sections
MORE

കഴിഞ്ഞ വർഷത്തെ മികച്ച 10 ക്യാമറകള്‍

GFX-100
SHARE

ഫീച്ചറുകളുടെയും പ്രകടനത്തിന്റെയും കാര്യത്തില്‍ മികച്ചുനിന്ന, 2019 ല്‍ ഇറങ്ങിയ 10 ക്യാമറകളെ പരിചയെപ്പെടാം. നൂറുമേനി മികവുമായി എത്തിയ 102 എംപി ക്യാമറയായ ഫൂജിഫിലിം ജിഎഫ്എക്‌സ് 100 മുതല്‍ ഡിജെഐ ഓസ്‌മോ ആക്ഷന്‍ വരെയുള്ള ക്യാമറകൾ ഇതിൽ ഉള്‍പ്പെടുത്തുന്നു.

1. ഫുജിഫിലിം ജിഎഫ്എക്‌സ് 100 

ക്യാമറാ ബോഡിക്കു മാത്രം 9,999 ഡോളര്‍ വിലയുള്ള ഈ ക്യാമറ നിലവിലുള്ള ഏതു ക്യാമറയെയും നഷ്പ്രഭമാക്കാനുളള ശോഷിയുള്ള ഒന്നാണ്. മീഡിയം ഫോര്‍മാറ്റ് ക്യാമറ എന്ന നിലയില്‍ ഇതിന്റെ വില വാസ്തവത്തില്‍ കുറവുമാണ്. 4കെ വിഡിയോ ഷൂട്ടു ചെയ്യുമെന്നതു കൂടാതെ, ഫെയ്‌സ്ഡിറ്റക്ട് ഓട്ടോഫോക്കസും ഇന്‍ബോഡി സ്റ്റബിലൈസേഷനും അടങ്ങുന്ന ഒരു ശക്തിമാനാണ് ഈ ക്യാമറ. ഫീച്ചറുകളുടെ ധാരാളിത്തത്തിലും പ്രകടനത്തിലും ഒരേപോലെ തിളങ്ങുന്ന ഈ ക്യാമറ പക്ഷേ എല്ലാവര്‍ക്കും ചേര്‍ന്നതല്ല.

2. സോണി എ7ആര്‍ മാര്‍ക് 4

കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഏറ്റവും ഉജ്ജ്വലമായ ക്യാമറ ഫൂജിഫിലിം ജിഎഫ്എക്‌സ് 100 ആണെങ്കില്‍ സാധാരണ ഫോട്ടോഗ്രാഫര്‍മാരെ സംബന്ധിച്ച് ഞെട്ടിക്കുന്ന റെസലൂഷനും പ്രകടനവുമായി എത്തിയത് സോണി എ7ആര്‍ മാര്‍ക് 4 ആണ്. 61എംപി ഫുള്‍ഫ്രെയിം സെന്‍സറിന്റെ ധാരാളിത്തവുമായി എത്തിയ ഈ ക്യാമറാ ബോഡി, ക്യാമറയെക്കുറിച്ചുള്ള പല മുന്‍ ധാരണകളും തിരുത്തിക്കുറിച്ചു. ഉദാഹരണത്തിന് കൂടുതല്‍ മെഗാപിക്‌സല്‍ കൊണ്ട് വലിയ ഉപകാരമൊന്നുമില്ലെന്നു വാദിച്ചിരുന്നവരുടെ വായടപ്പിക്കുന്നതായിരുന്നു ഇതിന്റെ പ്രകടന മികവ്. ഇതിനാല്‍ തന്നെ, ക്യാനനും നിക്കോണും ഈ വര്‍ഷം 60-70 എംപി ക്യാമറകള്‍ ഇറക്കുമെന്നും മെഗാപിക്‌സല്‍ യുദ്ധം പുനരാരംഭിക്കുമെന്നും പറയുന്നു. ജിഎഫ്എക്‌സ് 100നെ അപേക്ഷിച്ച് വില കുറവാണെന്നതും മികച്ച ഓള്‍റൗണ്ടറാണെന്നതും ഈ പോക്കറ്റ് ഹെര്‍ക്യുലീസിനെ ഫോട്ടോഗ്രാഫര്‍മാരുടെ പ്രിയ ക്യാമറയാക്കുന്നു.

sony-a7r

3. ലൈക്ക എസ്എല്‍ 2

ഫിലിം ക്യാമറകളുടെ കാലത്ത് ലൈക്ക എന്ന പേര് പ്രകടനത്തികവിന്റെ അവസാന വാക്കായിരുന്നു. ഇന്നും അവര്‍ ആ പേരു നിലനിര്‍ത്തുന്നു. അന്നും ഇന്നും ജര്‍മ്മന്‍ നിര്‍മ്മാതാവയ ലൈക്കയ്ക്ക് ഒരു പ്രത്യേകതയുണ്ട് - വിലക്കൂടുതല്‍. ലൈക്കയുമായി ബന്ധപ്പെട്ട എന്തെങ്കിലും വാങ്ങണമെങ്കില്‍ കാശ് ധാരാളമായി വേണം. അല്ലാത്തവര്‍ ക്യാനനും നിക്കോണും സോണിയുമൊക്കെയായി കഴിഞ്ഞോളണം എന്നതാണ് ഇന്നും സ്ഥിതി. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ലൈക്ക എസ്എല്‍ 2ന്റെ കാര്യത്തിലും വിലയാണ് പ്രശ്‌നം. ബോഡിക്കു മാത്രം 5995 ഡോളറാണ് വില. ലെന്‍സും മറ്റും വാങ്ങി തുടങ്ങുമ്പോഴേക്ക് സാധാരണ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് താങ്ങാനാകാത്ത വിധത്തിലേക്ക് വില ഉയരും. ഇതിനാലാണ് എല്ലാവരും തരക്കേടില്ലാത്ത പ്രകടനം നടത്തുന്ന ജാപ്പനീസ് ക്യാമറാ നിര്‍മ്മാതാക്കളെ അശ്രയിക്കുന്നത്. മാസ്റ്റെറോ III സീരിസിലുള്ള 47 എംപി സെന്‍സറാണ് എസ്എല്‍2ന്. വില പ്രശ്‌നമല്ലെങ്കില്‍ വിഡിയോഗ്രാഫര്‍മാര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഒരേപോലെ ഉപകാരപ്രദമാണ് ഈ മോഡല്‍. സെക്കന്‍ഡില്‍ 20 ചിത്രം വരെ പകര്‍ത്താം. മള്‍ട്ടിഷോട്ട് മോഡില്‍ ഫോട്ടോയുടെ റെസലൂഷന്‍ 187 എംപിയാക്കാം. സെക്കന്‍ഡില്‍ 60 ഫ്രെയിം വരെ 4കെ വിഡിയോ ഷൂട്ടു ചെയ്യാം. ഈ ക്യാമറയുടെ ഉടമയ്ക്ക് ഫോട്ടോഗ്രാഫിയില്‍ എന്തെല്ലാം മാറ്റം വന്നാലും അടുത്ത 5 വര്‍ഷത്തേക്ക് സന്തോഷത്തേടെയിരിക്കാം എന്നാണ് പറയുന്നത്.

4. ബ്ലാക്മാജിക് പോക്കറ്റ് സിനിമ ക്യാമറ 6കെ

ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറകള്‍ വിഡിയോഗ്രാഫര്‍മാരെ ആകര്‍ഷിക്കാനായി പല ഫീച്ചറുകളും ചേര്‍ത്തുകൊണ്ടിരിക്കുന്നു. എന്നാല്‍, അവരുടെ പ്രതീക്ഷകളെ തകര്‍ത്തുകൊണ്ട് വിപണിയിലേക്കെത്തിയ മോഡലാണ് ബ്ലാക്മാജിക് പോക്കറ്റ് സിനിമ ക്യാമറ 6കെ. ഇതും എല്ലാവര്‍ക്കും ചേര്‍ന്ന ക്യാമറയല്ല. പല പ്രോ വിഡിയോ സ്‌പെക്‌സും ഇതിനില്ല. പക്ഷേ, ക്യാമറയ്ക്കുള്ളില്‍ തന്നെ 6കെ റോ വിഡിയോ റെക്കോഡു ചെയ്യാമെന്നത് ഇതിനെ സവിശേഷമായ ഒന്നാക്കി തീര്‍ക്കുന്നു. വെറും 2,490 ഡോളറാണ് ഇതിന്റെ വില എന്നത് എതിരാളികളുടെ ഉറക്കം കെടുത്തും. ബ്ലാക്മാജിക്കിന് ഇതു ചെയ്യാമെങ്കില്‍ എന്തുകൊണ്ടു നിങ്ങള്‍ക്കു ചെയ്തുകൂടാ എന്നാണ് എതിരാളികളോട് ഉപയോക്താക്കള്‍ ചോദിക്കുന്നത്.

5. ക്യാനന്‍ ഇഒഎസ് 90ഡി

ഡിഎസ്എല്‍ആറുകള്‍ അന്തരിച്ചു എന്നു പറഞ്ഞ് അനുശോചന സന്ദേശങ്ങള്‍ പ്രവഹിക്കുന്നതിനിടയിലാണ് ക്യാനന്‍ തങ്ങളുടെ മികച്ച എപിഎസ്-സി ഡിഎസ്എല്‍ആറുകളില്‍ ഒന്ന് അവതരിപ്പിച്ചിരിക്കുന്നത്. മുൻപൊരിക്കലും ഒരു എപിഎസ്-സി ക്യാമറാ സെന്‍സറില്‍ കാണാത്ത അത്ര റെസലൂഷനാണ് ഈ ക്യാമറയുടെ പ്രത്യേകത- 32.5 എംപി. കൂടുതല്‍ മെഗാപിക്‌സല്‍ ഉണ്ട് എന്നതുകൊണ്ട് കൂടുതല്‍ നല്ല ക്യാമറ ആയിരിക്കണമെന്നില്ല. എന്നാല്‍ 90ഡിയുടെ കാര്യത്തില്‍ കൂടിയ റെസലൂഷന്‍ മികവു കൊണ്ടുവന്നിരിക്കുന്നു. ഒപ്പം ക്രോപ് ചെയ്യാത്ത 4കെ വിഡിയോ ഷൂട്ടു ചെയ്യാനുള്ള കഴിവ്, ഡ്യൂവല്‍ പിക്‌സല്‍സിമോസ് എഫ്, തിരിക്കാവുന്ന ടച്‌സ്‌ക്രീന്‍, സെക്കന്‍ഡില്‍ 10 ഫ്രെയിം വരെ ഷൂട്ടു ചെയ്യാനുള്ള കഴിവ് എന്നിങ്ങനെ നീളുന്നു ലോകത്തെ ഇന്നത്തെ ഏറ്റവും മികച്ച എപിഎസ്-സി ഡിഎസ്എല്‍ആര്‍ എന്നു ചില റിവ്യൂവര്‍മാര്‍ വിശേഷിപ്പിക്കുന്ന 90ഡി. 18-55 ലെന്‍സുമൊത്ത് ഏകദേശം 91,000 രൂപയാണ് ഫ്‌ളിപ്കാർട്ടിലെ വില.

canon-eos-m6ii-90d

6. നിക്കോണ്‍ സെഡ് 50

നിക്കോണ്‍ കമ്പനിയുടെ ആദ്യത്തെ എപിഎസ്-സി മിറര്‍ലെസ് ക്യാമറയാണ് സെഡ് 50. ക്യാമറയ്ക്ക 20.9 എംപി റെസലൂഷനുള്ള സെന്‍സറാണുള്ളത്. ഇത് ഡി500 ക്യാമറയില്‍ നിന്നു പറിച്ചുനട്ടതാണെന്നാണ് പറയുന്നത്. മികച്ച കൊച്ചു ക്യാമറായ സെഡ് 50ക്ക് രണ്ടു നേറ്റീവ് ലെന്‍സുകളേയുള്ളു. നിക്കോണ്‍ Z ഫുള്‍ഫ്രെയിം ക്യാമറയുടെ ലെന്‍സുകളും അഡാപ്റ്ററിലൂടെ മറ്റു നിക്കോണ്‍ ലെന്‍സുകളും ഉപയോഗിക്കാം. സോണിയുടെ എ6000 ന് ഭാവിയില്‍ വെല്ലുവിളി ഉയര്‍ത്തിയേക്കാവുന്ന സീരീസാണിത്. നിക്കോണ്‍ സെഡ് 50ക്ക് 857 ഡോളറാണ് വില.

z50

7. ഒളിമ്പസ് ഒഎം-ഡി ഇ-എം5 മാർക്ക് III

മൈക്രോ ഫോര്‍ തേഡ്‌സ് സെന്‍സറുകള്‍ ഉപയോഗിച്ച് ഏറ്റവുമധികം ക്യാമറകള്‍ ഇറക്കുന്ന കമ്പനികളിലൊന്ന് ഒളിമ്പസാണ്. കുറഞ്ഞ ഐഎഎസ്ഒയില്‍ ചിത്രങ്ങള്‍ എടുത്താല്‍ മികച്ച പ്രകടനമാണ് ക്യാമറയുടേത്. മറ്റു തരം ക്യാമറകളേക്കാള്‍ വലുപ്പക്കുറവുള്ള ഇവയെ സ്മാര്‍ട് ഫോണുകള്‍ ഉപയോഗിച്ചശേഷം ഒരു ക്യാമറ വാങ്ങണം എന്നാഗ്രഹിക്കുന്നവര്‍ക്ക് ഇഷ്ടപ്പെട്ടേക്കും.

8. ഗോപ്രോ മാക്‌സ്

ഗോപ്രോ പ്രേമികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട മോഡലുകളിലൊന്നാണിത്. കമ്പനി മുൻപിറക്കിയ ഫ്യൂഷന്‍ 360യെ വെല്ലുന്ന പ്രകടനമായിരുന്നു ഇന്‍സ്റ്റാ360 വണ്‍ എക്‌സ് തുടങ്ങിയ മോഡലുകള്‍ നടത്തിയത്. തുടര്‍ന്നാണ് തങ്ങളുടെ പുതിയ മോഡലായ മാക്‌സുമായി ഗോപ്രോ എത്തുന്നത്. 360 കണ്ടെന്റ് ഷൂട്ടിങ് ലളിതമാക്കുന്നു എന്ന മികവും ഇതിനുണ്ട്. 499 ഡോളറാണ് വില.

9. ഐഫോണ്‍ 11 പ്രോ

വാവെയ്, ഗൂഗിള്‍, സോണി തുടങ്ങിയ കമ്പനികള്‍ മികച്ച ക്യാമറാ പ്രകടനം നടത്തുന്ന ഫോണുകള്‍ ഇറക്കിയെങ്കിലും ഇന്നും ഉപയോഗ ലാളിത്യത്തിന്റെ കാര്യത്തില്‍ ഐഫോണ്‍ ഒരുപടി മുന്നിലാണ്. എതിരാളികളുടെ ഫോണുകളില്‍ അധികമായി വരുന്ന ഫീച്ചറുകള്‍ ഉപോഗിക്കാന്‍ പലര്‍ക്കും അറിയില്ല എന്നും പറയുന്നു.

iPhone-11-pro

10. ഡിജെഐ ഓസ്‌മോ ആക്ഷന്‍

ഗോപ്രോ ആക്ഷന്‍ ക്യാമറകള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയാണ് ഡിജെഐ എത്തിയിരിക്കുന്നത്. ഓസ്‌മോ ആക്ഷന്റെ ഷൂട്ടര്‍മാര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫീച്ചര്‍ അതിന്റെ മുന്നിലുള്ള സ്‌ക്രീനാണ്. വ്‌ളോഗര്‍മാർക്കും കണ്ടെന്റ് സൃഷ്ടാക്കള്‍ക്കും ഈ മോഡല്‍ വളരെ പ്രിയങ്കരമായി തീര്‍ന്നിരിക്കുകയാണ്. ഫ്‌ളിപ്കാര്‍ട്ടിലെ ഇപ്പോഴത്തെ വില 27,000 രൂപ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
FROM ONMANORAMA