മന്ത്രമോ, മായാജാലമോ, കുട്ടിക്കളിയോ, ഗൗരവമാര്‍ന്നതോ... ഫോട്ടോഷോപ്പ് ഇനി ഇങ്ങനെയൊക്കെയാണ്

photoshop-
SHARE

ഫോട്ടോയില്‍ എത്ര ഗൗരവത്തിലിരിക്കുന്ന ആളെയും ചിരിപ്പിക്കാം. എത്ര ചിരിച്ചുകൊണ്ടിരിക്കുന്നായളെയും ഗൗരവത്തിലാക്കാം. എപ്പോഴും മധുര പതിനേഴോ, ഇരുപത്തൊന്നോ ആയി പ്രായം കുറയ്ക്കാം. പ്രായം കൂട്ടാം. നോട്ടം എങ്ങോട്ടാണ് എന്നതു മാറ്റാം. ലൈറ്റിങ് ഫോട്ടോ എടുത്തു കഴിഞ്ഞു മാറ്റാം. ഇത് ആപ്പിളിന്റെ പോര്‍ട്രെയ്റ്റ് ലൈറ്റിങ് പോലെ തോന്നുന്നുണ്ടെന്നു പറയാതെ വയ്യ. ഇങ്ങനെ നിരവധിയാണ് ഫോട്ടോഷോപ്പിന്റെ ബീറ്റാ വേര്‍ഷനിലുള്ള പുതുമകള്‍. പ്രകൃതി ദൃശ്യങ്ങളെയും യഥേഷ്ടം മാറ്റി മറിക്കാം. പണ്ടൊക്കെ ആകാശം മാറ്റണമെങ്കില്‍ മണിക്കൂറുകള്‍ പണിയെടുക്കണമായിരുന്നു. ഇനിയിപ്പോള്‍ ഏതാനും ക്ലിക്കുകള്‍ മതി. ആ മാജിക് ഇവിടെ താഴെ കാണാം.

ഇത്തരം മാറ്റങ്ങള്‍ വരുന്നതോടെ പഴയ ഫൊട്ടോഗ്രാഫി മരണപ്പെട്ടില്ലേ എന്നു സംശയിക്കുന്നവരെ തെറ്റുപറയാനാവില്ലെന്നു വാദിക്കുന്നവരുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഫോട്ടോ, വിഡിയോ എഡിറ്റിങ്ങില്‍ പല കമ്പനികളും ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സിന്റെ സേവനം അവതരിപ്പിച്ചെങ്കിലും, അഡോബി എന്ന ഭീമന്‍ അതില്‍ ഒരു പരിധിവിട്ടു കയറിക്കളിച്ചിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ അഡോബി അണിയറയില്‍ ഒരുക്കുന്നത് സവിശേഷമായ ഒരു പിടി മാറ്റങ്ങാളാണ്. എന്നാല്‍, ഇവയെല്ലാം തുടക്കം മാത്രമാണ് എന്നോര്‍ക്കുമ്പോള്‍ വരും കാലത്ത് ഫൊട്ടോഗ്രാഫിയുടെ ഭാവി എന്താകുമെന്ന ആശങ്കയും പടരുകയാണ്.

max-2020

ഒരാളുടെ പ്രായം വര്‍ധിപ്പിക്കുന്നത് എങ്ങനെയാണ്, അത് എത്ര എളുപ്പമാണ് എന്ന കാര്യങ്ങൾ ഈ വിഡിയോയില്‍ കാണാം. ന്യൂറല്‍ ഫില്‍ട്ടറുകളുടെ കളി വേറെയുമുണ്ട് ഈ വിഡിയോയില്‍. 

നാടകീയമായ ഈ മാറ്റങ്ങളെല്ലാം കൊണ്ടുവരാന്‍ നിമിഷങ്ങള്‍ മതിയെന്നതാണ് ഇവയുടെ കടന്നു വരവ് കൂടുതല്‍ പ്രസക്തമാക്കുന്നത്. ഫോട്ടോഷോപ് 22 എന്ന് വിളിക്കുന്ന വേര്‍ഷനിലാണ് മാറ്റങ്ങള്‍ വന്നു തുടങ്ങുക. പ്രധാന ഫീച്ചറുകള്‍ ന്യൂറല്‍ ഫില്‍റ്ററുകള്‍, ആകാശം മാറ്റിവയ്ക്കല്‍, റിഫൈന്‍ എഡ്ജ് സെലക്ഷന്‍ തുടങ്ങിയവയാണ്. ഡിസ്‌കവര്‍ എന്നൊരു പുതിയ പാനലും ഫോട്ടോഷോപ്പില്‍ വരും.

എഡിറ്റിങ് സോഫ്റ്റ്‌വെയറുകള്‍ പലതരം ഫില്‍റ്ററുകളും ഉള്‍ക്കൊള്ളിച്ച് ഫോട്ടോയുടെ കെട്ടുംമട്ടും മാറ്റിയിരുന്നു. എന്നാല്‍ അഡോബിയുടെ ന്യൂറല്‍ ഫല്‍റ്ററുകള്‍, ഇത്തരം ഫില്‍റ്ററുകളെ സമ്പൂര്‍ണമായി പുതുക്കി അവതരിപ്പിക്കുകയാണ്. ആദ്യ വേര്‍ഷനില്‍ തന്നെ നിരവധി ഫില്‍റ്ററുകള്‍ എത്തും. ഇവയില്‍ പലതും ബീറ്റാ വേര്‍ഷനായിരിക്കുമെങ്കിലും അവ പ്രവര്‍ത്തിക്കും. ഇവയെല്ലാം കൂടുതല്‍ ആളുകള്‍ ഉപയോഗിക്കട്ടെ, അപ്പോള്‍ മാത്രമേ തങ്ങള്‍ക്ക് കൂടുതല്‍ ഗുണകരവും കൃത്യതയുള്ളതുമായ മാറ്റങ്ങള്‍ കൊണ്ടുവരാനാകൂ എന്നാണ് അഡോബിയുടെ നിലപാട്. ഫില്‍റ്ററുകളെല്ലാം നോണ്‍ ഡിസ്ട്രക്ടീവ് ആണ്. എന്നു പറഞ്ഞാല്‍ അവ ഉപയോഗിച്ചെന്നു കരുതി നിങ്ങളുടെ ഒറിജിനല്‍ ഫോട്ടോ നശിപ്പിക്കില്ല. സ്‌കിന്‍ സ്മൂത്തിങ് ആണ് ഒരു പ്രധാന ഫീച്ചര്‍. പോര്‍ട്രെയ്റ്റുകള്‍ എടുത്ത ശേഷം മിനുക്കിയെടുക്കുക ശ്രമകരമായ ഒരു ജോലിയായിരുന്നു. ഇനി അത് ഏതാനും ക്ലിക്കുകള്‍ ഉപയോഗിച്ച് നടത്താം. അതുപോലെ ഒരാളുടെ പ്രായം, മുഖഭാവം, പോസ് തുടങ്ങിയവയും ഫോട്ടോ എടുത്ത ശേഷം മാറ്റാം! എങ്ങോട്ടു നോക്കിയിരിക്കുന്നു എന്നതൊക്കെ യഥേഷ്ടം മാറ്റാം. ഇതിനെല്ലാം കാര്‍മികത്വം വഹിക്കുന്നത് സെന്‍സെയ് എഐ (Sensei AI) ആണ്. നിങ്ങളുടെ മോഡല്‍ ചിരിച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ല. ചിരി അല്‍പ്പം കൂടിപ്പോയാലും ശരിയാക്കാം, യഥേഷ്ടം ക്രമീകരിക്കാം. ഏതു ദിശയില്‍ നിന്ന് പ്രകാശം പതിക്കുന്നുവെന്നതും തീരുമാനിക്കാം.

neural-filters-age-change

ഏതെങ്കിലും ഒരു ഫോട്ടോയ്ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കില്‍ അതും ശരിയാക്കിയെടുക്കാം. ഫോട്ടോയിലെ പൊടി, പാടുകള്‍, നോയിസ്, ജെപെയ്ഗ് ആര്‍ട്ടിഫാക്ട്‌സ് റെസ്റ്റൊറേഷന്‍ തുടങ്ങിയവയെല്ലാമുണ്ട്. പഴയ ബ്ലാക് ആന്‍ഡ് വൈറ്റ് ഫോട്ടോ കളറാക്കിയും എടുക്കാം. മണിക്കൂറുകള്‍ എടുത്തു ചെയ്തുവന്ന ഇക്കാര്യങ്ങളൊക്കെ ഒറ്റ ക്ലിക്കില്‍ പരിഹാരം കാണാനമെന്നതാണ് പുതിയ മാറ്റങ്ങള്‍. ഈ ഫില്‍റ്ററുകളെക്കുറിച്ച് കൂടുതല്‍ പഠിക്കേണ്ടവര്‍ക്കായി അഡോബി ഒരുക്കിയിരിക്കുന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ലിങ്ക് ഉപയോഗിക്കാം. https://adobe.ly/3jryR5D.

photoshop-feature

പുതിയ ഫോട്ടോഷോപ് ഉപയോഗിച്ചു നോക്കാന്‍ അധികം പേര്‍ക്ക് സാധിച്ചിട്ടില്ല. എന്നാല്‍, ഒരാളെ എങ്ങനെ ഫോട്ടോഷോപ് ഉപയോഗിച്ച് ചരിപ്പിക്കാം, ഗൗരവത്തിലാക്കാം എന്നെല്ലാം കാട്ടിത്തരുന്ന രസകരമായ ഒരു വിഡിയോ ലിങ്ക് ഇതാ: https://youtu.be/0oftiDKKfrI

English Summary: Adobe Max 2020 conference starts: New features come Photoshop, Lightroom and more

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.