ADVERTISEMENT

ഇങ്ങനെയൊരു ആകാശചിത്രം എങ്ങനെ പകർത്തി…? ഫോട്ടോ എടുത്തതിനു ശേഷം ഫ്രെയിം മാറ്റാൻ പറ്റുമോ…? നിലത്തുനിന്ന് ആകാശചിത്രം എങ്ങനെ പകർത്തും….?  ചോദ്യങ്ങളിങ്ങനെ ഒട്ടേറെയുണ്ടാകാം.

 

insta-360-6

ഫ്രെയിം ചെയ്തു പടമെടുക്കുന്നത് പഴങ്കഥ. ദൃശ്യം പകർത്തിയശേഷം ഫ്രെയിം ചെയ്യുന്നതാണ് ഇന്നത്തെ ഫാഷൻ. പലർക്കും അറിയുന്നതായിരിക്കും 360 ക്യാമറകളുടെ ഈ ഗുണം. ഇൻസ്റ്റ360 വൺആർ ട്വിൻ എഡിഷൻ അതിനുമപ്പുറം ലെൻസ് മാറ്റാമെന്ന സൗകര്യവും നൽകുന്നു.

 

∙ രണ്ടല്ല, ശരിക്കും മൂന്നാണു ലെൻസുകൾ

 

ഇന്റർചേഞ്ചബിൾ ലെൻസ് ആക്ഷൻ ക്യാമറയാണ് ഈ ട്വിൻ എഡിഷൻ. പേരിലെ ട്വിൻ സൂചിപ്പിക്കുന്നതുപോലെ രണ്ടു ലെൻസ് മൊഡ്യൂളുകളുണ്ട്. ആദ്യത്തേത് 360 മൊഡ്യൂൾ. രണ്ടാമത്തേത് സാധാരണ ആക്ഷൻ ക്യാമറയിലേതു പോലെയുള്ള ലെൻസ്.  നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്ന പഴമൊഴി നമുക്കു മാറ്റാം. ഇൻസ്റ്റ ട്വിൻ എഡിഷൻ വാങ്ങിയാൽ 360 ഡിഗ്രി വിഷ്വലും എടുക്കാം. ഒപ്പം സാധാരണ വിഷ്വലും പകർത്താം. വിഷ്വൽസും ക്യാമറ ക്രമീകരിക്കുന്നതും ആപ്പ് വഴി റീഫ്രെയിം ചെയ്യുന്നതും വിഡിയോയിൽ കാണാം.

insta-360-2

 

വാട്ടർപ്രൂഫ്- ഷോക്ക് പ്രൂഫ് കെയ്സിൽ ഒരു വിഐപി ആയിട്ടാണ് ട്വിൻ എഡിഷൻ എത്തുന്നത്. സെൽഫിസ്റ്റിക്ക് പോലെയൊരു മോണോപോഡ്. 360 ഡിഗ്രി വിഷ്വൽ പകർത്താൻ രണ്ടു ലെൻസുകൾ അടങ്ങിയ യൂനിറ്റ്, തവളക്കണ്ണുപോലെ പുറത്തേക്കു നിൽക്കുന്ന ഈ ലെൻസുകളെ സംരക്ഷിക്കാൻ റബർ കവചം എന്നിവ ഈ പെട്ടിയിലുണ്ട്.

 

insta-360-5

ഇരട്ടക്കണ്ണുകളുടെ അപ്പേർച്ചർ വാല്യു എഫ് 2. ഫോക്കൽ ലെങ്ത് 7.2 മില്ലിമീറ്റർ… ഫിഷ് ഐ ലെൻസുകളുടെ ഉസ്താദ് എന്നു വിളിക്കാം. സിംഗിൾ ക്യാമറ ലെൻസിന്റെ അപ്പേർച്ചർ എഫ് 2.8, ഫോക്കൽ ലെംഗ്ത് 16.4 മില്ലിമീറ്റർ. വിഘടിപ്പിക്കാം ഈ ക്യാമറയെ. രണ്ടു ലെൻസ് മൊഡ്യുളുകളും. ചുവപ്പുനിറത്തിലുള്ള ബാറ്ററി മൊഡ്യൂളും  

 

സ്ക്രീനും കൺട്രോൾസും അടങ്ങിയ കോർ മൊഡ്യൂളും ചേർത്താലേ ഈ ക്യാമറയാകൂ. അതായത് ലെൻസ് മാറ്റിവയ്ക്കാവുന്ന ആക്ഷൻ ക്യാമറ!

insta-360-4

 

ക്യാമറ ഘടിപ്പിച്ചശേഷം പ്രൊട്ടക്ടീവ് കേയ്സിനുള്ളിൽ സുരക്ഷിതമാക്കി വയ്ക്കുമ്പോൾ ഇൻസ്റ്റ ട്വിൻ എഡിഷൻ ഒരു വാട്ടർപ്രൂഫ് ക്യാമറയായി (എങ്കിലും വലിയ പരീക്ഷണങ്ങൾക്കു മുതിരാതിരിക്കുന്നതാണു ഭംഗി).

 

insta-360-1

സെൽഫിസ്റ്റിക് പോലത്തെ മോണോപോഡ് സ്റ്റിക് കൂടിചേർത്താൽ 360 ഡിഗ്രി ക്യാമറയായി. കെയ്സിന്റെ വീതിയിൽ കൂടാൻ പാടില്ല സ്റ്റിക്കിന്റെ വീതി എന്നത് 360 വിഡിയോ എടുക്കുമ്പോൾ പ്രധാനമാണ്. സ്റ്റിക്കിന്റെ വീതി കൂടിയാൽ ആ ഭാഗം വിഡിയോയിൽ അല്ലെങ്കിൽ ചിത്രങ്ങളിൽ പതിയും എന്നതുകൊണ്ടാണ് ഇങ്ങനെ.

 

ടൈപ് സി ചാർജർ പോയിന്റും മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഒന്നിച്ചാണ്. ക്യാമറ പ്രൊട്ട്ക്ടീവ് കേയ്സിന്റെ ഉള്ളിലായിരിക്കുമ്പോഴും ഈ ഭാഗം നമുക്ക് തുറക്കാം. അതൊരു സൗകര്യമാണ്. ബാറ്ററി പെട്ടെന്നു തീർന്നു പോകുന്നു എന്നത് ഒരു പോരായ്മയാണ്. ഒരു പവർ ബാങ്ക് കയ്യിലുണ്ടെങ്കിൽ സംഗതി എളുപ്പമാകും.

 

∙ ഇൻസ്റ്റ ആപ്പ്- കിടുവാണ്

 

സാധാരണ സെൽഫിക്യാമറകൾ പിടിക്കുന്നതുപോലെ ഇൻസ്റ്റ ട്വിൻ എഡിഷൻ ഉയർത്തി ദൃശ്യം പകർത്താം.  360 ഡിഗ്രി വിഷ്വലുകൾ (ഫോട്ടോയും വിഡിയോയും) എക്സ്പോർട്ട് ചെയ്യണമെങ്കിൽ ഇൻസ്റ്റയുടെ ആപ് വേണം. അല്ലെങ്കിൽ പ്ലഗ് ഇൻ ഡൗൺലോഡ് ചെയ്ത് പ്രീമിയർ പ്രോ തുടങ്ങിയ സോഫ്റ്റ് വെയറുകൾ ഉപയോഗിക്കേണ്ടിവരും. അതിനെക്കാൾ എളുപ്പം ആപ് വഴി എക്സ്പോർട്ട് ചെയ്യുന്നതാണ്. വിഡിയോയുടെ അവസാന ഭാഗത്ത് എക്സ്പോർട്ടിങ് വിശദമാക്കുന്നുണ്ട്.  

 

ആപ്പുമായി ക്യാമറ കണക്ട് ചെയ്യാൻ ചിലപ്പോൾ സമയമെടുക്കും. ഫോണിലെ വൈ-ഫൈയും ബ്ലൂടൂത്തും ഓൺ ആക്കുക.  ഫോണുമായുളള മറ്റു വൈ-ഫൈ കണക്ഷനോ ബ്ലൂടൂത്ത് കണക്ഷനുകളോ ഓഫ് ചെയ്തിടുക. അല്ലെങ്കിൽ ചിലപ്പോൾ ക്യാമറ കണക്ഷൻ കിട്ടുകയില്ല. വിഡിയോ എക്സ്പോർട്ടിങ്ങിന് നല്ല സമയമെടുക്കുന്നുണ്ട്. ഫോണിൽ അത്യാവശ്യത്തിനു മെമ്മറി വേണം. പിന്നെ നല്ല ക്ഷമയും.

 

ക്യാമറയിലെ മാന്വൽ മോഡിൽ ഷട്ടർസ്പീഡ്, വൈറ്റ് ബാലൻസ്, ഐഎസ്ഒ  എന്നിവ മാറ്റാം. സ്ലോ ഷട്ടർ 1/4000 ഷട്ടർ സ്പീഡ് വരെ ഇങ്ങനെ സെറ്റ് ചെയ്യാം. പകർത്തിയ ദൃശ്യങ്ങളിൽ നിന്ന് ആസ്പെക്ട് റേഷ്യോ, ആംഗിൾ എന്നിവ മാറ്റിയശേഷം എക്സ്പോർട്ട് ചെയ്യാം.

 

ഇതിനെ റീഫ്രെയിം വിഡിയോ എന്നു വിളിക്കുന്നു. അല്ലാതെ 360 ഡിഗ്രിയിൽതന്നെ വിഡിയോ എക്സ്പോർട്ട് ചെയ്യാം. 360 ഡിഗ്രി വിഡിയോയിൽ/ ചിത്രത്തിൽ പ്രത്യേകിച്ചു ഫ്രെയിം ഉണ്ടാകില്ല. പിന്നീട് ആ വിഡിയോയുടെ ഏതുഭാഗവും നമുക്കു കാണാം.

 

ഫ്ലോസ്റ്റേറ്റ് എന്നാണ് സ്റ്റബിലൈസേഷൻ വിദ്യയ്ക്ക് ഇൻസ്റ്റ360 നൽകുന്ന പേര്. സ്റ്റബിലൈസേഷൻ കൊള്ളാം. ആക്ഷൻ ക്യാമറ ലോ ലൈറ്റിൽ ശരാശരി പ്രകടനമാണു നൽകുന്നത്. നോയ്സ് പ്രകടമായി കാണാം.  

 

ഒരു സാധാരണ ആക്ഷൻ ക്യാമറ വാങ്ങുന്നതിലും നല്ലത് ഇന്റർ ചെയ്ഞ്ചബിൾ ലെൻസുള്ള ഇൻസ്റ്റ360 വൺആർ ട്വിൻ എഡിഷൻ എടുക്കുന്നതാണ്. 360 വിഷ്വലുകൾ ഭാവിയിൽ രസകരമായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ…? നമ്മുടെ നാടും വീടും ഇങ്ങനെ പകർത്തിവച്ചാൽ പിന്നീട് ഉപകാരപ്പെടും. ഒരു പ്രീമിയം ഫോണിന്റെ വിലയേ ഇൻസ്റ്റ360 വൺ ആർ ട്വിൻ എഡിഷനു നൽകേണ്ടതുള്ളൂ.  

 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം

വിട്രേഡേഴ്സ്- എറണാകുളം

https://cameravtraders.com

+91 9995883889, 9846053355

 

English Summary: Insta360 ONE R Twin Edition, Panoramic Sports Action Camera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com