ADVERTISEMENT

ആന്‍ഡ്രോയിഡ് ഫോണുകളിൽ വൻ സുരക്ഷാ വീഴ്ച കണ്ടെത്തി. ഉപയോക്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ ഡിവൈസിന്റെ ക്യാമറ ഉപയോഗിച്ച് ഫോട്ടോയും വിഡിയോയും ഷൂട്ടു ചെയ്യാം. ഉപയോക്താവ് കൃത്യമായി എവിടെ നില്‍ക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരം അറിയാന്‍ സാധിക്കുന്നതുമാണ് സുരക്ഷാ വീഴ്ച.

 

ഈ പ്രശ്നം പിക്‌സല്‍ ഫോണുകളില്‍ ഉപയോഗിക്കുന്ന ഗൂഗിള്‍ ക്യാമറ ആപ്പിലും സാംസങ് ഗ്യാലക്‌സി ഉപകരണങ്ങളിലെ ക്യാമറാ ആപ്പിലുമാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ എല്ലാ ആന്‍ഡ്രോയിഡ് ഫോണുകളിലും ഇതുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ആന്‍ഡ്രോയിഡ് ഫോണുകളിലെ ക്യാമറ ആപ്പുകളെ പ്രശ്നക്കാരനായ ഒരു റിമോട്ട് ആപ് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സിവിഇ-2019-2234 എന്നു ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന പ്രശ്‌നം ഈ വര്‍ഷം ജൂലൈ മുതലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

ചെക്കര്‍മാക്‌സ് എന്ന ഗവേഷകരുടെ സംഘമാണ് പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്. പൊതുവെ എല്ലാ ആപ്പുകള്‍ക്കും സ്റ്റോറേജ് പെര്‍മിഷന്‍ ലഭിച്ചാല്‍ മാത്രമെ എടുക്കുന്ന ഫോട്ടോയും വിഡിയോയും ഫോണിലേക്ക് സേവു ചെയ്യാന്‍ സാധിക്കൂ. എന്നാല്‍ ഫോണുകളുടെ ഡീഫോള്‍ട്ട് ക്യാമറ ആപ്പുകള്‍ക്ക് ( ഫോണിനൊപ്പം ലഭിക്കുന്ന ഏക ക്യാമറ ആപ് ) അത്തരം സമ്മതം വേണ്ടെന്ന കണ്ടെത്തലാണ് ചൂഷണം ചെയ്യപ്പെടുന്നത്. അങ്ങനെ ക്യാമറ ആപ് ഉപയോഗിച്ച് ഫോട്ടോകളും വിഡിയോയും റെക്കോഡു ചെയ്യുകയും അവയുടെ എക്‌സിഫ് ഡേറ്റ പരിശോധിച്ച് അയാള്‍ എവിടെ നില്‍ക്കുന്നുവെന്ന് തിട്ടപ്പെടുത്തുകയും ചെയ്യാം.

 

ദുഷ്ട ആപ്പുകള്‍ക്ക് ഉപകരണങ്ങളുടെ ക്യാമറ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് ഞങ്ങളുടെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. ഫോണ്‍ ലോക്ക് ചെയ്തിരിക്കുകയാണെങ്കിലും സ്‌ക്രീന്‍ ഓഫാണെങ്കിലും ഇതു ചെയ്യാം. ഉപയോക്താവ് ഫോണ്‍ വിളിച്ചുകൊണ്ടിരിക്കുന്നതിനിടയ്ക്കു പോലും ഇതെല്ലാം നിര്‍വഹിക്കാനാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത് എന്നാണ് ചെക്കര്‍മാക്‌സ് പറയുന്നത്. സാംസങ്, ഗൂഗിള്‍ എന്നിവയുടെ ഫോണുകളില്‍ മാത്രമാണ് പഠനം നടത്തിയത്. എന്നാല്‍, ഒരു ആന്‍ഡ്രോയിഡ് ഫോണിന്റെയും ഡീഫോള്‍ട്ട് ക്യാമറ ആപ്പിന് പ്രത്യേക ക്യാമറ ഉപയോഗിക്കാന്‍ അനുമതി ആവശ്യമില്ല. കൂടാതെ ഗൂഗിള്‍ പ്ലേയില്‍ ഫോണിന്റെ സ്റ്റോറേജ് വേണമെന്നാവശ്യപ്പെടുന്ന നിരവധി ആപ്പുകളുണ്ട്. ഇതിനാല്‍ ഈ പ്രശ്‌നം വളരെയധികം ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ഭേദ്യതയ്ക്ക് സാധ്യതയുണ്ടെന്നും അവര്‍ പറയുന്നു.

 

ഈ വിഷയം തങ്ങളുടെ ശ്രദ്ധയില്‍പെടുത്തിയതിന് ചെക്കര്‍മാക്‌സിന് ഗൂഗിള്‍ നന്ദി പറഞ്ഞു. ആന്‍ഡ്രോയിഡ് പാര്‍ട്ണര്‍മാരുടെയും ഗൂഗിളിന്റെയും അടിയന്തര ശ്രദ്ധവേണ്ട ഒരു കാര്യമായിരുന്നു ഇത്. ഈ പ്രശ്‌നം പരിഹരിക്കാനുള്ള പാച്ച് ഇറക്കിക്കഴിഞ്ഞു. ഗൂഗിളുമായി സഹകരിക്കുന്ന എല്ലാ കമ്പനികള്‍ക്കും ഇതു ലഭ്യമാക്കിയിട്ടുണ്ടെന്നാണ് ഗൂഗിള്‍ പറഞ്ഞത്.

 

ചെക്കര്‍മാക്‌സ് ഗവേഷകര്‍ ഈ പ്രശ്‌നം സാംസങ്ങിനെയും അറിയിച്ചിരുന്നു. എന്നാല്‍ അവരും ഈ പ്രശ്‌നം പരിഹരിച്ചതായി അറിയിച്ചു. പക്ഷേ, ഗൂഗിളിനെയും സാംസങ്ങിനെയും പോലെ മറ്റു നിര്‍മാതാക്കള്‍ വേണ്ട മുന്‍കരുതലുകള്‍ എടുത്തോ എന്ന കാര്യത്തില്‍ ഇപ്പോഴും തീര്‍ച്ചയില്ല എന്നാണ് വാര്‍ത്ത. എന്തായാലും എല്ലാ ആന്‍ഡ്രോയിഡ് ഉപയോക്താക്കളും തങ്ങളുടെ ഫോണുകള്‍ക്ക് ഇപ്പോള്‍ ലഭ്യമായ ഏറ്റവും പുതിയ സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റാള്‍ ചെയ്യണമെന്നാണ് സുരക്ഷാ വിദഗ്ധര്‍ പറയുന്നത്. 

 

സ്വകാര്യത ഗൗരവത്തിലെടുക്കുന്ന ഓരോ ഉപയോക്താവും തന്റെ ഫോണിന്റെ ക്യാമറ ഏതെങ്കിലും ആപ്പിന് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നുണ്ടെങ്കില്‍ അത് ഉപയോഗം കഴിയുമ്പോഴെ തിരിച്ചെടുക്കണമെന്നും പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com