സ്മാര്‍ട് ഫോണ്‍ ഫൊട്ടോഗ്രാഫിയില്‍ വര്‍ഷങ്ങള്‍ക്കു മുൻപ് ഐഫോണ്‍ തന്നെയായിരുന്നു കേമന്‍. പക്ഷേ, വാവെയ്-ലൈക്കാ സഖ്യം മുതല്‍ ഷഓമി വരെയുള്ള കമ്പനികള്‍ ആപ്പിളിനൊപ്പമെത്തുകയോ മുന്നേറുകയോ പോലും ചെയ്തിട്ടുണ്ട്. എന്നാല്‍, ദിവസങ്ങൾക്ക് മുൻപ് ഐഒഎസ് 14.3നൊപ്പം അവതരിപ്പിച്ച പ്രോറോ (ProRAW) വീണ്ടും ഐഫോണിനെ ക്യാമറാ പ്രകടനത്തിന്റെ കാര്യത്തില്‍ മറ്റൊരു തലത്തില്‍ എത്തിച്ചിരിക്കുകയാണ്. പ്രോറോ എന്ന് ആപ്പിള്‍ വിളിക്കുന്നുണ്ടെങ്കിലും സാങ്കേതികമായി ഡിഎന്‍ജി ഫയലുകളാണ് ലഭിക്കുന്നത്. അല്‍പം കൊള്ളാവുന്ന ക്യാമറകളില്‍ ലഭ്യമായിരുന്ന ഒരു ഫയല്‍ ഫോര്‍മാറ്റാണ് റോ (RAW). റോയുടെ പരിഷ്‌കരിച്ച പതിപ്പാണ് പ്രോറോ.
∙ എന്താണ് റോ?
അറിയില്ലാത്തവര്‍ക്കായി റോ എന്താണെന്നു വിശദീകരിച്ച ശേഷം പ്രോറോ എന്താണെന്നതിലേക്കു വരാം. സാധാരണ എടുക്കുന്ന ചിത്രങ്ങള്‍ ജെപെയ്ഗ് വിഭാഗത്തിലാണ് വരുന്നത്. പല പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറകളിലും മിക്കവാറും സ്മാര്‍ട് ഫോണുകളിലും എടുക്കുന്ന ചിത്രങ്ങള്‍ ജെപെയ്ഗ് വിഭാഗത്തിലാണ് വരുന്നത്. പുതിയ ഐഫോണുകളിലും സാംസങ്ങിന്റെയും മറ്റും ഫോണുകളിലും പുതിയൊരു ഫോര്‍മാറ്റ് കൂടെയുണ്ട്- ഹെയ്ക് (HEIC). ജെപെയ്ഗും ഹെയ്ക്കും പ്രോസസ് ചെയ്യപ്പെട്ട ഫയലുകളാണ്. എന്നു പറഞ്ഞാല്‍ ക്യാമറകളിലെ അല്ലെങ്കില്‍ സ്മാര്‍ട് ഫോണുകളിലെ പ്രോസസറുകള്‍ ഇവയുടെ കളര്‍, വൈറ്റ്ബാലന്‍സ്, എക്‌സ്‌പോഷര്‍ തുടങ്ങിയ പലതും ഉള്‍ക്കൊള്ളിച്ച് ഉണ്ടാക്കിയ ഫയലുകളാണ്. ഇവ പിന്നീട് ഏതെങ്കിലും ഫോട്ടോ എഡിറ്റിങ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കറക്ടു ചെയ്യാമെന്നു വച്ചാല്‍ അതിന് പരിമിതികളുണ്ടാകും. എന്നാല്‍, റോ ഫയല്‍ ഫോര്‍മാറ്റിലാണ് നിങ്ങള്‍ ഫോട്ടോ എടുക്കുന്നതെങ്കില്‍ അവയ്ക്ക് കൂടുതല്‍ വഴക്കമുണ്ടായിരിക്കും. റോ ഫോര്‍മാറ്റിലേത് ഒരു ഫോട്ടോയല്ല. മറിച്ച് സെന്‍സര്‍ ഡേറ്റ മാത്രമാണ്. ഇത് ഏത് എഡിറ്റിങ് സോഫ്റ്റ്‌വെയറില്‍ തുറക്കുന്നോ എന്നതിനെ ആശ്രയിച്ചായിരിക്കും അവയുടെ തുടര്‍ ജീവിതം. എഡിറ്റിങ്ങില്‍ ജെപെയ്ഗിനെ ഒരു നാശനഷ്ടം സംഭവിക്കാവുന്ന ഫോര്‍മാറ്റായാണ് കാണുന്നത്.
അതേസമയം, റോയില്‍ നിന്ന് ഒരു ജെപെയ്‌ഗോ റ്റിഫോ ഡിഎന്‍ജിയോ തുടങ്ങിയ ഫയല്‍ ഫോര്‍മാറ്റില്‍ ഏതിലെങ്കിലുമൊന്നിലേക്കു പരിവര്‍ത്തനം ചെയ്ത് എടുത്താലും റോ ചിത്രങ്ങള്‍ അശേഷം പരുക്കേല്‍ക്കാതെ നിലനില്‍ക്കും. (ജെപെയ്ഗ് ചിത്രങ്ങളുടെ കോപ്പി എടുത്താണ് എഡിറ്റു ചെയ്യുന്നതെങ്കില്‍ ഒറിജിനല്‍ പ്രശ്‌നമില്ലാതെ കുറച്ചു കാലത്തേക്ക് സൂക്ഷിക്കാം.) ജെപെയ്ഗ് ഫോര്‍മാറ്റിന്റെ ഗുണം അതിന് ഫയല്‍ സൈസ് കുറവായിരിക്കുമെന്നതാണ്. ഹെയ്ക്കിന് ജെപെയ്ഗിനേക്കാള്‍ സൈസ് കുറവായിരിക്കും. എന്നാല്‍, റോയ്ക്ക് വളരെയധികം സൈസ് ഉണ്ടായിരിക്കും. ഉദാഹരണത്തിന് ഒരു 12എംപി സെന്‍സറില്‍ നിന്നുള്ള റോ ചിത്രം 12എംബി വരെയോ മുകളിലൊ വരാം. എന്നാല്‍, ജെപെയ്ഗ്, ഹെയ്ക് ചിത്രങ്ങള്‍ 1എംബിയോ താഴെയോ മുതല്‍ ഏതാനും എംബി വരെ വരാം. സ്‌റ്റോറേജ് ഡ്രൈവികള്‍ക്ക് വില കൂടുതലായിരുന്ന സമയത്ത് ജെപെയ്ഗില്‍ ചിത്രമെടുക്കുന്നത് അംഗീകരിക്കാമായിരുന്നു. അവയുടെ മറ്റൊരു ഗുണം നേരെ ഇന്‍സ്റ്റഗ്രാമിലും മറ്റും പങ്കുവയ്ക്കാമെന്നതായിരുന്നു. റോ എന്നു പറഞ്ഞാല്‍ സെന്‍സര്‍ ഡേറ്റ ആയതിനാല്‍ ഒരോ മോഡല്‍ ക്യാമറയ്ക്കും ഓരോ തരത്തിലുള്ള റോ ചിത്രങ്ങളായിരുന്നു ലഭിക്കുന്നത്. റോ ചിത്രങ്ങള്‍ പങ്കുവയ്ക്കണമെങ്കില്‍ അവ മിക്കവാറും എഡിറ്റു ചെയ്യുകയും ജെപെയ്ഗ് ആയോ മറ്റോ കണ്‍വേര്‍ട്ടു ചെയ്യുകയും വേണം. അത് അധിക പണിയാണെന്നുള്ളവരും ജെപെയ്ഗ് മതിയന്നു വച്ചു.
∙ എന്താണ് പ്രോറോ?
റോ എന്നു പറഞ്ഞാല്‍ സെന്‍സര്‍ ഡേറ്റയാണ്. അപ്പോള്‍ പ്രോറോയോ? മിക്ക സ്മാര്‍ട് ഫോണുകളും നിരവധി കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രാഫി ടെക്‌നീകുകള്‍ ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന് ആപ്പിളിന്റെ തന്നെ ഡീപ് ഫ്യൂഷന്‍. പല ഫോട്ടോകള്‍ ഒരുമിപ്പിച്ചാണ് ഇവ നിര്‍മിക്കുക. പ്രോറോയില്‍ കംപ്യൂട്ടേഷണല്‍ വിദ്യകളുടെ ലെയറുകളും ഉള്‍ക്കൊള്ളിച്ചാണ് റോ ഫയലുകള്‍ ഉണ്ടാക്കുക. എഡിറ്റിങ് സമയത്ത് ഈ ലെയറുകളും യഥാവിധി ഉപയോഗപ്പെടുത്താനാകുമെന്നു കരുതുന്നു. നിലവിലെ എഡിറ്റിങ് സോഫ്റ്റ്‌വെയറൊന്നും ഇതിനു സജ്ജമല്ലെങ്കിലും ഇനി വരുന്ന പതിപ്പുകളില്‍ പ്രോറോയുടെ മികവ് ചൂഷണം ചെയ്യാവുന്ന രീതിയില്‍ അവയ്ക്കു മാറ്റം വരുത്തിയേക്കുമെന്നാണ് കരുതുന്നത്.
∙ പ്രോറോ അറിയേണ്ട കാര്യങ്ങള്‍
ഐഫോണ്‍ 12 സീരിസ് അവതരിപ്പിച്ചപ്പോള്‍ത്തന്നെ പ്രോറോയെക്കുറിച്ചു പറഞ്ഞിരുന്നു. എന്നാല്‍ ആ ഫീച്ചറിന് കാത്തിരിക്കണമെന്നും പറഞ്ഞിരുന്നു. അതാണ് ഇപ്പോള്‍ ഐഒഎസ് 14.3യില്‍ നല്‍കിയിരിക്കുന്നത്. ഐഫോണുകളില്‍ വര്‍ഷങ്ങളായി റോ ചിത്രങ്ങള്‍ പകര്‍ത്താമായിരുന്നു. എന്നാല്‍ അതെല്ലാം തേഡ്പാര്‍ട്ടി ക്യാമറാ ആപ്പുകളിലൂടെയായിരുന്നു.
നിലവില്‍ ഐഫോണ്‍ 12 പ്രോ, പ്രോ മാക്‌സ് മോഡലുകള്‍ മാത്രമാണ് പ്രോറോ ഫോര്‍മാറ്റ് സപ്പോര്‍ട്ട് ചെയ്യുന്നത്. ബാക്കി ഐഫോണ്‍ 12 സീരിസില്‍ പ്രോറോ ഇല്ല, വെറും റോ ആണ് ഉള്ളത്.
പ്രോറോയ്ക്ക് ഏകദേശം 12 സ്‌റ്റോപ് ഡൈനാമിക് റെയ്ഞ്ച് ലഭിക്കുന്നു. സാധാരണ റോ 12 എംബി ഫയലുകള്‍ നല്‍കുമ്പോള്‍, പ്രോറോ ഫയലുകള്‍ക്ക് 25എംബിയോളം സൈസ് വരുന്നു. സാങ്കേതികമായി പറഞ്ഞാല്‍ പ്രോറോ എന്നൊരു പുതിയ ഫയല്‍ ഫോര്‍മാറ്റൊന്നും ആപ്പിള്‍ സൃഷ്ടിച്ചിട്ടില്ല. മറിച്ച് അത് ഡിഎന്‍ജി ഫോര്‍മാറ്റ് തന്നെയാണ്. സാധാരണ റോഫയല്‍ 50 മില്ലിസെക്കന്‍ഡില്‍ ഷൂട്ടു ചെയ്യാം. എന്നാല്‍ ഒരു പ്രോറോ ഫയല്‍ സേവു ചെയ്യണമെങ്കില്‍ 2-3 സെക്കന്‍ഡോളം വരും. എന്നാല്‍, ഐഫോണ്‍ പ്രോ മോഡലുകളുടെ മസില്‍ക്കരുത്തിലൂടെ ഇതു മറച്ചു പിടിക്കപ്പെടുന്നു. എന്നു പറഞ്ഞാല്‍ നിങ്ങള്‍ ഒരു പ്രോറോ പകര്‍ത്തിയാലും രണ്ടാമത്തെ ഷോട്ടും ഉടനെ തന്നെ എടുക്കാം. ആദ്യ ഫയലിന്റെ സേവ് പ്രോസസ് പിന്നാമ്പുറത്ത് നടന്നുകൊണ്ടിരിക്കുകയായിരിക്കുമെന്നു മാത്രം. എന്നാല്‍ മൂന്നു പ്രോറോ ചിത്രങ്ങള്‍ തുടരെ തുടരെ എടുത്തു കഴിഞ്ഞാല്‍ ഷട്ടര്‍ അമര്‍ത്താനാകാതെ വരുന്നു. എടുത്ത ചിത്രങ്ങള്‍ സേവു ചെയ്ത് ഏതാനും സെക്കന്‍ഡുകള്‍ക്കു ശേഷം മാത്രമായിരിക്കും ഷൂട്ടിങ് തുടരാനാകുക എന്നാണ് മനസ്സിലാക്കുന്നത്. പ്രോറോ ഉപയോഗിച്ച് ബേസ്റ്റ് (ധാരാളം ചിത്രങ്ങള്‍ ഒരുമിച്ചെടുക്കുക) ആരും അടുത്തകാലത്തെങ്ങും കരുതേണ്ടന്നു പറയുന്നു.
∙ ഈ തലവേദനയെല്ലാം എടുത്താല്‍ പ്രോറോ ഉപയോഗിച്ച് മാസ്റ്റര്‍പീസുകള്‍ ഉണ്ടാക്കാനാകുമോ?
അതെല്ലാം ഫൊട്ടോഗ്രാഫറുടെ കഴിവു പോലെയിരിക്കും. എന്തായാലും പോസ്റ്റ് പ്രോസസിങ് അറിയാവുന്ന, തയാറുള്ള, സ്മാര്‍ട് ഫോണ്‍ ഷൂട്ടര്‍മാര്‍ക്ക് പ്രോറോ ഫയലുകള്‍ മികച്ച ഫോട്ടോകള്‍ നല്‍കും. അതായത് മറ്റു സ്മാര്‍ട് ഫോണുകളുമായി തട്ടിച്ചു നോക്കുമ്പോള്‍. ഫോട്ടോ എടുത്തു കഴിഞ്ഞും ഇരുന്നു പണിയെടുക്കേണ്ടി വന്നേക്കുമെന്നു മാത്രം. നിലവിലുള്ള ഏതൊരു സ്മാര്‍ട് ഫോണ്‍ ക്യാമറയോടും കിടപിടിക്കാന്‍ പറ്റുന്നതോ, മെച്ചപ്പെട്ടതോ ആയ ചിത്രങ്ങള്‍ പ്രോറോ ഷൂട്ടര്‍മാര്‍ക്ക് എടുക്കാനായേക്കും. നൈറ്റ് ഷൂട്ടിങ്ങിലും മികവു പുലര്‍ത്തുമെന്നു കരുതുന്നു.
English Summary: What is ProRAW?