ADVERTISEMENT

പുതിയ സ്മാർട് ഫോൺ വാങ്ങുന്നവരെല്ലാം ഇപ്പോൾ ശ്രദ്ധിക്കുന്നത് 108 എംപി ക്യാമറയിലാണ്. ഇതാകട്ടെ, പുതിയൊരു മാറ്റത്തിന്റെ തുടക്കവുമാണ്. ഇത്രയും കാലം, 64 എംപി ക്യാമറകൾ ആയിരുന്നു മിക്ക ഫോണുകളിലും വന്നിരുന്നത്. ആപ്പിള്‍, ഗൂഗിള്‍, സാംസങിന്റെ മുന്തിയ മോഡലുകള്‍ ഇവയൊക്കെ മെഗാപിക്‌സല്‍ യുദ്ധത്തിലേക്ക് തങ്ങളുടെ ഉപയോക്താക്കളെ വലിച്ചിഴച്ചിരുന്നില്ല. ഐഫോണ്‍ 11 പ്രോയ്ക്ക് വെറും 12 എംപി ക്യാമറയെ ഉള്ളു. ഗൂഗിള്‍ പിക്‌സല്‍ 4, സാംസങ് ഗ്യാലക്‌സി എസ്10 എന്നിവയും 12എംപി സെന്‍സറുകള്‍ പ്രധാന ക്യാമറയായി ഉപയോഗിക്കുന്നു. എന്നാല്‍, ഷഓമി റെഡ്മി നോട്ട് 8 പ്രോയ്ക്കുള്ളത് 64 എംപി ക്യാമറായാണ്. ആപ്പിളും ഗൂഗിളുമൊക്കെ അധിക കാശും വാങ്ങി ആളുകളെ പറ്റിക്കുകയാണോ? റെഡ്മി നോട്ട് 8 പ്രോയിലെ ചിത്രങ്ങള്‍ ഐഫോണിലേതിനേക്കാള്‍ അഞ്ചു തവണയെങ്കിലും മികച്ചതായിരിക്കുമോ?

സ്മാര്‍ട് ഫോണ്‍ ക്യാമറയിലെ പിക്‌സലുകളുടെ എണ്ണത്തില്‍ വലിയ കാര്യമില്ല. ഒരു മെഗാപിക്‌സല്‍ എന്നു പറഞ്ഞാല്‍ 10 ലക്ഷം പിക്‌സലുകളാണ്. യുക്തിപൂർവം ചിന്തിച്ചാല്‍ കൂടുതല്‍ മെഗാപിക്‌സലുള്ള ക്യാമറയ്ക്ക് കൂടുതല്‍ മികച്ച ചിത്രം എടുക്കാനും സാധിക്കണം. എന്നാല്‍, 64എംപി ക്യാമറ 12 എംപിയെക്കാള്‍ മികച്ച ചിത്രമെടുക്കുമെന്ന വദത്തിന്റെ പ്രശ്‌നമിതാണ് – എല്ലാ പിക്‌സലുകളും ഒരേ രീതിയില്‍ സൃഷ്ടിക്കുന്നവയല്ല. കൂടുതല്‍ മെഗാപിക്‌സല്‍ ഉണ്ട് എന്നതിനാല്‍ കൂടുതല്‍ മികച്ച ഫോട്ടോ ലഭിക്കുകയുമില്ല. സ്മാര്‍ട് ഫോണ്‍ ക്യാമറകളുടെ ഒരു വലിയപ്രശ്‌നം അവയില്‍ ഉപയോഗിക്കുന്ന സെന്‍സറുകളുടെ വലുപ്പമാണ്. അവയിലേക്ക് കൂടുതല്‍ മെഗാപിക്‌സല്‍ കുത്തിനിറച്ചെന്നു കരുതി അത് കൂടുതല്‍ മികച്ച ഫോട്ടോ നൽകില്ല. തീര്‍ച്ചയായും പല മടങ്ങ് വലിയ ഫയല്‍ തരും.

2005ല്‍ ഇറങ്ങിയ നിക്കോണ്‍ ഡി200 ഡിഎസ്എല്‍ആറിന് ഉള്ളത് വെറും 10 എംപി സെന്‍സറാണ്. എന്നാല്‍ സ്മാര്‍ട് ഫോണുകളെ അപേക്ഷിച്ച് വളരെ വലുപ്പമുള്ള സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനാല്‍ എല്ലാ സാഹചര്യത്തിലും ഫൊട്ടോഗ്രഫി അറിയാവുന്നയാളിന്റെ കൈയ്യിലാണ് ഇരിക്കുന്നതെങ്കില്‍ ഇന്നത്തെ ഏറ്റവും മികച്ച സ്മാര്‍ട് ഫോണുകളെക്കാള്‍ മെച്ചപ്പെട്ട, ക്ലീന്‍ ഫോട്ടോകളെടുക്കും. പ്രത്യേകിച്ചും നല്ല ലെന്‍സാണ് ഉപയോഗിക്കുന്നതെങ്കില്‍. സ്മാര്‍ട് ഫോണ്‍ 200 എംപി ചിത്രമാണ് എടുക്കുന്നതെങ്കില്‍ പോലും. (ഈ വര്‍ഷം 190 എംപിയ്ക്കു മുകളിലുള്ള ക്യമറകള്‍ ഇറങ്ങിയേക്കാമെന്ന് പറയുന്നു. പുതിയ സ്‌നാപ്ഡ്രാഗണ്‍ 865 പ്രൊസസര്‍ 200 എംപി ക്യാമറ പോലും സപ്പോര്‍ട്ട് ചെയ്യുന്നതാണ്.)

ഇവിടെ മറ്റൊരു കാര്യം കൂടെ സൂചിപ്പിക്കേണ്ടിയിരിക്കുന്നു- ഡിഎക്‌സോ മാര്‍ക്കിന്റെ ക്യാമറാ റെയ്റ്റിങ്ങില്‍ ഇപ്പോള്‍ മുൻപില്‍ നില്‍ക്കുന്നത് മൂന്നു വാവെയ് ഫോണുകളാണ് - മെയ്റ്റ് 30 പ്രോ 5ജി, ഓണര്‍ വി30 പ്രോ, മെയ്റ്റ് 30 പ്രോ. സാങ്കേതികമായി പറഞ്ഞാല്‍ വാവെയ് ആപ്പിളും, സാംസങും, ഗൂഗിളുമടക്കം ഉള്ള കമ്പനികള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ വലുപ്പമുള്ള സെന്‍സറുകളാണ് (1/1.7'') ഉപയോഗിക്കുന്നു എന്നത് അവര്‍ക്ക് നേരിയ ലീഡ് സമ്മാനിക്കുന്നതില്‍ പ്രധാന കാരണമാണ്. ചുരുക്കി പറഞ്ഞാല്‍ കൂടുതല്‍ വലിയ സെന്‍സറും പ്രോസസിങ് ശേഷിയുമുണ്ടെങ്കില്‍ അല്‍പ്പം മെച്ചപ്പെട്ട ഫോട്ടോ ലഭിച്ചേക്കാം.

മെഗാപിക്‌സല്‍ യുദ്ധം തുടങ്ങാന്‍ പോകുന്നു

ഷഓമി, റിയല്‍മി തുടങ്ങിയ കമ്പനികളാണ് 64ഉം 108ഉം എംപി സെന്‍സറുകള്‍ ഉപയോഗിക്കാന്‍ ചാടി പുറപ്പെട്ടിരിക്കുന്നത്. എന്നാല്‍, അടുത്തിടെ ഇറങ്ങിയ 'സാംസങ് ഗ്യാലക്‌സി എസ്20 അള്‍ട്രാ 5ജി' മോഡലിന് 108എംപി സെന്‍സറാണ് കമ്പനി നല്‍കിയത്. ഷഓമിയുടെ മി10 ലും 108 എംപി ക്യാമറയുണ്ട്. ഈ ക്യാമറ നിലവിലുള്ള പല ഫോണുകളെക്കാളും അല്‍പ്പം മികച്ച ചിത്രങ്ങള്‍ എടുക്കുകയും ചെയ്‌തേക്കാം. അപ്പോള്‍, കൂടുതല്‍ കമ്പനികള്‍ ഈ വഴി തിരഞ്ഞെടുക്കുകയും ചെയ്‌തേക്കാം. ഫയല്‍ സൈസ് വട്ടം ഉയരും. അതോടെ സംഭരണശേഷി എത്ര ഉണ്ടെങ്കിലും മതിയാവാത്ത അവസ്ഥയും വരാം. എന്നാല്‍, നിലവിലെ 12എംപി ക്യാമറകള്‍ എടുക്കുന്ന ചിത്രങ്ങളെക്കാള്‍ വലിയ വ്യത്യാസം കാണുകയുമില്ല എന്നതിനാലാണ് പലരും പറയുന്നത് ഇത് ആവശ്യമില്ലാത്ത ഒരു മത്സരമാണെന്ന്.

ഷഓമി റെഡ്മി നോട്ട് 8 പ്രോയുടെ 64എംപി ക്യാമറ എടുക്കുന്ന ഒരു ചിത്രം ഏകദേശം 17എംബി ഉണ്ടാകും. എന്നാല്‍, ഭാഗ്യവശാല്‍ പല ഫോണ്‍ നിര്‍മാതാക്കളും സൈസ് കുറച്ചുളള മോഡുകളാണ് ഡിഫോള്‍ട്ടായി നൽകുന്നത്. വേണ്ടവര്‍ക്ക് മുഴുവന്‍ റെസലൂഷനും ഉപയോഗിക്കുകയും ചെയ്യാം.

റെസലൂഷന്‍ കൂടുന്നതോടെ കൂടുതല്‍ ശ്രദ്ധയോടെ ചിത്രം എടുക്കേണ്ടതായും വരാം. മറ്റൊന്ന്, പ്രോസസറിന്റെ കരുത്താണ്. കൂടിയ റെസലൂഷനുളള ക്യാമറ സെന്‍സറും ശക്തികുറഞ്ഞ പ്രോസസറും നന്നായി പ്രവര്‍ത്തിക്കണമെന്നില്ല. അതേസമയം, കൂടുതല്‍ ഡേറ്റ കൈകാര്യം ചെയ്യാന്‍ ശക്തിയുള്ള പ്രോസസറും കൂടുതല്‍ റെസലൂഷനുള്ള സെന്‍സറും താരതമ്യേന ഭേദപ്പെട്ട റിസള്‍ട്ട് തരും. ഇതൊക്കെയാണെങ്കിലും ഓര്‍ക്കേണ്ട കാര്യം കൂടിയ റെസലൂഷനുള്ള സെന്‍സര്‍ കുറഞ്ഞ റെസലൂഷനുള്ള സെന്‍സറിനെ പൂര്‍ണമായും നിഷ്പ്രഭമാക്കുന്ന പ്രകടനമൊന്നും നടത്താന്‍ പോകുന്നില്ല എന്നതാണ്. മറ്റൊന്ന്, നൈറ്റ് മോഡാണ്. ഗൂഗിളിന്റെയും ആപ്പിളിന്റെയും മറ്റും നൈറ്റ് മോഡുകള്‍ മൊബൈല്‍ ക്യാമറകളുടെ കാര്യത്തില്‍ മികവു പുലര്‍ത്തുന്നു.

ക്വാല്‍കം

സ്‌നാപ്ഡ്രാഗണ്‍ പ്രോസസറുകള്‍ ഇറക്കുന്ന ക്വാല്‍കം ഈ കാര്യത്തില്‍ കുറച്ചു വെളിച്ചം പകരുന്നുണ്ട്. ക്വാല്‍കം വൈസ് പ്രസിഡന്റായ കേഡാര്‍ കൊണ്‍ഡാപ് പറയുന്നത്, 192ഉം 200ല്‍ അധികവും എംപി റെസലൂഷനുള്ള ക്യാമറ സെന്‍സറുകള്‍ വരുന്നുണ്ട്. തങ്ങള്‍ അവയെ സപ്പോര്‍ട്ട് ചെയ്യുന്ന പ്രോസസറുകളും ഇറക്കുന്നു. എന്നു കരുതി അത്ര റെസലൂഷന്‍ അധികം പേര്‍ക്കു ആവശ്യമില്ല എന്നാണ് അദ്ദേഹം പറയുന്നത്. ക്വല്‍കമിന് കാര്യമറിയാമെങ്കിലും ഫോണ്‍ നിര്‍മ്മാതാക്കള്‍ കൂടുതല്‍ റെസലൂഷനുള്ള ക്യാമറകള്‍ ഉപയോക്താക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ഇറങ്ങിത്തിരിക്കുകയാണ്.

ക്യാമറാ സ്‌പെസിഫിക്കേഷന്‍ ഉയര്‍ത്തിക്കാട്ടി തങ്ങളുടെ ഫോണാണ് മികച്ചതെന്ന് വിളിച്ചുപറയാന്‍ ആഗ്രഹിക്കുന്ന കമ്പനികളാണ് മെഗാപിക്‌സല്‍ യുദ്ധം മുറുകാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കോണ്‍ഡാപ് പറയുന്നത് ഉപയോക്താക്കളെ മെഗാപിക്‌സല്‍ മിത്തിനെക്കുറിച്ച് ബോധവല്‍ക്കരിക്കുകയാണ് വേണ്ടതെന്നാണ്.

എന്നാല്‍, ചിലപ്പോള്‍ ഉപയോക്താവിന് വിനോദയാത്രയ്ക്കിടയിലും മറ്റും ഒരു സവിശേഷ ചിത്രം വേണമായിരിക്കാം. അത്തരം അവസരങ്ങളില്‍ കൂടിയ റെസലൂഷനുള്ള ചിത്രം കൂടുതല്‍ ഉപകാരപ്രദമാകുകയും ചെയ്യാം. ഉപയോക്താക്കള്‍ അവസരത്തിനനുസരിച്ച് ചിത്രങ്ങള്‍ എടുക്കുക. കൂടിയ റെസലൂഷനില്‍ മാത്രമേ ഷൂട്ടു ചെയ്യൂ എന്നുവച്ചാല്‍ വളരെ പെട്ടെന്ന് സ്റ്റോറേജ് ശേഷി കുറയും.

ഓര്‍ക്കേണ്ട കാര്യങ്ങള്‍:

∙ 12 എംപി സെന്‍സറിനേക്കാള്‍ വന്‍ മാറ്റമൊന്നും 108 എംപി സെന്‍സര്‍ കൊണ്ടുവരുന്നില്ല.
∙ കൂടിയ റെസലൂഷന്‍ മോഡ് മാത്രം ഉപയോഗിച്ചാല്‍ സ്‌റ്റോറേജ് സ്‌പെയ്‌സ് പെട്ടെന്നു തീരും.
∙ ഏറെ പ്രിയപ്പെട്ട ഒരു സീനാണെങ്കില്‍ കൂടിയ റെസലൂഷനില്‍ ഷൂട്ടു ചെയ്യുക.
∙ കൂടിയ റെസലൂഷന്‍ സെന്‍സറാണുള്ളതെങ്കില്‍ പ്രോസസറും മികച്ചതാണെന്ന് ഉറപ്പു വരുത്തുക.

English Summary : Consumers not given the real picture in megapixel war?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com