sections
MORE

ഷഓമി ഫോണിലേക്ക് വരുന്നത് നിക്കോണോ ക്യാനനോ? വിഡിയോ മികവുറ്റതാക്കാന്‍ വണ്‍പ്ലസ്

mi_mix_alpha_xiaomi-2
SHARE

ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാവായ വാവെയ് വര്‍ഷങ്ങള്‍ക്കു മുൻപൊരു തീരുമാനമെടുത്തു. ജര്‍മ്മന്‍ ക്യാമറാ നിര്‍മ്മാണ കമ്പനിയായ ലൈക്കയുമായി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍. ഇരു കമ്പനികളും സഹകരിച്ച് ക്യാമറാ ഡെവലപ്‌മെന്റിനായി ഒരു ലാബും തുടങ്ങി. എന്തിനേറെ പറയണം ഇപ്പോഴത്തെ ഡിഎക്‌സ്ഒ റെയ്റ്റിങ്ങില്‍ ആദ്യ മൂന്നു സ്ഥാനത്തും വാവെയ് ആണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്മാര്‍ട് ഫോണ്‍ ക്യാമറാ നിര്‍മ്മാണത്തില്‍ ഒന്നാം സ്ഥാനത്ത് ഈ കമ്പനിയാണ് എന്നാണ് പൊതുവെയുള്ള വിശ്വാസം.

ഇപ്പോഴിതാ മറ്റൊരു ചൈനീസ് കമ്പനിയും, ഇന്ത്യക്കാരുടെ പ്രിയ സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് ഷഓമി തങ്ങളുടെ ആരാധകരോട് ഒരു ചോദ്യം ചോദിച്ചിരിക്കുകയാണ്. തങ്ങള്‍ ഏതു ക്യാമറാ നിര്‍മ്മാതാവുമായി ഒത്തു പ്രവര്‍ത്തിക്കണം എന്നാണ് അവര്‍ ചോദിച്ചിരിക്കുന്നത്. ക്യാനന്‍, നിക്കോണ്‍, മീഡിയം ഫോര്‍മാറ്റ് ക്യാമറാ നിര്‍മ്മാണത്തിലെ അതികായകരായ ഹാസല്‍ബ്ലാഡ് തുടങ്ങിയ കമ്പനികളുടെ പേരുകളാണ് ഷഓമി പ്രസിദ്ധീകരിച്ച ലിസ്റ്റിലുള്ളത്. ഒരു വെടിക്കു രണ്ടു പക്ഷികളെ വീഴ്ത്താനായി തന്നെയായിരിക്കും ഷഓമിയുടെയും ശ്രമം. ക്യാമറയുടെ ഗുണം വര്‍ധിപ്പിക്കുക എന്നതുകൂടാതെ, യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റും ഒരു ചൈനീസ് കമ്പനിയെന്ന 'ദുഷ്‌പേരു' മാറ്റാനും അവര്‍ക്കു സാധിച്ചേക്കും.

ലൈക്കാ ബ്രാന്‍ഡഡ് ക്യാമറകള്‍ വാവെയുടെ ഏറ്റവും മുന്തിയ ഫോണുകളില്‍ മാത്രമാണ് കാണാനാകുക. ക്യാമറാ നിര്‍മ്മാണത്തില്‍ ആഢ്യത്വത്തിന്റെ മറ്റൊരു നാമമാണ് ലൈക്ക. ക്യാമറാ പ്രേമികള്‍ എക്കാലത്തും കയ്യില്‍ വയ്ക്കാന്‍ ആഗ്രഹിച്ചവയായിരുന്നു ലൈക്കയുടെ ക്യാമറകള്‍. എന്നാല്‍ ഈ കമ്പനിയുടെ ക്യാമറകള്‍ക്ക് എക്കാലത്തും ജാപ്പനീസ് ക്യാമറാ നിര്‍മ്മാതാക്കളെ അപേക്ഷിച്ച് പല മടങ്ങ് വിലക്കൂടുതലായിരുന്നു. ഇതിഹാസ ഫൊട്ടോഗ്രാഫറായിരുന്ന ഒണ്‍റി-കാര്‍ട്ടിയേ ബ്രസന്‍, തന്റെ ഫൊട്ടോഗ്രഫി ജീവിതത്തിനിടയില്‍ ലൈക്കാ ക്യാമറാ ബോഡിയും 50എംഎം ലെന്‍സും മാത്രമാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്.

എന്തായാലും, ഷഓമിയുടെ നീക്കം കമ്പനിയുടെ ആരാധകര്‍ക്ക് ആഹ്ലാദം പകര്‍ന്നേക്കും. വാവെയ് മാത്രമല്ല ഷഓമിക്കു മുൻപ് ഈ വഴിയില്‍ സഞ്ചരിച്ചിരിക്കുന്നത്. നോക്കിയ കമ്പനിക്ക് 'സൈസ്' ബ്രാന്‍ഡഡ് ലെന്‍സുകള്‍ ഉണ്ടായിരുന്നു. സോണിയും 'സൈസിന്റെ' ലോഗോ ലെന്‍സുള്ള ഫോണുകള്‍ ഇറക്കിയിട്ടുണ്ട്. മോട്ടറോള കമ്പനി തങ്ങളുടെ മോട്ടോ-സെഡ് സീരിസില്‍ ഹാസല്‍ബ്ലാഡിന്റെ ബ്രാന്‍ഡ് ഉള്ള ക്യാമറാ മൊഡ്യൂളുകളും പിടിപ്പിച്ചിരുന്നു. ഇത്തരത്തില്‍ നോക്കിയാല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് ക്യാമറാ നിര്‍മ്മാതാക്കളുടെ ലോഗൊ ഉള്ള ക്യാമറകള്‍ ഇറക്കുക എന്നത് വളരെ താത്പര്യമുള്ള കാര്യമാണെന്നു കാണാം.

അപ്‌ഡേറ്റ്

ചൈനീസ് ഭാഷയില്‍ നടന്ന ഈ 'വോട്ടെടുപ്പില്‍' ഹാസല്‍ബ്ലാഡ് വിജയിച്ചതായി കമ്പനി അറിയിച്ചു. എന്നാല്‍, ഉടനെ എങ്ങാനും ഹാസല്‍ബ്ലാഡ് ക്യാമറാ ബ്രാന്‍ഡ് നെയ്മുള്ള ഷഓമി ഫോണ്‍ ഇറങ്ങുമോ എന്നറിയില്ല. നിക്കോണ്‍, ക്യാനന്‍ തുടങ്ങിയ ക്യാമറാ ബ്രാന്‍ഡുകള്‍ക്ക് സ്മാര്‍ട് ഫോണ്‍ ക്യാമറാ നിര്‍മ്മാണത്തില്‍ മുന്‍പരിചയമില്ല. എന്നാല്‍, ഹാസല്‍ബ്ലാഡിന് അതുണ്ട് എന്നതും ഷഓമിയുടെ തീരുമാനത്തിനു പിന്നിലുണ്ടാകാം.

വിഡിയോ റെക്കോഡിങ്ങില്‍ മികവു കൊണ്ടുവരാന്‍ വണ്‍പ്ലസ്

സ്മാര്‍ട് ഫോണ്‍ രംഗത്ത് ചൈനീസ് കമ്പനികളുടെ ആധിപത്യം ഏറി വരികയാണ്. ആപ്പിള്‍, സാംസങ്, എല്‍ജി തുടങ്ങി കുറച്ചു പേരുകളൊഴികെ മറ്റു പ്രധാന നിര്‍മ്മാതാക്കളെല്ലാം ചൈനീസ് കമ്പനികളാണ്. ആപ്പിളിനെ മറികടന്ന് ലോകത്തെ രണ്ടാമത്തെ സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാവായ വാവെയ്, ഒന്നാം സ്ഥാനത്തുള്ള സാംസങ്ങിന്റെ മുന്നില്‍ കയറാനുള്ള ശ്രമത്തിലാണിപ്പോള്‍. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൊണ്ടുവന്ന ഉപരോധം ഇല്ലായിരുന്നെങ്കില്‍ അവരിപ്പോഴേ ഒന്നാം സ്ഥാനത്തെത്തിയേനെ എന്നാണ് പറയുന്നത്. 

ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാക്കളില്‍ വേറിട്ടൊരു വഴി സ്വീകരിക്കുകയും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പോലും സ്വീകാര്യത ഉറപ്പിക്കുകയും ചെയ്ത കമ്പനിയാണ് വണ്‍പ്ലസ്. തങ്ങളുടെ ഫോണുകളില്‍ ചില ഫീച്ചറുകളെങ്കിലും ഏറ്റവും മുന്തിയ സ്മാര്‍ട് ഫോണുകളെക്കാള്‍ മികച്ചതായരിക്കണം എന്ന് നിര്‍ബന്ധമുള്ള കമ്പനിയാണ് വണ്‍പ്ലസ്. ഇപ്പോഴത്തെ ഏറ്റവും പുതിയ വണ്‍പ്ലസ് 7 സീരിസിലെ മികച്ച ഫോണുകള്‍ളുടെ ഡിസ്‌പ്ലേയ്ക്ക് അതീവ ആകര്‍ഷകമായ 90 ഹെട്‌സ് റിഫ്രെഷ് റെയ്റ്റ് ആണുള്ളത്. ഈ വര്‍ഷം ഇറങ്ങാന്‍ പോകുന്ന ഐഫോണുകളില്‍ ഇത്തരത്തില്‍ കൂടിയ റിഫ്രെഷ് റെയ്റ്റ് കണ്ടേക്കുമെന്നു പറയുന്നു. ഇത്തരത്തില്‍ പിന്നോട്ടു പോകാന്‍ താത്പര്യമില്ലാത്ത കമ്പനികളിലൊന്നാണ് വണ്‍പ്ലസ്. ഷഓമിയെപ്പോലെ തന്നെ, ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട ബ്രാന്‍ഡുമാണ് വണ്‍പ്ലസ്. താരതമ്യേന കുറഞ്ഞ വിലയ്ക്കുള്ള ഫോണുകളുടെ വിപണിയിലെ രാജാക്കന്മാരാണ് ഷഓമി എങ്കില്‍ ഇന്ത്യയിലെ പ്രീമിയം ഫോണുകളുടെ സെഗ്‌മെന്റില്‍ വണ്‍പ്ലസിനാണ് ആധിപ്ത്യം.

വണ്‍പ്ലസ് 2020 ജനുവരി ആദ്യം ന്യൂ യോര്‍ക് സിറ്റിയില്‍ തങ്ങളുടെ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കായി ഒരു മീറ്റിങ് വിളിച്ചു ചേര്‍ത്തിരുന്നു. സ്മാര്‍ട് ഫോണ്‍ വിഡിയോഗ്രാഫി ആയിരുന്നു വിഷയം. ഈ വിഷയത്തിലെ വിദഗ്ധരുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത മീറ്റിങ്ങില്‍ തങ്ങളുടെ ഫോണുകളിൽ വിഡിയോ റെക്കോഡിങ്ങില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള വെല്ലുവിളി കമ്പനി ഏറ്റെടുത്തിരിക്കുകയാണ്.

വിഡിയോ എഡിറ്റിങില്‍ മുതല്‍ നൈറ്റ് മോഡില്‍ വരെ നിരവധി മാറ്റങ്ങളാണ് കൊണ്ടുവരാന്‍ കമ്പനി ഉദ്ദേശിക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് തങ്ങളുടെ വിഡിയോ വര്‍ക്ക് ചെയ്യുന്നവര്‍ക്കു പോലും ആശ്രയിക്കാവുന്ന തരത്തിലുള്ള ഒരു ഉപകരണമാക്കി തങ്ങളുടെ ഫോണുകളെ തീര്‍ക്കാനാണ്കമ്പനി ഉദ്ദേശിക്കുന്നത്. ഇതു സാധ്യമായാല്‍, വണ്‍പ്ലസിന് ആരാധകര്‍ ഇനിയും കൂടും എന്ന കാര്യത്തില്‍ സംശയമില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
FROM ONMANORAMA