ADVERTISEMENT

ക്ലാസിക് നിക്കോണ്‍ ഫിലിം ക്യാമറകളുടെ മട്ടുംഭാവവും ഉള്‍ക്കൊണ്ട് പുറത്തിറക്കിയ ക്രോപ് സെന്‍സര്‍ ക്യാമറയാണ് സെഡ് എഫ്സി (Nikon Z fc). നേരത്തെ ഇറക്കിയ ഡിഎഫ് എന്ന ഫുള്‍ഫ്രെയിം ക്യാമറയ്ക്കും ഇത്തരത്തിലുള്ള ഒരു രൂപം നിക്കോണ്‍ നല്‍കിയിട്ടുണ്ട്. പുതിയ സെഡ് എഫ്സി ക്യാമറയ്ക്ക് എപിഎസ്-സി 20.7 എംപി സെന്‍സറാണ് ഉള്ളത്. പുറമെ വ്യത്യസ്തമെന്നു തോന്നാമെങ്കിലും നിക്കോണ്‍ ആദ്യമിറക്കിയ ക്രോപ് സെന്‍സര്‍ മിറര്‍ലെസ് ക്യാമറയായ സെഡ്50 ക്യാമറയോടും സമാനതകളുണ്ട് പുതിയ ക്യാമറയ്ക്ക്. സെക്കന്‍ഡില്‍ 11 ഫോട്ടോകള്‍ വരെയും, 4കെ വിഡിയോയും പകര്‍ത്താം. ക്യാമറയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഡയലുകളാണ് ഇതിന്റെ പ്രധാന ആകര്‍ഷണീയത. ഷട്ടര്‍ സ്പീഡ്, ഐഎസ്ഒ, എക്സ്പോഷര്‍ കോംപന്‍സേഷന്‍ തുടങ്ങിയവ ഇങ്ങനെ ഡയലുകള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ നിയന്ത്രിക്കാം. ബില്‍റ്റ്-ഇന്‍ ഫ്ളാഷ് ഇല്ല. എഫ്ടുസെഡ് അഡാപ്റ്റര്‍ ഉപയോഗിച്ചാല്‍ എല്ലാ മുന്‍കാല നിക്കോണ്‍ ലെന്‍സുകളും പ്രവര്‍ത്തിപ്പിക്കാം. എഎഫ്-എസ് മുതലുള്ള ലെന്‍സുകള്‍ക്കേ ഓട്ടോഫോക്കസ് ലഭിക്കൂ. 

 

സെഡ് എഫ്സിക്ക് 100 - 51,200 വരെയാണ് ഐഎസ്ഒ. ഇത് 204,800 വരെ ബൂസ്റ്റു ചെയ്യാം. മൂവി ഷൂട്ടിങ്ങിന് ഐഎസ്ഒ 100 - 25,600 വരെ ആയിരിക്കും. വശത്തേക്ക് ടില്‍റ്റ് ചെയ്യാവുന്ന എല്‍സിഡി പാനലാണ്. ഇക്കാലത്ത് ക്യാമറകളില്‍ പ്രതീക്ഷിക്കാവുന്ന പല ഫീച്ചറുകളും നിക്കോണ്‍ സെഡ് എഫ്സിക്ക് ഉണ്ട്. ക്യാമറാ ബോഡിക്കു മാത്രം 84,995 രൂപയായിരിക്കും എംആര്‍പി. ക്യാമറയ്ക്കൊപ്പം പുറത്തിറക്കിയ 28എംഎം എഫ്2.8 ലെന്‍സിനൊപ്പം വാങ്ങിയാല്‍ വില 1,05,995 രൂപയായിരിക്കും. അതേസമയം, 16-50 ഡിഎക്സ് ലെന്‍സിനൊപ്പം വാങ്ങിയാല്‍  97,995 രൂപയായിരിക്കും വില. ക്യാമറയെക്കുറിച്ച് വേണ്ടതെല്ലാം അറിയാന്‍ ഈ ലിങ്ക് ഉപയോഗിക്കുക: https://bit.ly/3qKqW95

 

∙ നിക്കോണ്‍ സെഡ് 28എംഎം എഫ്2.8 ലെന്‍സ്

 

സെഡ് എഫ്സി ക്യാമറയ്ക്കൊപ്പം നിക്കോണ്‍ പുറത്തിറക്കിയ പ്രൈം ലെന്‍സാണ് സെഡ് 28എംഎം എഫ്2.8. ഇത് ഒരു ഫുള്‍ഫ്രെയിം ക്യാമറാ ലെന്‍സാണ്. വൈബ്രേഷന്‍ റിഡക്ഷന്‍ അടക്കമുള്ള ടെക്നോളജികളൊന്നുമില്ലാത്ത ഈ ലെന്‍സ് പ്ലാസ്റ്റിക് ഉപയോഗിച്ചു നിര്‍മിച്ചിരിക്കുന്നു. മികച്ച ഓട്ടോഫോക്കസ് സ്പീഡിനായി സ്റ്റെപ്പര്‍ മോട്ടര്‍ ഉപയോഗിച്ചിരിക്കുന്നു. 52എംഎം ആണ് ഫില്‍റ്റര്‍ ത്രെഡ്. ഏകദേശം 300 ഡോളറാണ് വില. 

 

∙ നിക്കോണ്‍ സെഡ് 7 ക്യാമറകള്‍ക്കൊപ്പം യുഎസ്ബി-സി ചാര്‍ജര്‍ ഇനി വില്‍ക്കില്ല

 

നിക്കോണ്‍ സെഡ് 7/7 II ക്യാമറകള്‍ക്കൊപ്പം ഇനി ഇഎച്-7പി എസി പവര്‍ അഡാപ്റ്റര്‍ നല്‍കില്ലെന്ന് കമ്പനി അറിയിച്ചു. പകരം എംഎച്-25എ ചാര്‍ജറായിരിക്കും ലഭിക്കുക. ഘടകഭാഗങ്ങളുടെ ദൗര്‍ലഭ്യതയാണ് ഇതിന് കാരണമെന്ന് കമ്പനി പറയുന്നു. 

 

∙ നിക്കോണിന്റെ ഏറ്റവും കരുത്തുറ്റ ക്യാമറ ഈ വര്‍ഷം?

 

നിക്കോണ്‍ ഇതുവരെ പുറത്തിറക്കിയിരിക്കുന്ന എല്ലാ ക്യാമറകളെക്കാളും മികച്ച മോഡലിന്റെ ടെസ്റ്റിങ് തുടങ്ങാനിരിക്കുകയാണ് കമ്പനി. ഇത് ഡിസംബറിനു മുൻപ് പുറത്തിറക്കിയേക്കുമെന്നും പറയുന്നു. സോണി എ1നും, ക്യാനന്‍ ഇനി പുറത്തിറക്കിയേക്കുമെന്നു കരുതുന്ന ആര്‍3, ആര്‍1 എന്നീ ക്യാമറകള്‍ക്കും വെല്ലുവിളി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ നിര്‍മിക്കുന്ന ഈ ക്യാമറ ഷൂട്ടിങ് സ്പീഡിലും മെഗാപിക്‌സലിന്റെ കാര്യത്തിലും വിലയിലും മറ്റേതു നിക്കോണ്‍ ക്യാമറയെയും മറികടക്കുമെന്നും കരുതുന്നു. സെഡ്9 50-60 മെഗാപിക്‌സല്‍ സെന്‍സറായിരിക്കും ഉള്‍ക്കൊള്ളുക എന്നാണ് കരുതുന്നത്. സെക്കന്‍ഡില്‍ 16-ബിറ്റ് റോ ഫയലുകള്‍ വച്ച് ഷൂട്ടു ചെയ്യാനുള്ള സ്പീഡോടെ ആയിരിക്കും ക്യാമറ എത്തുക എന്നും കരുതുന്നു. പുതിയതായി വികസിപ്പിച്ച സ്റ്റാക്ഡ് സീമോസ് സെന്‍സറായിരിക്കും ഇതില്‍ ഉണ്ടാകുക. കരുത്തന്‍ പ്രോസസര്‍ ഉണ്ടായിരിക്കുമെന്നും, 8കെ വിഡിയോ റെക്കോഡു ചെയ്യാനാകുമെന്നും കമ്പനി തന്നെ പറഞ്ഞിട്ടുണ്ട്. വിലയാകട്ടെ 6,000-7,000 ഡോളര്‍ റേഞ്ചിലായിരിക്കുമെന്നും കരുതുന്നു. 

 

∙ ക്യാനന്‍ ആര്‍3യും ഈ വര്‍ഷം

 

vivo-drone-camera

സെക്കന്‍ഡില്‍ 30 ഫോട്ടോ ഷൂട്ടു ചെയ്യാന്‍ സാധിക്കുമെന്നു കരുതുന്ന ക്യാനന്‍ ആര്‍3യും ഈ വര്‍ഷം പുറത്തിറക്കുമെന്നു കരുതുന്നു. നിക്കോണ്‍ സെഡ്9, ക്യാനന്‍ ആര്‍3 ക്യാമറകളും, സോണി എ1ഉം അടുത്ത ഒളിംപിക്‌സിനു ഫൊട്ടോഗ്രാഫര്‍മാരുടെ കൈയ്യില്‍ കണ്ടേക്കുമെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. സെഡ്9, സോണി എ1 ക്യാമറകളെപ്പോലെയല്ലാതെ ഏകദേശം 30.5 എംപി സെന്‍സറായിരിക്കും ക്യാനന്‍ ആര്‍3യില്‍ പ്രതീക്ഷിക്കാനാകുക. ആര്‍3 സെപ്റ്റംബറില്‍ പുറത്തിറക്കിയേക്കുമെന്നാണ് പുതിയ അഭ്യൂഹം. ഇതിന് 6,000 ഡോളറില്‍ താഴെയായിരിക്കും വില. സ്വന്തമായി നിര്‍മിച്ച ബാക്‌സൈഡ് ഇലൂമിനേറ്റഡ് സെന്‍സറായിരിക്കും ഇതില്‍ ഉപയോഗിക്കുക എന്ന് ക്യാനന്‍ അറിയിച്ചിട്ടുണ്ട്.

vivo-phone-drone-patent

 

∙ ക്യാനന്‍ ആര്‍എഫ് 14-35

 

ആര്‍എഫ് മിറര്‍ലെസ് സിസ്റ്റത്തിനായി പുതിയ വൈഡ് ആങ്ഗിള്‍ ലെന്‍സ് പുറത്തിറക്കിയിരിക്കുകയാണ് ക്യാനന്‍- ആര്‍എഫ് 14-35 എംഎം (RF 14-35mm F4 L IS USM). അഞ്ചര സ്റ്റോപ്പ് വരെ ഇമേജ് സ്റ്റബിലൈസേഷന്‍ ലഭിക്കുമെന്ന് കമ്പനി പറയുന്നു. ഓട്ടോഫോക്കസിനായി നാനോ യുഎസ്എം മോട്ടര്‍, തുടങ്ങിയവയും ഉള്ള ലെന്‍സിന്റെ രാജ്യാന്തര മാര്‍ക്കറ്റ് വില 1700 ഡോളറായിരിക്കും. വിഡിയോയ്ക്കും സ്റ്റില്‍ ഫൊട്ടോഗ്രഫിക്കും പ്രാധാന്യം നല്‍കിയാണ് ലെന്‍സ് പുറത്തിറക്കിയിരിക്കുന്നതെന്ന് കമ്പനി പറയുന്നു.

 

∙ ഐമൂവി, ഫൈനല്‍ കട്ട് പ്രോ സോഫ്റ്റ്‌വെയര്‍ ആപ്പിള്‍ അപ്ഡേറ്റു ചെയ്തു

 

വിഡിയോ എഡിറ്റിങ് സോഫ്റ്റ്‌വെയര്‍ ഐമൂവി, ഫൈനല്‍ കട്ട് പ്രോ എന്നിവ അപ്ഡേറ്റു ചെയ്തിരിക്കുകയാണ് ആപ്പിള്‍. 

 

∙ പല കംപ്യൂട്ടറുകളേക്കാളും വിലയുള്ള എഎസ്എസ്ഡി അവതരിപ്പിച്ചു

 

ഫൊട്ടോഗ്രാഫര്‍മാര്‍ അടക്കം അതിവേഗ ഡേറ്റാ ട്രാന്‍സ്ഫര്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് അവതരിപ്പിച്ച പുതിയ എക്സ്റ്റേണല്‍ എസ്എസ്ഡിയുടെ വില കേട്ടാല്‍ ഞെട്ടും- 2,900 ഡോളര്‍! സാബ്രെന്റ് കമ്പനിയാണ് ഇതു പുറത്തിറക്കിയിരിക്കുന്നത്. റോക്കറ്റ് എക്സ്ടിആര്‍എം-ക്യൂ (Rocket XTRM-Q) എന്നു പേരിട്ടിരിക്കുന്ന ഡ്രൈവിന് സെക്കന്‍ഡില്‍ 2,500 എംബി ഡേറ്റ വരെ ട്രാന്‍സ്ഫര്‍ ചെയ്യാം. തണ്‍ഡര്‍ബോള്‍ട്ട് 3 പോര്‍ട്ട് ഉള്ള കംപ്യൂട്ടറുകളിലേക്കായിരിക്കും ഈ സ്പീഡില്‍ ഡേറ്റാ കോപ്പി ചെയ്യാനാകുക. വിഡിയോ ഷൂട്ടര്‍മാര്‍ക്കും മറ്റും ഏറെ ഉപകാരപ്രദമായിരിക്കും ഇതെന്നാണ് വിലയിരുത്തല്‍.

∙ വിവോയുടെ ഡ്രോണ്‍ ക്യാമറ കെട്ടിടത്തിനുള്ളില്‍ മാത്രം പ്രവര്‍ത്തിപ്പിക്കാം?

 

സ്മാര്‍ട് ഫോണ്‍ ക്യാമറകള്‍ വൈവിധ്യത്തോടെ അവതരിപ്പിക്കാന്‍ എല്ലാ കമ്പനികളും ശ്രമിക്കാറുണ്ട്. ഇന്നേവരെ കണ്ടതില്‍വച്ച് ഏറ്റവും വിചിത്രമായ ആശയങ്ങളിലൊന്നാണ് ചൈനീസ് കമ്പനിയായ വിവോ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഫോണിനൊപ്പം ഡ്രോണ്‍ പോലെ പ്രവര്‍ത്തിപ്പിക്കാവുന്ന ക്യാമറയും നല്‍കാനാണ് ഉദ്ദേശമത്രെ. ഫോണ്‍ റിമോട്ട് പോലെ പ്രവര്‍ത്തിപ്പിച്ച് സെല്‍ഫികളും മറ്റും എടുക്കാവുന്ന രീതിയിലായിരിക്കും ഇതു നിര്‍മിക്കുക എന്നാണ് കമ്പനി നല്‍കിയിരിക്കുന്ന പേറ്റന്റ് അപേക്ഷയില്‍ നിന്നു മനസിലാകുന്നത്. 

 

ഫോണിന്റെ മുകള്‍ഭാഗത്തു നിന്നായിരിക്കും നാലു റോട്ടറുകളുള്ള (rotor) ഡ്രോണ്‍ പറുന്നുപൊങ്ങുക. ഒന്നിലും ഇടിക്കാതിരിക്കാനായി ഇന്‍ഫ്രാറെഡ് സെന്‍സറുകളും ഈ ചെറിയ ഡ്രോണില്‍ ഉണ്ടായിരിക്കും. പറക്കലിനിടയില്‍ ഫോട്ടോ പകർത്താനായി രണ്ടു ക്യാമറളും പിടിപ്പിച്ചിരിക്കുന്നു. ഡ്രോണ്‍ ഫോണില്‍ നിന്നു വേര്‍പെടുത്തുക എന്നത് ഉപയോക്താവ് കൈകൊണ്ടു ചെയ്യേണ്ട കാര്യമായിരിക്കും (ഓട്ടോമാറ്റിക് ആയിരിക്കില്ല) എന്നാണ് മനസിലാകുന്നത്. എന്നാല്‍ ഡ്രോണ്‍ പറന്നുയര്‍ന്നു കഴിഞ്ഞാല്‍ പിന്നെയെല്ലാം ഫോണിലുള്ള ആപ്പ് വഴി നിയന്ത്രിക്കാനാകുമെന്നാണ് കരുതുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡ്രോണിന് നിര്‍ദിഷ്ട പരിധിക്കുള്ളില്‍ പറന്ന് ഫോട്ടോകളും, വിഡിയോയും പകര്‍ത്താന്‍ സാധിക്കുമെന്നും അനുമാനിക്കുന്നു. 

 

ഡ്രോണില്‍ എത്ര മെഗാപിക്സല്‍ ക്യാമറകളായിരിക്കും ഉള്‍ക്കൊള്ളിക്കുക, എത്ര ദൂരം പറക്കാനാകും തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും ഇപ്പോള്‍ വ്യക്തതയില്ല. ഈ ഡ്രോണ്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ മാത്രം പറപ്പിക്കാവുന്ന വിധത്തിലുള്ളതാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. കാരണം പുറത്തെ കാറ്റ് ശക്തിയാര്‍ജ്ജിച്ചാല്‍ ഇത്ര ഭാരക്കുറവുള്ള ഡ്രോണിന് പറക്കാനായേക്കില്ലെന്നും കരുതുന്നു. പൊതുവെ വില കുറഞ്ഞ ഉപകരണങ്ങള്‍ ഇറക്കി ശ്രദ്ധ നേടിയ കമ്പനിയാണ് വിവോ എന്നതിനാല്‍ ഡ്രോണ്‍ ഫോണിനും അധികം വിലയിട്ടേക്കില്ലെന്ന് അനുമാനിക്കുന്നു. എന്നാല്‍, ഫോണ്‍-ഡ്രോണ്‍ ഇപ്പോഴും ഒരു പേപ്പറില്‍ മാത്രമുള്ള ഉപകരണമാണെന്നും മനസില്‍വയ്ക്കണം. ചിലപ്പോള്‍ പുറത്തിറക്കിയേക്കാം. 

 

കടപ്പാട്: ലെറ്റ്സ്ഗോഡിജിറ്റല്‍, നിക്കോണ്‍, ക്യാനന്‍, ആപ്പിള്‍, സാബ്രെന്റ്

 

English Summary: Nikon Z FC Mirrorless Camera With a Retro Design, Nikkor Z 28mm f/2.8 (SE) Lens Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com