ഫൊട്ടോഗ്രഫി പ്രേമികൾക്ക് വിലകുറഞ്ഞ 4 ക്യാമറാ ഫോണുകള്‍, ഫോട്ടോ എഡിറ്റിങ് സോഫ്റ്റ്‌വെയറുകൾ

Mail This Article
മനുഷ്യര്‍ക്ക് ക്യാമറയോടുള്ള സ്‌നേഹം വിശദീകരിക്കാനാകാത്ത ഒന്നാണ്. അധികം പണം നഷ്ടപ്പെടുത്താതെ ഒരു ക്യാമറ വാങ്ങണമെങ്കില്‍ പരിഗണിക്കാവുന്ന മോഡലുകള്‍ ഏതെല്ലാമാണ്? മിക്കവരും അന്വേഷിക്കുന്ന കാര്യമിതാണ്.
ഫൊട്ടോഗ്രഫി പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോഴും ഉചിതം ക്യാമറ തന്നെയാണെങ്കിലും മറ്റൊരു ഉപകരണം കൂടി കൊണ്ടു നടക്കുക എന്നത് പുതിയ തലമുറയിലെ പലര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. ഇതിനാല്‍ ഇന്ത്യയില്‍ ലഭ്യമായ ഏതാനും താരതമ്യേന വില കുറഞ്ഞ സ്മാര്‍ട് ഫോണുകളുടെ സഹായം തേടാം.
ഏകദേശം 20,000 രൂപ വില വരുന്ന ഫോണുകളാണ് പരിഗണിക്കുന്നത്. ഹൈ റെസലൂഷന്‍ ഫോട്ടോകള്‍ എടുക്കാമെന്നതു കൂടാതെ, 4കെ വിഡിയോ റെക്കോഡ് ചെയ്യാനുള്ള ശേഷിയും ഈ ഫോണുകള്‍ക്കുണ്ടായിരിക്കും. അതേസമയം, പ്രീമിയം ഫോണുകളിലോ, അധികം വിലയില്ലാത്ത ക്യാമറകളിലോ പോലും ലഭ്യമായ ഗുണമേന്മ ഈ ഫോണുകളില്‍ പ്രതീക്ഷിക്കുന്നതില്‍ അര്‍ഥവുമില്ല.

∙ ഷഓമി റെഡ്മി നോട്ട് 10 പ്രോ മാക്‌സ്

ഷഓമിയുടെ താരതമ്യേന വില കുറഞ്ഞ ഹാന്‍ഡ്‌സെറ്റുകളിലൊന്നായ റെഡ്മി നോട്ട് 10 പ്രോ മാക്‌സിന് 108 എംപി പ്രധാന ക്യാമറയാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍, മെഗാപിക്‌സല്‍ കൂടുതലുണ്ട് എന്നത് മികച്ച ക്യാമറയായി പരിഗണിക്കുന്നതിന്റെ മാനദണ്ഡമല്ല. സ്മാര്‍ട് ഫോണ്‍ നിര്‍മാണ രംഗത്തെ രാജാക്കന്മാരായ ആപ്പിള്‍ മുതലായ കമ്പനികള്‍ ഇതുവരെ 12 എംപി സെന്‍സറാണ് നല്‍കിവരുന്നതെന്ന് ഓര്‍ത്തിരിക്കണം. അതേസമയം, ഷഓമിയുടെ ഈ മോഡലില്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ക്ക് കളറുകളുടെ കൃത്യതയും മറ്റും തരക്കേടില്ല. പോട്രെയ്റ്റ് മോഡ് ആളുകളുടെയും മറ്റും ചിത്രങ്ങള്‍ പകര്‍ത്താന്‍ പ്രയോജനപ്പെടുത്താം. നൈറ്റ് മോഡ് രാത്രിയിലും മറ്റും ചിത്രങ്ങള്‍ എടുത്ത് പരീക്ഷണങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപകാരപ്രദമായിരിക്കും. 2 എക്‌സ് മാഗ്നിഫിക്കേഷനോടു കൂടിയ 5 എംപി മാക്രോ ക്യാമറ ചെറിയ വസ്തുക്കളുടെയും മറ്റും ചിത്രങ്ങള്‍ എടുക്കാന്‍ ഉപയോഗിക്കുകയും ചെയ്യാം. ഒപ്പമുള്ള 8എംപി അള്‍ട്രാവൈഡ് ലെന്‍സും കുഴപ്പമില്ലാത്ത ഫോട്ടോകള്‍ എടുക്കുന്നു. ഇതിനൊപ്പം 2എംപി ഡെപ്ത് സെന്‍സറും ഉണ്ട്.

∙ പോക്കോ എക്‌സ്3 പ്രോ

ഷഓമിയുടെ സബ് ബ്രാന്‍ഡായ പോക്കോ ഒരുക്കിയിരിക്കുന്ന എക്‌സ്3 പ്രോയുടെ പ്രധാന ക്യാമറയ്ക്ക് 48 എംപി റെസലൂഷനാണ് ഉള്ളത്. വില പരിഗണിച്ചാല്‍ തരക്കേടില്ലാത്ത ചിത്രങ്ങളാണ് ഈ ക്യാമറയില്‍ നിന്നും ലഭിക്കുന്നത്. പിന്‍ ക്യാമറാ സിസ്റ്റത്തില്‍ 8 എംപി അള്‍ട്രാ-വൈഡ്, 2 എംപി മാക്രോ, 2 എംപി ഡെപ്ത് എന്നീ സെന്‍സറുകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഫോട്ടോ എടുത്ത ശേഷവും പശ്ചാത്തലം അവ്യക്തമാക്കാന്‍ സാധിക്കുമെന്നത് പലര്‍ക്കും ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒരു ഫീച്ചറാണ്. അതേസമയം, ഡൈനാമിക് റെയ്ഞ്ച് അത്ര മികച്ചതല്ലെന്ന വിമര്‍ശനവും ഉയര്‍ത്താം. മാക്രോ പ്രകടനം മോശമല്ല.
∙ റിയല്‍മി നാര്‍സോ 30 പ്രോ
സാമാന്യം വിശ്വസിക്കാവുന്ന ഒരു ട്രിപ്പിള്‍ പിന്‍ ക്യാമറാ സിസ്റ്റം റിയല്‍മി നാര്‍സോ 30 പ്രോയ്ക്ക് ഉണ്ട്. ഇപ്പോള്‍ പല ഫോണുകളിലും ലഭിക്കുന്നതു പോലെ 48 എംപി പ്രധാന ക്യാമറ, 8 എംപി അള്‍ട്രാ-വൈഡ്, 2 എംപി മാക്രോ എന്നീ ലെന്‍സുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പകലും പ്രകാശമുള്ള സമയത്തും തരക്കേടില്ലാത്ത പ്രകടനമാണ് പ്രധാന ക്യാമറയുടേത്. എടുക്കുന്ന ചിത്രങ്ങളിലുള്ള കളര്‍ ആകര്‍ഷകമാണ്. കൂടുതല്‍ പൂരിതമായ നിറങ്ങളാണ് ഇഷ്ടമെങ്കില്‍ ഉപയോഗിക്കാന്‍ എഐ മോഡും ഉണ്ട്. പോര്‍ട്രെയ്റ്റുകളും അത്ര കുഴപ്പമില്ലാതെ ലഭിക്കുന്നു. അതേസമയം, പ്രകാശം കുറഞ്ഞ സമയത്ത് ചിത്രങ്ങള്‍ എടുത്താല്‍ ക്യാമറയുടെ മികവ് കുറയുന്നതു കാണാം.
∙ ഐക്യൂ സെഡ്3
താരതമ്യേന മികച്ച പ്രകടനം നടത്തുന്ന ക്യാമറാ ഫോണാണ് ഐക്യൂ സെഡ്3. ഫോണിന് 64 എംപി പ്രധാന ക്യാമറയാണ് ഉള്ളത്. കൂടാതെ 8 എംപി അള്‍ട്രാ-വൈഡ്, 2 എംപി മാക്രോ എന്നീ ക്യാമറാ മൊഡ്യൂളുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. അസാധാരണ പ്രകടനമൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കില്‍ നിരാശപ്പെടേണ്ടി വന്നേക്കില്ല എന്നതാണ് ഐക്യൂ സെഡ്3യുടെ ഗുണം. കളറും, വിശദാംശങ്ങള്‍ പതിയുന്നതിലുളള മികവും എല്ലാം ഈ ഫോണിനെ ഇഷ്ടപ്പെടാന്‍ ഇടവരുത്തിയേക്കാം.
അതേസമയം, ഫൊട്ടോഗ്രഫി ഗൗരവമായി പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ക്യാമറ തന്നെ വാങ്ങുന്നതാണ് ഉചിതം. ഏതാനും ചില മൊബൈല്‍ ഫോട്ടോ എഡിറ്റിങ് സോഫ്റ്റ്‌വെയര്‍ കൂടി പരിചയപ്പെടാം.
∙ അഡോബി ലൈറ്റ് റൂം
ഫോട്ടോ എഡിറ്റിങ് രംഗത്തെ പ്രമുഖരായ അഡോബിയുടെ ലൈറ്റ്‌റൂം ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭ്യമാണ്. വില നല്‍കേണ്ട. നിരവധി സെറ്റിങ്‌സ് എടുത്ത ചിത്രങ്ങളുടെ മികവു വര്‍ധിപ്പിക്കാനായി ഉപയോഗിക്കാം. ഫ്രീ അഡോബി അക്കൗണ്ട് ഒരെണ്ണം ഉണ്ടാക്കണം എന്നതു മാത്രമാണ് കമ്പനി ആവശ്യപ്പെടുന്നത്.
∙ സ്‌നാപ്‌സീഡ്
ഗൂഗിള്‍ വികസിപ്പിച്ചെടുത്ത സ്‌നാപ്‌സീഡും ഇരു ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും ലഭ്യമാണ്, ഫ്രീയുമാണ്. റോ ചിത്രങ്ങള്‍ പോലും എഡിറ്റു ചെയ്യാമെന്നതും, എഫക്ടുകള്‍ ചേര്‍ക്കാമെന്നതും ആപ്പിനെ പ്രിയങ്കരമാക്കുന്നു. സ്‌നാപ്‌സീഡില്‍ 29 ടുളുകളും എഫക്ടുകളും നല്‍കിയിരിക്കുന്നു.
∙ ഫോട്ടോഷോപ് എക്‌സ്പ്രസ്
അഡോബിയുടെ മറ്റൊരു ഫോട്ടോ എഡിറ്റിങ് ആപ്പാണ് ഫോട്ടോഷോപ് എക്‌സ്പ്രസ്. അതിവേഗം ഫോട്ടോയ്ക്കു വേണ്ട മാറ്റങ്ങള്‍ നടത്തിയെടുക്കാമെന്നതാണ് ഇതിന്റെ ഗുണം. നൂറുകണക്കിനു ഫില്‍റ്ററുകളും, എഫക്ടുകളും ലഭ്യമാണ്.
∙ വിഎസ്‌സിഒ
ഫോട്ടോയും വിഡിയോയും എഡിറ്റു ചെയ്യാന്‍ സാധിക്കുന്ന ടൂളുകള്‍ ഒരുക്കി കാത്തിരിക്കുന്ന ആപ്പാണ് വിഎസ്‌സിഒ. 10 ഫ്രീ പ്രീസെറ്റുകള്‍ ലഭ്യമാണ്. റോ ഫോട്ടോകളും എഡിറ്റു ചെയ്യാം.
English Summary: Best Budget Camera Phones 2021