സ്മാര്‍ട് ഫോണിൽ ഫോട്ടോ എടുക്കാൻ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ, ക്യാമറാ മോഡുകളെ അടുത്തറിയാം

Pic-2-manual-Mode
SHARE

ഫോണ്‍ ക്യാമറകള്‍ നാം നമ്മെത്തന്നെയും ലോകത്തെയും നോക്കുന്ന രീതിക്ക് മാറ്റം വരുത്തിയിരിക്കുകയാണ്. ഒരു പതിറ്റാണ്ടു മുൻപൊക്കെ കണ്ണാടിക്കു മുന്നില്‍ ചിലവിട്ടിരുന്നവര്‍ ഇന്ന് സെല്‍ഫി ക്യാമറയ്ക്കു മുന്നിലേക്കു മാറിയിരിക്കുന്നു. തമാശകള്‍ മുതല്‍ അധികാരികളുടെ വഷളത്തരങ്ങള്‍ വരെ പിടിച്ചെടുക്കാനുള്ള ഉപാധിയായും അതുമാറിയിരിക്കുന്നു. ആര്‍ട്ടും ഫൈന്‍ ആര്‍ട്ടും വരെ സൃഷ്ടിക്കപ്പെടുന്നു. സ്മാര്‍ട് ഫോണുകള്‍ ഇറക്കുന്ന കമ്പനികള്‍ നല്‍കുന്ന ഡിഫോള്‍ട്ട് ആപ്പുകള്‍ കൂടാതെ കാക്കത്തൊള്ളായിരം ക്യാമറാ ആപ്പുകള്‍ ഇന്നു ലഭ്യമാണ്. മറ്റൊരു വിഭാഗത്തിലും ഇത്രയധികം ആപ്പുകള്‍ ഉണ്ടാകണമെന്നില്ല. പുതിയ ഫോണുകളിലും, ചില ആപ്പുകളിലും ധാരാളം മോഡുകള്‍ ഉണ്ട്. അവയെക്കുറിച്ച് ഒന്നറിഞ്ഞിരിക്കുന്നത് ഷൂട്ടര്‍മാര്‍ക്ക് ഉപകാരപ്രദമായിരിക്കും.

∙ മാന്യുവല്‍ അഥവാ പ്രോ മോഡ്

ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ഇത് ഡിഫോള്‍ട്ടായി ലഭിക്കുക. ഐഒഎസിലെ നിരവധി ആപ്പുകള്‍ വഴിയും ക്യാമറയുടെ 'പരിപൂര്‍ണ' നിയന്ത്രണം നല്‍കുന്ന മോഡാണിത്. ഇവിടെ ഉപയോക്താക്കള്‍ക്ക് ഐഎസ്ഒ, ഷട്ടര്‍ സ്പീഡ്, വൈറ്റ് ബാലന്‍സ്, ഫോക്കസ് മോഡ്, തുടങ്ങിയവ തിരഞ്ഞെടുക്കാം. ക്യാമറയെ അതിന് ഇഷ്ടമുള്ളതു ചെയ്യാന്‍ വിടേണ്ട കാര്യമില്ല. ക്യാമറാ ആപ്പുകള്‍ അതിന്റെ സാഹചര്യം മനസ്സിലാക്കിയെടുക്കാന്‍ കെല്‍പ്പുള്ളവയാണെങ്കിലും പല സന്ദര്‍ഭങ്ങളിലും ഉപയോക്താവ് നിയന്ത്രണം ഏറ്റെടുക്കുന്നത് സര്‍ഗാത്മകമായ പല മാറ്റങ്ങള്‍ക്കും കാരണമാകാം. അല്‍പം വിഷമം പിടിച്ചതായി തോന്നാമെങ്കിലും പഠിച്ചെടുക്കുന്നതു വഴി നിങ്ങളുടെ ഫൊട്ടോഗ്രാഫി കഴിവുകള്‍ അടുത്ത തലത്തിലേക്ക് ഉയരുന്നതു കാണാനാകും.

ISO 100-MANUAL MODE

∙ നൈറ്റ് മോഡ്

പരമ്പരാഗത ക്യാമറാ നിര്‍മാതാക്കള്‍ കാര്യമായി ശ്രദ്ധിക്കാതെ കിടന്ന ഒരു മേഖലയിലേക്കാണ് സ്മാര്‍ട് ഫോണ്‍ ക്യാമറാ ഗവേഷകര്‍, പ്രത്യേകിച്ചും ഗൂഗിള്‍ പിക്‌സലിന്റെ 1, 2, 3 വേര്‍ഷനുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഗവേഷകര്‍ കടന്നു കയറിയത്. കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രാഫിയുടെ മികവ് വിരിഞ്ഞു വിലസുന്നത് ഇവിടെയാണ്. വാവെയുടെ ഫ്‌ളാഗ്ഷിപ് ഫോണുകള്‍, ഈ വര്‍ഷത്തെ ഐഫോണ്‍ 12 പ്രോ മാക്‌സ് തുടങ്ങി പല ഫോണുകളും ഇപ്പോള്‍ നൈറ്റ് ഫൊട്ടോഗ്രാഫിയില്‍ മികവു പുലര്‍ത്തുന്നു. നിരവധി ഫോട്ടോകള്‍ എടുത്ത് അവയെ ഒരുമിപ്പിക്കുന്ന മോഡുകളാണ് കാണാന്‍ കഴിയുക. പലപ്പോഴും ഫോണ്‍ ഇളക്കം തട്ടാതെ എവിടെയെങ്കിലും ഉറപ്പിച്ചു നിർത്തി നൈറ്റ് മോഡ് ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നത് ഗുണം വര്‍ധിപ്പിച്ചേക്കുമെന്നു കരുതുന്നു. വില കുറഞ്ഞ മോഡലുകളിലും പേരിനൊരു നൈറ്റ് മോഡ് ഒക്കെ ഉണ്ടെങ്കിലും അവ മുന്തിയ മോഡലുകളില്‍ കാണാവുന്ന അത്ര ഗുണനിലവാരം നല്‍കുന്നില്ല എന്നാണ് പൊതുവെ കാണുന്നത്. നൈറ്റ്‌മോഡില്‍ ഉപയോഗിക്കുന്ന മറ്റൊരു രീതി, ഷട്ടര്‍സ്പീഡ് കുറയ്ക്കുക എന്നതാണ്. അപ്പോഴും, ഫോണ്‍ എവിടെയെങ്കിലും ഇളക്കം തട്ടാതെ വയ്ക്കാന്‍ സാധിക്കണം.

night-mode-iphone-11

∙ പ്രോ വിഡിയോ

ഇത് പ്രോ ഫോട്ടോ മോഡിനോട് സാമ്യമുള്ളതാണ്. താരതമ്യേന പുതിയ മോഡലുകളിലാണ് ഇതും ഗുണകരമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഫോട്ടോ പ്രോ മോഡിനെ അപേക്ഷിച്ച് ഇതിനുള്ള ഒരു വ്യത്യാസം ശബ്ദം പിടിച്ചെടുക്കാനായി മൈക്രോഫോണിന്റെ ദിശയും ക്രമീകരിക്കാമെന്നതാണ്. കോണ്‍ട്രാസ്റ്റ്, ഹൈലൈറ്റ്‌സ്, ഷാഡോസ്, സാച്ചുറേഷന്‍, ടിന്റ്, ടെംപറേച്ചര്‍ തുടങ്ങിയവയും ക്രമീകരിക്കാം.

∙ സ്ലോമോഷന്‍ വിഡിയോ

സെക്കന്‍ഡില്‍ 960 ഫ്രെയിം വരെ പടിച്ചെടുക്കാനുള്ള ശേഷി പല ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കും ഉണ്ട്! നിങ്ങള്‍ ഏതാനും സെക്കന്‍ഡ് നേരത്തെ വിഡിയോ മാത്രമാണ് പിടിച്ചെടുത്തിരിക്കുന്നതെങ്കിലും, ക്ലിപ്പു കാണുമ്പോള്‍ അതിലധികം സമയം വേണ്ടിവരുന്നു. കൂടുതല്‍ ഫ്രെയിം റെയ്റ്റില്‍ എടുക്കുന്ന ക്ലിപ്പുകള്‍ നടക്കുന്ന ആക്ഷന്‍ കൂടുതല്‍ നേരത്തേക്ക് വലിച്ചു നീട്ടും. ക്രിക്കറ്റിലും മറ്റും കാണുന്ന സ്ലോമോഷന്‍ റീപ്ലേ പോലെ. ഉദാഹരണത്തിന് സെക്കന്‍ഡില്‍ 960 സെക്കന്‍ഡില്‍ എടുക്കുന്ന വിഡിയോ, സെക്കന്‍ഡില്‍ 240 ഫ്രെയിം വച്ചു റെക്കോഡു ചെയ്യുന്ന വിഡിയോകളെക്കാള്‍ 'വലിച്ചു നീട്ടിയതായിരിക്കും'.

usain-bolt

∙ ടൈം ലാപ്‌സും ഹൈപ്പര്‍ ലാപ്‌സും

ചില ഫോണുകളില്‍ ടൈം ലാപ്‌സാണ് ലഭിക്കുന്നതെങ്കില്‍ വേറെ ചില കമ്പനികള്‍ ഹൈപ്പര്‍ ലാപ്‌സ് നല്‍കുന്നു. ടൈം ലാപ്‌സ് പകര്‍ത്തുന്നവര്‍ നിശ്ചിത സമയത്തിനുള്ളില്‍ ഒരു ഫ്രെയിം വച്ചു പകര്‍ത്താന്‍ ഫോണിനോട് ആവശ്യപ്പെടും. എന്നിട്ട് ഇവ സംയോജിപ്പിച്ച് അതിവേഗ വിഡിയോ സൃഷ്ടിക്കും. അതേസമയം, ഹൈപ്പര്‍ലാപ്‌സ് വിഡിയോയില്‍ നിങ്ങള്‍ക്ക് വേഗമേറിയ വിഡിയോ വേണോ, വേഗം കുറഞ്ഞ ക്ലിപ്പുകളാണോ വേണ്ടതെന്ന് തിരഞ്ഞെടുക്കാം.

∙ റോ ഫോട്ടോകള്‍

ഈ വര്‍ഷം ആപ്പിള്‍ പ്രൊറോ സപ്പോര്‍ട്ട് തങ്ങളുടെ ഐഫോണ്‍ 12 പ്രോ മോഡലുകള്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഈ ഫോണൊന്നും കൈയ്യിലില്ലെങ്കിലും തേഡ് പാര്‍ട്ടി ആപ്പുകള്‍ വര്‍ഷങ്ങളായി ഐഒഎസിലും ആന്‍ഡ്രോയിഡിലും റോ ഫോര്‍മാറ്റില്‍ ചിത്രങ്ങളെടുക്കാന്‍ അനുവദിച്ചിരുന്നു. ജെപെയ്ഗ് ഫോര്‍മാറ്റിനേ പോലെയല്ലാതെ പരമാവധി ഡേറ്റ പിടിച്ചെടുക്കുന്നു എന്നതാണ് ഇതിന്റെ സവിശേഷത. എഡിറ്റിങ് സമയത്ത് കൂടുതല്‍ ഡേറ്റ ലഭ്യമാണ് എന്നതാണ് റോ ഫയലുകളുടെ ഗുണം. എഡിറ്റിങ്ങില്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍ റോ ചിത്രങ്ങളെടുത്തു സമയം കളയേണ്ട കാര്യമില്ല.

∙ പോര്‍ട്രെയറ്റ് മോഡ്

ആരുടെ ഫോട്ടോ എടുക്കുന്നോ അയാളുടെ പിന്നിലുള്ള ചെടികളോ, മരങ്ങളോ, ഭിത്തിയോ ഒക്കെ അല്‍പം മങ്ങലോടെ അവതരിപ്പിക്കുന്ന രീതിയ്ക്കാണ് പോര്‍ട്രെയ്റ്റ് മോഡ് എന്നു പറയുന്നത്. ഇവിടെയും കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രാഫി മികവു പുലര്‍ത്തുന്നു. ചില ഫോണുകളില്‍ ഇതിനായി ടെലീ ലെന്‍സുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. സബ്ജക്ടിനെ അയാള്‍ നില്‍ക്കുന്ന പശ്ചാത്തലത്തില്‍ നിന്ന് അല്‍പം എടുത്തു കാണിക്കുന്ന രീതിയെയാണ് പോര്‍ട്രെയ്റ്റ് മോഡ് എന്നു വിളിക്കുന്നത്.

തങ്ങളുടെ ഫോണുകളില്‍ മാത്രം ലഭ്യമാണ് എന്ന് അവകാശപ്പെട്ട് അവതരിപ്പിച്ചിരിക്കുന്ന ഏതാനും മോഡകുള്‍ കൂടെ പരിശോധിക്കാം:

∙ വണ്‍പ്ലസ്: അള്‍ട്രാഷോട്ട് എച്ഡിആര്‍, നൈറ്റ്‌സ്‌കെയ്പ്, മൈക്രോ, പാനറാമാ, ക്യാറ്റ് ആന്‍ഡ് ഡോഗ് ഫെയ്സ് ഡിറ്റെക്ഷന്‍ ആന്‍ഡ് ഫോക്കസ്, എഐ സീന്‍ ഡിറ്റെക്ഷന്‍, റോ ഇമേജ്.

∙ വിവോ: മോഷന്‍ ഓട്ടോഫോക്കസ്, ഐഓട്ടോഫോക്കസ്, ബോഡി/ഒബ്ജക്ട് ഓട്ടോഫോക്കസ്, സൂപ്പര്‍ വൈഡ് ആങ്ഗിള്‍ നൈറ്റ്‌മോഡ്, ട്രൈപ്പോഡ് നൈറ്റ് മോഡ്, അള്‍ട്രാ സ്‌റ്റേബിൾ വിഡിയോ, ആര്‍ട്ട് പോര്‍ട്രെയ്റ്റ് വിഡിയോ, സൂപ്പര്‍ മാക്രോ, എആര്‍ സ്റ്റിക്കേഴ്‌സ്, 3ഡി സൗണ്ട്ട്രാക്കിങ്.

∙ റിയല്‍മി: സ്റ്റാറി മോഡ്, സൂപ്പര്‍ നൈറ്റ്‌സ്‌കെയ്പ്, പാനറാമ, അള്‍ട്രാ വൈഡ്, അള്‍ട്രാ മാക്രോ, ക്രോമാ ബൂസ്റ്റ്.

∙ സാംസങ്: സിംഗിൾ-ടെയ്ക്, സൂപ്പര്‍ സ്ലോ-മോ, ഫുഡ്.

∙ ഐഫോണ്‍ 12 പ്രോ/പ്രോ മാക്‌സ്: പ്രോറോ

(ഇവയില്‍ പലതും മറ്റു നിര്‍മാതാക്കളുടെ ഫോണുകളിലും ലഭ്യമാണ്.)

English Summary: Here are some important things you need to know to take photos on your smartphone

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.