പ്രമുഖ ജാപ്പനീസ് ക്യാമറാ നിര്‍മാതാവായ നിക്കോണ്‍ അവതരിപ്പിച്ച ആദ്യ ഫുള്‍ ഫ്രെയിം സെന്‍സറുള്ള മിറര്‍ലെസ് ക്യാമറകളായിരുന്നു നിക്കോണ്‍ സെഡ് 7, സെഡ് 6 ബോഡികള്‍. ഇപ്പോഴിതാ അവയുടെ പുതുക്കിയ പതിപ്പുകള്‍ ഇറക്കിയിരിക്കുകയാണ് കമ്പനി. അവയ്ക്ക് നിക്കോണ്‍ സെഡ് 7 II, സെഡ് 6 II എന്നാണ് പേരുകള്‍ നല്‍കിയിരിക്കുന്നത്. ഇരു ക്യാമറകള്‍ക്കും ആദ്യമിറക്കിയ ക്യാമറകളുടെ അതേ റെസലൂഷനുള്ള സെന്‍സറുകള്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്. അവ യഥാക്രമം 45.7എംപി, 24.5എംപി റെസലൂഷന്‍ ഉള്ളവയാണ്. ഇവ രണ്ടും ബാക്‌സൈഡ് ഇലൂമിനേറ്റഡ് സിമോസ് സെന്‍സറുകളാണ്. ബോഡികളുടെ കാഴ്ചയിലും വ്യത്യാസമൊന്നും കൊണ്ടുവന്നിട്ടില്ല. തിരിക്കാവുന്ന എല്‍സിഡി സ്‌ക്രീന്‍ അടക്കം എല്ലാം അതേപോലെ തന്നെ നിലനിര്‍ത്തിയിരിക്കുന്നു. പഴയ സീരിസിലെയും പുതിയ സീരിസിലെയും ബോഡികള്‍ അടുത്തടുത്തു വച്ചാല്‍ അവയില്‍ സൈസിലും മറ്റും പുറമെ ഒരു വ്യത്യാസവും ഒറ്റ നോട്ടത്തില്‍ കാണാനില്ല. എല്ലാ പ്രധാന മാറ്റങ്ങളും ക്യാമറാ ബോഡികള്‍ക്കുള്ളിലാണ് വരുത്തിയിരിക്കുന്നത്.
ആദ്യ ബോഡികള്‍ പരീക്ഷണാര്‍ഥം ഇറക്കിയവായിരുന്നെങ്കില്‍, പുതിയ ക്യാമറകള്‍ ഉപയോക്താക്കളുടെ നിര്‍ദ്ദേശങ്ങളും പരാതികളും കേട്ട ശേഷം ഇറക്കിയവയാണ്. ആദ്യ തലമുറയിലെ ക്യാമറകളെക്കുറിച്ചുള്ള പ്രധാന പരാതികളിലൊന്ന് അവയ്ക്ക് ഇരട്ട മെമ്മറി കാര്‍ഡ് സ്ലോട്ടുകളില്ല എന്നായിരുന്നു. അത് പുതിയ മോഡലുകള്‍ പരിഹരിച്ചിരിക്കുകയാണ്. ഇരു ക്യാമറകള്‍ക്കും ഒരു എക്‌സ്‌ക്യൂഡി/സിഎഫ്എക്‌സ്പ്രസ് കാര്‍ഡ് സ്ലോട്ടും ഒരു യുഎച്എസ് II എസ്ഡി കാര്‍ഡ് സ്ലോട്ടും നല്‍കിയിട്ടുണ്ട്. പുതിയ ക്യാമറകള്‍ക്ക് ഇരട്ട എക്‌സ്പീഡ് 6 പ്രോസസറുകളും നല്‍കിയിരിക്കുന്നു. ക്യാമറയ്ക്ക് മൊത്തത്തില്‍ സ്പീഡ് വര്‍ധിക്കുന്നുവെന്നത് കൂടാതെ തുടർച്ചയായി ഷൂട്ടിങ് വേഗം വര്‍ധിപ്പിക്കുകയും ആയാസരഹിതമാക്കുകയും ചെയ്യുന്നു. രണ്ടാം പ്രോസസറിന്റെ സഹായത്തോടെ സെഡ് 7 II ക്യാമറയ്ക്ക് സെക്കന്‍ഡില്‍ 10 ഫ്രെയിം ഷൂട്ടു ചെയ്യാന്‍ സാധിക്കുന്നു. സെഡ് 6 IIന് ആകട്ടെ സെക്കന്‍ഡില്‍ 14 ഫ്രെയിം ഷൂട്ടു ചെയ്യാനാകുന്നു. ഇരു ക്യാമറകളുടെയും ബഫറും നാടകീയമായി ഉയര്‍ന്നിട്ടുണ്ട്- സെഡ് 7നെക്കാള്‍ മൂന്നിരട്ടി ഫോട്ടോകള്‍ ഒരു ബേസ്റ്റില്‍ എടുക്കാന്‍ സെഡ്7 IIന് സാധിക്കും. ക്യാമറയ്ക്ക് ഉള്ളില്‍ തന്നെ റെക്കോഡു ചെയ്യാവുന്ന 4കെ/60പി വിഡിയോ പകർത്തുകയും ചെയ്യാം.
ബാറ്ററി ഗ്രിപ്പുകള്‍ ഉപയോഗിക്കാനുള്ള കോണ്ടാക്ടുകളും പുതിയ ബോഡികളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എംബിഎന്‍-11 എന്ന ഗ്രിപ്പാണ് ഇരു ക്യാമറകള്‍ക്കും ഉപയോഗിക്കാനായി കമ്പനി ഇറക്കിയിരിക്കുന്നത്. ഇരു ക്യാമറകള്‍ക്കും പഴയ മോഡലുകളെക്കാള്‍ മികച്ച പ്രകടനം നടത്തുന്ന ഇഎന്‍-ഇഎല്‍16സി ബാറ്ററികളും ഒപ്പം ലഭിക്കുന്നു. ഇവ ക്യാമറയിലെ യുഎസ്ബി-സി പോര്‍ട്ടിലൂടെ ചാര്‍ജു ചെയ്യുകയും ചെയ്യാം. ഇരട്ട പ്രോസസറുകള്‍ ഓട്ടോഫോക്കസും ട്രാക്കിങും മെച്ചപ്പെടുത്തിയെന്നു കരുതുന്നു. സോണിയെയും ക്യാനനെയും (ഇഒഎസ് ആര്‍5, ആര്‍6) അപേക്ഷിച്ച് നിക്കോണിന്റെ ഓട്ടോഫോക്കസ് സിസ്റ്റങ്ങള്‍ അല്‍പ്പം പിന്നിലാണെന്നാണ് പൊതുവെ പറയുന്നത്. ആ പ്രശ്‌നം ഒരു പരിധിവരെയെങ്കിലും പുതിയ അപ്‌ഡേറ്റിലൂടെ കമ്പനി പരിഹരിക്കുമെന്നു കരുതുന്നു.
∙ സെഡ് 6 II
ക്യാനന്‍ ഇഒഎസ് ആര്‍6, പാനസോണിക് എസ്5, സോണി എ7 III തുടങ്ങിയവയായിരിക്കും സെഡ് 6 IIന്റെ അടുത്ത എതിരാളികള്‍. ഇവയില്‍ ഇഒഎസ് ആ6ന് കൂടുതല്‍ മികവുകളുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അത് ചിലപ്പോഴെങ്കിലും അവസരത്തിനൊത്ത് ഉയരുന്നില്ലെന്ന പരാതിയുമുണ്ട്. എന്തായാലും സെഡ് 6 ഉപയോക്താക്കള്‍ സെഡ് 6 II ലേക്ക് അപ്‌ഗ്രേഡു ചെയ്യുന്നതില്‍ അര്‍ഥം കണാനാകുന്നില്ലെന്ന് അഭിപ്രായമുള്ളവരും ഉണ്ട്.
∙ സെഡ് 7 II
ഈ ക്യാമറയുടെ അടുത്ത എതിരാളികള്‍ ക്യാനന്‍ ഇഒഎസ് ആര്‍5, സോണി എ7ആര്‍4, പാനസോണിക് ലൂമിക്‌സ് എസ്1 ആര്‍ എന്നിവയാണ്. ഇവയില്‍ സോണി എ7ആര്‍4ന് 61എംപി സെന്‍സറാണ്. ഇവിടെയും ക്യാനന്‍ ഇഒഎസ് ആര്‍5 ഫീച്ചറുകളുടെ കാര്യത്തില്‍ എതിരാളികളെക്കാള്‍ മികച്ചു നില്‍ക്കുന്നുവെങ്കിലും അതിന്റെ ബോഡി ചൂടാകല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു എന്നതാണ് കാരണം. നിക്കോണ്‍ സെഡ് 7 II മികച്ച ബോഡി തന്നെയാണ്. അല്ലെങ്കില്‍, ചില റിവ്യൂവര്‍മാര്‍ പറയുന്നതുപോലെ ഇന്നത്തെ ഏതു ക്യാമറയും മികച്ചതു തന്നെയാണ്. ഏതെങ്കിലും പ്രൊഫഷണല്‍ ക്യാമറകളില്‍ നിന്ന് നിങ്ങള്‍ക്ക് മികച്ച ചിത്രം ലഭിക്കുന്നില്ലെങ്കില്‍ അത് ക്യാമറയുടെ കുഴപ്പമല്ല മറിച്ച് ഫൊട്ടോഗ്രാഫറുടേതാണ് എന്നാണ് പൊതുവെയുള്ള അഭിപ്രായം. ആദ്യ തലമുറയിലെ സെഡ് ക്യാമറകള്‍ വാങ്ങാതിരുന്ന നിക്കോണ്‍ ഡിഎസ്എല്‍ ആര്‍ ഉപയോക്താക്കള്‍ക്ക് ഇനി വേണമെങ്കില്‍ ഈ പുതിയ മിറര്‍ലെസ് ബോഡികള്‍ വാങ്ങുന്ന കാര്യം പരിഗണിക്കാം.
∙ സെഡ് 7 II ബോഡിക്കു മാത്രം 3000 ഡോളറാണ് വില.
∙ സെഡ് 6 II ബോഡിക്കു മാത്രം 2000 ഡോളറായിയിരിക്കും വില.
∙ ബാറ്ററി ഗ്രിപ്പിന് 400 ഡോളറാണ് വിലയിട്ടിരിക്കുന്നത്.
English Summary: New Nikon Mirrorless cameras announced