അപ്പോള്‍ സ്മാര്‍ട് ഫോണ്‍ ഫൊട്ടോഗ്രാഫിയുടെ കാലം കഴിഞ്ഞോ? ക്യാമറകള്‍ക്കു തിരിച്ചുവരാനാകുമോ?

smartphone
SHARE

ഒരു പതിറ്റാണ്ടിലേറെയായി വര്‍ഷാവര്‍ഷം സ്മാര്‍ട് ഫോണ്‍ ക്യാമറകള്‍ കൊണ്ടുവരുന്ന നൂതന ഫൊട്ടോഗ്രാഫി സിദ്ധികള്‍ക്കായി ആളുകള്‍ കാത്തിരുന്നിരുന്നു. എന്നാല്‍, ഇനി അതു തുടരുമോ? പലര്‍ക്കും സ്മാര്‍ട് ഫോണ്‍ ഫൊട്ടോഗ്രാഫി എന്നു പറഞ്ഞാല്‍ ഐഫോണുകളും പിക്‌സല്‍ ഫോണുകളും മറ്റുമുപയോഗിച്ചുളള കസര്‍ത്തുകളായിരുന്നു. ഈ വര്‍ഷത്തെ പിക്‌സല്‍ 5 ഫോണില്‍ കാര്യമായി ആവേശംകൊള്ളിക്കുന്ന ഘടകങ്ങളൊന്നുമില്ല. പറഞ്ഞു കേള്‍ക്കുന്നതു ശരിയാണെങ്കില്‍ ഐഫോണ്‍ 12 സീരിസിലും അദ്ഭുതപ്പെടുത്തുന്ന കാര്യങ്ങളൊന്നും കണ്ടേക്കില്ല എന്നാണ് കേള്‍ക്കുന്നത്. അപ്പോള്‍ ഇനി പരമ്പരാഗത ക്യാമറ നിര്‍മാതാക്കള്‍ക്കു തിരിച്ചു വരാമെന്നു കരുതാമോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യങ്ങളിലൊന്ന്. സ്മാര്‍ട് ഫോണ്‍ ക്യാമറകള്‍ വന്നതോടെ ക്യാമറ നിര്‍മാതാക്കളുടെ കഷ്ടകാലവും തുടങ്ങിയിരുന്നു. പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറകളൊക്കെ വേണോ വേണ്ടയോ എന്ന് വളരെ ആലോചിച്ചു മാത്രമാണ് പുറത്തിറക്കുന്നതു തന്നെ. ക്യാമറകളുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ കുത്തനെ ഇടിയുന്ന കാഴ്ചയാണ് കണ്ടിരുന്നത്.

ഇന്നത്തെ ക്യാമറാ സിസ്റ്റങ്ങളുടെ ഹാര്‍ഡ്‌വെയറിന് ചില വന്‍ പരിമിതികളുണ്ട്. ആ പരിമിതികളുടെ മതിലില്‍, മുന്നോട്ടു പോകാനാകാതെ ഇടിച്ചു നില്‍ക്കുകയാണ് ആപ്പിളിന്റെയും ഗൂഗിളിന്റെയും സാംസങിന്റെയും എല്ലാം സ്മാര്‍ട് ഫോണ്‍ ക്യാമറ നിര്‍മാണം എന്ന തോന്നലാണ് ഇപ്പോള്‍ കിട്ടുന്നതെന്നു പറയുന്നു. യാഥാര്‍ഥ്യ ബോധത്തോടെ ചിന്തിച്ചാല്‍ കാണാവുന്ന കാര്യം ഒരു ഫോണിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ പിടിപ്പിക്കാവുന്ന ക്യാമറാ സെന്‍സറുകള്‍ക്കും ലെന്‍സുകള്‍ക്കും ചില അതിരുകളുണ്ടെന്നാണ്. ഇവിടെ നിന്ന് സ്മാര്‍ട് ഫോണ്‍ നിര്‍മാണം ഇനി പുരോഗതി പ്രാപിക്കാനാകാത്ത അവസ്ഥയില്‍ നില്‍ക്കുന്ന കാഴ്ചയാണ് ഈ വര്‍ഷം കാണുന്നതെന്നും ചിലര്‍ വിലയിരുത്തുന്നു. സ്മാര്‍ട് ഫോണ്‍ ക്യാമറാ നിര്‍മാണത്തിലെ എക്കാലത്തെയും വലിയ മികവായി കണക്കാക്കി വരുന്ന സോണി ഐഎംഎക്‌സ്363 സെന്‍സര്‍ സെമികണ്‍ഡക്ടര്‍ എൻജിനീയറിങ്ങിലെ വിസ്മയമാണ്. അതില്‍ 12 മെഗാപിക്‌സല്‍ 1/2.55-ഇഞ്ചു വലുപ്പമുള്ള സെന്‍സറുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. പിന്നീട് സ്റ്റാക്കിങ് ശേഷിയും, ബാക്‌സൈഡ് ഇലൂമിനേഷനും നല്‍കി കൂടുതല്‍ മികവു നല്‍കി.

എന്നാല്‍, ഈ സെന്‍സറിലും എടുത്തുപറയത്തക്കതരം കൂടുതലെന്തെങ്കിലും ഹാര്‍ഡ്‌വെയര്‍ പുതുമ കൊണ്ടുവന്നിട്ട് രണ്ടു വര്‍ഷത്തിലേറെയായിരിക്കുന്നു. സെന്‍സറുകളില്‍ ഇതിനേക്കാള്‍ നല്ലതൊന്നും വരാത്തതിനാലാണ് ആപ്പിളും ഗൂഗിളുമൊക്കെ അതു തന്നെ തുടര്‍ന്നും ഉപയോഗിച്ചുകൊണ്ടരിക്കുന്നത്. തുടര്‍ന്ന് സ്മാര്‍ട് ഫോണ്‍ എൻജിനീയര്‍മാര്‍ ക്യാമറാ മികവു വര്‍ധിപ്പിക്കാനായി കംപ്യൂട്ടിങ് അല്‍ഗോറിതങ്ങളെ ആശ്രയിക്കാന്‍ തുടങ്ങി. അതുതന്നെ, സ്മാര്‍ട് ഫോണ്‍ ഫൊട്ടോഗ്രാഫി മതിലിലിടിച്ചു നില്‍ക്കുന്നു എന്നതു തുറന്നു സമ്മതിക്കുന്നതിനു തുല്യമാണെന്നു പറയുന്നു. സെന്‍സറിനൊപ്പം പ്രവര്‍ത്തിപ്പിക്കുന്ന എച്ഡിആര്‍ മോഡും, നൈറ്റ് മോഡും എല്ലാം ഒരു കാലത്ത് ചിന്തിക്കാനേ പറ്റാതിരുന്ന കാര്യങ്ങളാണ്. അവയെല്ലാം പ്രാവര്‍ത്തികമാക്കിയ എൻ‍ജിനീയര്‍മാരെ അനുമോദിക്കുമ്പോള്‍ തന്നെ ഇനി എന്തെന്ന ചോദ്യവും ഉയരുന്നുവെന്നാണ് പറയുന്നത്.

ഇതിനോടൊപ്പം ചേര്‍ത്തു വായിക്കേണ്ട കാര്യമാണ് സെമികണ്‍ഡക്ടര്‍ വ്യവസായത്തില്‍ ഏതാനും വര്‍ഷം മുൻപ് വരെ കണ്ടുവന്നിരുന്നത കാര്യങ്ങളും. കംപ്യൂട്ടര്‍ പ്രോസസറുകളുടെ ക്ലോക് സ്പീഡുകളും കാര്യമായി വര്‍ധിക്കാത്ത അവസ്ഥയുണ്ടായിരുന്നു. എന്നാല്‍, ഈ രംഗത്തേക്ക് ടിഎസ്എംസി കമ്പനി, തങ്ങളുടെ എഎംഡി റൈസണ്‍ സീരിസിലെ പ്രോസസറുകള്‍ അവതരിപ്പിച്ചതോടെ മുരടിച്ചു നിന്ന പ്രോസസര്‍ നിര്‍മാണ രംഗം സടകുടഞ്ഞുണര്‍ന്നു. അതിനു തൊട്ടുമുൻപ് വരെ കംപ്യൂട്ടര്‍ വ്യവസായത്തിലുള്ളവര്‍ കരുതി വന്നത് ഇനി മൂര്‍സ് ലോ അനുസരിച്ചു മുന്നോട്ടു പോകാനായേക്കില്ല, മറിച്ച് സോഫ്റ്റ്‌വെയര്‍ പരവുവപ്പെടുത്തി കൂടുതല്‍ കംപ്യൂട്ടിങ് ശക്തിയാര്‍ജ്ജിക്കുക എന്നതായിരിക്കും വഴി എന്നാണ്. വഴിമുട്ടി നില്‍ക്കുന്ന സ്മാര്‍ട് ഫോണ്‍ ക്യാമറാ സെന്‍സര്‍ നിര്‍മാണത്തിന്റെ കാര്യവും ഒട്ടും വിഭിന്നമല്ലത്രെ. ഫോണില്‍ ഒരു അള്‍ട്രാ വൈഡ് ലെന്‍സിനും ടെലീ ലെന്‍സിനും ഇടംനല്‍കിയതുമൊക്കെ മാറ്റി നിർത്തിയാല്‍ വലിയ പുതുമകൊളൊന്നും പറയാനില്ല. പ്രത്യേകിച്ചും സെന്‍സര്‍ ടെക്‌നോളജി മുന്നോട്ടു പോകാനാകാതെ നില്‍ക്കുന്നുവെന്ന തോന്നല്‍ ജനിപ്പിക്കുന്നുവെന്നാണ് വാദം. പെരിസ്‌കോപ് ലെന്‍സൊക്കെ ചില നിര്‍മാതാക്കള്‍ കൊണ്ടുവന്നെങ്കിലും അതിനൊക്കെ പരിമിതമായ ഉപയോഗമെയുള്ളു.

ഇനി സ്മാര്‍ട് ഫോണ്‍ ക്യാമറകളില്‍ വരുമെന്നു പറയുന്ന 3ഡി, ലിഡാര്‍ ടെക്‌നോളജികളാകട്ടെ ഫൊട്ടോഗ്രാഫിയെക്കാളേറെ ഓഗ്‌മെന്റഡ് റിയാലിറ്റിക്കായിരിക്കും ഗുണകരം. മാറ്റത്തെ ഇങ്ങനെ കാണാം- 2012ല്‍ എടുത്തു വന്നിരുന്ന ചിത്രങ്ങളെ വച്ച് 2016ലെ ചിത്രങ്ങള്‍ക്ക് മികവ് കാണാം. എന്നാല്‍, 2016 മുതല്‍ 2020 വരെ കാര്യമായ മികവൊന്നും കാണാനുമില്ലെന്നാണ് വാദം. ഇന്‍സ്റ്റഗ്രാമിലും മറ്റും കൂടുതല്‍ മികച്ച ചിത്രങ്ങള്‍ പോസ്റ്റു ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അടുത്ത സ്മാര്‍ട് ഫോണിനു വേണ്ടി കാത്തു നില്‍ക്കാതെ ഒരു ക്യാമറ തന്നെ അങ്ങു വാങ്ങിയേക്കാമെന്നു വയ്ക്കുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഫോണ്‍ വില്‍പ്പനയും ഇനി വര്‍ധിച്ചേക്കില്ല. 5ജി വരുമ്പോള്‍ പലരും ഒരു തവണ കൂടി ഫോണ്‍ അപ്‌ഗ്രേഡ് നടത്തും. അതു കഴിഞ്ഞാല്‍ പിന്നെ ആണ്ടോടാണ്ട് ഫോണ്‍ മാറുന്നവരുടെ എണ്ണം കുറയും. ഫൊട്ടോഗ്രാഫിയിലുമുള്ള താത്പര്യമുള്ളവര്‍ അതോടെ ക്യാമറകളിലേക്കു തിരിയാനുള്ള സാധ്യതയുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.

മറുവാദം: ഇപ്പോള്‍ സമാര്‍ട് ഫോണ്‍ ക്യാമറാ നിര്‍മാണത്തില്‍ കൂടുതല്‍ ഉണര്‍വ്വുള്ള പരീക്ഷണങ്ങള്‍ നടത്തുന്നത് ചൈനീസ് കമ്പനികളാണ്. ഡിഎക്‌സോ മാര്‍ക്കിന്റെ റാങ്കിങ്ങിലേക്ക് ഒന്നു കണ്ണോടിച്ചാല്‍ തന്നെ ഇതു വ്യക്തമാണ്. സ്മാര്‍ട് ഫോണില്‍ ഒരു 1-ഇഞ്ച് സെന്‍സര്‍ പിടിപ്പിക്കുക എന്ന വെല്ലുവിളിയാണ് ഇപ്പോള്‍ ചൈനീസ് കമ്പനികള്‍ ഏറ്റെടുത്തിരിക്കുന്നതത്രെ. ഇതൊരു കടുത്ത വെല്ലുവിളി തന്നെയാണ്. പക്ഷേ, വിജയിച്ചാല്‍ സ്മാര്‍ട് ഫോണ്‍ ഫൊട്ടോഗ്രാഫി മറ്റൊരു കുതിപ്പു നടത്തുമെന്നും വാദിക്കപ്പെടുന്നു.

English Summary: So is the era of Smartphone photography over? Can the cameras come back?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.