ഷട്ടര്‍ ബട്ടണ്‍ ഇല്ലാത്ത ക്യാമറ! സങ്കല്‍പ്പിക്കാനൊക്കുമോ അത്? ഡിഎസ്എല്‍ആറുകളുടെ നടുവില്‍ ഇരുന്നിരുന്ന മിറര്‍ ബോക്കസ് എടുത്തു കളഞ്ഞ് മിറര്‍ലെസ് ക്യാമറകള്‍ ഉണ്ടാക്കിയതിന്റെയത്ര പ്രാധാന്യമുള്ള നീക്കമായിരിക്കാം ഇതെന്നാണ് ക്യാമറാ പ്രേമികള്‍ കരുതുന്നത്. മുൻപൊരു ക്യാമറാ നിര്‍മാതാവും നടത്താത്ത തരത്തിലുള്ള ഒരു നീക്കം നടത്താനായിരിക്കും ക്യാനന്‍ ഒരുങ്ങുന്നതെന്നാണ് കമ്പനി ഇപ്പോള്‍ ഫയല്‍ ചെയ്തിരിക്കുന്ന പേറ്റന്റ് അപേക്ഷയില്‍ നിന്ന് മനസ്സിലാകുന്നത്. (ഇത് ഒരു പേറ്റന്റ് അപേക്ഷ മാത്രമാണ് ഇപ്പോള്‍. പക്ഷേ, ഷട്ടര്‍ ബട്ടണ്‍ ഇല്ലാത്ത ക്യാമറ ഇറക്കിയേക്കുമെന്നു കരുതുന്നവര്‍ ഏറെയാണ്.)
∙ ഷട്ടര്‍ ബട്ടണു പകരമെന്ത്?
ഷട്ടര്‍ ബട്ടണു പകരം ക്യാനന്‍ അവതരിപ്പിക്കുക ഒരു ടച് പാഡ് ആയിരിക്കുമെന്നാണ് പറയുന്നത്. ഷട്ടറമര്‍ത്തി പരിചയിച്ച ഫൊട്ടോഗ്രാഫര്‍മാര്‍ക്ക് അതിന്റെ അഭാവം ഒരു കുറവുതന്നെയായി തോന്നിയേക്കാം. എന്നാല്‍, ടച് പാഡ് വഴി നിരവധി പുതുമകള്‍ അവതരിപ്പിക്കാന്‍ ക്യാനനു സാധിച്ചേക്കും. ഇത് എല്ലാ ക്യാമറകളിലേക്കും ടച് പാഡ് പോലെയോ മറ്റെന്തെങ്കിലും രീതിയിലോ എത്തിയേക്കും. ടച് പാഡില്‍ എന്തെല്ലാം ഫീച്ചറകള്‍ ഉള്‍പ്പെടുത്തിയേക്കാം എന്നൊന്നും ഇപ്പോള്‍ ഉറപ്പോടെ പറയാനാവില്ല. എന്തായാലും ക്യാനന്റെ പുതിയ നീക്കത്തോടെ ഒരു ടച് പാഡില്‍ എന്തെല്ലാം ഉള്‍ക്കൊള്ളിക്കാനായേക്കുമെന്ന് ചര്‍ച്ചയും തുടങ്ങി. ഇതില്‍ പല ഫീച്ചറുകളും ക്യാനന്റെയല്ലെങ്കില്‍ മറ്റു നിര്‍മാതാക്കളുടെ ക്യാമറകളില്‍ ഭാവിയില്‍ കാണാനായേക്കുമെന്നു തന്നെയാണ് ക്യാമറാ പ്രേമികള്‍ കരുതുന്നത്.
∙ എന്താണ് മെച്ചം?
അയ്യായിരം രൂപയുടെ സ്മാര്‍ട് ഫോണ്‍ പോലും നിങ്ങള്‍ക്ക് ലോക് ചെയ്യാം. ഫിങ്ഗര്‍പ്രിന്റ് ലോക് അടക്കം നടത്താനായേക്കും. എന്നാല്‍ ഇക്കാലത്തു പോലും ഒരാള്‍ 5 ലക്ഷം രൂപ വിലയുള്ള ക്യാമറ മോഷ്ടിച്ചാലും അത് തരിച്ചു കിട്ടല്‍ എളുപ്പമല്ല. അല്ലെങ്കില്‍ എവിടെയെങ്കിലും വച്ചിട്ടുപോയ നിങ്ങളുടെ ക്യാമറയില്‍ എടുത്ത ചിത്രങ്ങള്‍ അതു കാണുന്നവര്‍ക്കൊക്കെ എടുത്തു നോക്കാം. ക്യാമറകളിലേക്ക് ആധുനിക ഫീച്ചറുകള്‍ ധാരാളമായി കൊണ്ടുവരാനുണ്ട് എന്നതിന്റെ വ്യക്തമായ സൂചനയാണിത്. എന്നാല്‍, ക്യാമറയില്‍ എവിടെയെങ്കിലും ഒരു ഫിങ്ഗര്‍പ്രിന്റ് ലോക്ക് പിടിപ്പിക്കാന്‍ സാധിച്ചാലോ? നിങ്ങളുടെ ക്യാമറയുടെ ലെന്‍സും, മെമ്മറി കാര്‍ഡും, വ്യൂഫൈന്‍ഡറും, എല്‍സിഡിയുമടക്കം എല്ലാം ഇതു വച്ചു ലോക്കു ചെയ്യാന്‍ സാധിച്ചാല്‍ അതൊരു നല്ല കാര്യമല്ലേ? ഉടമയുടെ ഫിങ്ഗര്‍പ്രിന്റ് പതിഞ്ഞാല്‍ മാത്രം പ്രവര്‍ത്തന സജ്ജമാകുന്ന ക്യാമറ എന്നത് ഒരു മികച്ച ഫീച്ചറായിരിക്കും.
∙ ഫോക്കസ് അഡ്ജസ്റ്റു ചെയ്യല്‍ എളുപ്പമാകും
വ്യൂഫൈന്‍ഡറിലൂടെ നോക്കി ഫോട്ടോ പകര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടച് പാഡ് ഒരു അനുഗ്രഹമായേക്കുമെന്നും കരുതുന്നു. വ്യൂഫൈന്‍ഡറിലൂടെ നോക്കി ടച് പാഡിനു മുകളിലൂടെ വിരലോടിച്ച് ഫോക്കസ് തിരഞ്ഞെടുക്കുക എന്നത് ചിലപ്പോള്‍ ആകര്‍ഷകമായ ഫീച്ചറായി തീര്‍ന്നേക്കാം. ഇത്തരത്തിലുള്ള പല കമാന്‍ഡുകളും ടച് പാഡിലൂടെ നല്‍കാനായേക്കുമെന്നും കരുതുന്നു.
∙ മറ്റു ഫീച്ചറുകള്‍
ക്യാനന്‍ ടച് പാഡിനു നല്‍കുന്ന വിവരണം 'ഫ്രന്റ് ടച് ഓപ്പറേഷന്‍ മെമ്പര്‍' അഥവാ പാനല്‍ എന്നാണ്. പരമ്പരാഗതമായി ഷട്ടര്‍ ബട്ടണ് ഇരിക്കുന്നിടത്തായിരിക്കും ഈ പാനല്‍. ഒരു തവണ സ്പര്‍ശിക്കുന്നത് എത്ര നേരത്തേക്കാണ്, എത്ര അമര്‍ത്തിയാണ് എന്നുള്ളതെല്ലാം ഈ പാനലിനു തിരിച്ചറിയാനായേക്കും. ഇപ്പോള്‍ ഷട്ടര്‍ ബട്ടണില്‍ പകുതി അമര്‍ത്തി ക്യാമറ ഫോക്കസു ചെയ്യുകയും പൂര്‍ണമായി അമര്‍ത്തി ഷട്ടര്‍ റിലീസു ചെയ്യുകയും ചെയ്യുന്നു ഇതു രണ്ടും ടച് പാഡിനു തിരിച്ചറിയാനായേക്കും. ക്യാമറാ ബോഡിയില്‍ തന്നെ ഉറപ്പിച്ചിരിക്കുന്നതിനാല്‍, ഷട്ടര്‍ ബട്ടണ്‍ പോലെ ചലിക്കുന്ന ഭാഗങ്ങള്‍ ഇല്ലാതാക്കാനായേക്കും. അതു വഴി ക്യാമറ കൂടുതല്‍ വാട്ടര്‍പ്രൂഫ് ആക്കാനും സാധിച്ചേക്കും.
∙ നല്ല ഗ്രിപ്പ്
ചൂണ്ടുവിരല്‍ ഇരിക്കുന്ന സ്ഥലത്ത് ഇതു വയ്ക്കുക വഴി ക്യാമറയ്ക്ക് കൂടുതല്‍ നല്ല ഗ്രിപ്പ് ലഭിക്കുമെന്നും പറയുന്നു.
എന്നാല്‍, ഇത് എത്തുന്ന ആദ്യ ക്യാമറയെ നിലവിലുള്ള ഷൂട്ടര്‍മാര്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുമെന്നൊന്നും ആരും കരുതേണ്ടെന്ന് വിമര്‍ശകര്‍ പറയുന്നു. ഇഒഎസ് ആര്‍ ക്യാമറകളില്‍ ക്യാനന്‍ അവതരിപ്പിച്ച ടച്ബാര്‍ ഇഷ്ടപ്പെട്ടവരും ഇഷ്ടപ്പെടാത്തവരും ഉണ്ടായിരുന്നു. അവസാനം ഭാവി മോഡലുകളില്‍ ഇത് ഉള്‍പ്പെടുത്തില്ലെന്ന് ക്യാനന്‍ അറിയിക്കുകയായിരുന്നു. ഇതാണോ ഭാവി എന്ന ചോദ്യത്തിന്, ഇതു വളരെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. എന്നാല്‍, ക്യാമറ പുറത്തു വരുമ്പോള്‍ ഉപയോഗിച്ചു നോക്കിയാല്‍ മാത്രമായിരിക്കും അതിന്റെ പ്രവര്‍ത്തനക്ഷമത അറിയാനാകൂ എന്നാണ് ഇപ്പോള്‍ ഉയരുന്ന അഭിപ്രായം. നൂറു കണക്കിനു പേറ്റന്റുകളാണ് ക്യാനന്‍ ഇപ്പോള്‍ ഫയല്‍ ചെയ്യുന്നതെന്ന് പറയുന്നു. ഇവയില്‍ പലതും യാഥാര്‍ഥ്യമാകണമെന്നില്ല.
എന്തായാലും ഈ ഫീച്ചര്‍ വന്നാല്‍, ക്യാമറകളില്‍ എല്‍സിഡി സ്‌ക്രീന്‍ വന്നതിനും, മിറര്‍ ബോക്‌സ് എടുത്തു മാറ്റിയതിനും സമാനമായ ഒരു പ്രാധാന്യമായിരിക്കും ലഭിക്കുക എന്നു കരുതുന്നവരുണ്ട്. വിലപിടിപ്പുള്ള ക്യാമറ ലോക് ചെയ്യാന്‍ ആഗ്രഹിക്കാത്തവരായി ആരുണ്ട്?
English Summary: Canon may introduce Shutter buttonless camera