വൻ മാറ്റത്തിനൊരുങ്ങി സോണി! സ്മാര്‍ട് ഫോണ്‍ ക്യാമറകളെ മുഴുവന്‍ പിന്തളളുമെന്ന് റിപ്പോർട്ട്

IMX800-sensor
SHARE

സോണിയുടെ പുതിയ ക്യാമറാ സെന്‍സര്‍ വരുന്നതോടെ സ്മാര്‍ട് ഫോണ്‍ ഫൊട്ടോഗ്രാഫിയില്‍ പുതുയുഗത്തിന് തുടക്കമാകുമെന്നാണ് കരുതുന്നത്. ഇതിന് അധികകാലം കാത്തിരിക്കുകയൊന്നും വേണ്ട താനും. വാവെയ് മെയ്റ്റ് പി50 ഈ സെന്‍സര്‍ ഉപയോഗിച്ചായിരിക്കും നിര്‍മിക്കുക എന്നാണ് അഭ്യൂഹങ്ങള്‍ പറയുന്നത്. ഈ വര്‍ഷം ഇറങ്ങാന്‍ പോകുന്ന ഗൂഗില്‍ പിക്‌സലും ഈ സെന്‍സര്‍ ഉപയോഗിച്ചേക്കുമെന്നും വാദങ്ങളുണ്ട്. ഷഓമിയും അത്തരമൊരു നീക്കം നടത്തിയേക്കും. ചിലപ്പോള്‍ ഐഫോണില്‍ പോലും ഇത്തരത്തിലൊരു മാറ്റം വന്നേക്കാം. 

പിക്‌സല്‍ ഫോണുകളിലെ രാത്രികാല ഷൂട്ടിങ് മികവ് മാറ്റി നിർത്തിയാല്‍ 2016നു ശേഷം ഈ മേഖലയിൽ വലിയ മുന്നേറ്റമൊന്നും കൊണ്ടുവരാന്‍ കമ്പനികള്‍ക്കായിട്ടില്ലെന്നാണ് സ്മാര്‍ട് ഫോണ്‍ ഫൊട്ടോഗ്രാഫിയെക്കുറിച്ചു പഠിക്കുന്നവര്‍ പറയുന്നത്. ഐഫോണ്‍ 12 പ്രോ മാക്‌സില്‍ അല്‍പം വലുപ്പക്കൂടുതലുള്ള സെന്‍സര്‍ കഴിഞ്ഞ വര്‍ഷം ആപ്പിള്‍ ഉപയോഗിച്ചിരുന്നു. കമ്പനികള്‍ ഇനി  കൂടുതല്‍ വലുപ്പമുള്ള സെന്‍സറുകള്‍ ഉള്‍ക്കൊള്ളിക്കുന്ന കാര്യത്തെക്കുറിച്ചു ഗൗരവത്തില്‍ ചിന്തിച്ചു തുടങ്ങി എന്നതിന്റെ തെളിവാണിതെന്നും പറയാം.

പരമ്പരാഗത ഡിജിറ്റല്‍ ക്യാമറകളുടെ ഏറ്റവും വലിയ മികവ് അവയുടെ വലുപ്പക്കൂടുതലുള്ള സെന്‍സറുകളാണ്. സ്മാര്‍ട് ഫോണുകളില്‍ നന്നെ ചെറിയ സെന്‍സറുകളും കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രാഫിയുടെ മികവുമായിരുന്നു ഇതുവരെ ക്യാമറകളുടെ മികവു നിര്‍ണയിച്ചിരുന്നത്. എന്നാല്‍, അതിലൊരു പൊളിച്ചെഴുത്തു നടത്തുകയായിരിക്കും സോണിയുടെ പുതിയ സെന്‍സര്‍ (Sony IMX800) ചെയ്യുക എന്നാണ് പറയുന്നത്. സ്മാര്‍ട് ഫോണുകള്‍ക്കായി നിര്‍മിച്ച ആദ്യ ഒരു ഇഞ്ച് വലുപ്പമുള്ള സെന്‍സറാണിത്. ഇത്തരം സെന്‍സര്‍ ഉപയോഗിച്ചാല്‍ ഫോണിന്റെ വലുപ്പം കൂടുമെന്നത് ഒരു ന്യൂനതയാണെങ്കിലും ഫൊട്ടോഗ്രാഫുകളുടെ മികവ് നാടകീയമായി വര്‍ധിക്കുമെന്നതിനാല്‍ കമ്പനികള്‍ ആ സാഹസത്തിനു മുതിരുകയാണെന്നു പറയുന്നു. സോണിയുടെ പുതിയ സെന്‍സറിനെക്കുറിച്ച് അധികം കാര്യങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. ടെമെ എന്ന ട്വിറ്റര്‍ യൂസറാണ് ആദ്യമായി ഈ സെന്‍സറിന്റെ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. https://bit.ly/3r2858C

ഇത് സ്മാര്‍ട് ഫോണുകള്‍ക്കു വേണ്ടി നിര്‍മിച്ച ആദ്യ 1-ഇഞ്ച് സെന്‍സറാണെങ്കിലും ഈ വലുപ്പത്തിലുള്ള സെന്‍സര്‍ ഉള്‍ക്കൊള്ളിച്ച് നേരത്തെ തന്നെ ഫോണ്‍ ഇറക്കിയിട്ടുണ്ട്. ഇത് 2014ല്‍ പുറത്തിറക്കിയ ലൂമിക്‌സ് സിഎം1 ആയിരുന്നു. ഒരു പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറയ്ക്കുള്ളില്‍ സ്മാര്‍ട് ഫോണിന്റെ ഫങ്ഷനുകളും നല്‍കുക എന്നതായിരുന്നു പാനസോണിക് നടത്തിയ നീക്കം. കൂടാതെ ആ സെന്‍സര്‍ ഒരു ഫോണില്‍ ഉപയോഗിക്കാന്‍ പാകത്തിനുള്ളവയും ആയിരുന്നില്ല. ലഭ്യമായ അഭ്യൂഹങ്ങള്‍ പ്രകാരം ഇപ്പോള്‍ സോണി പുറത്തിറക്കാന്‍ ഒരുങ്ങുന്ന സെന്‍സര്‍ ക്യാമറകള്‍ക്കായി നിര്‍മിച്ചതല്ല, മറിച്ച് സ്മാര്‍ട് ഫോണുകളെ മനസ്സില്‍ വച്ച് ഉണ്ടാക്കിയെടുത്തതാണ് എന്നാണ്.

മറ്റൊരു അഭ്യൂഹം പറയുന്നത് ഗൂഗിള്‍ അടുത്തിറക്കാന്‍ പോകുന്ന പിക്‌സൽ 6 മോഡലില്‍ ഒരു പുതിയ സെന്‍സർ ഉള്‍ക്കൊള്ളിക്കുമെന്നതാണ്. അത് സോണിയുടെ പുതിയ സെന്‍സറായാല്‍ അദ്ഭുതപ്പെടേണ്ട എന്നും പറയുന്നു. അതു ശരിയാണെങ്കില്‍ പിക്‌സല്‍ എതിരാളികളെ പിന്നിലാക്കുമെന്നു പറയുന്നു. എന്നാല്‍ സോണിയുടെ പുതിയ സെന്‍സര്‍ തന്നെയായിരിക്കും ഗൂഗിള്‍ ഉപയോഗിക്കുക എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആപ്പിളും തുടക്ക കാലം മുതല്‍ക്കെ സോണിയുടെ സെന്‍സറുകളാണ് ഐഫോണുകളിലും ഐപാഡുകളിലും ഉപയോഗിച്ചു വരുന്നത്. ഊതിപ്പെരുപ്പിച്ച മെഗാപിക്‌സല്‍ വര്‍ധനയിൽ ശ്രദ്ധിക്കാതെ ഐഫോണുകള്‍ക്ക് 12 എംപി സെന്‍സര്‍ മാത്രം നല്‍കിവന്ന ബ്രാൻഡാണ് ആപ്പിൾ. വെറുതെ പ്രോസസറിന് അധികപ്പണി നല്‍കാമെന്നല്ലാതെ അര്‍ഥവത്തായ ഒരു മാറ്റവും 108 മെഗാപിക്‌സല്‍ എന്നൊക്കെ പറഞ്ഞ് ഇറങ്ങുന്ന ഫോണുകളില്‍ എടുക്കുന്ന ചിത്രങ്ങളില്‍ കാണാനാവില്ലെന്നും വാദമുണ്ട്. അതേസമയം, വലുപ്പം കൂടിയ സ്മാര്‍ട് ഫോണ്‍ സെന്‍സര്‍ എന്ന ആശയം ആപ്പിളിനും ആകര്‍ഷകമായിരിക്കും. ഈ വര്‍ഷത്തെ ഐഫോണില്‍ പുതിയ സെന്‍സര്‍ ഉള്‍ക്കൊള്ളിക്കുമോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലെങ്കിലും പിക്‌സല്‍ ഫോണ്‍ ആരാധകര്‍ക്ക് ശ്വാസംപിടിച്ച് കാത്തിരിക്കാം.

നിക്കോണ്‍ 1 സീരീസ് ക്യാമറകള്‍ പലര്‍ക്കും പ്രിയങ്കരമായിരുന്നു. ഇവയില്‍ 1-ഇഞ്ച് വലുപ്പമുള്ള സെന്‍സറുകളായിരുന്നു ഉപയോഗിച്ചിരുന്നത്. പ്രൊഫഷണലുകളല്ലാത്ത ഫൊട്ടോഗ്രാഫര്‍മാര്‍ക്ക് പൂര്‍ണ സംതൃപ്തി നല്‍കുന്ന തരത്തിലുള്ളവയായിരുന്നു അവയുടെ പ്രകടനം. മിക്ക സാഹചര്യങ്ങളിലും ഇവ മികവു പുലര്‍ത്തുകയും ചെയ്തിരുന്നു.

∙ പുതിയ സെന്‍സര്‍ വ്യാപകമായി ഉപയോഗിച്ചേക്കില്ല

സോണിയുടെ 1-ഇഞ്ച് വലുപ്പമുള്ള സ്മാര്‍ട് ഫോണുകള്‍ക്കുള്ള സെന്‍സര്‍ ഏപ്രിലില്‍ പുറത്തിറക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. വാവെയ് മെയ്റ്റ് സീരീസ് ഇത് ഉപയോഗിച്ചായിരിക്കും നിര്‍മിക്കുക എന്നും പറയുന്നു. എന്നാല്‍, ഈ സെന്‍സര്‍ ഉള്‍ക്കൊള്ളിച്ചുള്ള ഫോണുകള്‍ ധാരാളമായി ഇറങ്ങിയേക്കില്ലെന്നാണ് പറയുന്നത്. കാരണം, ഇത്തരം ഒരു സെന്‍സര്‍ ഉള്‍ക്കൊള്ളിക്കുമ്പോള്‍ ഫോണുകളുടെ വലുപ്പം കാര്യമായ രീതിയില്‍ തന്നെ വര്‍ധിപ്പിക്കേണ്ടതായി വരും. നിലവില്‍ മൂന്നും നാലും സെന്‍സറുകളൊക്കെയാണ് ഫോണുകളില്‍ കാണുന്നത്. എന്നാല്‍, ഇത്തരം ഒരു സെന്‍സര്‍ ഉപയോഗിച്ചാല്‍ ചിലപ്പോള്‍ മറ്റു സെന്‍സറുകള്‍ക്കായി അധികം സ്ഥലം ലഭിച്ചേക്കില്ലെന്നും പറയുന്നു. വാവെയ് മെയ്റ്റില്‍ മൂന്നു ക്യാമറകള്‍ക്ക് ഇടമൊരുക്കുമെന്നാണ് പറയുന്നത്.

English Summary: Smartphone photography to reach new heights with new Sony sensor

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS