ADVERTISEMENT

ലേകത്തെ ഏറ്റവും വലിയ ക്യമാറാ നിര്‍മാണ കമ്പനികളിലൊന്നായ ക്യാനന്‍ വിഡിയോ ഗ്രാഫര്‍മാര്‍ക്കായി അത്യന്തം മികച്ചൊരു ക്യാമറ അവതരിപ്പിച്ചു- ഇഒഎസ് സി70. ഡിഎസ്എല്‍ആറുകളോ, മിറര്‍ലെസ് ക്യാമറകളോ ഉപയോഗിച്ചു വിഡിയോ ഷൂട്ടു ചെയ്യുന്നവര്‍ക്ക് നിശ്ചയമായും ആവേശം പകര്‍ന്നേക്കാവുന്ന ഒരു മോഡലാണ് സി70. ഇത് ക്യാമറാ നിര്‍മാണത്തിലെ ഒരു പുതിയ സങ്കല്‍പ്പമാണെന്നും പറയേണ്ടിയിരിക്കുന്നു. 2008ല്‍ വിഡിയോ റെക്കോഡിങ് ശേഷിയുള്ള ആദ്യ ഡിഎസ്എല്‍ആര്‍ അവതരിപ്പിച്ചത് നിക്കോണാണ്- ഡി90. എന്നാല്‍, ക്യാനന്‍ 5ഡി മാര്‍ക് 2 മുതലുള്ള ക്യാമറകള്‍ ഡിഎസ്എല്‍ആര്‍ ബോഡികളില്‍ വിഡിയോ റെക്കോഡ് ചെയ്യുക എന്നത് ഒരു രീതി തന്നെയാക്കി തീര്‍ത്തു. തുടര്‍ന്നിറങ്ങിയ മിറര്‍ലെസ് ബോഡികളും സ്റ്റില്ലും വിഡിയോയും ഷൂട്ടു ചെയ്യാന്‍ അനുവദിച്ചു. എന്നാല്‍, മറുവശത്ത് ക്യാനനും സോണിയും അടക്കമുള്ള കമ്പനികളുടെ വിഡിയോ മാത്രം ഷൂട്ടു ചെയ്യുന്ന ക്യാമറകളും ഉണ്ടായിരുന്നു. ഇവയ്ക്ക് ഇടയിലാണ് പുതിയ ക്യാനന്‍ സി70യുടെ സ്ഥാനം. മിറര്‍ലെസ് ക്യാമറകളെ അനുസ്മരിപ്പിക്കുന്ന, വിഡിയോ റെക്കോഡു ചെയ്യാനുള്ള ക്യാമറ.

 

∙ ഫീച്ചറുകള്‍

 

ക്യാനന്റെ മിറര്‍ലെസ് ലൈനപ് ആര്‍എഫ് ലെന്‍സ് മൗണ്ടാണ് പുതിയ ക്യാമറയ്ക്ക്. പ്രകീര്‍ത്തിക്കപ്പെട്ട ക്യാനന്റെ പുതിയ ശ്രേണിയിലെ ലെന്‍സുകളെല്ലാം ഈ ബോഡിയിൽ സുഗമമായി പ്രവര്‍ത്തിക്കും. ക്യമറയ്ക്ക് സൂപ്പര്‍35 സെന്‍സറാണ് ഉള്ളത്. കമ്പനിയുടെ അടുത്ത തലമുറ ഇരട്ട ഗെയിന് ഔട്ട്പുട്ട് ടെക്‌നോളജിയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഈ സെന്‍സറുകള്‍ ഒരോ പിക്‌സലിനെയും രണ്ടു രീതിയില്‍ നോക്കിക്കാണുന്നു- ഒന്ന് സാച്ചുറേഷനും ഹൈലൈറ്റ് സംരക്ഷിക്കലിനും പ്രാധാന്യം നല്‍കുന്നുവെങ്കില്‍ അടുത്തത് ഇരുണ്ടപ്രദേശത്തെ നോയിസിനെ കുറയ്ക്കാന്‍ ശ്രമിക്കുന്നു. ഇതു രണ്ടും ഒരുമിക്കുമ്പോള്‍ സെന്‍സറിന് 16ലേറെ സ്‌റ്റോപ് ഡൈനാമിക് റെയ്ഞ്ച് ലഭിക്കുമെന്നാണ് ക്യാനന്‍ പറയുന്നത്. ഇത് ഡിസിഐ 4കെ/60പി അല്ലെങ്കില്‍ 2കെ/120പി വിഡിയോയ്ക്ക് ലഭിക്കും. അതിന് സൂപ്പര്‍ 16 ക്രോപ് ഉണ്ടായിരിക്കും. എന്നാല്‍, ഡൈനാമിക് റെയ്ഞ്ച് വേണ്ടെങ്കില്‍ 4കെ/120പി, 2കെ/180പി എന്നീ രീതികളിലും വിഡിയോ റെക്കോഡ് ചെയ്യാം. ക്രോപും ഉണ്ടാവില്ല. ക്യാനന്റെ ഡ്യുവല്‍ പിക്‌സല്‍ ഓട്ടോഫോക്കസ്, 10-സ്‌റ്റോപ് എന്‍ഡിഫില്‍ട്ടര്‍ (മോട്ടറൈസ് ചെയ്തത്), സിലോഗ്-2/സി-ലോഗ് 3, പിക്യൂ, എച്എല്‍ജി ഗാമ (എച്ഡിആറിനു വേണ്ടി), രണ്ടു മിനി എക്‌സ്എല്‍ആര്‍ മൈക് ഇന്‍പുട്ടുകള്‍, 13 കസ്റ്റമൈസബിൾ ബട്ടണുകള്‍ തുടങ്ങിയവയും നല്‍കുന്നു.

 

നേരത്തെ പുറത്തിറക്കിയ ക്യാനന്റെ ഇഒഎസ് ആര്‍5 എന്ന ഹൈബ്രിഡ് ക്യാമറയുടെ പ്രധാന ദൂഷ്യം അരമണിക്കൂറോളം തുടര്‍ച്ചയായി 8കെ വിഡിയോയും മറ്റും റെക്കോഡു ചെയ്യുമ്പോള്‍ ചൂടാകുന്നു എന്നതാണ്. എന്നാല്‍, സി70ക്ക് കൂളിങ് സിസ്റ്റവും പിടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഈ സിസ്റ്റം ക്യാമറയ്ക്കു വെളിയിലാണ്. പൊടിയും മറ്റും ക്യാമറയുടെ ഉള്‍ഭാഗത്തേക്ക് കടക്കാതിരിക്കാനാണീ മുന്‍കരുതല്‍. ക്യാമറയ്ക്ക് 3.5-ഇഞ്ച് വലുപ്പമുള്ള എല്‍സിഡി പാനലുമുണ്ട്. ക്യാമറയ്‌ക്കൊപ്പം പഴയ ഇഎഫ് ലെന്‍സുകള്‍ പോലും ഉപയോഗിക്കാന്‍ അനുവദിക്കുന്ന അഡാപ്റ്ററുകളും പുറത്തിറക്കിയിട്ടുണ്ട്.

 

∙ മറ്റു ചില ഫീച്ചറുകള്‍

 

∙ ഡയറക്ട് ടച് മെന്യു സിസ്റ്റം

∙ ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷന്‍

∙ കസ്റ്റം പിക്ചര്‍ പ്രോസസിങ്

∙ ഇരട്ട എസ്ഡി കാര്‍ഡ് സ്ലോട്ടുകള്‍

∙ ബില്‍റ്റ്-ഇന്‍ സ്‌റ്റീരിയോ മൈക്

∙ ക്യാനന്റെ ആര്‍സി-വി100 റിമോട്ട് കണ്ട്രോളിനുള്ള സപ്പോര്‍ട്ട്

 

ഡിഎസ്എല്‍ആര്‍, മിറര്‍ലെസ് ക്യാമറകള്‍ ഉപയോഗിച്ചു വിഡിയോ റെക്കോഡു ചെയ്തു ശീലിച്ചവര്‍ക്ക് മികച്ച ക്യാമറയായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയമില്ല. ഹോളിവുഡിലും മലയാളത്തിലുമടക്കം പല കൊമേഴ്‌സ്യല്‍ സിനിമകളും ഡിഎസ്എല്‍ആറുകള്‍ ഉപയോഗിച്ചു ഷൂട്ടു ചെയ്തിട്ടുണ്ട്. അവയേക്കാളേറെ മേന്മയുള്ള വിഡിയോ ഫുട്ടേജ് പ്രതീക്ഷിക്കാവുന്ന ഈ ക്യമാറ, ചെലവു കുറച്ച് സിനിമ എടുക്കാന്‍ ആഗ്രഹിക്കുന്ന നിര്‍മാതാക്കള്‍ക്ക് വളരെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. നവംബറില്‍ വില്‍പ്പനയ്ക്ക് എത്തുന്ന ക്യാമറയ്ക്ക് 5499 ഡോളറായിരിക്കും വില. ക്യാമറയെക്കുറിച്ച് എല്ലാ വിവരങ്ങളും അറിയാന്‍ ഈ ലിങ്ക് ഉപയോഗിക്കുകക. https://bit.ly/346O5rs

 

English Summary: Canon EOS C70 With CMOS DGO Sensor, RF Lens Mount Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com