ADVERTISEMENT

ഫോട്ടോ എഡിറ്റിങ്ങിന്റെ പര്യായമായി മാറിയ പേരാണ് ഫോട്ടോഷോപ്പ്. ചിത്രങ്ങളില്‍ എന്തെങ്കിലും കൃത്രിമത്വം തോന്നുകയാണെങ്കില്‍ പലരും പറയുക ഇത് ഫോട്ടോഷോപ്പ് ചെയ്തതാണ് എന്നാണ്. പ്രശസ്തമായ ഈ പ്രോഗ്രാം അവതരിപ്പിച്ചിട്ട് ഇപ്പോള്‍ 30 വര്‍ഷം ആയിരിക്കുകയാണ്. പുതിയ ഫീച്ചറുകള്‍ തങ്ങളുടെ എതിരാളികളെക്കാള്‍ ഒരു മുഴം മുൻപെ അവതരിപ്പിക്കുകയാണ് കമ്പനി പലപ്പോഴും ചെയ്തു വന്നിരിക്കുന്നത് എന്നതാണ് അതിശക്തവും സങ്കീര്‍ണ്ണവുമായി ഈ ഫോട്ടോ എഡിറ്റിങ് പ്രോഗ്രാമിന്റെ മികവ്. ഫോട്ടോഷോപ് വൈദഗ്ദ്ധ്യം നേടുക എന്നത് ശ്രമകരമായ കാര്യമാണ്. പക്ഷേ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കടന്നുവരവോടെ വരും വര്‍ഷങ്ങളില്‍ പലതും എളുപ്പത്തില്‍ ക്രിയ ചെയ്യാന്‍ സാധിച്ചേക്കുമെന്നും വര്‍ത്തകള്‍ പറയുന്നു.

 

എതിരാളികളെ നിഷ്പ്രഭരാക്കി മുന്നേറ്റം

 

ഫോട്ടോ എഡിറ്റിങ്ങിന് ഇന്ന് നിരവധി പ്രോഗ്രാമുകള്‍ ലഭ്യമാണ്. എന്നാല്‍, ഈ മേഖലയിലേക്ക് കടന്നുവന്ന് ആധിപത്യമുറപ്പിച്ച ഫോട്ടോഷോപ്പിന് ഇന്നും വ്യക്തമായ മേല്‍ക്കോയ്മയുണ്ട് എന്നത് പ്രോഗ്രാമിന്റെ മികവ് വിളിച്ചറിയിക്കുന്നു. ഫൊട്ടോഗ്രാഫര്‍മാരുടെ പ്രിയ പ്രോഗ്രാമിന് കാലോചിതമായ പരിഷ്‌കാരങ്ങള്‍ കമ്പനി കൊണ്ടുവന്നു തുടങ്ങുകയും ചെയ്തിരിക്കുന്നു. ഇനി ഫോട്ടോഷോപ്പില്‍ കൂടുതലായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇടപെടും. മറ്റൊരു വലിയ മാറ്റം മൊബൈല്‍ ഐപാഡ് പോലെയുള്ള ഒരു മൊബൈല്‍ ഉപകരണത്തിലും ഇടംപിടിക്കാനായി എന്നതാണ്. എഐ ശാക്തീകരിക്കുന്ന ഫീച്ചറുകള്‍ ഐപാഡിലും ഡെസ്‌ക്ടോപ്പിലും ലഭ്യമായിരിക്കുകയും ചെയ്യും. അഡോബി 2016ല്‍ ആദ്യമായി അവതരിപ്പിച്ച സെന്‍സെയ് എന്‍ജിനാണ് ഫോട്ടോഷോപ്പിലെ എഐയുടെ അടിത്തറ. പല പ്രോഗ്രാമുകളിലും പ്രാഥമിക എഡിറ്റിങ് നടത്തിയ ചിത്രങ്ങള്‍ പോലും മികച്ച ഫോട്ടോ ആര്‍ട്ടിസ്റ്റുകള്‍ അവസാന മിനുക്കു പണികള്‍ക്കായി ഫോട്ടോഷോപ്പിൽ എത്തിക്കുന്നതെന്നും കാണാം. ഫോട്ടോഷോപ്പിനെ ഇക്കാലത്തും അവഗണിക്കാനാവില്ല.

 

ചില ഫീച്ചറുകള്‍ അവതരിപ്പിച്ച വര്‍ഷം:

 

1990- ഫോട്ടോഷോപ് വേര്‍ഷന്‍ 1.0

1994- ലെയേഴ്‌സ്, ബ്ലെന്‍ഡ് മോഡ്‌സ്

1990- ഹിസ്റ്ററി പാലറ്റ്, കളര്‍ മാനേജ്‌മെന്റ്, മാഗ്നെറ്റിക് ലാസോ

2000- വെക്ടര്‍ ഷെയ്പ്‌സ്, ലിക്വിഫൈ, ലെയര്‍ സ്റ്റൈല്‍സ്

2002- ക്യാമറാ റോ, ഹീലിങ് ബ്രഷ്

2005- സ്മാര്‍ട് ഒബ്ജക്ട്‌സ്

2007- ക്വിക് സെലക്ട്, ഓട്ടോ അലൈന്‍, സ്മാര്‍ട് ഫില്‍ട്ടേഴ്‌സ്

2008- കണ്ടെന്റ് അവയര്‍ സ്‌കെയ്‌ലിങ്

2010- കണ്ടെന്റ് അവയര്‍ ഫില്‍

2012- കണ്ടെന്റ് അവയര്‍ മൂവ്

2014- സിസി ലൈബ്രറീസ്

2019- ഒബ്ജക്ട് സെലക്ഷന്‍ ടൂള്‍, ക്ലൗഡ് ഡോക്യുമെന്റ്‌സ്, ഫോട്ടോഷോപ് ഓണ്‍ ഐപാഡ്

 

ഡെസ്‌ക്ടോപ്പില്‍ കണ്ടെന്റ് അവയര്‍ ഫില്‍ പല ഒബ്ജക്ട്‌സിന് ഒരേസമയം ചെയ്യാം. ഇതിലൂടെ ആവശ്യമില്ലാത്ത ഒബ്ജക്ടുകള്‍ ചിത്രങ്ങളില്‍ നിന്ന് നീക്കം ചെയ്ത് ഫോട്ടോയ്ക്ക് ഏതു ബാക്ഗ്രൗണ്ടാണോ അത് കൊണ്ടുവരാം. ലെന്‍സ് ബ്ലേര്‍ ഫങ്ഷന്‍ കൂടുതല്‍ മികവോടെ വരും. ഇത് ജിപിയുവിന്റെ ശക്തിയിലായിരിക്കും നടക്കുക. ഡെസ്‌ക്ടോപ്പില്‍ ലഭ്യമായ ഒബ്ജക്ട് സെലക്ഷന്‍ ടൂള്‍ ഐപാഡിലേക്കും എത്തുന്നു. സെന്‍സെയ് ശക്തിപകരുന്ന ഈ ടൂള്‍ ഒബ്ജക്ട്‌സിനെ ഓട്ടോമാറ്റിക്കായി തിരിച്ചറിയും. ഇത് കഴിഞ്ഞ വര്‍ഷത്തെ അഡോബിയുടെ മാക്‌സ് ഇവന്റില്‍ അവതരിപ്പിച്ചതാണ്. 

 

പല ചുവടു മുന്നില്‍

 

ഫോട്ടോ എഡിറ്റിങ് മൊബൈല്‍ ഉപകരണങ്ങളിലേക്കു മാറുന്നുവെന്നു കണ്ട് ഫോട്ടോഷോപ്പിന്റെ മൊബൈല്‍ ഹാര്‍ഡ്‌വെയറില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ സൃഷ്ടിക്കുക എന്നത് അഡോബി കാര്യമായി ശ്രദ്ധിക്കുന്ന ഒന്നാണ്. തങ്ങളുടെ ആപ്പുകള്‍ മൊബൈലില്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി അഡോബി പറഞ്ഞു. ഫോട്ടോഷോപ് എക്‌സ്പ്രസ് ഇപ്പോള്‍ ഏകദേശം 2 കോടി പേര്‍ ഉപയോഗിക്കുന്നു.

 

ആദ്യമായി ഫോട്ടോഷോപ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നവരെ പേടിപ്പിക്കുന്ന ഒന്നാണ് അതെന്ന് ചിലര്‍ പറയാറുണ്ട്. എന്നാല്‍, പഠിച്ചുകഴിഞ്ഞാല്‍ ആര്‍ക്കും സര്‍ഗ്ഗാത്മകമായി സമയം ചെലവഴിക്കാവുന്ന പ്രോഗ്രാമുകളില്‍ ഒന്നുമാണത്. വരും കാലത്തെ ഫോട്ടോഷോപ് എഐയുടെ മികവില്‍ നിങ്ങളുടെ ഫോട്ടോകള്‍ വെടിപ്പാക്കി തന്നേക്കും, കാര്യമായ ആയാസമില്ലാതെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com