ADVERTISEMENT

അടുത്തിടെയാണ് ഫൂജിഫിലിമിന്റെ ഏറ്റവും പുതിയ എപിഎസ്-സി സെന്‍സറുള്ള ക്യാമറ അവതരിപ്പിച്ചത്-ഫൂജി എക്‌സ്-റ്റി4. ബാക്‌സൈഡ് ഇലൂമിനേറ്റഡ് 26എംപി സീമോസ് സെന്‍സറുള്ള പുതിയ ക്യാമറയ്ക്ക് ഇന്‍-ബോഡി ഇമെജ് സ്റ്റബിലൈസേഷന്‍ (6.5 ഇവി വരെ), അതിവേഗ ഷൂട്ടിങ്, മെച്ചപ്പെടുത്തിയ ഓട്ടോഫോക്കസ്, കൂടുതല്‍ നേരം നീണ്ടുനില്‍ക്കുന്ന ബാറ്ററി തുടങ്ങിയവയ്ക്ക് പ്രധാന ഫീച്ചറുകള്‍ക്കിടയിലാണ് സ്ഥാനം. മെക്കാനിക്കല്‍ ഷട്ടര്‍ ഉപയോഗിച്ചാല്‍ സെക്കന്‍ഡില്‍ 15 ഫോട്ടോ എടുക്കാമെങ്കില്‍ ഇലക്ട്രോണിക് ഷട്ടറാണ് ഉപയോഗിക്കുന്നതെങ്കില്‍ അത് സെക്കന്‍ഡില്‍ 20 ആയി വര്‍ധിക്കും. സെക്കന്‍ഡില്‍ 60 ഫ്രെയിം 4കെ വിഡിയോ ഷൂട്ടു ചെയ്യാം. സെക്കന്‍ഡില്‍ 240 ഫ്രെയിം 1080പി വിഡിയോയും ഷൂട്ടു ചെയ്യാം. ഇതെല്ലാം, ലോകത്ത് ഇപ്പോള്‍ ലഭ്യമായ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ക്യാമറായാണോ ഇത് എന്ന് ചോദ്യം ചോദിക്കാന്‍ റിവ്യൂവര്‍മാരെ പ്രേരിപ്പിച്ചിരിക്കുകയാണ്.

 

ഡിഎസ്എല്‍ആര്‍ ക്യാമറകളില്‍ എച്ഡി വിഡിയോ ആദ്യമായി അവതരിപ്പിക്കുന്നത് നിക്കോണ്‍ ഡി90യില്‍ ആണ്. സ്റ്റില്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക്  വേണമെങ്കില്‍ വിഡിയോ ഷൂട്ടു ചെയ്യാമെന്ന ഒരു ഗുണമായിരുന്നു അതുകൊണ്ട് കിട്ടിയത്. എന്നാല്‍, പിന്നീടുളള വര്‍ഷങ്ങളില്‍ വിഡിയോയ്ക്കും ഫോട്ടോയ്ക്കും പ്രാധാന്യം നല്‍കുന്ന കാര്യത്തില്‍ മിറര്‍ലെസ്, ഡിഎസ്എല്‍ആര്‍ നിര്‍മ്മാതാക്കള്‍ മത്സരിച്ചു. നിലവിലുള്ള എപിഎസ്-സി ക്യാമറകളില്‍ ഫൂജിയുടെ പുതുപുത്തന്‍ എക്‌സ്-റ്റി4 ഉം സോണി എ6600 ഉം ആയിരിക്കും ഏറ്റവും മികച്ച പ്രകടനം നല്‍കുക എന്നാണ് വിദഗ്ധര്‍ പറയുന്നത്.

 

എക്‌സ്-റ്റി3യുടെ പ്രകടനത്തില്‍ ഫൊട്ടോഗ്രഫി ലോകം മയങ്ങിവീഴുകയായിരുന്നു. അതേ 26എംപി സെന്‍സര്‍ തന്നെയാണ് പുതിയ എക്‌സ്-റ്റി4ലും ഉപയോഗിച്ചിരിക്കുന്നത്. ഇന്‍-ബോഡി സ്റ്റബിലൈസേഷനും ലെന്‍സ് സ്റ്റബിലൈസേഷനും ഒരുമിച്ച് ഉപയോഗിക്കുമ്പോള്‍ 1/4 സെക്കന്‍ഡിലോ അതിലും താഴെയോ വരെ ഹാന്‍ഡ്‌ഹെല്‍ഡ് ഷൂട്ടിങ് ഈ ക്യാമറയില്‍ സാധ്യമാണ്. കൂടിയ ഇമേജ് സ്റ്റബിലൈസേഷന്‍ ഉള്ള ലെന്‍സുകളും ഫോട്ടോഗ്രാഫറുടെ എക്‌സ്പീരിയന്‍സും ഒത്തുചേരുമ്പോഴാണ് ഹാന്‍ഡ്‌ഹെല്‍ഡ് ഷൂട്ടിങില്‍ താഴ്ന്ന ഷട്ടര്‍സ്പീഡിന്റെ ഗുണം പൂര്‍ണ്ണമായി ചൂഷണം ചെയ്യാനാകൂ.

 

നിലവില്‍ എക്‌സ്-റ്റി3 ഉപയോക്താക്കള്‍ പുതിയ ബോഡി പരിഗണിക്കണോ? പ്രധാനമായും ഫൊട്ടോഗ്രഫിയും അല്‍പ്പം വിഡിയോ ഷൂട്ടിങുമാണ് ഉപയോഗ രീതിയെങ്കില്‍ എക്‌സ്-റ്റി3 ധാരാളം മതി. എന്നാല്‍, വിഡിയോയ്ക്കാണ് പ്രാധാന്യമെങ്കില്‍ എക്‌സ്-റ്റി4 പരിഗണിക്കുന്നതില്‍ തെറ്റില്ല. എക്‌സ്-റ്റി3യുടെ പിന്‍ഗാമിയില്‍ പലരും പ്രതീക്ഷിച്ച അത്ര മികവ് എക്‌സ്-റ്റി4ല്‍ എത്തിയിട്ടില്ലെന്ന വിമര്‍ശനവും ഉണ്ട്. എന്നാല്‍, പഴയ മോഡലുകള്‍ ഉപയോഗിക്കുന്നവര്‍ അപ്‌ഗ്രേഡു ചെയ്താല്‍ മാറ്റം അനുഭവിക്കാമെന്നും പറയുന്നു.

 

സ്റ്റില്‍ ഷൂട്ടര്‍മാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ഓട്ടോഫോക്കസ് ട്രാക്കിങ്ങിന്റെ മേന്മ ഉപയോഗപ്പെടുത്താം. ഫെയ്‌സ് ഡിറ്റക്ഷനും കൂടുതല്‍ മെച്ചപ്പെട്ടു. എന്നാല്‍, വിഡിയോയ്ക്ക് മുന്‍ മോഡലുകളേക്കാള്‍ പ്രാധാന്യം നല്‍കുന്ന ക്യാമറ എന്ന നിലയില്‍ ഹെഡ്‌ഫോണ്‍ സോക്കറ്റ് നീക്കം ചെയ്താണ് എക്‌സ്-റ്റി4 എത്തിയത് എന്നത് ന്യൂനതയായി കാണുന്നവരും ഉണ്ട്. വിഡിയോ ഷൂട്ടര്‍മാര്‍ക്ക് പ്രിയ ക്യാമറാ സീരിസുകളിലൊന്നായ പാനസോണിക് ജിഎച്ച് ന് വെല്ലുവിളി ഉയര്‍ത്തുക എന്ന ലക്ഷ്യവും ഫൂജിയ്ക്ക് ഉണ്ടായിരിക്കും.

 

എന്നാല്‍, പുതിയ ക്യാമറയില്‍ പുതിയ സെന്‍സര്‍ വയ്ക്കാത്തത് ചില ഫൂജി പ്രേമികള്‍ക്കെങ്കിലും നിരാശയുണ്ടാക്കിയിട്ടുണ്ട്. ഐബിസ് തുടങ്ങിയ ഫീച്ചറുകള്‍ നേരത്തെ തന്നെ എതിരാളികള്‍ അവതരിപ്പിച്ചതാണെന്നും പറയുന്നു. എന്തായാലും പുതിയ ക്യാമറയിലൂടെ തങ്ങളുടെ കുറച്ചു ഫാന്‍സിനെയെങ്കിലും ആവേശംകൊള്ളിക്കാന്‍ ഫൂജിക്ക് സാധിച്ചിട്ടുണ്ട്. മികച്ച എപിഎസ്-സി ക്രോപ് സെന്‍സറുള്ള ക്യാമറ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിശ്ചയമായും ഈ ബോഡി പരിഗണിക്കാവുന്നതാണ്. എന്നാല്‍, ഇതു ചുളുവില്‍ വാങ്ങാനാകുന്ന ഒരു മിറര്‍ലെസ് ക്യാമറയല്ല – ബോഡിക്കു മാത്രം 1699 ഡോളറാണ് വില. കിറ്റ് ലെന്‍സായ 18-55mm F2.8-4 ലെന്‍സും ഒപ്പം വേണമെങ്കില്‍ വില 2099 ആകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com