ADVERTISEMENT

യൂട്യൂബര്‍മാര്‍ക്കും, വ്‌ളോഗര്‍മാര്‍ക്കും, മറ്റു കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്കുമുള്ള താരതമ്യേന വില കുറഞ്ഞ ക്യാമറകള്‍ക്ക് ഒരു വിപണിയുണ്ടെന്നു കണ്ട് ഇറക്കിയിരിക്കുന്ന മിറര്‍ലെസ് ക്യാമറയാണ് സോണി സെഡ്‌വി-ഇ10. കഴിഞ്ഞ വര്‍ഷം സോണി ഇത്തരം ഒരു ക്യാമറ ഇറക്കിയിരുന്നു-സെഡ്‌വി-1. നിരവധി വ്‌ളോഗര്‍മാരെ ആകര്‍ഷിച്ച ക്യാമറയായിരുന്നു അത്. പക്ഷേ, ലെന്‍സ് മാറ്റാനാവില്ല എന്നൊരു കുറവ് ഇതിനുണ്ടായിരുന്നു. കൂടാതെ അതിന് ഒരു 1'' സെന്‍സറായിരുന്നു. ഇപ്പോള്‍ ഇറക്കിയിരിക്കുന്ന സെഡ്‌വി-ഇ10 ക്യാമറയ്ക്കാകട്ടെ എപിഎസ്-സി സെന്‍സറാണ്. ലെന്‍സും മാറ്റാം.

 

നിലവിലുള്ള മറ്റൊരു സോണി മിറര്‍ലെസ് ക്യാമറയാണ് എ6100. ഇതിന്റെ 24എംപി സെന്‍സറാണ് പുതിയ സെഡ്‌വി-ഇ10 ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്നത്. സെഡ്‌വി-1, എ6100 എന്നീ ക്യാമറകളിലെ ചേരുവകള്‍ കൂട്ടിക്കലര്‍ത്തിയാണ് പുതിയ ക്യാമറ നിർമിച്ചിരിക്കുന്നതെന്ന് പറയാം. പുതിയ ക്യാമറ വ്‌ളോഗര്‍മാരെ ആകര്‍ഷിക്കാനായി നിര്‍മിച്ചിരിക്കുന്നതാണ്. ഇതിനാല്‍ അതിന്റെ ഹോട്ട്ഷൂവിനും സവിശേഷതയുണ്ട്. ഫ്‌ളാഷിനൊപ്പം ഷോട്ട്ഗണ്‍ മൈക്രോഫോണ്‍ എല്ലാം പിടിപ്പിക്കാം. ഇത് സെഡ്‌വി-1ലും സാധ്യമാണ്. കൂടാതെ ക്യാമറയില്‍ തന്നെ ത്രീ പിക്ക് അപ് സ്റ്റീരിയോ മൈക്രോഫോണും പിടിപ്പിച്ചിട്ടുണ്ട്. പവര്‍ സൂം, വലിയ റെക്കോഡ് ബട്ടണ്‍, ഫോട്ടോ, വിഡിയോ, സ്ലോമോഷന്‍ ഇവ എളുപ്പത്തില്‍ തിരഞ്ഞെടുക്കാന്‍ വേണ്ട ബട്ടണുകളെല്ലാം ക്യാമറയില്‍ ഒരുക്കിയിരിക്കുന്നു. ഇതു കൂടാതെ ഒരു ഡീഫോക്കസ് കണ്ട്രോളറും ഉണ്ട്. പശ്ചാത്തലം അവ്യക്തമാക്കാനായിരിക്കും ഇതു പ്രയോജനപ്പെടുക. ആ ഫീച്ചര്‍ ഈ വിഡിയോയില്‍ പരിചയപ്പെടാം: https://youtu.be/a1pIoKQFieA

 

മൈക്ക്, ജാക്ക്, ഹെഡ്‌ഫോണ്‍ ജാക്ക് തുടങ്ങിയവയും ഉള്‍ക്കൊളളിച്ചിരിക്കുന്നു. യുഎസ്ബി-സി പോര്‍ട്ട് വഴി ചാര്‍ജ് ചെയ്യാമെന്നതിനാല്‍ ബാറ്ററി തീരുമോ എന്ന പേടി വേണ്ടെന്നും പറയുന്നു. പൂര്‍ണമായി തിരിക്കാവുന്ന എല്‍സിഡി പാനലും ഈ ക്യാമറ പരിഗണിക്കുന്നവര്‍ക്ക് പ്രയോജനപ്രദമായിരിക്കും. ക്യാമറയുടെ ഫീച്ചറുകളിലൂടെയുള്ള ഒരു ഓട്ടപ്രദിക്ഷണം സോണി പുറത്തുവിട്ട വിഡിയോയില്‍ ലഭ്യമാണ്. https://youtu.be/z48-5QGetTE

 

സ്വന്തമായി വിഡിയോ റെക്കോഡ് ചെയ്യുന്നവര്‍ക്ക് വളരെ ഉപകാരപ്രദമായ ഓട്ടോഫോക്കസ് മോഡുകളും മറ്റും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്നതാണ് ക്യാമറ ആകര്‍ഷകമാക്കുന്ന മറ്റൊരു കാര്യം. ഉൽപന്നങ്ങളും മറ്റും പരിചയപ്പെടുത്തുക എന്നതും വളരെ എളുപ്പമാണെന്ന് ഈ വിഡിയോയില്‍ നിന്നും മനസ്സിലാക്കാം. https://youtu.be/LP9BeHaS2Mw

 

എ6100ന്റെ സെന്‍സറാണെങ്കില്‍ ആ ക്യാമറയുമായി സെഡ്‌വി-ഇ10ന് എന്തു വ്യത്യാസമാണുള്ളത്? എ6100ന് ഇവിഎഫ് ഉണ്ട്. എന്നാല്‍, സെഡ്‌വി-ഇ10ന് ഇല്ല. വിഡിയോ ഷൂട്ടര്‍മാരെ മുന്നില്‍ കണ്ടു നിര്‍മിച്ചതായതിനാലാണ് ഇത്. ഫൊട്ടോഗ്രഫിക്കാണ് പ്രാധാന്യം നല്‍കുന്നതെങ്കില്‍ എ6100 ആയിരിക്കും കൂടുതല്‍ ഉപകാരപ്രദം.

 

സെഡ്‌വി-ഇ10ല്‍ സെഡ്‌വി-1നേക്കാള്‍ വലുപ്പമുള്ള ബാറ്ററി ഉപയോഗിച്ചിരിക്കുന്നു. പക്ഷേ, ഇരു ക്യാമറകളും ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ചാര്‍ജ് ചെയ്യാം. പുതിയ ക്യാമറയ്ക്ക് ഒരു എസ്ഡി കാര്‍ഡ് സ്ലോട്ടാണ് (യുഎച്എസ്-1) ഉള്ളത്. സെക്കന്‍ഡില്‍ 30 ഫ്രെയിം 4കെ വിഡിയോ റെക്കോഡ് ചെയ്യാമെന്നതാണ് മുഖ്യ ഫീച്ചര്‍. ഫുള്‍എച്ഡി വിഡിയോ സെക്കന്‍ഡില്‍ 120 ഫ്രെയിം വരെയും റെക്കോഡ് ചെയ്യാം. 

 

∙ വില

 

സെഡ്‌വി-ഇ10 ബോഡിക്കു മാത്രം 700 ഡോളറും, 16-50എംഎം കിറ്റ്‌ലെന്‍സിനൊപ്പമാണെങ്കില്‍ 800 ഡോളറുമാണ് വിലയിട്ടിരിക്കുന്നത്. 

 

∙ സോണി ഷൂട്ടര്‍മാര്‍ക്ക് സന്തോഷ വാര്‍ത്ത, 35-150എംഎം എഫ്2-2.8 ലെന്‍സ് വരുന്നു

 

സോണി ഫുള്‍ഫ്രെയിം ഷൂട്ടര്‍മാര്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത, ലെന്‍സ് നിര്‍മാതാക്കളായ ടാംറോണ്‍ ഒരു 35-150എംഎം എഫ്2-2.8 (മുഴുവന്‍ പേര് 35-150mm F/2-2.8 Di III VXD) ലെന്‍സ് പുറത്തിറക്കാന്‍ ഒരുങ്ങുന്നു എന്നതാണത്. പ്രകൃതി ദൃശ്യങ്ങള്‍ മുതല്‍ പോട്രെയ്റ്റുകള്‍ വരെ വലുപ്പമുള്ള അപേര്‍ച്ചര്‍ ഉള്ള ലെന്‍സ് ഉപയോഗിച്ച് പകര്‍ത്താനാകും. കമ്പനി ഒരു 28-75എംഎം എഫ്2.8 ലെന്‍സും പുതിയതായി സോണി ഉപയോക്താക്കള്‍ക്കായി രൂപകല്‍പന മാറ്റി ഉണ്ടാക്കി വരികയാണെന്നും പറയുന്നു. ഇരു ലെന്‍സുകളും ഈ വര്‍ഷം വിപണിയിലെത്തിയേക്കും. 

 

∙ ക്യാനന്‍ ആര്‍3യ്ക്ക് 24എംപി സെന്‍സര്‍

 

അതിവേഗ ഷൂട്ടിങ്ങില്‍ ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന മറ്റൊരു ക്യാമറയായിരിക്കുമെന്നു കരുതുന്ന ക്യാനന്റെ ആര്‍3 ക്യാമറയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ക്യാമറയ്ക്ക് ഹൈ റെസലൂഷന്‍ സെന്‍സറായിരിക്കില്ല, മറിച്ച് 24 എംപി സെന്‍സറായിരിക്കും ഉപയോഗിക്കുക. ഇപ്പോള്‍ നടക്കുന്ന ടോക്കിയോ ഒളിംപിക്‌സില്‍ ഇത് ഉപയോഗിക്കുന്ന ജെഫ് കേബിള്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അതേസമയം, സ്‌പോര്‍ട്‌സ്, വൈല്‍ഡ് ലൈഫ് ഷൂട്ടര്‍മാര്‍ക്കായി നിര്‍മിച്ചിരിക്കുന്ന ഈ ക്യാമറയ്ക്ക് 24 എംപി സെന്‍സറായിരിക്കും ഉചിതമെന്നു പറയുന്നു. ഐഓട്ടോഫോക്കസ് ആണ് ആര്‍3യുടെ മറ്റൊരു ഫീച്ചര്‍. വ്യൂഫൈന്‍ഡറിലൂടെ ഫൊട്ടോഗ്രാഫര്‍ നോക്കുന്നിടത്ത് ഫോക്കസു ചെയ്യാനുള്ള കഴിവാണ് ഈ ക്യാമറയ്ക്കുണ്ടെന്നു പറയുന്നത്.

 

കടപ്പാട്: സോണി യുകെ, ടാംറോണ്‍

 

English Summary: Sony ZV-E10 Mirrorless Camera With 25-Megapixel Sensor, 4K Recording Launched for Vloggers, Content Creators

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com