sections
MORE

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കുറിച്ച് ചില ‘ക്യാമറ’ രഹസ്യങ്ങൾ

uddhav
SHARE

അപ്രതീക്ഷിതമായാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെയുടെ സ്ഥാനാരോഹണം. തിരഞ്ഞെടുപ്പു കഴിഞ്ഞും മുഖ്യമന്ത്രി കസേര തന്റെ മകന്‍ ആദിത്യാ താക്കറെക്കു നല്‍കണമെന്നായിരുന്നു ഉദ്ധവിന്റെ ആവശ്യം. എന്നാല്‍, 29-കാരനായ ആ യുവാവിന്റെ കീഴില്‍ എൻസിപിയിലെയും കോണ്‍ഗ്രസിലെയും നേതാക്കന്മാര്‍ക്ക് താത്പര്യക്കുറവുണ്ടെന്നു വന്നപ്പോഴാണ് ഉദ്ധവിന്റെ പേര് ഉയര്‍ന്നു വന്നു. എന്തായാലും ക്യാമറയെ ലാളിച്ച കരങ്ങളില്‍ മഹാരാഷ്ട്ര എത്തുന്നത്. ഒരു സെക്യുലര്‍ മന്ത്രിസഭയെ ആണ് അദ്ദേഹം നയിക്കുന്നതെന്നു കാണാം.

രാജീവ് ഗാന്ധിയും ഉദ്ധവും

ഫൊട്ടോഗ്രഫിയുമായി ബന്ധപ്പെടുത്തി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രാധാന്യത്തോടെ കേട്ട ആദ്യ പേര് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടേതായിരുന്നു. പിന്നീടിപ്പോള്‍ ഉദ്ധവ് താക്കറെയിലൂടെയാണ് ഒരു ഫോട്ടോഗ്രാഫര്‍ രാഷ്ട്രീയ പ്രാധാന്യം നേടുന്നത്. ഇരു നേതാക്കളും തുടക്കത്തില്‍ രാഷ്ട്രീയത്തിന് അമിത പ്രാധാന്യം നല്‍കിയിരുന്നില്ല എന്നതും അവരുടെ ജീവിതത്തില്‍ കാണാവുന്ന സമാനതയാണ്. എന്നാല്‍ സമാനത അവിടെ അവസാനിക്കുന്നു. തന്റെ ചിത്രങ്ങള്‍ പുസ്തകമാക്കാന്‍ രാജീവ് ഗാന്ധിക്ക് വലിയ ഇഷ്ടമില്ലായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യയും കോണ്‍ഗ്രസ് പ്രസിഡന്റുമായ സോണിയാ ഗാന്ധിയാണ് 'രാജീവ്‌സ് വേള്‍ഡ്: ഫോട്ടോഗ്രാഫ്‌സ് ബൈ രാജീവ് ഗാന്ധി' എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്. 

തന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ രാജീവിന് താത്പര്യമില്ലാതിരിക്കാന്‍ കാരണം അദ്ദേഹം ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ തന്റെ കഴിവിന് അത്രകണ്ട് മതിപ്പു നല്‍കിയിരുന്നില്ല എന്നതാവാം. പക്ഷേ, ഉദ്ധവ് വൈല്‍ഡ്‌ലൈഫ്, ഏരിയല്‍ ഫൊട്ടോഗ്രാഫി തുടങ്ങി വിവിധ മേഖലകളില്‍ കൈവച്ചിട്ടുള്ളയാളാണ്. ധാരാളം സമയം ഫൊട്ടോഗ്രാഫിക്കായി ചെലവഴിച്ചിട്ടുമുണ്ട്. അല്ലെങ്കില്‍ ഫൊട്ടോഗ്രാഫിക്കു വേണ്ടിയാണ് അദ്ദേഹം തന്റെ ജീവിതത്തിന്റെ വലിയൊരു പങ്കും ചിലവിട്ടതെന്നു കാണാം.

ഉദ്ധവിന്റെ ഫോട്ടോഗ്രാഫുകള്‍ പല തവണ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയിലെ കോട്ടകളുടെ ചിത്രങ്ങള്‍ അദ്ദേഹം വിമാനത്തില്‍ നിന്നു പകര്‍ത്തിയവ 2004ല്‍ ജഹാംഗീര്‍ ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മഹാരാഷ്ട്ര ദേശ് (Maharashtra Desh (2010), പഹാവ വിതാല്‍ (Pahava Vitthal (2011) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫുകള്‍ അടങ്ങുന്ന പുസ്തകങ്ങള്‍. ശിവസേനയുടെ വര്‍ക്കിങ് പ്രസിഡന്റായി അദ്ദേഹം ചുമതലയേല്‍ക്കുന്നത് 2003ല്‍ ആണ്. അടുത്ത വര്‍ഷം മുതല്‍ പാര്‍ട്ടിയുടെ സമ്പൂര്‍ണ്ണ നിയന്ത്രണം അദ്ദേഹത്തിന്റെ കരങ്ങളിലായിരുന്നു. എന്നാല്‍ ഒരു ഫോട്ടോഗ്രാഫര്‍ ക്യാമറയ്ക്കു പിന്നില്‍ നില്‍ക്കുന്നതു പോലെ ആയിരുന്നു അദ്ദേഹം പാര്‍ട്ടിയെ നിയന്ത്രിച്ചിരുന്നതും. ബാല്‍ താക്കറെയുടെ ശബ്ദമായിരുന്ന സാമന (Saamana) എന്ന ദിനപ്പത്രത്തിന്റെ നിയന്ത്രണവും അദ്ദേഹത്തിന്റെ കൈകളിലായിരുന്നു.

കുട്ടിക്കാലത്ത് പറഞ്ഞാല്‍ അനുസരിക്കുന്ന കുട്ടിയായിരുന്നു ഉദ്ധവ്. കുടുംബത്തിലെ ഉത്തമ പുത്രന്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. തന്റെ ബന്ധുവായ രാജ് താക്കറെയെ പോലെ തന്നെ, ഉദ്ധവും ജെജെ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ ഉല്‍പ്പന്നമാണ്. മൃദു സമീപനമായിരുന്നു എക്കാലത്തും ഉദ്ധവിന്റെ മുഖമുദ്ര. അദ്ദേഹം പെട്ടെന്നൊരു നാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ വലംകൈയായ അമിത് ഷായെയും ഞെട്ടിക്കാന്‍ കെല്‍പ്പുള്ളയാളായി തീരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നിടത്താണ് ഈ ഫോട്ടോഗ്രാഫര്‍ രാഷ്ട്രീയ ഭാരതത്തെ അദ്ഭുതപ്പെടുത്തിയത്.

ക്യാനന്‍, ലൈക്ക തുടങ്ങിയ കമ്പനികളുടെ ക്യാമറകളാണ് ഉദ്ധവിന്റെ കൈയ്യിലിരുന്നത്. വൈല്‍ഡ് ലൈഫ്, ഏറിയല്‍ ഫൊട്ടോഗ്രാഫി തുടങ്ങിയവയില്‍ തന്റെ പ്രാവീണ്യം തെളിയിച്ചയാളാണ് ഉദ്ധവ്. മുംബൈയിലെ ചില കെട്ടിടങ്ങളുടെ ഇന്‍ഫ്രാറെഡ് ചിത്രങ്ങളും അദ്ദേഹം പകര്‍ത്തിയിരുന്നു. ഇവയുടെ പ്രദര്‍ശനം 2015ല്‍ നടത്തിയിരുന്നു. തനിക്ക് കലാകാരന്‍ എന്ന നിലയില്‍ പ്രാഗത്ഭ്യം ലഭിച്ചത് അച്ഛനില്‍ നിന്നാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഫോട്ടോ പ്രദര്‍ശനത്തില്‍ നിന്നു ലഭിച്ച തുക വിഷമം അനുഭവിക്കുന്ന കര്‍ഷകര്‍ക്കു നല്‍കാനും അദ്ദേഹം മടിച്ചില്ല.

എഡിറ്റിങ്ങില്‍ താൽപര്യമില്ല

തന്റെ ഫോട്ടോഗ്രാഫുകള്‍ എഡിറ്റു ചെയ്യുന്ന കാര്യത്തില്‍ ഉദ്ധവിന് താൽപര്യമില്ല. ഫിലിം ക്യാമറകളുടെ കാലത്ത് ഫോട്ടോ എടുത്തു തുടങ്ങിയ ആളാണെന്നും തന്റെ കോളജ് ദിനങ്ങളില്‍ പല രാത്രികളും ഫിലിം ഡെവലപ്പു ചെയ്യുന്ന ഡാര്‍ക് റൂമില്‍ ചെലവിട്ടിട്ടുണ്ടെന്നും ഫിലിം ഫൊട്ടോഗ്രാഫിയെ താനിപ്പോഴും ഗൃഹാതുരത്വത്തോടെ കാണുന്നുവെന്നും അദ്ദേഹം പറയുന്നു. 

രാഷ്ട്രീയത്തില്‍ ധാരാളം കലാകാരന്മാര്‍ ഇറങ്ങിയിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ നടീനടന്മാരും, തിരക്കഥാകൃത്തുക്കളും അരങ്ങുവാണിട്ടുണ്ടല്ലോ. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് കവിയായിരുന്നു. മുന്‍ കേന്ദ്ര മന്ത്രി കപില്‍ സിബലും കവിയായി അറിയപ്പെടുന്നു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഒരു പെയിന്ററാണ്.

മക്കള്‍

രാജീവ് ഗാന്ധിയുമായുള്ള താരതമ്യം മക്കളുടെ കാര്യത്തിലും തുടരുന്നു. ആദിത്യാ താക്കറെ മുഖ്യമന്ത്രിയാകുമെന്നു കേട്ടപ്പോള്‍ ആജ് തക് ചാനലിന്റെ റിപ്പോര്‍ട്ടറായ അഞ്ജനാ കാശ്യപ് (Anjana Kashyap) ആണ് ഒരു വിവാദ പ്രസ്താവന നടത്തിയത്. അവര്‍ പറഞ്ഞത് 'ആദിത്യാ താക്കറെ ശിവസേനയുടെ രാഹുല്‍ ഗാന്ധിയാകും' എന്നായിരുന്നു. എന്തായാലും പ്രതിഷേധമുയര്‍ന്നതോടെ അഞ്ജന ക്ഷമാപണം നടത്തി തടിയൂരി.

View this post on Instagram

#Mumbai

A post shared by Aaditya Thackeray (@adityathackeray) on

അച്ഛനെപ്പോലെ തന്നെ ഫൊട്ടോഗ്രാഫിയില്‍ തൽപരനാണ് എംഎല്‍എ ആദിത്യയും. അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാമില്‍ നിന്നുള്ള ഒരു ചിത്രം ഇവിടെ കാണാം. കൂടുതല്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം പേജില്‍ ലഭ്യമാണ്. രണ്ടാമത്തെ മകനായ തേജസാകട്ടെ അമേരിക്കയിലെ ന്യൂയോര്‍ക് സ്‌റ്റെയ്റ്റിലുള്ള ബഫലോ സിറ്റിയിലെ ഒരു കോളജിലാണ് പഠിക്കുന്നത്. അദ്ദേഹവും വന്യജീവി സംരക്ഷണത്തില്‍ അതീവ തൽപരനാണ്.

നിശ്ചയമായും ഇതൊരു പുതിയ തുടക്കമാണ്. ആധുനിക ടെക്‌നോളജിയുമായി ഇടപഴകി വന്ന ഒരാള്‍ മുഖ്യമന്ത്രി പദവിയിലെത്തുന്നത് ഇതാദ്യമായാണ്. എന്തെല്ലാം മാറ്റമായിരിക്കും ഇന്ത്യയിലെ ആദ്യത്തെ ഫോട്ടോഗ്രാഫര്‍ മുഖ്യമന്ത്രിയില്‍ നിന്നും പ്രതീക്ഷിക്കാനാകുക എന്ന് ഉറ്റുനോക്കുകയാണ് രാജ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
FROM ONMANORAMA