ADVERTISEMENT

പ്രമുഖ ജാപ്പനീസ് ക്യാമറാ നിര്‍മ്മാതാവായ നിക്കോണ്‍ കമ്പനിയുടെ അവസാന ഫുള്‍ഫ്രെയിം ഡിഎസ്എല്‍ആര്‍ ക്യാമറകളില്‍ ഒന്നായേക്കാമെന്നു കരുതുന്ന ഡി780 കമ്പനി അവതരിപ്പിച്ചു. നിക്കോണ്‍ സെഡ്6 ക്യാമറയുടെ ഫീച്ചറുകളെ ഡിഎസ്എല്‍ആറിലേക്ക് പറിച്ചു നട്ടതാണ് പുതിയ ബോഡി എന്നുപറയാം. ഈ ക്യാമറയിൽ 24എംപി (25എംപി എഫക്ടീവ്) സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. നിക്കോണ്‍ ഷൂട്ടര്‍മാരുടെ പ്രിയങ്കരമായ ഡി750യുടെ പരിഷ്‌കരിച്ച പതിപ്പാണിതെന്നും പറയാവുന്ന ബോഡിയാണിത്. ഡി750യെ പോലെയല്ലാതെ ഇതിന് ബില്‍റ്റ്-ഇന്‍ ഫ്‌ളാഷ് ഇല്ല എന്നതു കൂടാതെ വിലയും കൂടുതലാണ്. ഒപ്പം ഫീച്ചറുകളും കൂട്ടിയിട്ടുണ്ട്.

 

മുന്‍ മോഡലിനെ അപേക്ഷിച്ച് ഇരട്ടിയോളം ബാറ്ററി ലൈഫ് പ്രതീക്ഷിക്കാമെന്നാണ് കമ്പനി പറയുന്നത്. ഒറ്റ ഫുള്‍ റീചാര്‍ജില്‍ 2260 ഷോട്ടുകള്‍ എടുക്കാം. ഐ ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ്, ഇന്‍-ക്യാമറാ യുഎസ്ബി-സി ചാര്‍ജിങ് (പവര്‍ ബാങ്ക് ഉപയോഗിച്ച് ചാര്‍ജ് ചെയ്യാന്‍ സാധിക്കും) ടച് സ്‌ക്രീന്‍, വിഡിയോ റെക്കോഡിങ്ങില്‍ 10-ബിറ്റ് എന്‍-ലോഗ്, അല്ലെങ്കില്‍ എച്ഡിആര്‍ വിഡിയോ, ഫോക്കസ് സ്റ്റാക്കിങ് തുടങ്ങിയവ കൂടാതെ ലൈവ് വ്യൂവില്‍ ഫെയ്‌സ് (phase) ഡിറ്റെക്ട് ഓട്ടോഫോക്കസ് ഫീച്ചര്‍ ലഭിച്ചിരിക്കുന്ന ആദ്യ നിക്കോണ്‍ ഡിഎസ്എല്‍ആര്‍ എന്ന പേരും ഡി750ക്ക് സ്വന്തമാണ്. 15 മിനിറ്റ് വരെ മാന്യുവല്‍ എക്‌സ്‌പോഷര്‍ സെറ്റു ചെയ്യാം. 60 വര്‍ഷം വരെ പഴക്കമുള്ള ലെന്‍സുകള്‍ ഉപയോഗിക്കാം തുടങ്ങിയ ഫീച്ചറുകളും ഉണ്ട്. ‌സ്വാഭാവിക ഐഎഎസ്ഒ റെയ്ഞ്ച് 100 - 51,200 വരെയാണ്. ഇത് 50 - 204,800 വരെ ബൂസ്റ്റ് ചെയ്യാം. 51 ഓട്ടോഫോക്കസ് പോയിന്റുകള്‍ ഉള്ളതില്‍ 15 എണ്ണം ക്രോസ് ടൈപ് ആണ്. ടില്‍റ്റ് ചെയ്യാവുന്ന എല്‍സിഡി സ്‌ക്രീനാണ് ഉള്ളത്. ബോഡിയുടെ എംആര്‍പി 1,98,995 രൂപയാണ്. കിറ്റായി 24-120 എഫ്4 ലെന്‍സുമൊത്തു വാങ്ങിയാല്‍ 2,42,495 രൂപയായിരിക്കും വില.

 

പരിഗണിക്കാന്‍

 

നിങ്ങള്‍ ആദ്യ നിക്കോണ്‍ ഫുള്‍ ഫ്രെയിം ക്യാമറ വാങ്ങാന്‍ ആഗ്രഹിക്കുന്നയാളാണെങ്കില്‍ ഈ ബോഡി വാങ്ങാതിരിക്കുകയായിരിക്കും ബുദ്ധി. പകരം സെഡ് 6 ബോഡി വാങ്ങുക. വിലയും കുറവുണ്ട്. എന്നാല്‍, ഇപ്പോള്‍ത്തന്നെ ധാരാളം നിക്കോര്‍ എഫ് മൗണ്ട് ലെന്‍സുകളുടെ ഉടമയാണെങ്കില്‍ പുതിയബോഡി പരിഗണിക്കുകയും ചെയ്യാം. ഉടന്‍ ഇറങ്ങാന്‍ പോകുന്ന ഡി6നു ശേഷം പിന്നെ എത്ര ഫുള്‍ഫ്രെയിം ഡിഎസ്എല്‍ആറകുള്‍ നിക്കോണ്‍ ഇറക്കും എന്നതിനെക്കുറിച്ച് അനുമാനിക്കാന്‍ എളുപ്പമല്ല എന്നതാണ് കാരണം. കമ്പനി ഇനി തങ്ങളുടെ ശ്രദ്ധ മുഴുവനും തന്നെ മിറര്‍ലെസ് ക്യാമറകളില്‍ കേന്ദ്രീകരിക്കാനാണ് സാധ്യത. എന്നാല്‍, അടുത്ത 5 വര്‍ഷത്തേക്ക് ഡിഎസ്എല്‍ആര്‍ ലെന്‍സുകളും ആക്‌സസറികളും ധാരാളമായിത്തന്നെ വിപണിയില്‍ കണ്ടേക്കുമെന്നതിനാല്‍ കൊണ്ടുനടക്കാൻ സൗകര്യം ഡിഎസ്എല്‍ആറിനാണെങ്കില്‍ വാങ്ങാന്‍ മടിക്കേണ്ട കാര്യമില്ല.

 

നിക്കോര്‍ എഎഫ്എസ് 120-300 എഫ്2.8

 

നിക്കോണിന്റെ പ്രീമിയം ലെന്‍സുകളിലൊന്നാണിത്. (മുഴുവന്‍ പേരിതാണ്- Nikon AF-S NIKKOR 120-300mm f/2.8E FL ED SR VR.) അത്യുജ്വല പ്രകടനം പ്രതീക്ഷിക്കാവുന്ന ലെന്‍സാണ് പുതിയ 120-300. പോര്‍ട്രെയ്റ്റ് മുതല്‍ വൈല്‍ഡ്‌ലൈഫ് വരെ ഷൂട്ടു ചെയ്യാന്‍ ഉപകരിക്കുന്ന ഈ ലെന്‍സ് നിക്കോണ്‍ ഇറക്കിയിരിക്കുന്നതില്‍ വച്ച് ഏറ്റവും നല്ല പ്രകടനം പ്രതീക്ഷിക്കാം. നിക്കോണ്‍ ഡി780യുടെ കാര്യം പറഞ്ഞതുപോലെ, അകാലത്താണ് ഇതിന്റെ വരവും എന്നതാണ് ഇതിന്റെയും പ്രധാന പ്രശ്‌നം. അഡാപ്റ്റര്‍ ഉപയോഗിച്ച് സെഡ് മൗണ്ടിലും ഉപയോഗിക്കാമെങ്കിലും 3250 ഗ്രാം ഭാരമുള്ള ഈ ലെന്‍സ് 'ഏച്ചുകെട്ടി' ഉപയോഗിക്കുന്നത് ക്യാമറയുടെ മൗണ്ടിന്റെ ആരോഗ്യത്തിന് ഗുണകരമാവില്ല എന്നാണ് വയ്പ്പ്. എന്നിരിക്കിലും സെഡ് മൗണ്ടിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വില 9,496.95 ഡോളറാണ്.

 

നിക്കോണ്‍ സെഡ് 70-200 2.8

 

നിക്കോണ്‍ സെഡ് ക്യാമറ ഉപയോക്താക്കളുടെ ഏറ്റവും പ്രധാന ആവശ്യങ്ങളിലൊന്ന് നിറവേറ്റിയിരിക്കുകയാണ് കമ്പനി. പുതിയ നിക്കോര്‍ സെഡ് 70-200 2.8 ലെന്‍സ്. (മുഴുവന്‍ പേര്- Nikkor Z 70-200mm F2.8 VR S.) പോര്‍ട്രെയ്റ്റ് അടക്കമുള്ള ഫോട്ടോകള്‍ എടുക്കാന്‍ ഉപകരിക്കുന്ന ഈ ലെന്‍സിന്റെ ഭാരം 1.4 കിലോഗ്രാമാണ്. ആധുനിക ഹൈ-എന്‍ഡ് ലെന്‍സുകളില്‍ പ്രതീക്ഷിക്കുന്ന ഫീച്ചറുകളെല്ലാം ഉണ്ട്. അപേര്‍ചര്‍, എക്‌സ്‌പോഷര്‍ കോംപന്‍സേഷന്‍ തുടങ്ങിയവ എളുപ്പത്തില്‍ ക്രമീകരിക്കാനായി കണ്ട്രോള്‍ റിങ് ഉണ്ട്. ഫോക്കസ് ഡിസ്റ്റന്‍സും മറ്റും കാണിക്കാന്‍ ഡിജിറ്റല്‍ ഡിസ്‌പ്ലെയാണ് ലെന്‍സിനുള്ളത്. വെതര്‍ സീല്‍ഡ് ആയ സെഡ് ബോഡികള്‍ക്കൊപ്പം ഉപയോഗിച്ചാല്‍ ചെറിയ മഴയും മറ്റും നനഞ്ഞാലും പ്രശ്‌നം വരില്ല. നിക്കോണ്‍ സെഡ് മൗണ്ട് ഉപയോഗിക്കുന്ന പ്രൊഫഷണലുകള്‍ക്ക് ഉറപ്പായും വാങ്ങേണ്ടിവരുന്ന ഈ ലെന്‍സിന്റെ വില 2599 ഡോളറാണ്.

 

കൂള്‍പിക്‌സ് പി950

 

മെഗാസൂം ക്യാമറകള്‍ക്ക് എക്കാലത്തും ചില ആവശ്യക്കാരുണ്ടായിരുന്നു. അത്തരക്കാര്‍ക്കു വേണ്ടി ഇറക്കിയിരിക്കുന്ന 24-2000 (F2.8–6.5) ഫോക്കല്‍ലെങ്ത് ഉള്ള ക്യാമറയാണ് നിക്കോണ്‍ കൂള്‍പിക്‌സ് പി950. ഇതിന്റെ മുന്‍ഗാമിയ്ക്കും ഇത്തരം സൂം റെയ്ഞ്ച് ഉണ്ടായിരുന്നു. എന്നാല്‍ പുതിയ മോഡല്‍ 4കെ വിഡിയോ ഷൂട്ടു ചെയ്യും. കൂടുതല്‍ റെസലൂഷനുള്ള ഇവിഎഫും ഉണ്ട്. സെക്കന്‍ഡില്‍ 7 ഫ്രെയിം സ്റ്റില്‍ ചിത്രങ്ങള്‍ ഷൂട്ടുചെയ്യും. റോ ഫയലുകളും റെക്കോഡ് ചെയ്യാം. ടില്‍റ്റ് ചെയ്യാവുന്ന എല്‍സിഡി പാനലും ഉണ്ട്. ബാറ്ററി അടക്കം ഒരു കിലോയോളമാണ് ഭാരമെന്നത് പല ഉപയോക്താക്കളെയും ഇത് വാങ്ങുന്നതില്‍ നിന്ന് അകറ്റി നിർത്തും. എംആര്‍പി 66,995 രൂപയായിരിക്കും. ആദ്യ ക്യാമറ വാങ്ങാന്‍ ആഗ്രഹിക്കുന്നവരോ, ഫൊട്ടോഗ്രാഫി പഠിക്കാന്‍ ആഗ്രഹിക്കുന്നവരോ ആണെങ്കില്‍ ക്യാനന്റെയോ നിക്കോണിന്റെയോ താഴത്തെ നിരയിലുള്ള ഒരു എപിഎസ്-സി സെന്‍സറുള്ള ഡിഎസ്എല്‍ആര്‍ വാങ്ങുന്നതായിരിക്കും ബുദ്ധി. പകുതിയോളം വിലയും ലാഭിക്കാം, നല്ല ലെന്‍സ് വാങ്ങിയാല്‍ കൂടുതല്‍ മികച്ച ഫോട്ടോകളും എടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com