ഫോട്ടോഗ്രാഫറുടെ ക്യാമറ- ആകര്‍ഷകമായ വിലയുമായി നിക്കോണ്‍ സെഡ് 5

nikon-z5
SHARE

അടുത്തകാലത്തായി ഇറങ്ങുന്ന ക്യാമറകളെല്ലാം, മിറര്‍ലെസ് ആയാലും ഡിഎസ്എല്‍ആര്‍ ആയാലും അവയുടെ ഇരട്ടമുഖം വെളിവാക്കി വരികയാണ്. ഫോട്ടോയും വിഡിയോയും ഷൂട്ടു ചെയ്യാനുള്ള കഴിവാണത്. അടുത്തിടെ ഇറക്കിയ ക്യാനന്‍ ഇഒഎസ് ആര്‍ 5, ആര്‍ 6 ക്യാമറകള്‍ ഇതിന് ഉത്തമോദാഹരണങ്ങളാണ്. എന്നാല്‍ നിക്കോണ്‍ പുതിയതായി ഇറക്കിയിരിക്കുന്ന സെഡ് 5 ക്യാമറ വിഡിയോ ഷൂട്ടു ചെയ്യുമെങ്കിലും അത് പ്രധാനമായും ഒരു ഫോട്ടോഗ്രാഫറുടെ ക്യാമറയാണ്. നിക്കോണ്‍ ഇതുവരെ ഇറക്കിയിരിക്കുന്ന ഫുള്‍ഫ്രെയിം ക്യാമറകളില്‍ ഏറ്റവും വില കുറഞ്ഞതും ഇതാണ്. നിക്കോണ്‍ മിറര്‍ലെസ് സിസ്റ്റത്തിലേക്ക് കടക്കാനാഗ്രഹിക്കുന്നവര്‍, രണ്ടാമതൊരു ക്യാമറ വേണമെന്നുള്ളവര്‍ തുടങ്ങിയവര്‍ക്ക് പരിഗണിക്കാവുന്ന മോഡലാണ് 24 എംപി സീമോസ് സെന്‍സറുള്ള ക്യാമറ. കമ്പനി നേരത്തെ ഇറക്കിയ ഫുള്‍ഫ്രെയിം ക്യാമറകളില്‍ നിന്ന് ധാരാളമായി കടമെടുത്താണ് സെഡ് 5 നിര്‍മിച്ചിരിക്കുന്നത് എന്നതില്‍ അത് തഴയപ്പെടേണ്ട ക്യാമറയല്ല എന്നു മനസിലാക്കാം. മുന്‍ മോഡലുകള്‍ക്കു ശക്തിപകരുന്ന എക്‌സ്പീഡ് 6 പ്രോസസര്‍, 5 സ്‌റ്റോപ് വരെ ഇന്‍-ബോഡി ഇമേജ് സ്റ്റബിലൈസേഷന്‍ തുടങ്ങിയ മികവുകളെല്ലാം ഉണ്ട്. മുന്‍ മോഡലുകളെപ്പോലെയല്ലാതെ ഇരട്ട മെമ്മറി കാര്‍ഡ് സ്ലോട്ടും ഉണ്ട്. സെക്കന്‍ഡില്‍ 4.5 ഫ്രെയിം ആണ് ഷൂട്ടിങ് സ്പീഡ്. ഈ സ്പീഡില്‍ എത്ര ജെയ്‌പെഗ്, റോ ചിത്രങ്ങള്‍ വേണമെങ്കിലും എടുക്കാമെന്നു പറയുന്നു (അതായത് മെമ്മറി കാര്‍ഡ് നിറയുന്നതു വരെ.)

സെഡ് 5ന്റെ നിര്‍മിതിക്ക് പോളികാര്‍ബണേറ്റ് മെറ്റീരിയലും ഉപയോഗിച്ചിട്ടുണ്ട്. നേരത്തെ ഇറക്കിയ സെഡ് 6 കൂടുതലും മഗ്നീഷിയം അലോയ് ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. എന്നാലും, ആവശ്യത്തിനു വെതര്‍ സീലിങ് ഉണ്ട് സെഡ് 5ന്. മുന്‍ ബോഡികളെ പോലെയല്ലാതെ ടോപ് എല്‍സിഡി ഇല്ല. സെഡ് 6ന്റെ അതേ വലുപ്പവും ഭാരവുമാണ് സെഡ് 5നും - 675 ഗ്രാം. എന്നാല്‍, വ്യൂഫൈന്‍ഡര്‍ സെഡ് 6, സെഡ് 7 ക്യാമറകളുടേതിനു സമാനമാണ്. മുന്‍ മോഡലുകള്‍ക്ക് ഉപയോഗിക്കുന്ന പല ആക്‌സസറികളും പുതിയ മോഡലിനും ഉപയോഗിക്കാം. ക്യാമറ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴും യുഎസ്ബിയിലൂടെ ചാര്‍ജ് ചെയ്യാം. സ്വാഭാവിക ഐഎസ്ഒ 100-1200 ആണ്. ഇത് 50-102400 ആയി ബൂസ്റ്റു ചെയ്യാം. 3.2-ഇഞ്ച് വലുപ്പമുള്ള ടില്‍റ്റു ചെയ്യാവുന്ന പിന്‍ എല്‍സിഡി ഉണ്ട്.

∙ വിഡിയോ

ഇക്കാലത്തിറങ്ങുന്ന ഓള്‍റൗണ്ടര്‍ ക്യാമറകളെ പോലെയല്ലാതെ, നിക്കോണ്‍ സെഡ് 5ന് വിഡിയോ റെക്കോഡിങില്‍ ചില പരിമിതികളുണ്ട് - അത് 4കെ വിഡിയോ റെക്കോഡു ചെയ്യുമെങ്കിലും അതിന് 1.7X ക്രോപ് ഉണ്ട്. ചുരുക്കി പറഞ്ഞാല്‍ നിങ്ങള്‍ വിഡിയോ ഷൂട്ടു ചെയ്യാന്‍ ഉദ്ദേശിക്കുന്നയാളാണെങ്കില്‍ സെഡ്6 ആണ് ഇപ്പോഴും മികച്ചത്. 1080 പി മോഡിന് ഫുള്‍ഫ്രെയിം റീഡ് ഔട്ട് ഉണ്ടെങ്കിലും അത് സെക്കന്‍ഡില്‍ 60 ഫ്രെയിം ആയിരിക്കും പരമാവധി ഷൂട്ടിങ് സ്പീഡ്. 10ബിറ്റ് വിഡിയോ റെക്കോഡിങ്, പ്രോറെസ് റോ തുടങ്ങിയ ഫീച്ചറുകളും സപ്പോര്‍ട്ട് ചെയ്യില്ല. അവയെല്ലാം വേണമെന്നുള്ളവര്‍ സെഡ് 6 തന്നെ പരിഗണിക്കുന്നതായിരിക്കും ഉചിതം. പല വിപണികളിലും സെഡ് 6ന്റെ വിലയും കുറച്ചിട്ടുണ്ട്.

എന്നാല്‍, ഒരു ഫോട്ടോഗ്രാഫറുടെ ദൃഷ്ടിയില്‍ സെഡ് 6നെ അപേക്ഷിച്ച് ഇതിന് വലിയ കുറവുകളില്ല. എടുത്തു പറയേണ്ട ഒരു ന്യൂനത സെഡ് 6ന് നല്‍കിയിരിക്കുന്നതു പോലെ ഒരു ബാക്‌സൈഡ് ഇലൂമിനേറ്റഡ് സെന്‍സറല്ല സെഡ് 5ന്റേത് എന്നതാണ്. സെഡ് 6ല്‍ കുറച്ചുകൂടെ ആധുനിക സെന്‍സര്‍ ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ അത്തരം കാര്യങ്ങളൊന്നും ഈ ക്യമാറ വാങ്ങാനിടയുള്ളവര്‍ക്ക് അനുഭവവേദ്യമാകാനുള്ള സാധ്യത കുറവാണ്.

∙ ഓട്ടോഫോക്കസ്

നിലവിലുള്ള ഏതു നിക്കോണ്‍ ക്യാമറയ്ക്കും ലഭ്യമായ ഓട്ടോഫോക്കസ് മികവ് ഈ ക്യമാറയ്ക്കും ഉണ്ട് എന്നാണ് പറയുന്നത്. മൃഗങ്ങളുടെ കണ്ണു തിരിച്ചറിയല്‍ അടക്കം നിക്കോണില്‍ ലഭിക്കുന്ന എല്ലാ ഫീച്ചറുകളും സെഡ് 5നും നല്‍കിയിരിക്കുന്നു. എന്നാല്‍ ഇത് അവരുടെ അടുത്ത എതിരാളികളായ ക്യാനന്‍, സോണി എന്നീ കമ്പനികളുടെ ഏറ്റവും മികച്ച സിസ്റ്റങ്ങളോട് കിടപിടിക്കുമോ എന്നത് മറ്റൊരു ചോദ്യമാണ്.

∙ വില

1399 ഡോളര്‍ വിലയിട്ടിരിക്കുന്ന ഈ ക്യമറ നിക്കോണ്‍ പ്രേമകള്‍ക്ക് വളരെ ആകര്‍ഷകമായിരിക്കുമെന്നാണ് കരുതുന്നത്. ഫോട്ടോ എടുക്കും, കുറച്ചു വിഡിയോയും എന്ന തരത്തിലുളള ഷൂട്ടര്‍ക്ക് വളരെ അനുയോജ്യമായ ബോഡി ആയിരിക്കുമിത്.

∙ ഒതുക്കമുള്ള നിക്കോര്‍ 24-50 ലെന്‍സ്

പുതിയ ക്യമാറാ ബോഡിക്കൊപ്പം വില കുറഞ്ഞ, എന്നാല്‍ ഒതുക്കമുള്ള ഒരു കിറ്റ് സെന്‍സും അവതരിപ്പിച്ചിട്ടുണ്ട്- നിക്കോര്‍ 24-50mm f/4-6.3 എന്നാണ് മുഴുവന്‍ പേര്. ഇതിന് 400 ഡോളറായിരിക്കും വൈബ്രേഷന്‍ റിഡക്ഷന്‍ പോലുമില്ലാത്ത ഈ ലെന്‍സിന്റെ വില. ഈ കിറ്റ് ലെന്‍സിനൊപ്പം വാങ്ങിയാല്‍ സെഡ്5ന് 1699 ഡോളറായിരിക്കും വില. സെഡ് 5നൊപ്പം ഈ ലെന്‍സിനു പകരം 24-200 F4-6.3 വിആര്‍ ലെന്‍സാണ് വേണ്ടതെങ്കില്‍ 2199 ഡോളര്‍ വില നല്‍കണം.

∙ കാത്തിരുന്ന സെഡ് 70-200mm F2.8 വിആര്‍ എസ് ലെന്‍സ് എന്നിറങ്ങും?

നിക്കോര്‍ മിറര്‍ലെസ് ഉപയക്താക്കള്‍ വളരെക്കാലമമായി കാത്തിരിക്കുന്ന പ്രൊഫഷണല്‍ ലെന്‍സായ സെഡ് 70-200എംഎം എഫ്2.8 വിആര്‍ എസ് ലെന്‍സ് ഓഗസ്റ്റില്‍ ഇറങ്ങുമെന്ന് പറയുന്നു. വില 2599 ഡോളറായിരിക്കും.

English Summary: Nikon launches full-frame mirrorless Nikon Z5 camera

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.