സോണി എ7സി; എക്കാലത്തെയും ഏറ്റവും മികച്ച ഫുള്‍ഫ്രെയിം വ്‌ളോഗിങ് ക്യാമറ?

sony-A7C
SHARE

തങ്ങളുടെ മിറര്‍ലെസ് ശ്രേണിയിലേക്ക് പുതിയൊരു ക്യാമറ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ലോകത്തെ ഏറ്റവും വലിയ ക്യാമറാ സെന്‍സര്‍ നിര്‍മാണ കമ്പനിയായ സോണി. എ7സി എന്നു പേരിട്ടിരിക്കുന്ന ക്യാമറയ്ക്ക് വിപണിയിൽ വൻ പ്രതീക്ഷകളാണ്. സോണിയുടെ എ7 3, എ6600 എന്നീ ക്യമറകളെ ഒരുമിച്ചതാണ് പുതിയ ബോഡി എന്നും പറയാം. എന്നു പറഞ്ഞാല്‍ സോണി എ6600ന്റെ ബോഡിക്കുള്ളിലേക്ക്, എ7 3യുടെ 24എംപി സെന്‍സര്‍ പിടിപ്പിച്ചിരിക്കുന്നു. ഇന്‍-ബോഡി സ്റ്റബിലൈസേഷന്‍ (5-ആക്‌സിസ്) ഉള്ള ലോകത്തെ ഏറ്റവും ചെയറിയ ഫുള്‍ഫ്രെയിം ബോഡിയെന്ന കീര്‍ത്തിയും ഈ സോണി എ7സിക്കാണ്. വലിപ്പക്കുറവും, 509 ഗ്രാമാണ് ബോഡിയുടെ ഭാരമെന്നതും വ്‌ളോഗര്‍മാരെ ആകര്‍ഷിച്ചേക്കും. ഒറ്റ ചാര്‍ജില്‍ 740 ചിത്രങ്ങളെടുക്കാവുന്ന ബാറ്ററിയും ആകര്‍ഷകമായിരിക്കും. ക്യാമറയുടെ സ്വാഭാവിക ഐഎസ്ഒ 100-51,200 റെയ്ഞ്ച് ആണ്. ഇത് 50-204,800 ആയി ബൂസ്റ്റ് ചെയ്യാം. റോ ചിത്രങ്ങള്‍ക്ക് 15 സ്‌റ്റോപ്പ് ഡൈനാമിക് റെയ്ഞ്ച് ലഭിക്കുമെന്നു കമ്പനി പറയുന്നു. 4കെ വിഡിയോ സെക്കന്‍ഡില്‍ 30 ഫ്രെയിം വരെ 8-ബിറ്റില്‍ പകര്‍ത്താം.

വലുപ്പത്തില്‍ എ6600 നും എ7 3യ്ക്കും മധ്യേയാണ് എ7സിയുടെ സ്ഥാനം. ഇതാകട്ടെ, മികച്ച ആദ്യ ക്യാമറ അന്വേഷിക്കുന്ന സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനാണത്രെ. ഒരു ഫുള്‍ ഫ്രെയിം ക്യാമറയുടെ വലുപ്പം പല സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ക്കും ഇഷ്ടപ്പെടുന്നില്ലെന്ന കണ്ടെത്തലാണ് പുതിയ ക്യാമറയുടെ നിര്‍മാണത്തിന് സോണിയെ പ്രേരിപ്പിച്ചതെന്നു പറയുന്നു. എ7സി എന്ന പേരിലെ സി കോംപാക്ട് (ഒതുക്കമുള്ള) എന്ന വാക്കിനു പകരം നില്‍ക്കുന്നു. ബോഡിക്ക് മഗ്നീഷിയം വെതര്‍ സീലിങ് നല്‍കിയിട്ടുണ്ടെന്ന് കമ്പനി പറയുന്നു. പുതിയ ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്ന മോണോകോക്ക് നിര്‍മാണം കമ്പനി മറ്റൊരു ബോഡിയിലും മുൻപൊരിക്കലും പരീക്ഷിച്ചിട്ടില്ല. ക്യാമറയ്ക്ക് നല്ല ആഴത്തിലുള്ള ഗ്രിപ്പാണുള്ളത്. എന്നാല്‍ എ6600ന്റെ ഗ്രിപ്പിനോളം മികച്ചതില്ല ഇതെന്ന് അഭിപ്രായമുണ്ട്. 

പുതിയ ഐബിസ് ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് 5 സ്‌റ്റോപ് സിപാ (CIPA) റെയ്റ്റിങ് ലഭിച്ചിട്ടുണ്ട്. ഫുള്‍ഫ്രെയിം സെന്‍സറും ഐബിഎസും ഇത്ര ചെറിയ ബോഡിയില്‍ ഒതുക്കിയത് ഒരു എൻജിനീയറിങ് മികവായി വിശേഷിപ്പിക്കപ്പെടുന്നു. പുതിയ ഇലക്ട്രോമാഗ്‌നെറ്റിക് ഡ്രൈവ് ഷട്ടറിന്റെ റെയ്റ്റിങ് 200,000 ആണ്. കൂടിയ ഷട്ടര്‍ സ്പീഡ് 1/4000 ആണ്. സയലന്റ് മോഡില്‍ 1/8000 കിട്ടും. യുഎസ്ബി കണക്ഷനിലൂടെ ചാര്‍ജു ചെയ്യുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാവുന്ന ക്യാമറയുമാണ് എ7സി. ടില്‍റ്റു ചെയ്യാവുന്ന എല്‍സിഡി പാനല്‍ വ്‌ളോഗര്‍മാര്‍ക്ക് പ്രിയങ്കരമായിരിക്കും. ഫോക്കസ് ചെയ്യാനും മറ്റും ഈ സ്‌ക്രീന്‍ ഉപയോഗിക്കാമെങ്കിലും, മെന്യൂ തിരഞ്ഞെടുക്കാന്‍ ഈ സ്‌ക്രീന്‍ ഉപയോഗിക്കാന്‍ പറ്റില്ലെന്നത് നിരാശാജനകമായ കാര്യമാണ്.

∙ ലെന്‍സ്

ക്യാമറയ്‌ക്കൊപ്പം ഒരു വളരെ ചെറിയ 28-60mm F4-5.6 ലെന്‍സും പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍, വ്‌ളോഗിങ്ങിനായി ഈ ക്യാമറ വാങ്ങുന്നവര്‍ ലെന്‍സിനു പകരം സോണിയുടെ 20എംഎം 1.8 ലെന്‍സ് വാങ്ങുന്നതായിരിക്കും ഗുണകരമെന്നും അഭിപ്രായമുണ്ട്. വ്‌ളോഗറേയും താന്‍ നില്‍ക്കുന്ന സ്ഥലവും ഓരേ സമയം കാണിക്കാന്‍ കിറ്റ് ലെന്‍സിന് എളുപ്പമായിരിക്കില്ല എന്നാണ് വാദം.

∙ ഗുണ ദോഷങ്ങള്‍

ക്യാമറയുടെ ഏറ്റവും നല്ല ഗുണങ്ങള്‍ സോണിയുടെ ഏറ്റവും മികച്ച പ്രോസസറാണ് എ7സിക്കും ശക്തി പകരുന്നതെന്നും, അത്യാകര്‍ഷകമായ ഓട്ടോഫോക്കസ് സിസ്റ്റം (എ73 മുതലായ ക്യാമറകളെക്കാള്‍ മികച്ചത്) ആണ് പിടിപ്പിച്ചിരിക്കുന്നതെന്നതും നിശ്ചയമായും പരിഗണിക്കേണ്ടതാണ്. ഒതുക്കമുളള ബോഡി, ഫുള്‍ഫ്രെയിം സെന്‍സര്‍, ഐബിസ്, ചെറിയ ബോഡി തുടങ്ങിയവയും ഈ ക്യാമറയെ വളരെ ആകര്‍ഷകമാക്കുന്നു. എന്നാല്‍, ക്യാമറയ്ക്ക് 3 വര്‍ഷം പഴക്കമുള്ള എ7 3യുടെ സെന്‍സര്‍ പിടിപ്പിച്ചത് ഏതു രീതിയിലാണ് ന്യായീകരിക്കാനാകുക എന്നു ചോദിക്കുന്നവരുണ്ട്. സോണി ക്യാമറകള്‍ കൈകാര്യം ചെയ്യാന്‍ ചില ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഇഷ്ടമല്ല. എന്നാല്‍, അതിഷ്ടപ്പെടുന്നവര്‍ക്ക് പുതിയ ക്യാമറ വളരെ സ്വീകാര്യമായിരിക്കാം. പ്രത്യേകിച്ചും എ6000 സീരിസിലെ ക്യാമറകള്‍ പരിചയിച്ചിരിക്കുന്നവര്‍ക്ക് ഇത് മികച്ച ഒരു ബോഡി ആകുമായിരുന്നു. എന്നാല്‍, ക്യാമറയില്‍ പിടിപ്പിച്ചിരിക്കുന്ന എല്‍സിഡി സ്‌ക്രീന്‍ പോലും പഴയതാണ്. 4കെ വിഡിയോ 10-ബിറ്റ് പോലും നല്‍കാത്തതും നിരാശാജനകമാണെന്നും പറയുന്നു. ഏറ്റവും നിരാശാജനകം വിലയാണ്. ബോഡിക്കു മാത്രം 1799 ഡോളര്‍ വില നല്‍കണം. കിറ്റ് ലെന്‍സും ഒപ്പം വാങ്ങാനാണ് തീരുമാനമെങ്കില്‍ 2099 ഡോളര്‍ നല്‍കണം.

അങ്ങനെ വരുമ്പോള്‍, സോണി എ7 3 തന്നെ പരിഗണിക്കുന്നതായിരിക്കില്ലെ നല്ലതെന്ന് തോന്നാം. സോണി എ7 4 അധികം താമസിയാതെ പുറത്തിറക്കിയേക്കുമെന്നതും പരിഗണിക്കേണ്ട മറ്റൊരു ഘടകമാണ്. വലുപ്പം പ്രശ്‌നമല്ലെങ്കില്‍ നിക്കോണ്‍ സെഡ് 6, സെഡ് 5 തുടങ്ങിയ ക്യാമറകളും പരിഗണിക്കാം. വിലയാണ് നോക്കുന്നതെങ്കില്‍ ഏറ്റവും നല്ലത് ക്യാനന്‍ ഇഒഎസ് ആര്‍പിയും പരിഗണിക്കാം. എന്നാല്‍, സോണി ഈ ക്യാമറയിലൂടെ ആകര്‍ഷിക്കന്‍ ശ്രമിക്കുന്നത് വില കൂടിയ സ്മാര്‍ട് ഫോണുകള്‍ ഉപയോഗിക്കുകയും, അതില്‍ നിന്ന് മെച്ചപ്പെട്ട, ഫോട്ടോ-വിഡിയോ പ്രകടനം പ്രതീക്ഷിക്കുന്ന ചെറുപ്പക്കാരെയാണ്. വ്‌ളോഗിങ്ങില്‍ ഒരു കണ്ണുള്ളവര്‍ക്ക് ഈ ബോഡി നിശ്ചയമായും പരിഗണിക്കാം.

English Summary: Is Sony A7C the best ever full frame vlogging camera?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA