എന്നതാണ് ഈ വര്‍ഷത്തെ പ്രധാന വാര്‍ത്ത. സാധാരണ രീതിയില്‍ ഫോട്ടോ പിടിക്കാന്‍ വേണ്ടത്രപ്രകാശമില്ലെന്നു മനസിലാക്കിയാല്‍ ഐഫോണ്‍ സ്വമേധയാ നൈറ്റ് മോഡ് ആക്ടിവേറ്റ് ചെയ്യും. ചന്ദ്രനേപ്പൊലെ തോന്നിക്കുന്ന, എന്നാല്‍ ചില വരകളിട്ടിരിക്കുന്ന ഐക്കണാണ് നൈറ്റ് മോഡിനായി പ്രത്യക്ഷപ്പെടുക. മുകളില്‍ കണ്ട ആരോ ബട്ടന്റെ സമീപത്തായി ഇതും കാണാം. ഇതിനു മഞ്ഞ നിറമാണെങ്കില്‍ നൈറ്റ് മോഡിലാണ് പടം എടുക്കാന്‍ പോകുന്നതെന്ന് ഉറപ്പിക്കാം. 

 

എന്നാല്‍ ഈ സമയത്തും നിങ്ങള്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ നടത്താം. വലിയ ഫോട്ടോഗ്രാഫറാണെന്നാണ് ഭാവമെങ്കില്‍, ഐഫോണ്‍ അതിന് ഇഷ്ടമുള്ളതു ചെയ്‌തോട്ടെ എന്നൊന്നും കരുതേണ്ട. നൈറ്റ് മോഡ് ഐക്കണില്‍ ടാപ് ചെയ്ത് അത് ഓഫ് ചെയ്യലടക്കമുള്ള പല കാര്യങ്ങളും ചെയ്യാം. ഷട്ടര്‍ബട്ടണു വലതു വശത്തുള്ള സ്ലൈഡര്‍ ശ്രദ്ധിക്കുക. ഇതു ക്രമീകരിക്കുക വഴി, നൈറ്റ് മോഡില്‍ എന്തുമാത്രം പ്രകാശം വേണം, അല്ലെങ്കില്‍ വേണ്ട എന്ന കാര്യം ഉപയോക്താവിനു തീരുമാനിക്കാം. 

 

ഉദാഹരണത്തിന് നിങ്ങള്‍ ടൈമര്‍ 2 സെക്കന്‍ഡ് മുതല്‍ 9 സെക്കന്‍ഡ് വരെ അനുവദിച്ചാല്‍, കൂടുതല്‍ പ്രകാശം ക്യാമറ പിടിച്ചെടുക്കും. അതേസമയം 5 സെക്കന്‍ഡ് മുതല്‍ 1 സെക്കന്‍ഡ് വരെയാണ് അനുവദിക്കുന്നതെങ്കില്‍ കുറച്ചു പ്രകാശമേ പ്രവേശിക്കൂ. ഫോട്ടോ ഇരുണ്ടിരിക്കും. ഇതെല്ലാം പല തവണ ഉപയോഗിച്ചു നോക്കി സാഹചര്യത്തിന് ഏതാണ് അനുയോജ്യമെന്നു കണ്ടുപിടിക്കുക രസകരമായ കാര്യമാണ്.

 

സൂം

 

ഐഫോണ്‍ 11 മോഡലുകള്‍ക്കെല്ലാം വൈഡ്, അള്‍ട്രാ വേഡ് ക്യാമറകള്‍ ഉണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് ഈ ലെന്‍സ് ഐഫോണുകളില്‍ പ്രത്യക്ഷപ്പെടുന്നത്. ഐഫോണ്‍ 11 പ്രോ/മാക്‌സ് മോഡലുകള്‍ക്ക് ഇവയ്‌ക്കൊപ്പം ടെലീ ലെന്‍സും ഉണ്ട്. ഇവയെ വ്യൂഫൈന്‍ഡറില്‍ അടയാളപ്പെടുത്തുന്നത്, 0.5x, 1x, 2x എന്നിങ്ങനെയാണ്. (ഈ വര്‍ഷത്തെ ഏതു മോഡല്‍ ഐഫോണാണ് കൈവശമിരിക്കുന്നതെങ്കിലും, ഇതില്‍ 1x ആണ് പ്രധാന ക്യാമറ.) ആദ്യ രണ്ടു സൂം ക്രമീകരണങ്ങളും മൂന്നു ഫോണുകള്‍ക്കും സാധ്യമാണ്. എന്നാല്‍, 2x ഒപ്ടിക്കല്‍ സൂം പ്രോ മോഡലുകള്‍ക്കു മാത്രമാണുള്ളത്. എല്ലാ ക്യാമറകളും 12എംപി ചിത്രങ്ങളാണ് എടുക്കുക. ഈ ക്യാമറകള്‍ മാറി മാറി ചിത്രമെടുക്കാന്‍ സൂം ഓപ്ഷനില്‍ ടാപ് ചെയ്യുക. എന്നിട്ട് വേണ്ട സൂം തിരഞ്ഞെടുക്കുക.

 

ടെലി സൂം (2x) 52എംഎംല്‍ അവസാനിക്കും. എന്നാലും നിങ്ങള്‍ക്ക് തുടര്‍ന്നും സൂം ചെയ്യാം. 10x ഡിജിറ്റല്‍ സൂമാണ് ലഭിക്കുക. കുറച്ചകലെ നടക്കുന്ന കാര്യങ്ങള്‍ പകര്‍ത്താന്‍ സൂം ഉപയോഗിക്കാം. എന്നാല്‍ ചിത്രത്തിന്റെ ക്വാളിറ്റി കുറഞ്ഞേക്കാം. (അടുത്ത വര്‍ഷത്തെ ഐഫോണില്‍, ഇപ്പോള്‍ വാവെയ് ഉപയോഗിക്കുന്ന തരം പെരിസ്‌കോപ് സാങ്കേദികവിദ്യ ഉപയോഗിച്ചേക്കാമെന്നു ചില അഭ്യൂഹങ്ങള്‍ പറയുന്നു.) 

 

എഡിറ്റിങ് സര്‍പ്രൈസ്!

 

ഈ വര്‍ഷത്തെ മോഡലുകളില്‍ പ്രത്യക്ഷപ്പെട്ടത് അള്‍ട്രാവൈഡ് ആംഗിൾ ലെന്‍സാണെന്നു പറഞ്ഞല്ലോ. ഈ ലെന്‍സ് ഉപയോഗിച്ച് നാടകീയമായ ചില രംഗങ്ങള്‍ പകര്‍ത്താം. എന്നാല്‍, മാജിക് അവിടെ തീരുന്നില്ല. നിങ്ങള്‍ ഒരു കൂട്ടം ആളുകളുടെ ചിത്രം വൈഡ് അല്ലെങ്കില്‍, ടെലി ലെന്‍സ് ഉപയോഗിച്ചു പകര്‍ത്തിയെന്നിരിക്കട്ടെ. അതില്‍ ഓരാളുടെ ചിത്രം വന്നിട്ടില്ല. അല്ലെങ്കില്‍ തലയുടെ പകുതിയേ പതിഞ്ഞിട്ടുള്ളു എന്നിരിക്കട്ടെ. ഈ പ്രശ്‌നത്തിനു എളുപ്പം പരിഹാരമുണ്ടാക്കാം. ഫോട്ടോസ് ആപില്‍ ഫോട്ടോ തുറക്കുക. എന്നിട്ട് ക്രോപ് ടൂള്‍ എടുക്കുക. അത് പുറത്തേക്കു വലിച്ചു നീട്ടുക. വിട്ടു പോയ ആളുകളും പ്രദേശവുമെല്ലാം പ്രത്യക്ഷപ്പെട്ടു തുടങ്ങും!

 

ഈ ഫീച്ചര്‍ ഡീഫോള്‍ട്ടായി ഓണല്ല

 

എന്നാല്‍, ഈ ഫീച്ചര്‍ ഉപയോഗിക്കണമെങ്കില്‍ 'സെറ്റിങ്‌സ്' തുറന്ന് ക്യാമറ തിരഞ്ഞെടുത്ത ശേഷം Photo Capture Outside the Frame-ഓണ്‍ ചെയ്യുക. ഇത്തരത്തില്‍ പിടിച്ചെടുക്കുന്ന വിവരം 30 ദിവസത്തേക്കാണ് ഫോണ്‍ സൂക്ഷിക്കുക. അതിനാല്‍, ചിത്രം ക്രോപ് ചെയ്ത് പുതിയ ഫോട്ടോയായി സേവ് ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com