ADVERTISEMENT

ക്യാമറകളുടെയും സ്മാര്‍ട് ഫോണ്‍ ക്യാമറകളുടെയും പ്രകടനം വിവിധ മാനദണ്ഡങ്ങള്‍ പ്രകാരം വിലയിരുത്തുന്ന ഫ്രെഞ്ച് വെബ്‌സൈറ്റായ ഡിഎക്‌സ്ഒ മാക്‌സിന്റെ റാങ്കിങ്ങില്‍ ഈ വര്‍ഷത്തെ ഐഫോണ്‍ മോഡലുകളെല്ലാം വാവെയ്ക്കും ഷഓമിക്കും പിന്നിലാണ്. ഐഫോണ്‍ 12 പ്രോ മാക്‌സ് 130 മൊത്തം സ്‌കോര്‍ നേടി നാലാം സ്ഥാനത്തെത്തിയെങ്കില്‍ 128 പോയിന്റോടെ ഐഫോണ്‍ 12 പ്രോ അഞ്ചാം സ്ഥാനത്തുണ്ട്. കൃത്യമായി പറഞ്ഞാല്‍, ഷഓമി മി 10 പ്രോയുമായി അഞ്ചാം സ്ഥാനം പങ്കുവയ്ക്കുന്നു. ഐഫോണ്‍ 12 പ്രോ മാക്‌സില്‍ മറ്റ് ഐഫോണുകളില്‍ ഉള്ളതിനെക്കാള്‍ വലുപ്പക്കൂടുതലുള്ള സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത് എന്നാണ് ആപ്പിള്‍ പറയുന്നത്. ഈ വര്‍ഷത്തെ പ്രോ, പ്രോ മാക്‌സ് മോഡലുകളെ ഫീല്‍ഡ് ടെസ്റ്റിനു കൊണ്ടുപോയ റിവ്യൂവര്‍മാരുടെ കണ്ടെത്തല്‍ ശരിവയ്ക്കുന്നതാണ് ഡിഎക്‌സ്ഒമാര്‍ക്‌സിന്റെ വിലയിരുത്തലും- പ്രായോഗികമായി വലിയ സെന്‍സറില്‍ വമ്പന്‍ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ട.

 

ഡിഎക്‌സ്ഒമാര്‍ക്‌സ് റാങ്കിങ്ങില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ള സ്മാര്‍ട് ഫോണ്‍ ഇന്ത്യയില്‍ അധികമാരും വാങ്ങിയേക്കില്ല- വാവെയ് മെയ്റ്റ് 40 പ്രോ. ഈ മോഡലിന് 136 പോയിന്റാണ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ളത് ക്യാമറാ ടെക്‌നോളജിയില്‍ പുതിയ ഉയരങ്ങള്‍ താണ്ടുന്ന കമ്പനിയായ ഷഓമിയാണ്. അവരുടെ മി 10 അള്‍ട്രാ 133 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനത്ത് വാവെയ് പി 40 പ്രോയാണ് – 132 പോയിന്റ്.

 

∙ ഫോട്ടോയ്ക്കു മാത്രം

 

ഫോട്ടോയ്ക്കും വിഡിയോയ്ക്കും സൂമിനും കൂടിയുള്ള പോയിന്റാണ് മൊത്തം സ്‌കോര്‍. എന്നാല്‍ ഫോട്ടോയ്ക്കു മാത്രമുള്ള റാങ്കിങ്ങില്‍ ഐഫോണ്‍ 12 പ്രോ മാക്‌സിന് 138 പോയിന്റുണ്ട്. ഫോട്ടോയ്ക്കു മാത്രം വാവെയ് മെയ്റ്റ് 40 പ്രോയ്ക്ക് 140 പോയിന്റ് ഉണ്ട്. അതേസമയം, ഷഓമി മി10 അള്‍ട്രായ്ക്ക് ഫോട്ടോയ്ക്കു മാത്രം 136 പോയിന്റേയുള്ളു. പി40 പ്രോയ്ക്ക് ഫോട്ടോയ്ക്ക് മാത്രം 137 പോയിന്റ് ഉണ്ട്. ഐഫോണ്‍ 12 പ്രോയുടെ ഫോട്ടോയ്ക്കു മാത്രമുള്ള സ്‌കോര്‍ 135 ആണ്.

 

∙ ഐഫോണ്‍ 12 പ്രോ മാക്‌സ്

Mi-10-Ultra-

 

ആപ്പിളിന്റെ ഏറ്റവും മികച്ച ക്യാമറാ ടെക്‌നോളജിയാണ് ഇതില്‍ കാണാനാകുന്നത്. ലൈഡാര്‍ സാങ്കേതികവിദ്യ അടക്കം ഉള്‍ക്കൊള്ളുന്ന ഈ മോഡല്‍ വാവെയ് മെയ്റ്റ് 40 പ്രോയ്ക്കും മറ്റും വളരെ പിന്നിലാണെങ്കിലും മറ്റേത് ഐഫോണിനെക്കാളും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. അതിവേഗത്തിലുള്ളതും, കൃത്യതയുള്ളതുമായ ഓട്ടോഫോക്കസ്, എക്‌സ്‌പോഷര്‍ കൃത്യത, മുറിക്കുളളിലും വെളിച്ചക്കുറവിലും പോലും നയനമനോഹരമായ വൈറ്റ്ബാലന്‍സ്, നല്ല പ്രകാശമുള്ളിടത്ത് ധാരാളം വിശദാംശങ്ങള്‍, വിഡിയോയിലും നല്ല ഡൈനാമിക് റെയ്ഞ്ച്, ആസ്വാദ്യകരമായ രീതിയില്‍ വിഡിയോയില്‍ പിടിച്ചെടുക്കുന്നു, വിഡിയോയില്‍ നോയിസിനെ അമിതമായി തലപൊക്കാന്‍ അനുവദിക്കുന്നില്ല, വളരെ ഫലപ്രദമായ വിഡിയോ സ്റ്റെബിലൈസേഷന്‍ തുടങ്ങിയവയാണ് ഈ മോഡലിന്റെ ഗുണങ്ങള്‍.

 

അതേസമയം, സ്റ്റില്‍ ചിത്രങ്ങളില്‍ വേണ്ടത്ര ഡൈനാമിക് റെയ്ഞ്ച് ഇല്ല എന്നതാണ് ഐഫോണ്‍ 12 പ്രോ മാക്‌സിന്റെ പ്രധാന ന്യൂനതകളില്‍ ഒന്നായി ഡിഎക്‌സ്ഒമാര്‍ക്ക് എടുത്തു കാണിക്കുന്നത്. നോയിസിന്റെ സാന്നിധ്യം ഉണ്ട്, പ്രധാനമായും വെളിച്ചം കുറഞ്ഞ സ്ഥലങ്ങളില്‍ ചിത്രങ്ങളെടുക്കുമ്പോള്‍, എച്ഡിആര്‍ ചിത്രങ്ങളിലെ നിറങ്ങള്‍ക്ക് അസ്വാഭാവികത, കളര്‍ ക്വാണ്ടിസേഷന്‍, ഗോസ്റ്റിങ്, ഹ്യൂ ഷിഫ്‌റ്‌സ്, റിങിങ് ആര്‍ട്ടിഫാക്ട്‌സ് തുടങ്ങിയവയും ഫോട്ടോകളിലെ ദൂഷ്യങ്ങളായി ഡിഎക്‌സ്ഒമാര്‍ക്ക് എടുത്തു കാട്ടുന്നു. വിഡിയോയിലും എക്‌സ്‌പോഷര്‍ അസ്ഥരിത, വെളിച്ചക്കുറവുള്ള സ്ഥലങ്ങളില്‍ വൈറ്റ്ബാലന്‍സ് കൃത്യതയില്ലായ്മ, ഫ്‌ളെയര്‍, കളര്‍ ക്വാണ്ടിസേഷന്‍ എന്നിവ വിഡിയോയിലെ ദൂഷ്യങ്ങളായും പറയുന്നു.

 

മുന്‍ ഐഫോണുകളെക്കാള്‍ മികച്ച പ്രകടനം തന്നെയാണ് ഐഫോണ്‍ 12 പ്രോ മാക്‌സിന്റേതെന്നാണ് ഡിഎക്‌സ്ഒമാര്‍ക്ക് പറയുന്നത്. ഡൈനാമിക് റെയ്ഞ്ചിന്റെ കുറവുണ്ടെങ്കിലും സ്മാര്‍ട് ഫോണ്‍ ഷൂട്ടര്‍മാര്‍ അതില്‍ പരാതി പറഞ്ഞേക്കില്ലെന്നും അവര്‍ പറയുന്നു. എന്നാല്‍, സൂമിങിന്റെ കാര്യത്തില്‍ ഐഫോണ്‍ ഇനിയും പുരോഗമിക്കാത്തത് പോരായ്മയാണെന്നും പറയുന്നു. ഐഒഎസ് ഉപയോക്താക്കളെ ഐഫോണ്‍ 12 പ്രോമാക്‌സ് നിരാശരാക്കില്ലെന്നും റിവ്യൂവില്‍ പറയുന്നു.

 

ഐഫോണ്‍ 12 പ്രോ, മാക്‌സ് മോഡലിന്റെ തൊട്ടു പിന്നിലുണ്ട്. പ്രോ മോഡല്‍ കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ 11 പ്രോ മാക്‌സിനേക്കാള്‍ അല്‍പം മികച്ച ക്യാമറാ പ്രകടനം നടത്തുന്നുവെന്ന് ഡിഎക്‌സ്ഒ നിരീക്ഷിക്കുന്നു. ഈ വര്‍ഷത്തെ പ്രോ മാക്‌സിനെപ്പോലെ തന്നെ വിഡിയോ റെക്കോഡിങ്ങില്‍ മികച്ച പ്രകടനം നടത്തുന്ന സ്മാര്‍ട് ഫോണാണ് 12 പ്രോ.

 

അതേസമയം, ഒന്നാം സ്ഥാനത്തുള്ള വാവെയ് മെയ്റ്റ് 40 പ്രോയുടെ ഡൈനാമിക് റെയ്ഞ്ചിനെയാണ് ഡിഎക്‌സ്ഒമാര്‍ക്‌സ് പുകഴ്ത്തുന്നത്. വെളിച്ചക്കുറവില്‍ പോലും ഇത് ഫോട്ടോഗ്രാഫര്‍ക്ക് ഗുണകരമായ ഒന്നായി തീരുന്നു എന്നാണവര്‍ പറയുന്നത്. ടെലീ സൂം പ്രകടനവും, അള്‍ട്രാ വൈഡ് പ്രകടനവും റിവ്യൂവര്‍മാര്‍ എടുത്തു പറയുന്നു. ടെലി സൂമിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തല്ലെങ്കിലും, മികച്ച പ്രകടനമാണ് മെയ്റ്റ് 20 പ്രോയുടേതെന്ന് അവര്‍ പറയുന്നു. നിലവിലെ സ്മാര്‍ട് ഫോണ്‍ ക്യാമറാ ടെക്‌നോളജി പരിഗണിച്ചാല്‍ ഈ ഫോണിനെക്കുറിച്ച് അധികം പരാതികള്‍ ഉന്നയിക്കാനാവില്ലെന്നാണ് അവര്‍ നിരീക്ഷിക്കുന്നത്.

 

English Summary: iPhone 12 Max Pro is not the best camera phone this year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com