സോണിയുടെ സിനിമ ലൈന്‍ (Cinema Line) ക്യാമറകളില്‍ ഏറ്റവും പുതിയതും ചെറുതുമാണ് കമ്പനി ഇപ്പോള്‍ അവതരിപ്പിച്ച എഫ്എക്‌സ്3. ഇതിലെ ഫീച്ചറുകളില്‍ പലതും അടുത്തിടെ പുറത്തിറങ്ങിയ സോണി എ7എസ്3 ലും കാണാം. കമ്പനിയുടെ എഫ്എക്‌സ്6, എ7എസ്3 എന്നിവയ്ക്ക് മധ്യേയാണ് പുതിയ ക്യാമറയുടെ സ്ഥാനം. പുതിയ ക്യാമറയ്ക്ക് ഐഎസ്ഒ 409,600 വരെ ഷൂട്ടു ചെയ്യാനുള്ള ശേഷിയുണ്ട്.
∙ സെന്‍സര്‍, പ്രോസസര്‍ തുടങ്ങിയവ
വിഡിയോ പകർത്താൻ തങ്ങൾ ഉപയോഗിച്ചിരിക്കുന്നത് 10.2 എംപി ബാക്‌സൈഡ് ഇലൂമിനേറ്റഡ് ഫുള്‍ഫ്രെയിം സീമോസ് സെന്‍സറാണെന്നാണ് സോണി അവകാശപ്പെടുന്നത്. എഫ്എക്‌സ്3 ഉപയോഗിച്ച് വിഡിയോയ്ക്ക് പുറമെ സ്റ്റില്‍ ചിത്രങ്ങളും പകര്‍ത്താം. അവ 12 എംപി റെസലൂഷന്‍ ഉള്ളവയായിരിക്കും. ചുരുക്കി പറഞ്ഞാല്‍ എ7എസ്3യില്‍ കണ്ട അതേ ഗംഭീര സെന്‍സര്‍ തന്നെയായിരിക്കാം പുതിയ ക്യാമറയിലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നാണ് പറയുന്നത്. സ്റ്റില്‍ ഫോട്ടോ എടുക്കണമെങ്കില്‍ ഇലക്ട്രോണിക് കൂടാതെ, മെക്കാനിക്കല്‍ ഷട്ടറും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എ7എസ്3യില്‍ കണ്ട ബിയോണ്‍സ് എക്‌സ്ആര്‍ സെന്‍സറാണ് പുതിയ ക്യാമറയിലും. മെനു സിസ്റ്റവും ഇരു ക്യാമറകളിലും ഒരുപോലെയാണ്. ഒരു പ്രധാന മാറ്റം എഫ്എക്‌സ്3യുടെ എഎഫ് ട്രാക്കിങ് സിസ്റ്റം എഫ്എക്‌സ്6ന്റേതിനോട് സമാനമാണ് എന്നതാണ്. എഫ്എക്‌സ്3യ്ക്ക് എസ്-സിനിടോണ്‍ കളര്‍ റെസ്‌പോണ്‍സും നല്‍കിയിട്ടുണ്ട്. കുറഞ്ഞ നോയ്‌സും, കൂടിയ ഡൈനാമിക് റെയ്ഞ്ചും ഉണ്ടായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ക്യാമറാ കണ്ട്രോളുകള്‍ എ7എസ്3യുടേതിനോടു സമാനമല്ല. പവര്‍ സൂം ലെന്‍സുകള്‍ നിയന്ത്രിക്കാനുളള റോക്കര്‍ സ്വിച്ചും എഫ്എക്‌സ്3യെ വേര്‍തിരിച്ചു നിർത്തുന്നു. എസ്എല്‍ആര്‍ മാതൃകയില്‍ നിര്‍മിച്ച എ7എസ്3യെ പോലെയല്ലാതെ എഫ്എക്‌സ്3യുടെ ബോഡി സോണിയുടെ എ6000 സീരീസിനെ അനുസ്മരിപ്പിക്കുന്നു. എന്നാല്‍, കൂളിങ് സിസ്റ്റം അടക്കം ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ പുതിയ ക്യാമറയ്ക്ക് അല്‍പം കട്ടി കൂടുതല്‍ തോന്നും.
ക്യാമറയ്‌ക്കൊപ്പം കിട്ടുന്ന അക്‌സസറിയാണ് എഫ്എക്‌സ്3യെ വേര്‍തിരിച്ചു നിർത്തുന്ന മറ്റൊരു ഘടകം. ഇതിനെ എക്‌സ്എല്‍ആര്‍ ഹാൻഡിൽ (XLR-K3M) എന്നാണ് സോണി വിളിക്കുന്നത്. ഈ ഹാന്‍ഡിൽ ക്യാമറയിലേക്ക് ഷൂട്ടിങ് സമയത്ത് ഘടിപ്പിക്കാം. എക്‌സ്എല്‍ആര്‍, ടിആര്‍എസ് കണക്ടറുകള്‍ മികവുറ്റ ഓഡിയോ റെക്കോഡിങ് എളുപ്പമാക്കുന്നു. ഈ കിറ്റ് പ്രത്യേകമായി വാങ്ങിയാല്‍ എ7എസ്3യ്ക്ക് ഒപ്പവും ഉപയോഗിക്കാം. ഇതിന്റെ വില 600 ഡോളര്‍ ആണ്. എന്നാല്‍, കിറ്റിനൊപ്പം സോണി ഒരു ഷോട്ട്ഗണ്‍ മൈക്രോഫോണും നല്‍കുന്നുണ്ട്. അത് എഫ്എക്‌സ്3യ്ക്ക് ഒപ്പം ലഭ്യമാക്കിയിട്ടില്ല.
പ്രധാനമായും വിഡിയോ ക്യാമറയായ എഫ്എക്‌സ്3യ്ക്ക് സോണി എ7എസ്3യുടെ ഫീച്ചറുകള്‍ തന്നെയാണുള്ളത്. ഫുള്‍ സെന്‍സര്‍ റീഡ് ഔട്ട് ലഭിക്കുന്ന യുഎച്ഡി 4കെ 60പി, ചെറിയ ക്രോപ്പുള്ള യുഎച്ഡി 4കെ 120 പി എന്നിവയാണ് പ്രധാന ശേഷി. 1080 പി വിഡിയോ ഫുള്‍സെന്‍സര്‍ റീഡ് ഔട്ട് നടത്തി 120 പി വരെ റെക്കോഡു ചെയ്യാം. 16-ബിറ്റ് റോ എക്‌സ്‌റ്റേണല്‍ റെക്കോര്‍ഡറിലേക്കും പിടിക്കാം. ഇന്‍ബോഡി ഇമേജ് സ്റ്റബിലൈസേഷനും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. എ7എസ്3യ്ക്ക് ഉള്ളതു പോലെ ഇവിഎഫ് ഇല്ല എന്നതും മനസ്സില്‍വയ്ക്കണം. സോണിയുടെ ഓട്ടോഫോക്കസ് പ്രകടനമടക്കമുള്ള ഫീച്ചറുകള്‍ പുതിയ ക്യാമറയിലും ആസ്വദിക്കാം.
∙ ക്യാമറ ചൂടാകില്ലെന്ന് സോണി
എഫ്എക്‌സ്3 ക്യാമറ ഉപയോഗിച്ച് അനന്തമായി ഷൂട്ടു ചെയ്യാമെന്നാണ് സോണി പറയുന്നത്. എന്നാല്‍, അതിനു പരിമിതികളുണ്ട്. കാരണം പ്രായോഗികമായി, ഒരു വിഡിയോ ഷൂട്ടിങ് ടീം മണിക്കൂറുകളോളം ഷൂട്ടു ചെയ്യില്ലല്ലോ. ഏകദേശം 13 മണിക്കൂര്‍ തുടര്‍ച്ചയായി ഷൂട്ടുചെയ്യാമെന്നതാണ് അനന്തമായി ഷൂട്ടു ചെയ്യാമെന്നു പറയുന്നതുകൊണ്ട് സോണി അര്‍ഥമാക്കുന്നത്. കൂടുതല്‍ വിഡിയോ ഷൂട്ടു ചെയ്യുന്നയാളാണെങ്കില്‍, ഇവിഎഫ് വേണ്ടെങ്കില്‍ ഒരു പക്ഷേ എഫ്എക്‌സ്3 ആയിരിക്കും ഉചിതം. അതേസമയം, കുറച്ചു സ്റ്റില്ലുകൾ എടുക്കുന്നുണ്ടെങ്കില്‍ എ7എസ്3 ആയിരിക്കും മികച്ചത്. അതേസമയം, കൂടുതല്‍ സ്റ്റില്ലും കുറച്ചു വിഡിയോയും ഷൂട്ടു ചെയ്യുന്നവര്‍ക്ക് സോണി എ7ആര്‍4 ആയിരിക്കാം കൂടുതല്‍ ഉപകാരപ്രദം. പുതിയ മോഡലിന് 3899 ഡോളര്‍ ആണ് വില. അടുത്ത മാസം മുതല്‍ വാങ്ങാം.
സോണി എഫ്എക്‌സ്6 പോലെയൊരു ബോഡി വേണ്ടെന്നും, സോണി എ7എസ്3യേക്കാള്‍ അല്‍പം കൂടുതല്‍ വിഡിയോ ഫീച്ചറുകളുള്ള ക്യാമറ വേണമെന്നുമുളളവരെ മനസ്സില്‍ വച്ചാണ് ഇതു പുറത്തിറക്കിയിരിക്കുന്നത്. ക്യാമറാ റിഗും മറ്റുമില്ലാതെ ഷൂട്ടു ചെയ്യാമെന്നത് പുതിയ ക്യാമറയ്ക്ക് കൂടുതല്‍ ആവശ്യക്കാരെ സൃഷ്ടിച്ചേക്കുമെന്നു പറയുന്നു.
അതേസമയം, ഫീച്ചറുകളും വിലയും കുറഞ്ഞ വിഡിയോ ക്യാമറയാണ് വാങ്ങാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ സിഗ്മ എഫ്പി വേണമെങ്കില്‍ പരിഗണിക്കാം.
English Summary: FX3 Full-frame Cinema Line camera