ക്യാമറാ നിര്‍മാണത്തിന്റെ പല മേഖലകളില്‍ എതിരാളികളെ കവച്ചുവയ്ക്കുന്ന പ്രകടനവുമായി എത്തിയിരിക്കുകയാണ് സോണി എ1 എന്ന 50.1എംപി ക്യാമറ. ക്യാനന്‍ 1ഡിഎക്‌സ് III (20.1 എംപി), നിക്കോണ്‍ ഡി6 (20.8എംപി) തുടങ്ങിയ ക്യാമറകളാണ് അതിവേഗ ഷൂട്ടിങ്ങില്‍ പേരുകേട്ടത്. അതേസമയം, റെസലൂഷന്‍ കൂടിയ ക്യാമറകള്‍ക്ക് ഷൂട്ടിങ് സ്പീഡ് കുറയുകയും ചെയ്യും. എന്നാല്‍, പുതിയ 50.1എംപി ക്യാമറയ്ക്ക് സെക്കന്‍ഡില്‍ 30 ഫ്രെയിമുകള്‍ വരെ ഷൂട്ടു ചെയ്യാനുള്ള ശേഷിയുണ്ട്. അതായത്, ഇതുവരെ മറ്റൊരു ക്യാമറയ്ക്കും സാധിക്കാത്ത രീതിയില്‍ റെസലൂഷനും ഷൂട്ടിങ് സ്പീഡും ഒരുമിപ്പിക്കാന്‍ സോണിക്കു സാധിച്ചിരിക്കുന്നു. (ഇലക്ട്രോണിക് ഷട്ടര്‍ ഉപയോഗിച്ച് 155 കംപ്രസ് ചെയ്ത റോ ഫയലുകളോ, 165 ജെപെയ്ഗ് ചിത്രങ്ങളോ മാത്രമെ ഇത്ര വേഗത്തില്‍ പകര്‍ത്താനാകൂ. മെക്കാനിക്കല്‍ ഷട്ടറാണ് ഉപയോഗിക്കുന്നതെങ്കില്‍ സെക്കന്‍ഡില്‍ 10 ഫ്രെയിമായിരിക്കും ഷൂട്ടിങ് സ്പീഡ്.) റോളിങ് ഷട്ടര്‍ എഫക്ട് ഇല്ലാതാക്കാനും കമ്പനിക്കു സാധിച്ചിട്ടുണ്ട്.
ഓട്ടോഫോക്കസിന്റെ കാര്യത്തില്‍ എതിരാളികളെ അസൂയപ്പെടുത്തുന്ന തരം മികവായിരുന്നു സോണിക്ക് ഉണ്ടായിരുന്നത്. പുതിയ ക്യാമറയ്ക്ക് 759 ഫെയ്‌സ് (phase) ഡിറ്റെക്ട് ഓട്ടോഫോക്കസ് പോയിന്റുകളും, സെന്‍സറിന്റെ 92 ശതമാനം കവറേജ് നല്‍കുകയും, റിയല്‍ ടൈം എഎഫ് ട്രാക്കിങ് സ്പീഡ് 30 ശതമാനം മുന്‍ അതിവേഗ ക്യാമറയായ എ9 IIനെ അപേക്ഷിച്ച് വര്‍ധിപ്പിക്കുകയുമാണ് സോണി ചെയ്തിരിക്കുന്നത്. മനുഷ്യര്‍ക്കും, മൃഗങ്ങള്‍ക്കും, പക്ഷികള്‍ക്കുമുള്ള ഐ-എഎഫ് മികവും വര്‍ധിപ്പിക്കാന്‍ സോണിക്കായി. സെക്കന്‍ഡില്‍ 120 ഓട്ടോഫോക്കസ്, ഓട്ടോ എക്‌സ്‌പോഷര്‍ കണക്കുകൂട്ടലുകള്‍ നടത്താനുള്ള ശേഷിയാണ് സോണി എ-1 ക്യാമറയ്ക്കുള്ളത്. ഇത് എ9 IIന്റെ ഇരട്ടിയാണ്. പരമാവധി സിങ്ക് സ്പീഡിന്റെ കാര്യത്തിലും പുരോഗതി കൈവരിക്കാനായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
∙ വിഡിയോ ഷൂട്ടിങ്
സോണി എ1ന് 8കെ/30പി 10-ബിറ്റിലും, 4കെ 120പി 10-ബിറ്റിലും 15 സ്റ്റോപ്‌സിലേറെ ഡൈനാമിക് റെയ്‌ജോടു കൂടി ഷൂട്ടുചെയ്യാന്‍ സാധിക്കും. (സ്റ്റില്ലുകള്‍ക്ക് 15 സ്‌റ്റോപ് ഡൈനാമിക് റെയ്ഞ്ച് ഉണ്ടെന്നാണ് കമ്പനി പറയുന്നത്.) സോണിയുടെ എഫ്എക്‌സ്9, എഫ്എക്‌സ് 6 തുടങ്ങിയ ക്യാമറകളെ വിഡിയോ ഷൂട്ടര്‍മാരുടെ പ്രിയങ്കരമാക്കുന്ന എസ്-സിനിടോണ്‍ കളര്‍ മെയ്ട്രിക്‌സും ലഭ്യമാക്കുന്നതിനാല്‍, ഏവര്‍ക്കും താത്പര്യജനകമായ സിനിമാറ്റിക് ലുക്ക് വിഡിയോകളില്‍ നിന്നു ലഭിക്കുക എന്നത് എളുപ്പമായി തീരുന്നു. ക്യാമറയ്ക്ക് 5-സ്റ്റോപ് ഇന്‍-ബോഡി ഇമേജ് സ്റ്റബിലൈസേഷനാണ് നല്‍കിയിരിക്കുന്നത്. വിഡിയോ ഷൂട്ടിങ് സമയത്ത് ചൂടു ഒഴിവാക്കാനായുള്ള സിസ്റ്റവും ക്യാമറയില്‍ ഒരുക്കിയിരിക്കുന്നു. (ഇത്തരത്തിലൊന്ന് ഇല്ലാതിരുന്നതാണ് ക്യാനന്‍ ആര്‍5നെ കുഴപ്പത്തിലാക്കിയത്.) അതേസമയം, 8കെ/30പി വിഡിയോ 30 മിനിറ്റ് മാത്രമെ തുടര്‍ച്ചയായി ഷൂട്ടു ചെയ്യാനാകൂ എന്നും പറയുന്നു. വിവിധ ഷൂട്ടിങ് സാഹചര്യങ്ങളില്‍ കൂടി കടന്നു പോയിക്കഴിഞ്ഞു മാത്രമെ ഇക്കാര്യത്തിലൊക്കെ സോണി എ1, ക്യാനന്‍ ആര്‍5നെക്കാള്‍ മികച്ച പ്രകടനം നടത്തുന്നുവെന്ന് തറപ്പിച്ചുപറയാനാകൂ.
ഇലക്ട്രോണിക് വ്യൂഫൈന്‍ഡറും മികവുറ്റതാക്കാന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്. 0.64-ടൈപ് 9.44 മില്ല്യന്‍ ഡോട്ട് ഓലെഡ് ക്വാഡ്-എക്‌സ്ജിഎ വ്യൂഫൈന്‍ഡറിന് സെക്കന്‍ഡില്‍ 240 ഫ്രെയിമാണ് റിഫ്രഷ് റെയ്റ്റ്! ഇതും ലോകത്ത് ആദ്യമായാണ്. ഇലക്ട്രോണിക്, മെക്കാനിക്കൽ ഷട്ടറുകള്‍ക്ക് ആന്റി-ഫ്‌ളിക്കര്‍ ഷൂട്ടിങ് മികവും നല്‍കുന്നു. ഇക്കാലത്തു ലഭ്യമായ ഏറ്റവും കരുത്തുറ്റ വൈ-ഫൈ, സൂപ്പര്‍സ്പീഡ് യുഎസ്ബി 10 ജിബിപിഎസ്, മികച്ച വെതര്‍ റെസിസ്റ്റന്‍സ് തുടങ്ങിയവയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ലെന്‍സ് മാറുന്ന സമയത്ത് മെക്കാനിക്കല്‍ ഷട്ടര്‍ തന്നെ അടഞ്ഞ് സെന്‍സറിലേക്ക് പൊടി കയറുന്നില്ലെന്ന് ഉറപ്പാക്കുമെന്നും പറയുന്നു.
∙ വിലയുടെ കാര്യത്തില്‍ കണ്ണില്‍ പൊന്നീച്ച പറക്കും!
അമേരിക്കയില്‍ 6500 ഡോളറും, ബ്രിട്ടനില്‍ 6500 പൗണ്ടുമാണ് വിലയിട്ടിരിക്കുന്നത്. ക്യാനന്‍ ആര്‍5നെക്കാള്‍ മികച്ച പ്രകടനം നടത്തുമെന്നു പുറമെ തോന്നിക്കുന്നുവെങ്കിലും നേരിട്ടു പ്രകടനം വിലയിരുത്തിയ ശേഷം മാത്രമായിരിക്കും അധിക വില കൂടുതൽ മികവ് സമ്മാനിക്കുമോ എന്ന കാര്യം തീരുമാനിക്കാനാകുക. എന്തായാലും ക്യാമറാ നിര്‍മാണ രംഗത്ത് മികച്ച മത്സരമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പറയാം. ഉത്സാഹത്തോടെ പുതിയ ക്യാമറാ നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ക്യാനനും, മിറര്‍ലെസ് ക്യാമറാ നിര്‍മാണ രംഗത്ത് ആദ്യമേ തന്നെ വ്യക്തിമുദ്ര പതിപ്പിച്ച സോണിയും ഇപ്പോള്‍ കടുത്ത മത്സരത്തിലാണെന്ന് പറയാം. തങ്ങളുടെ അതിവേഗ ഷൂട്ടിങ് സാധ്യമാക്കുന്ന മിറര്‍ലെസ് ക്യാമറയുടെ നിര്‍മാണത്തിലാണ് ക്യാനന്‍ എന്നാണ് പറയുന്നത്. (ക്യാനന്‍ ആര്‍1 എന്നായിരിക്കാം ഇതിന്റെ പേര്.) എന്നാല്‍, തങ്ങള്‍ പിന്തുടര്‍ന്നുവന്ന കുറഞ്ഞ റെസലൂഷന്‍ കൂടുതല്‍ ഷൂട്ടിങ് സ്പീഡ് എന്ന സമവാക്യത്തിലൂന്നിയായിരിക്കുമോ പുതിയ ക്യാമറ ഒരുക്കുക, അതോ കൂടുതല്‍ റെസലൂഷനുള്ള സെന്‍സര്‍ ഉള്‍ക്കൊള്ളിക്കുമോ എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. സ്‌പോര്‍ട്‌സ്, വന്യജീവി വിഭാഗങ്ങള്‍ മുതല്‍ വെഡിങ്, പ്രകൃതിദൃശ്യ വിഭാഗങ്ങള്‍ വരെ ഏകദേശം ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഒരു പോലെ ഉപകാരപ്രദമായ ആദ്യ ക്യാമറകളിലൊന്നായിരിക്കും സോണി എ1.
English Summary: Sony a1-The World's best camera at the moment!