ADVERTISEMENT

സിഗ്മ എഫ്പി ഇപ്പോള്‍ ലഭ്യമായ (Sigma fp) ലോകത്തെ ഏറ്റവും വലുപ്പവും ഭാരവും കുറഞ്ഞ ഫുള്‍ഫ്രെയിം ക്യാമറയാണ്. ക്യാമറ പുനഃവിഭാവനം ചെയ്താലെങ്ങനെയെന്ന് കമ്പനിയുടെ എൻജിനീയര്‍മാര്‍ ചിന്തിച്ചതിന്റെ ഫലമാണിതെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസിലാകും. ക്യാമറയ്ക്ക് 24.6 എംപി ബാക്‌സൈഡ് ഇലൂമിനേറ്റഡ് സീമോസ് സെന്‍സറുള്ള ഈ ക്യാമറ, സ്റ്റില്‍, വിഡിയോ ഷൂട്ടര്‍മരെ ഒരേപോലെ ആകര്‍ഷിച്ചേക്കാവുന്നതാണ് ഇതിന്റെ ഫീച്ചറുകള്‍. എഫ്പി എന്നു പറഞ്ഞാല്‍ 'fortissimo pianissimo' എന്നാണെന്നാണ് കമ്പനി പറയുന്നത്. കൊച്ചു ക്യാമറയില്‍ വളരെയധികം ശക്തി ഒളിപ്പിച്ചുവച്ചിരിക്കുന്നു എന്നാണ് ഇതുകൊണ്ട് കമ്പനി ഉദ്ദേശിക്കുന്നത്. എഫ്പി മോഡലിന്റെ ജപ്പാനിലെ ആദ്യ വില്‍പനയുടെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ മനസിലാകുന്നത് ഈ ക്യാമറ ഒരു വിജയമായാല്‍ അദ്ഭുതപ്പെടേണ്ട എന്നാണ്. റീട്ടെയില്‍ വില്‍പനാ ഭീമനായ യോഡബാഷി ക്യാമറയടക്കം (Yodabashi Camera) രണ്ടു വില്‍പനക്കാര്‍ പുറത്തുവിട്ട കണക്കു പ്രകാരവും സിഗ്മ എഫ്പി ഒന്നാം സ്ഥാനത്താണ്. ഏറെക്കാലം ഒന്നാമതായിരുന്ന സോണി എ7 IIIയെ പിന്തള്ളിയാണ് സിഗ്മ മുന്നിലെത്തിയത്.

മോഡ്യുലര്‍ നിര്‍മാണ രീതി

ക്യാമറ വാങ്ങി അതേപടി ഉപയോഗിക്കാമെങ്കിലും ആവശ്യാനുസരണം കൂട്ടിച്ചേര്‍ക്കാവുന്ന ഘടകഭാഗങ്ങളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ആദ്യം കിട്ടുന്നത് ക്യാമറയുടെ കേന്ദ്രഭാഗമാണ്. വ്യൂഫൈന്‍ഡര്‍ ഇല്ല. ( സിനിമാ ഷൂട്ടര്‍മാര്‍ക്ക് LVF-11 ഫൈന്‍ഡര്‍ വാങ്ങി ഉപയോഗിക്കാം. ഇത്തരം റിഗ് വാങ്ങി കൂട്ടിച്ചേര്‍ക്കുകയും ചെയ്യാം.) ഹോട്ടഷൂ അഡാപ്റ്റര്‍ മുതല്‍ പല അക്‌സസറികളും ഇങ്ങനെ വാങ്ങിക്കൂട്ടിച്ചേര്‍ക്കം. യുഎസ്ബി 3.1 കണക്ഷനാണ് ഉള്ളത്. സാംസങ് T5 പോലെയുള്ള എസ്എസ്ഡികള്‍ വാങ്ങിയാല്‍ 12-ബിറ്റ് സിനിമാ ഡിഎന്‍ജി റോ വിഡിയോ നേരിട്ടു റെക്കോഡ് ചെയ്യാം.

ഫ്‌ളാഷ് ഇല്ല. ഗ്രിപ് പോലുമില്ല. ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കുക വഴി ധാരാളം സ്ഥലം ലാഭിച്ചിരിക്കുന്നു. ബോഡിക്കുള്ളില്‍ സറ്റബിലൈസേഷനും ഒരുക്കിയിട്ടില്ല. എന്തിന് മെക്കാനിക്കല്‍ ഷട്ടര്‍ പോലും ഉള്‍ക്കൊള്ളിച്ചിട്ടില്ല. ഇലക്ട്രോണിക് ഷട്ടര്‍ മാത്രമാണ് ഈ ക്യാമറയ്ക്കുള്ളത്.

സ്റ്റില്‍ ഫോട്ടോഗ്രാഫര്‍മാര്‍ അത്ര ഇഷ്ടപ്പെടാതിരിക്കാനുള്ള രണ്ടു ദോഷങ്ങള്‍ ഈ ക്യാമറയ്ക്കുണ്ട്. തീരെക്കുറഞ്ഞ ഫ്‌ളാഷ് സിങ്ക് സ്പീഡ് ((1/30), റോളിങ് ഷട്ടര്‍ എഫക്ട്. ഇലക്ട്രോണിക് ഷട്ടറുകളില്‍ പ്രതീക്ഷിക്കാവുന്ന ഒരു ദൂഷ്യമാണ് റോളിങ് ഷട്ടര്‍ അഥവാ ജെല്ലോ എഫക്ട്. എന്നാല്‍ ഈ ക്യാമറയ്ക്ക് ഒരു ഗുണവും ഉണ്ട്. സമ്പൂര്‍ണ്ണ നിശബ്ദ ഷൂട്ടിങ് സാധ്യമാണ്. സ്ട്രീറ്റ് ഫൊട്ടോഗ്രാഫിയിലടക്കം ഇതു തുടറന്നിടുന്നത് വലിയ സാധ്യതകളാണ്. വിഡിയോ ഷൂട്ടര്‍മാരെ മുന്നില്‍ക്കണ്ടാണ് ഈ ബോഡി ഇറക്കിയിരിക്കുന്നത്. പല സ്റ്റില്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഇതിന്റെ ഫീച്ചറുകള്‍ മനസിലാക്കിയെടുക്കാന്‍ തന്നെ പാടായിരിക്കുമെന്നും പറയുന്നു.

വലുപ്പം, ഭാരം

ഇതിന്റെ വലുപ്പം 112 x 70 x 45എംഎം ആണ്. അലൂമിനിയം നിര്‍മിതമായ ഈ ക്യാമറയ്ക്ക് ബാറ്ററിയും മെമ്മറി കാര്‍ഡും ഉള്‍പ്പടെ ഭാരം 422 ഗ്രാമാണ്. ഇതൊരു ഫുള്‍ഫ്രെയിം ക്യാമറയാണ് എന്നോര്‍ക്കുമ്പോഴാണ് സിഗ്മയുടെ നേട്ടത്തിന്റെ മാറ്റ് മനസിലാകുക. 

ക്യാമറയുടെ പിന്നില്‍ വലിയ എല്‍സിഡി ടച്ച് സ്‌ക്രീനാണ് പിടിപ്പിച്ചിരിക്കുന്നത്. ഗ്രിപ്പ് വേണമെങ്കില്‍ അതു വാങ്ങി പിടിപ്പിക്കാം. ദീര്‍ഘനേരം ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ചൂടിറക്കിക്കളയാന്‍ വലിയ ഹീറ്റ് സിങ്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമ്പൂര്‍ണ്ണമായി വെതര്‍സീല്‍ഡ് ബോഡിയാണ്.

മൗണ്ട്

ക്യാമറ നിര്‍മാണത്തിലെ ആഢ്യത്തത്തിന്റെ പര്യായമായ ലൈക്കയുടെ മൗണ്ടാണ് ഉപയോഗിച്ചിരിക്കുന്നത്.

ഐഎസ്ഒ റെയ്ഞ്ച്

ഇക്കാര്യത്തിലും സിഗ്മ മാറിച്ചിന്തിച്ചിരിക്കുന്നതു കാണാം. എഫ്പി ക്യാമറയുടെ സ്വാഭാവിക ഐഎസ്ഒ 100-25600 ആണ് എന്നാല്‍ ഇത് 6-102400 ആയി ബൂസ്റ്റ് ചെയ്യാം. ഐഎസ്ഒ 6 ന്യൂട്രല്‍ ഡെന്‍സിറ്റി ഫില്‍റ്റര്‍ ഉപയോഗിക്കേണ്ടിവരുന്ന ചില സാഹചര്യങ്ങളെ ഇല്ലായ്മ ചെയ്‌തേക്കാം.

മറ്റു ചില ഫീച്ചറുകള്‍

ഐ ഓട്ടോഫോക്കസ്, എച്ഡിആര്‍ തുടങ്ങിയവ ലഭ്യമാക്കിയിട്ടുണ്ട്. 14-ബിറ്റ് ഡിഎന്‍ജി ഫയലുകള്‍ ഷൂട്ടു ചെയ്യാം. സെക്കന്‍ഡില്‍ 18 ചിത്രങ്ങള്‍ എടുക്കാമെങ്കിലും, പരമാവധി 12 ഷോട്ട് എടുക്കുമ്പോള്‍ ബഫര്‍ ഫുള്‍ ആകും. വിഡിയോ ഷൂട്ടിങ്ങില്‍ 12-ബിറ്റ് യുഎച്ഡി 4കെ/24പി വിഡിയോ പിടിക്കാം.

വില

ബോഡിക്കു മാത്രം 1,899 ഡോളറാണ് വിലയിട്ടിരിക്കുന്നത്. എല്ലാ ഫീച്ചറുകളും പരിചയപ്പെടാന്‍ ഈ ലിങ്ക് ഉപയോഗിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com