sections
MORE

നിർമിത ബുദ്ധിയുള്ള ആദ്യത്തെ ഫൊട്ടോഗ്രാഫി സെന്‍സറുമായി സോണി

ai-sensor
SHARE

ലോകത്തെ ഏറ്റവും വലിയ ഫൊട്ടോഗ്രാഫി സെന്‍സര്‍ നിര്‍മാതാവായ സോണി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ എഐ അടക്കം ചെയ്ത ലോകത്തെ ആദ്യത്തെ ഇമേജ് സെന്‍സര്‍ സൃഷ്ടിച്ചതായി പ്രഖ്യാപിച്ചു. കുടുതല്‍ വേഗത്തിലും സുരക്ഷിതമായും ഇവ പ്രവര്‍ത്തിക്കുമെന്ന് കമ്പനി അറിയിച്ചു. ആപ്പിള്‍ അടക്കമുള്ള പ്രധാന സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളില്‍ പലരും ക്യാമറാ നിര്‍മാണത്തിനായി സോണിയുടെ സെന്‍സറാണ് ഉപയോഗിച്ചുവരുന്നത്. ഈ ടെക്‌നോളജി ആദ്യമായാണ് അവതരിപ്പിക്കപ്പെടുന്നത് എന്ന് അറിയിച്ച സോണി പറയുന്നത് ഇതോടെ ക്യാമറകള്‍ക്ക് ബുദ്ധിയുള്ള ദൃഷ്ടി കൈവരുമെന്നാണ്. പുതിയ സെന്‍സറുകള്‍ക്ക് റീട്ടെയിൽ വ്യാപാര രംഗത്തും വ്യവസായരംഗത്തും വരെ പ്രയോജനപ്പെടുത്താവുന്ന ശേഷിയുള്ള ഒന്നാണ് തങ്ങളുടെ പുതിയ സെന്‍സറെന്ന് കമ്പനി അറിയിച്ചു.

സെന്‍സര്‍ സമ്പൂര്‍ണ്ണ കംപ്യൂട്ടര്‍ തന്നെ

നിലവിലുള്ള ഫോണ്‍ ക്യാമറകള്‍ക്ക് എഐ ഇല്ലെ? അപ്പോള്‍ പിന്നെ ഇതിനെന്താണിത്ര പുതുമ? നിലവിലുള്ള സെന്‍സറുകള്‍ക്ക് എഐ ഇല്ല. അവയെ ഫോണിലുള്ള എഐയുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. എന്നാല്‍, സോണിയുടെ പുതിയ ഇമേജിങ് ചിപ്പുകള്‍ ഒരു 'സമ്പൂര്‍ണ്ണ കംപ്യൂട്ടറിനെ' പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിനൊരു ലോജിക് പ്രോസസറും മെമ്മറിയുമുണ്ട്. അവയ്ക്ക് ചിത്രങ്ങളെ തിരിച്ചറിയാന്‍ ഒരു ഫോട്ടോ എടുക്കേണ്ട കാര്യമില്ല. നിലവില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ജോലികളായ (മുഖം) തിരിച്ചറിയലും വിശകലനവും എല്ലാം നടത്താന്‍ ഫോട്ടോ എടുത്ത് ഫോണിന്റെയും മറ്റും പ്രോസസറിലേക്കും അയയ്ണം. എന്നാല്‍ പുതിയ രീതി ഉപയോഗിച്ചാല്‍ അതൊന്നും വേണ്ട. കൂടാതെ, സ്വകാര്യതപോലും വര്‍ധിപ്പിക്കുമെന്ന് സോണി അറിയിച്ചു. അതേസമയം, തല്‍സമയ വിശകലനവും നടക്കും. നീങ്ങുന്ന വസ്തുക്കളെ ട്രാക്കു ചെയ്യാനുമാവും.

മുൻപില്‍ വാവെയും ഗൂഗിളും

ഇതോടെ, സമ്പൂര്‍ണ്ണ എഐ ചിപ്പുകള്‍ നിര്‍മിക്കുന്ന വാവെയ്, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ക്ക് ഒപ്പമെത്തുകയാണ് സോണിയും. വാവെയും ഗൂഗിളും വര്‍ഷങ്ങളായി ഡെഡിക്കേറ്റഡ് എഐ ചിപ്പുകളുടെ നിര്‍മാണത്തിനായി ശ്രമിക്കുന്ന കമ്പനികളാണ്. ഇതിലൂടെ നിരവധി പുതിയ മാറ്റങ്ങളാണ് ഇരു കമ്പനികളും കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഫോട്ടോ പ്രോസസിങ് മുതല്‍ മെഷീന്‍ലേണിങ് വരെ അടക്കം ചെയ്ത ചിപ്പുകളാണ് ഇരു കമ്പനികളും നിര്‍മിക്കാന്‍ ശ്രമിക്കുന്നത്. സോണിയുടെ പുതിയ സെമികണ്‍ഡക്ടറുകള്‍ ഓഗ‌്മെന്റഡ് റിയാലിറ്റിയുടെ പ്രയോഗത്തിനും ഉപകരിക്കുമെന്നു കരുതുന്നു. സ്മാര്‍ട് ഫോണുകളിലും മറ്റും പുതിയ ചിപ്പ് എത്തുമെങ്കില്‍ അത് എആറിനും പ്രയോജനപ്പെടും.

സോണിയുടെ പുതിയ എഐ-ഓഗ്‌മെന്റഡ് റിയാലിറ്റി സെന്‍സര്‍ സാധാരണ എടുക്കുന്ന തരം 12 എംപി ഫോട്ടോ എടുക്കുമെന്നതു കൂടാതെ സെക്കന്‍ഡില്‍ 60 ഫ്രെയിം 4കെ വിഡിയോയും പകര്‍ത്തും. എന്നാല്‍, സാധാരണ ചിപ്പുകളെ പോലെയല്ലാതെ സെന്‍സര്‍ കണ്ടതിന്റെ മെറ്റഡേറ്റ മാത്രമായിരിക്കും ചിപ്പ്സമര്‍പ്പിക്കുക. ഇതിപ്പോള്‍ ഏതു രീതിയില്‍ പ്രയോജനപ്പെടുത്താമെന്നും സോണി പറഞ്ഞു തരുന്നു- പൊതു സ്ഥലത്തെത്തുന്നവരുടെ എണ്ണമെടുക്കുക, ചൂടും, ജനത്തിരക്കും രേഖപ്പെടുത്തുക, റീട്ടെയില്‍ കടകളില്‍ സാധനം വാങ്ങാനെത്തുന്നവരുടെ പെരുമാറ്റം നിരീക്ഷിക്കുക. നിലവിലുള്ള ക്യാമറകളും മറ്റും ഫോട്ടോയും വിഡിയോയും മറ്റും റെക്കോഡ് ചെയ്താണ് ഇക്കാര്യങ്ങള്‍ സാധിക്കുന്നത്. ഇതാകട്ടെ, പലപ്പോഴും സ്വകാര്യതയുടെ ലംഘനവുമാണ്. സോണിയുടെ ചിപ്പിന് ഇങ്ങനെ ചെയ്യാതെ തന്നെ മെറ്റാഡേറ്റ വായിച്ച് വേണ്ടതെല്ലാം ചെയ്യാനാകും.

തുടക്കത്തില്‍ ഇത് വ്യാവസായികാവശ്യങ്ങൾക്കായിരിക്കും ഉപയോഗിക്കുക എങ്കിലും തുടര്‍ന്ന് കണ്‍സ്യൂമര്‍ ഉപകരണങ്ങളിലേക്കും എത്തിക്കാനാണ് സോണിയുടെ ലക്ഷ്യം. ശരിക്കും ഒരു ഫോട്ടോ പോലും എടുക്കാതെ, സ്മാര്‍ട് ഫോണ്‍ പോലെയൊരു ഒരു പേഴ്‌സണല്‍ ഉപകരണത്തിന് സാധനങ്ങളെയും ആളുകളെയും സുരക്ഷിതമായി തിരിച്ചറിയാനാകുമെന്നതാണ് ഇതിന്റെ മികവായി പറയുന്നത്. നീങ്ങുന്ന സാധനങ്ങളെയും ആളുകളെയും തിരിച്ചറിയാമെന്നതിനാല്‍ വിഡിയോയും ഫോട്ടോയും എല്ലാം ഫോക്കസ് മാറാതെ പിടിച്ചെടുക്കാന്‍ സാധിക്കും. ഇതിലൂടെ കായിക മത്സരങ്ങളും, കുട്ടികളുടെയും വളര്‍ത്തു മൃഗങ്ങളുടെയുമൊക്കെ കസര്‍ത്തുകളും റെക്കോഡ് ചെയ്യാന്‍ നിലവിലുള്ള ക്യാമറകളെക്കാള്‍ മികവു കാട്ടുമെന്നു കരുതുന്നു.

ആപ്പിള്‍ തുടങ്ങിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കള്‍ക്കും, നിക്കോണ്‍ തുടങ്ങിയ ക്യാമറാ നിര്‍മാതാക്കള്‍ക്കും ക്യാമറാ സെന്‍സറുകള്‍ വര്‍ഷങ്ങളായി നിര്‍മിച്ചു നല്‍കുന്നത് സോണിയാണ്. ഒന്നിലേറെ ക്യാമറകളുള്ള ഫോണുകള്‍ വന്നതോടുകൂടി സോണിക്ക് തിരക്കു പതിന്മടങ്ങ് വര്‍ധിക്കുകയായിരുന്നു. തങ്ങളുടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നേടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ എഐ ഇമേജിങ് ചിപ്പ് എന്ന് സോണി പറഞ്ഞു. ഇതോടെ സോണി പുതിയ മേഖലയിലേക്ക് കടക്കുകയായിരിക്കും. തങ്ങളുടെ പുതിയ സെന്‍സറുകള്‍ അവ വാങ്ങാന്‍ സാധ്യതയുള്ള കമ്പനികള്‍ക്ക് പരീക്ഷണങ്ങള്‍ നടത്താന്‍ അയച്ചുകൊടുത്തു കഴിഞ്ഞതായും കമ്പനി അറിയിച്ചു.

English Summary: Sony’s first AI image sensor will make cameras everywhere smarter

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA