നിങ്ങളുടെ സ്മാര്‍ട് ഫോണ്‍ ഫൊട്ടോഗ്രാഫി മെച്ചപ്പെടുത്താന്‍ ഇതാ ചില സൂത്രവിദ്യകൾ

mobile-photo
SHARE

ഓരോ വര്‍ഷവും എടുക്കുന്ന ഫോട്ടോകളുടെ എണ്ണം വര്‍ധിക്കുകയാണ്. അവ എടുക്കാന്‍ ഉപയോഗിക്കുന്നത് ക്യാമറകളെക്കാള്‍ സ്മാര്‍ട് ഫോണുകളുമാണ്. നിങ്ങള്‍ക്കൊപ്പം എപ്പോഴും കണ്ടേക്കാവുന്ന ക്യാമറ. എന്നാല്‍, ഫൊട്ടോഗ്രാഫിയില്‍ മികവു പുലര്‍ത്തുമെന്നു പറഞ്ഞു വാങ്ങിയ ഫോണ്‍ പലപ്പോഴും അവസരത്തിനുയര്‍ന്നില്ല എന്ന തോന്നല്‍ പലരും പങ്കുവയ്ക്കാറുണ്ട്. എന്തായിരിക്കും കാരണം? പ്രധാന കാരണങ്ങളിലൊന്ന് ഫൊട്ടോഗ്രാഫിയെക്കുറിച്ചുള്ള അറിവല്ലായ്മയും ക്യാമറയുടെ സെറ്റിങ്‌സ് വേണ്ടവിധത്തില്‍ ഉപയോഗിക്കാനുള്ള കഴിവില്ലായ്മയുമാണെന്നു പറയാം. എന്നാല്‍, വര്‍ഷങ്ങള്‍ കഴിയുന്തോറും ഓട്ടോ മോഡുകളില്‍ മികച്ച ചിത്രങ്ങള്‍ ലഭിക്കത്തക്ക രീതിയിലേക്കാണ് ഫോണ്‍ നിര്‍മാതാക്കള്‍ കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിക്കുന്നത്. എന്നാല്‍, നിലവിലുള്ള ഫോണുകള്‍ ഉപയോഗിച്ച് - ഫീച്ചര്‍ ഫോണുകള്‍ പോലും - മികച്ച ചിത്രങ്ങള്‍ എടുക്കാന്‍ പറ്റുന്ന, പൊതുവെ അവഗണിക്കപ്പെടുന്ന ചില കാര്യങ്ങള്‍ പരിശോധിക്കാം.

ഓരോ തവണയും ഫോട്ടോ എടുക്കാന്‍പോകുന്നതിനു മുൻപ് നിങ്ങളുടെ ക്യാമറയുടെ ലെന്‍സിനു മുന്നില്‍ അഴുക്ക് പുരണ്ടിരുപ്പുണ്ടോ എന്നു പരിശോധിക്കുന്നത് നല്ലൊരു ശീലമായിരിക്കും. പോക്കറ്റിലും ബാഗുകളിലും കൊണ്ടു നടക്കുന്ന പല പ്രതലങ്ങളിലും വയ്ക്കുന്ന ഫോണുകളുടെ ലെന്‍സുകളില്‍ എന്തെങ്കിലുമൊക്കെ പറ്റിപ്പിടിക്കാനുള്ള സാധ്യതയുണ്ടാകാം എന്നത് വളരെ സാധ്യതയുള്ള കാര്യമാണ്. പൊടിയും കറിയുടെ മെഴുക്കും വരെ ഫോണിന്റെ ലെന്‍സില്‍ കാണാം. നിങ്ങളുടെ ഫോട്ടോയില്‍ ബാധിച്ചിരിക്കുന്ന മൂടല്‍ ലെന്‍സില്‍ പറ്റിപ്പിടിച്ചിരുന്ന അഴുക്കിന്റെ ഫലമാകാം. ഇതിനാല്‍, അഴുക്കുണ്ടൊ എന്ന് ഫോട്ടോ എടുക്കാന്‍ പോകുന്നതിനു മുൻപ് വെറുതെ പരിശോധിക്കുക. അല്ലെങ്കില്‍ ഫോട്ടൊ കിട്ടിയെന്നു കരുതിയാലും പിന്നെയെപ്പോഴെങ്കിലും സൂക്ഷ്മായി പരിശോധിക്കുമ്പോള്‍ മൂടലോ മറ്റു ദൂഷ്യങ്ങളോ കണ്ടെന്നിരിക്കാം. ക്ലീന്‍ ചെയ്യാന്‍ കണ്ണട തുടയ്ക്കാന്‍ ഉപയോഗിക്കുന്ന മൈക്രോഫൈബര്‍ തുണിക്കഷണമാണ് ഏറ്റവും നല്ലത്. അതുപയോഗിച്ച ശ്രദ്ധാപൂര്‍വ്വം തുടയ്ക്കുക. ഇക്കാലത്ത് മികച്ച ഫോണുകളുടെ ലെന്‍സുകളില്‍ പോറലേല്‍ക്കില്ലെന്നു പറഞ്ഞും വില്‍ക്കുന്നു. അത്തരം ഫോണുകള്‍ക്ക് പോറല്‍ പറ്റില്ലെന്നു കരുതി തുണിയോ, ടി-ഷര്‍ട്ടിന്റെ ഏതെങ്കിലും ഭാഗമോ ഉപയോഗിച്ചും തുടയ്ക്കാം.

ചില ചിത്രങ്ങളില്‍ ഒരു ഭാഗം മുഴുവന്‍ കത്തിപ്പോയിരിക്കുന്നതു പോലെ, യാതൊരു വിശദാംശങ്ങളുമില്ലാതെ തോന്നും. അവിടെ ചിത്രത്തിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ചു പ്രകാശം കൂടുതലായിട്ടാണ് അങ്ങനെ സംഭവിക്കുന്നത്. ഇത് എളുപ്പം പരിഹരിക്കാം. എച്ഡിആര്‍ മോഡ് ഉപയോഗിക്കുക എന്നതാണ് ഒരു പരിഹാരമാര്‍ഗം. ആപ്പിള്‍ അടക്കമുള്ള പല നിര്‍മാതാക്കളും ഇപ്പോള്‍ എച്ഡിആര്‍ മോഡാണ് ഡീഫോള്‍ട്ടായി നല്‍കുന്നത്. എച്ഡിആര്‍ മോഡില്ലെന്നു പറഞ്ഞ് നിരാശപ്പെടേണ്ട. വേറൊരു എളുപ്പ വിദ്യയുണ്ട്. സ്‌ക്രീനില്‍ ഏറ്റവും പ്രകാശം കൂടിയ സ്ഥലത്ത് കൈവിരല്‍ കൊണ്ടു സ്പര്‍ശിക്കുക. ഫോണുകള്‍ എക്‌സ്‌പോഷര്‍ അതനുസരിച്ചു ക്രമീകരിക്കുന്നതു കാണാം. എന്നാല്‍, മറ്റുഭാഗങ്ങളില്‍ ഇരുളിമ കൂടുകയും ചെയ്യും. അതിനാല്‍ സബ്ജക്ട് നില്‍ക്കുന്നത് ഇരുണ്ട പ്രദേശത്താണെങ്കില്‍ മറ്റുള്ള ഭാഗങ്ങള്‍ കത്തിപ്പോകട്ടെ എന്നു കരുതുന്നതും നല്ലൊരു നീക്കമായിരിക്കും.

കൂട്ടുകാരുടെയും, കുടുംബാംഗങ്ങളുടെയും ഫോട്ടോ എടുക്കുമ്പോള്‍ നല്ല കോണ്ട്രാസ്റ്റ് ഉള്ള ബാക്ഗ്രൗണ്ട് തിരഞ്ഞെടുക്കുന്നത് ചിത്രത്തിന്റെ ഗുണം മെച്ചപ്പെടുത്തും. നല്ല ബാക്ഗ്രൗണ്ടുകള്‍ കണ്ടെത്താനായില്ലെങ്കില്‍ ഫോട്ടോ എടുക്കേണ്ടവരെ ഉയര്‍ന്ന തലത്തില്‍ നിർത്തി ആകാശം ബാക്ഗ്രൗണ്ട് ആക്കി നോക്കൂ. പലപ്പോഴും ഫോട്ടോകള്‍ക്ക് നാടകീയമായ മാറ്റം വരുന്നതു കാണാം. മുഖം ഇരുണ്ടുപോകുന്നുവെന്നു തോന്നിയാല്‍ ഫ്‌ളാഷും ഉപയോഗിച്ചു പരീക്ഷണം നടത്തി നോക്കുക.

കെട്ടിടങ്ങള്‍ക്കു വെളിയില്‍ ചിത്രങ്ങളെടുക്കുമ്പോള്‍ ഫോട്ടോ എടുക്കുന്നയാളുടെ പിന്നില്‍ സൂര്യന്‍ നില്‍ക്കുന്നതാണ് നല്ലത്. വീടിനുള്ളിലാണെങ്കില്‍ ലൈറ്റുകള്‍ ഫോട്ടോ എടുക്കുന്നയാളുടെ പിന്നില്‍ വരണം. എന്തൊക്കെയായാലും, കത്തി നില്‍ക്കുന്ന പ്രകാശം ഫ്രെയ്മില്‍ വരാതിരിക്കുന്നത് മിക്ക ചിത്രങ്ങള്‍ക്കും ഗുണകരമാകും. അല്ലെങ്കില്‍, ഇരുണ്ട ചിത്രങ്ങളായിരിക്കും ലഭിക്കുക.

ഇന്ന് മിക്ക ഫോണുകള്‍ക്കും പോര്‍ട്രെയ്റ്റ് മോഡ് ഉണ്ട്. ഇത് വിവേചനത്തോടെയെ ഉപയോഗിക്കാവൂ. ഒരാളുടെ ഫോട്ടോയാണ് എടുക്കുന്നതെങ്കില്‍ പോര്‍ട്രെയ്റ്റ് മോഡ് ഗുണകരമായരിക്കും. എന്നാല്‍, ഒന്നിലേറെ ആളുകളുണ്ടെങ്കില്‍ പോര്‍ട്രെയ്റ്റ് മോഡില്‍ ഫോട്ടോ മോശമായി പോകാനുള്ള സാധ്യത വളരെ കൂടുതലാണ്.

അനങ്ങാതെ നില്‍ക്കുന്ന ഏതെങ്കിലും സബ്ജക്ടിന്റെ (പ്രതിമകളും മറ്റും) വിഡിയോ പകര്‍ത്തുമ്പോള്‍ സ്ലോമോഷന്‍ ഷൂട്ടിങ് മോഡിലിട്ട് മുന്നോട്ടു നടന്നു വരിക. ഇത് 3ഡി എഫെക്ട് നല്‍കുന്നതു പോലെ തോന്നും.

ചില ചിത്രങ്ങള്‍ അമ്പേ പാളിപ്പോയി എന്നു തോന്നുന്നുണ്ടോ? വിവിധ എഡിറ്റിങ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പല തരം എഫക്ടുകള്‍ നല്‍കി നോക്കൂ. ചിലപ്പോള്‍ അവയ്ക്ക് ആകര്‍ഷണീയത വരുന്നതു കാണാം. കിട്ടിയില്ലെങ്കില്‍ വെറുതെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആക്കി നോക്കൂ. ചിലപ്പോള്‍ നാടകീയമായ മാറ്റം വരാം.

English Summary: Some unique tips to enhance phone photography

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.