ADVERTISEMENT

ലെന്‍സ് മാറ്റാവുന്ന ക്യാമറകളുടെ നിര്‍മാണത്തില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള സോണിയുടെ ശ്രമം ഫലം കണ്ടു തുടങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ വര്‍ഷം അവര്‍ നിക്കോണ്‍ കമ്പനിയെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളി രണ്ടാമതെത്തിയിരിക്കുകയാണ്. ഒന്നാം സ്ഥാനത്ത് ഇപ്പോഴും ക്യാനന്‍ തന്നെയാണ്. ഈ മൂന്നു കമ്പനികളില്‍ ഏറ്റവും ഒടുവിലായാണ് സോണി ലെന്‍സു മാറ്റാവുന്ന ക്യാമറകളുടെ നിര്‍മാണം തുടങ്ങുന്നതെങ്കിലും കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ മികവു കാട്ടിയിരിക്കുകയാണ്.

 

അതേസമയം, നിക്കോണ്‍ പിന്നോട്ടു പോയത് മിറര്‍ലെസ് ക്യാമറ നിര്‍മാണത്തിലേക്കു കടക്കാന്‍ വളരെയധികം കാലം കാത്തിരുന്നതാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്ത വര്‍ഷങ്ങളില്‍ കൂടുതല്‍ മിറര്‍ലെസ് ക്യാമറകളും ലെന്‍സുകളും പുറത്തിറക്കുന്നതോടെ അവര്‍ മികച്ച പ്രകടനം നടത്തി തിരിച്ചുവന്നേക്കാമെന്നും വാദിക്കുന്നു. പക്ഷേ, എല്ലാ ക്യാമറാ കമ്പനികളുടെയും ഉല്‍പന്നങ്ങളുടെ വില്‍പ്പന ഇടിയുകയാണ്. ഏറ്റവും പതുക്കെ ഇടിയുന്നത് സോണിയുടേതാണെന്നും വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നു.

 

അതേസമയം, 2021ല്‍ ലെന്‍സ് മാറാവുന്ന ക്യാമറകളുടെ വില്‍പ്പനയില്‍ ലോകത്തെ ഒന്നാം സ്ഥാനക്കാരാകണം എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സോണി മുൻപ് പ്രഖ്യാപിച്ചിരുന്നു. ആ ലക്ഷ്യത്തിലേക്ക് കമ്പനി അടുക്കുകയാണെന്ന പ്രതീതിയാണ് ഇപ്പോള്‍ ലഭിക്കുന്നതെന്ന് വാദിക്കുന്നവരും ഉണ്ട്. 900 ഡോളര്‍ ക്യാമറാ സെന്‍സര്‍ നിര്‍മാണത്തിനായി നിക്ഷേപിക്കുകയാണെന്ന് സോണി 2018ല്‍ അറയിച്ചിരുന്നു. ഇത് തങ്ങളെ ക്യാമറാ നിര്‍മാണത്തിൽ മുകളിലെത്തിക്കുമെന്നാണ് അവര്‍ പറയുന്നത്. വിപണിയിലെ ഒന്നാം സ്ഥാനം വര്‍ഷങ്ങളായി കയ്യടക്കിവച്ചിരിക്കുന്ന ക്യാനന്‍ മാത്രമാണ് ഇപ്പോള്‍ സോണിക്കു മുന്നിലുള്ളത്. 

 

കമ്പനിയിലെ നിക്ഷേപകരോടു സംസാരിക്കവെ സോണി പറഞ്ഞത് 11.9 ബില്ല്യന്‍ ഡോളർ വരുന്ന ലോക സ്റ്റില്‍ ക്യാമറാ വിപണിയില്‍ തങ്ങളുടെ പങ്ക് നാലു ശതമാനത്തില്‍ നിന്ന് 20 ശതമാനമായി 2017ല്‍ മാറിയെന്നും അത് 2018ല്‍ 24 ശതമാനമായി കഴിഞ്ഞു എന്നുമാണ്. കോംപാക്ട് ക്യാമറകളുടെ കാര്യത്തിലും സോണിക്ക് ഓഹരി വിഹിതം കൂടിയിരിക്കുകയാണ്. 26 ശതമാനത്തില്‍ നിന്ന് 29 ശതമാനത്തിൽ എത്തിയിരിക്കുകയാണ് അവര്‍.

 

സോണിയുടെ ശക്തി

 

ലോകത്തെ ഏറ്റവും മികച്ച ക്യാമറാ സെന്‍സര്‍ നിര്‍മാതാക്കളില്‍ ഒരാളാണ് സോണി. നിക്കോണ്‍ അടക്കമുള്ള പല കമ്പനികളും അവരുടെ പല ക്യമറകള്‍ക്കും സോണിയില്‍ നിന്ന് സെന്‍സര്‍ വാങ്ങാറുണ്ട്. ക്യാനന്‍ കമ്പനിക്ക് സ്വന്തമായി സെന്‍സര്‍ നിര്‍മാണമുണ്ട്. എന്നാല്‍ അവരുടെ സെന്‍സറുകള്‍ സോണിയുടെ സെന്‍സറുകളോട് ഡൈനാമിക് റെയ്ഞ്ചിന്റെ കാര്യത്തില്‍ കിടപിടിക്കില്ല എന്നതാണ് ചില ഫോട്ടോഗ്രാഫര്‍മാര്‍ക്ക് സോണി പ്രിയങ്കരമാകാന്‍ കാരണം. അതേസമയം, ജെപെയ്ഗ് ഷൂട്ടര്‍മാര്‍ക്ക് നിറങ്ങളുടെ കാര്യത്തില്‍, പ്രത്യേകിച്ചും സ്‌കിന്‍ ടോണിന്റെ കാര്യത്തില്‍, ക്യാനന്‍ ഇപ്പോഴും ഒരു പടി മുന്നിലാണെന്നും പറയുന്നു.

 

ഇനിമുതല്‍ ഏറ്റവും മികച്ച സെന്‍സറുകള്‍ തങ്ങള്‍ തന്നെ ആയിരിക്കും ഉപയോഗിക്കുക എന്നും സോണി പ്രഖ്യാപിച്ചിട്ടുണ്ട്. സ്മാര്‍ട് ഫോണ്‍ സെന്‍സര്‍ നിര്‍മാണത്തിലും സോണിയാണ് മുന്നില്‍ നില്‍ക്കുന്ന കമ്പനി. ആദ്യ കാലം മുതല്‍ ഐഫോണുകളില്‍ ഉപയോഗിക്കുന്ന ക്യാമറാ സെന്‍സര്‍ നിര്‍മിച്ചുവരുന്നത് സോണിയാണ് എന്നതു തന്നെ അവരുടെ മികവ് എടുത്തുകാണിക്കുന്നു.

 

ജപ്പാനില്‍ ഒന്നാം സ്ഥാനത്ത്

 

ഫുള്‍ ഫ്രെയിം ക്യാമറാ വില്‍പ്പനയില്‍ ക്യാനനേയും നിക്കോണിനേയും മറികടന്ന് ജപ്പാനില്‍ സോണി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് എന്നാണ് ബിസിഎന്‍ റെയ്റ്റിങ് പറയുന്നത്. ജപ്പാനിലെ അവരുടെ വിപണി വിഹിതം 31.6 ശതമാനത്തില്‍ നിന്ന് 38 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 37.8 ശതമാനം വില്‍പ്പനയുമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ക്യാനന്‍ 36 ശതമാനവുമായി രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. കഴിഞ്ഞ വര്‍ഷം 29.1 ഫുള്‍ ഫ്രെയിം ക്യാമറാ വിപണി ഉണ്ടയിരുന്ന നിക്കോണിന്റെ പങ്ക് 24 ശതമാനമായി ഇടിഞ്ഞു. എന്നാല്‍ ഇത് ഡിഎസ്എല്‍ആര്‍ ക്യാമറകളില്‍ നിന്ന് മിറര്‍ലെസ് ക്യാമറകളിലേക്കുള്ള മറ്റത്തിന്റെ സമയമാണെന്നും ഇപ്പോഴത്തേത് വര്‍ഷങ്ങളായി മിറര്‍ലെസ് വിപണിയിലുണ്ടായിരുന്ന സോണിക്ക് ലഭിച്ച മുന്‍തൂക്കമാണെന്നും അതു താത്കാലികമായിരിക്കുമെന്നും വാദിക്കുന്നവരുണ്ട്. ക്യാനനും നിക്കോണും മിറര്‍ലെസ് മാര്‍ക്കറ്റിലിറങ്ങിയിട്ട് ഏകദേശം ഒരു വര്‍ഷം മാത്രമേ ആയിട്ടുള്ളു എന്നാണ് ഇങ്ങനെ പറയുന്നവര്‍ വാദിക്കുന്നത്. ഈ മൂന്നു കമ്പനികളില്‍ നിക്കോണിന്റെ സാമ്പത്തിക ആരോഗ്യം കൂടുതല്‍ വഷളാകുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതായി പറയുന്നവരും ഉണ്ട്. ആഗോള തലത്തില്‍ ക്യാമറാ വിപണി മൊത്തത്തില്‍ ഇടിയുകയുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com