sections
MORE

2019 ലെ മികച്ച ക്യാമറാ ഫോൺ ലിസ്റ്റ് പുറത്ത്, വാവെയ് ഒന്നാമത്, ഐഫോണിന് തിരിച്ചടി

mate-pro
SHARE

ക്യാമറാ സെന്‍സറുകളുടെ പ്രകടനം ശാസ്ത്രീയമായി അപഗ്രഥിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഡിഎക്‌സ്ഓമാര്‍ക്‌സ് 2019ലെ ഇതുവരെ ഇറങ്ങിയ പ്രധാനപ്പെട്ട സ്മാര്‍ട് ഫോണ്‍ ക്യാമറകളുടെ പ്രകടനം വിലയിരുത്തി. അവരുടെ ഏറ്റവും പുതിയ വിലയിരുത്തല്‍ പ്രകാരം ഒന്നാം സ്ഥാനത്ത് ചൈനീസ് ടെക്‌നോളജി ഭീമന്‍ വാവെയുടെ മെയ്റ്റ് 30 പ്രോ 5ജിയാണ്- 123 പോയിന്റ്. റാങ്കിങ്ങിന്റെ ഭാഗമായി ഡിഎക്‌സോ 1600 ലേറെ ടെസ്റ്റ് ഫോട്ടോകളും രണ്ടു മണിക്കൂറിലേറെ വിഡിയോയും പകര്‍ത്തുന്നുണ്ട്. കൃത്യത ഉറപ്പാക്കാനായി കെട്ടിടത്തിനുള്ളിലും പുറത്തുമായിട്ടാണ് ഇവ ചിത്രീകരിക്കുക. തുടര്‍ന്നാണ് അവര്‍ വിശകലനം നടത്തുക. 

ഡിഎക്‌സ്ഒ ഇനിയും റിവ്യു ചെയ്യാത്ത ഒരു സുപ്രധാന മോഡലാണ് ഷഓമി നോട്ട് 10. ലോകത്തെ ആദ്യത്തെ 108 എംപി സെന്‍സറും പിന്നില്‍ അഞ്ചു ക്യാമറകളുമായി ഇറങ്ങിയ ഈ ഫോണിന്റെ പ്രകടനം വളരെ മികച്ചതാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ശ്രേണിയില്‍ അല്‍പ്പം താഴ്ന്ന സ്‌നാപ്ഡ്രാഗണ്‍ 730ജി ആണ് പ്രോസസര്‍ എന്നതാണ് ഇതിന്റെ പ്രകടനം താഴ്ന്നാല്‍ പ്രധാന കാരണങ്ങളില്‍ ഒന്നായി പറയുക. ക്യാമറാ സെന്‍സര്‍ മാത്രമല്ല, പ്രോസസിങ് ശക്തിയും ഒത്തു ചേരുമ്പോള്‍ മാത്രമാണ് പ്രകടനം തികവുറ്റതാകുന്നതെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

മെയ്റ്റ് 30 പ്രോ 5ജി

മൊത്തം 123 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തിയ വാവെയുടെ ഈ മോഡലിന് ഫോട്ടോഗ്രാഫിയില്‍ 134 പോയിന്റാണ് ലഭിച്ചിരിക്കുന്നത്. വിഡിയോയില്‍ 102ഉം.

മികവുകള്‍

∙ മികച്ച രീതിയില്‍ വിശദാംശങ്ങള്‍ ഒപ്പിയെടുക്കുന്നു

∙ എക്‌സ്‌പോഷറില്‍ മികവ്

∙ മികച്ച നിറങ്ങള്‍

∙ നോയ്‌സ് കുറവ്

huawei-mate-30s-5g

ദൂഷ്യങ്ങള്‍

∙ കുറച്ചു ഹൈലൈറ്റ് ക്ലിപ്പിങ് കാണാം

∙ മുറികള്‍ക്കുള്ളിലെടുക്കുന്ന ചിത്രങ്ങള്‍ക്ക് കളര്‍ ഷെയ്ഡിങ് ചിലപ്പോള്‍ കാണാം

∙ സൂം ചെയ്യുമ്പോള്‍ വൈറ്റ് ബാലന്‍സ് അല്‍പ്പം തെറ്റിപ്പോകുന്നു

വിഡിയോ മികവ്

∙ മിക്ക ലൈറ്റിങിലും മികച്ച പ്രകടനം

∙ മികച്ച എക്‌സ്‌പോഷര്‍

∙ മികച്ച സ്റ്റബിലൈസേഷന്‍

ദൂഷ്യം

∙ വെളിച്ചക്കുറവില്‍ നോയ്‌സ് കാണാം

രണ്ടാം സ്ഥാനത്ത് മെയ്റ്റ് 30 പ്രോ, ഷഓമി മി സിസി9 പ്രോ

വാവെയ് മെയ്റ്റ് 30 പ്രോയും, ഷഓമി മി സിസി9 പ്രോയും സംയുക്തമായി രണ്ടാം സ്ഥാനം പങ്കിടുന്നു. ഇരു മോഡലുകള്‍ക്കും 121 പോയിന്റ് വീതമുണ്ട്. ഒറ്റക്കുതിപ്പില്‍ വാവെയ്‌ക്കൊപ്പം സംയുക്തമായി രണ്ടാം സ്ഥാനം പങ്കിടാനായി എന്നതില്‍ ഷഓമിക്ക് സന്തോഷിക്കാനാകും.

ആപ്പിള്‍ ഐഫോണ്‍ 11 പ്രോ മാക്‌സിന്റെ ക്യാമറ സിസ്റ്റത്തിന് അവര്‍ മൂന്നാം സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. സാംസങ് ഗാലക്‌സി നോട്ട് 10 പ്ലസ്, നോട്ട് 10 5ജി എന്നീ മോഡലുകളുമായി മൂന്നാം സ്ഥാനം പങ്കിടുകയാണ് ഐഫോണ്‍. മൂന്നു ഹന്‍ഡ്‌സെറ്റുകള്‍ക്കും 117 പോയിന്റ് വീതമുണ്ട്. 

Xiaomi-mi-cc9-pro

ഐഫോണ്‍ 11 പ്രോ മാക്‌സ്

മൂന്നു ക്യാമറാ സിസ്റ്റവുമായി ആദ്യമായാണ് ഐഫോണ്‍ ഇറങ്ങുന്നത്. മൂന്നു ക്യാമറാ മൊഡ്യൂളുകള്‍ക്കും 12 എംപി സെന്‍സറുകളാണ് നല്‍കിയിരിക്കുന്നത്. ഇവയില്‍ അള്‍ട്രാ വൈഡ് ലെന്‍സിനു മാത്രം ഓപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ ഇല്ല. ഒന്നിലേറെ ചിത്രങ്ങളെടുത്ത് അവയെ സംയോജിപ്പിച്ച് ഒറ്റച്ചിത്രമാക്കുന്ന ഡീപ് ഫ്യൂഷനാണ് ഈ വര്‍ഷത്തെ മികച്ച ഫീച്ചറുകളിലൊന്ന്. വെട്ടക്കുറവുള്ള ഇടങ്ങളിലും മറ്റും വളരെയേറെ ഉപകാരപ്രദമാണ് ഈ ഫീച്ചര്‍. ഗൂഗിള്‍ പിക്‌സല്‍ മോഡലുകളായിരുന്നു ഇക്കാര്യത്തില്‍ മുന്‍വര്‍ഷങ്ങളില്‍ മുന്നില്‍ നിന്നിരുന്നത്.

ഡീപ് ഫ്യൂഷന്‍, മെഷീന്‍ ലേണിങ്, ഇമേജ് സ്റ്റാക്കിങ് തുടങ്ങിയ കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫിയുടെ ഗുണങ്ങള്‍ ധാരാളമായി പ്രയോജനപ്പെടുത്തുന്ന ഐഫോണ്‍ 11 പ്രോ മാക്‌സ് കമ്പനിയുടെ മുന്‍ മോഡലുകളെക്കാള്‍ മികച്ച പ്രകടനം തന്നെയാണ് നടത്തുന്നതെന്ന് ഡിഎക്‌സ്ഒ സാക്ഷ്യപ്പെടുത്തുന്നു.

iPhone-11-pro

ഇവയാണ് പ്രധാന ഗുണങ്ങള്‍

∙ മിക്കവാറും എല്ലാ സന്ദര്‍ഭത്തിലും നല്ല രീതിയില്‍ വിശദാംശങ്ങള്‍ പിടിച്ചെടുക്കുന്നു

∙ മികച്ച ഡൈനാമിക് റെയ്ഞ്ച്

∙ മികച്ച ഓട്ടോഫോക്കസ്

∙ വര്‍ണ്ണാഭവും, സുഖകരവുമായ കളര്‍

∙ വൈഡ് ആങ്ഗിള്‍ ലെന്‍സിന്റെ പ്രകടനം

∙ സൂം പ്രകടനത്തിലും മികവ്

ദൂഷ്യങ്ങള്‍

∙ മിക്കവാറും എല്ലാ ചിത്രങ്ങളിലും നോയിസ് കാണാം

∙ കൂടുതല്‍ സൂം ചെയ്യുമ്പോള്‍ വിശദാംശങ്ങള്‍ നഷ്ടമാക്കുന്നു

∙ എടുത്ത പുറംവാതില്‍ ചിത്രങ്ങള്‍ സൂം ചെയ്തു നോക്കുമ്പോള്‍ ഹൈ-കോണ്‍ട്രാസ്റ്റ് മേഖലകളുടെ അരികുകള്‍ നന്നായി അല്ല പിടിച്ചെടുക്കുന്നത് എന്നു കാണാം.

∙ ഫ്‌ളാഷ് ഉപയോഗിക്കുമ്പോള്‍ വിശദാംശങ്ങള്‍ കുറയുന്നു

∙ വെളിച്ചത്തിലെടുക്കുന്ന ചില ചിത്രങ്ങളില്‍ മഞ്ഞ നിറം ശക്തമായി പടര്‍ന്നു കയറി ചിത്രം വികലമാകുന്നു

∙ അള്‍ട്രാവൈഡ് ലെന്‍സില്‍ വേണ്ടത്ര വിശദാംശങ്ങള്‍ കിട്ടുന്നില്ല, നോയിസും കൂടുതല്‍

∙ വിഡിയോ റെക്കോഡിങ്ങില്‍ വാവെയ്ക്ക് ഒപ്പം

ഐഫോണ്‍ 11 പ്രോ മാക്‌സിന് ഫോട്ടോയുടെ കാര്യത്തില്‍ 124 പോയിന്റ് ആണ് ലഭിച്ചിരിക്കുന്നത്. വിഡിയോ റെക്കോഡിങ്ങില്‍ അവര്‍ക്ക് 102 പോയിന്റ് ഉണ്ട്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച വിഡിയോ റെക്കോഡിങ് ഫോണ്‍ എന്ന പട്ടം ഐഫോണ്‍, ഷഓമി മി സിസി 9 പ്രോ, വാവെയ് മെയ്റ്റ് 30 5ജി എന്നിവയ്‌ക്കൊപ്പം പങ്കിടുകയാണ്.

മികവുകള്‍

∙ മികച്ച ഡൈനാമിക് റെയ്ഞ്ച്

∙ ധാരാളം വിശദാംശങ്ങള്‍, നോയിസ് കുറവ്. ഇന്‍ഡോറാണെങ്കിലും, ഔട്ട്‌ഡോറാണെങ്കിലും

∙ നയനാന്ദകരമായ നിറങ്ങള്‍

∙ മികച്ച സ്റ്റബിലൈസേഷന്‍

ദൂഷ്യങ്ങള്‍

∙ നടന്ന് ചിത്രീകരിക്കുന്ന വിഡിയോയില്‍ ജെല്ലോ എഫക്ട് എന്നറിയപ്പെടുന്ന ദൂഷ്യം

∙ മുറിക്കുളളില്‍ വൈറ്റ്ബാലന്‍സ് കൃത്യത കുറവ്

∙ ട്രാക്കിങ്ങില്‍ പ്രശ്‌നങ്ങള്‍ കാണാം

∙ അലിയാസിങ് ദൂഷ്യവും ഇടയ്ക്കു കാണാം

മറ്റു ഫോണുകള്‍

ഡിഎക്‌സോമാര്‍ക്ക് റാങ്കിങ്ങില്‍ മൂന്നു ഫോണുകളാണ് നാലാം സ്ഥാനത്തുള്ളത് (116 പോയിന്റ്) -വാവെയ് പി30 പ്രോ, സാംസങ് ഗാലക്‌സി നോട്ട് 10 5ജി, ഒപ്പോ റെനോ 10എക്‌സ്. അഞ്ചാം സ്ഥാനത്ത് വണ്‍പ്ലസ് 7 പ്രോയാണ്- 114 പോയിന്റ്. ആറാം സ്ഥാനത്ത് 113 പോയിന്റുമായി ഓണര്‍ 20 പ്രോയും സാംസങ് ഗാലക്‌സി എസ്10 പ്ലസുമാണുള്ളത്. ഏഴാം സ്ഥാനത്ത് ഗൂഗിള്‍ പിക്‌സല്‍ 4ഉം, വാവെയുടെ കഴിഞ്ഞ വര്‍ഷത്തെ മോഡലായ മെയ്റ്റ് 20 പ്രോയുമാണ് ഉള്ളത്.

oppo-reno-10x

ഈ വര്‍ഷത്തെ കറുത്ത കുതിര ഷഓമി മി സിസി9 പ്രോയാണെങ്കില്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയത് ഗൂഗിള്‍ പിക്‌സല്‍ 4 ആണ്. ഗൂഗിളിന്റെ ഫോണ്‍ ഒന്നാം സ്ഥാനത്തേക്ക് എത്തുമെന്ന് വരെ പലരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ലിസ്റ്റിലൂടെ കടന്നു പോകുമ്പോള്‍ സ്മാര്‍ട് ഫോണ്‍ ക്യാമറാ നിര്‍മാണത്തിന്റെ മര്‍മ്മമറിയുന്ന കമ്പനി ഏതാണെന്ന കാര്യത്തിലും ആര്‍ക്കും സംശയമുണ്ടാവില്ല- അതു വാവെയ് ആണ്. പക്ഷേ, ഷഓമിയുടെ പുരോഗതി അവരെയും വിറപ്പിച്ചിരിക്കും. ഇനിയും റിവ്യു ചെയ്യാനിരിക്കുന്ന ഷഓമി നോട്ട് 10ന്റെ പ്രകടനത്തെക്കുറിച്ചാണ് ഇനി അറിയാനുള്ളതും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
FROM ONMANORAMA