ADVERTISEMENT

ക്യാമറാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലോകത്തെ ഏറ്റവും കരുത്തുറ്റ ക്യാമറകളിലൊന്നായ ക്യാനന്‍ ആര്‍3 പുറത്തിറങ്ങി. സ്‌പോര്‍ട്‌സ്, വന്യജീവി, വാര്‍ത്താ റിപ്പോര്‍ട്ടിങ് തുടങ്ങിയ മേഖലകളില്‍ മുൻപൊരിക്കലും ഒരു ക്യാനന്‍ ക്യാമറയില്‍ നിന്നു ലഭിക്കാത്ത തരത്തിലുള്ള പ്രകടനമായിരിക്കും ആര്‍3 നല്‍കുക. ക്യാനന്റെ ക്യാമറാ നിര്‍മാണ ശേഷിയും, ആധുനിക ടെക്‌നോളജിയും കൂട്ടിയിണക്കിയാണ് പുതിയ ക്യാമറ എത്തുന്നത്. സ്‌പോര്‍ട്‌സ് ഫൊട്ടോഗ്രാഫര്‍മാരും മറ്റും ഏറെ സ്‌നേഹിച്ചിരുന്ന ഇഒഎസ്-1 ഡിഎസ്എല്‍ആര്‍ സീരീസിന് പകരമുള്ള ഒരു മോഡലാണ് ഇഒഎസ് ആര്‍ മിറര്‍ലെസ് ശ്രേണിയില്‍ ഇപ്പോള്‍ ക്യാനന്‍ പുറത്തിറക്കിയിരിക്കുന്ന ആര്‍3.

 

പ്രസ്, സ്‌പോര്‍ട്‌സ് ഫൊട്ടോഗ്രാഫര്‍മാരുടെ അഭിപ്രായം നേരിട്ട് സ്വീകരിച്ച ശേഷമാണ് ക്യാനന്‍ ഈ ക്യാമറ പുറത്തിറക്കിയത്. നിലവിലുള്ള എല്ലാ ക്യാനന്‍ ഡിഎസ്എല്‍ആര്‍, മിറര്‍ലെസ് ക്യാമറകളെയും പരിഗണിച്ചാല്‍ കാണാവുന്ന കാര്യം അവയിലുള്ള നൂറിലേറെ ഫീച്ചറുകളാണ് ഇഒഎസ് ആര്‍3യില്‍ പുതുക്കി അവതരിപ്പിച്ചിരിക്കുന്നത് എന്നതാണ്. ഇതിന്റെ ഗുണമെന്താണെന്നു ചോദിച്ചാല്‍ ഇത്തരം പ്രൊഫഷണലുകള്‍ക്ക് അവരുടെ ജോലി എളുപ്പമാക്കുന്നു എന്നതാണ്. ക്യാമറയും ഫൊട്ടോഗ്രാഫറും തമ്മിലുള്ള ബന്ധത്തെ അത് പുതിയൊരു തലത്തിലേക്കു തന്നെ ഉയര്‍ത്തുന്നു എന്നാണ് ക്യാനന്‍ പറയുന്നത്. പ്രതികരണക്ഷമതയേറിയ ഈ ക്യാമറ ഉപയോഗിച്ചാല്‍ അതിവേഗം ജോലികള്‍ പൂര്‍ത്തിയാക്കാനാകും. ക്യാനന്‍ സ്വന്തമായി നിര്‍മിച്ച 24.1 എംപി റെസലൂഷനുള്ള സെന്‍സറാണ് ഇഒഎസ് ആര്‍3യുടെ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നത്. സ്‌പോര്‍ട്‌സ്, വാര്‍ത്താ ഫൊട്ടോഗ്രാഫര്‍മാര്‍ക്ക് ഏറ്റവും ഉചിതമായ റെസലൂഷനും വേഗവുമുള്ള ഈ ക്യാമറ തങ്ങളുടെ എതിരാളികളുടെ മോഡലുകളേക്കാള്‍ മികച്ച പ്രകടനം നടത്തുമെന്ന് ക്യാനന്‍ അവകാശപ്പെടുന്നു.

 

∙ വേഗത്തിലാണ് ഭാവി

 

ബാക്‌സൈഡ് ഇലൂമിനേറ്റഡ് 24.1 എംപി സ്റ്റാക്ഡ് സീമോസ് സെന്‍സര്‍ ഫൊട്ടോഗ്രഫിയില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്നാണ് കമ്പനി പറയുന്നത്. അതിവേഗം ഫോട്ടോ എടുക്കാമെന്നതു കൂടാതെ, ക്യാമറയുടെ പ്രതികരണക്ഷമതയും ഒന്നു വേറെ തന്നെയാണ്. ഈ കരുത്തുറ്റ സെന്‍സറിന് അതിവേഗ ഷട്ടര്‍ സ്പീഡ് ഉപയോഗിച്ച് റോളിങ് ഷട്ടര്‍ വക്രീകരണം ഏകദേശം പരിപൂര്‍ണമായി തന്നെ ഇല്ലാതാക്കുന്നു. ക്യാമറയ്ക്ക് 30 സെക്കന്‍ഡ് മുതല്‍ 1/64000 വരെയാണ് ഷട്ടര്‍ സ്പീഡ്. എത്ര വേഗത്തില്‍ നടക്കുന്ന കാര്യങ്ങളും ഉചിതമായ ഷട്ടര്‍സ്പീഡ് ഉപയോഗിച്ച് നിശ്ചലമാക്കാം എന്നത് സ്പോര്‍ട്‌സ് ഫൊട്ടോഗ്രാഫര്‍മാര്‍ക്കും മറ്റും ഒഴിച്ചുകൂടാനാകാത്ത ഫീച്ചര്‍ ആയിരിക്കും. ആര്‍3യുടെ ഇലക്ട്രോണിക് ഷട്ടര്‍ ഉപയോഗിച്ചാല്‍ സെക്കന്‍ഡില്‍ 30 റോ ഫോട്ടോകള്‍ വരെ ഷൂട്ടു ചെയ്യാം. ഇതിനെല്ലാം ഓട്ടോ എക്‌സ്‌പോഷറും, ഓട്ടോഫോക്കസ് ട്രാക്കിങും ഉണ്ടെന്നതാണ് മറ്റൊരു കാര്യം. സെക്കന്‍ഡില്‍ 15 ഫ്രെയിമും 3 ഫ്രെയിമും വച്ചു പകര്‍ത്താനുള്ള ഓപ്ഷനും ഉണ്ട്. മറ്റൊരു സുപ്രധാന ടെക്‌നോളജി മാറ്റം ഫ്‌ളാഷിന്റെ ഉപയോഗത്തിലാണ്. ചരിത്രത്തിലാദ്യമായി ക്യാനന്റെയും തേഡ്-പാര്‍ട്ടി ഫ്‌ളാഷ് നിര്‍മാതാക്കളുടെയും ഫ്‌ളാഷുകള്‍ ഇലക്ട്രോണിക് ഷട്ടറിനൊപ്പം സിങ്ക് ചെയ്യും. ഇലക്ട്രോണിക് ഷട്ടറുകള്‍ക്ക് പരമ്പരാഗതമായി ഫ്‌ളിക്കറിങ് (മിന്നിത്തിളങ്ങുന്ന) ലൈറ്റിനെതിരെ നിലനിന്നുവന്ന മറ്റൊരു പ്രശ്‌നവും പരിഹരിക്കാന്‍ ആര്‍3യില്‍ സാധിച്ചിട്ടുണ്ട്. ഇതിനായി ഫ്‌ളിക്കര്‍ ഡിറ്റെക്ഷന്‍, ഹൈ-ഫ്രീക്വന്‍സി ആന്റി ഫ്‌ളിക്കര്‍ ഷൂട്ടിങ് മോഡുകളാണ് ക്യാമറയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ക്യാമറയ്ക്ക് ഫ്‌ളിക്കര്‍ ചെയ്യുന്ന പ്രകാശ സ്രോതസുകളെ കണ്ടെത്താനും വേണ്ട ക്രമീകരണങ്ങള്‍ വരുത്തി ബാന്‍ഡിങ്, എക്‌സ്‌പോഷര്‍, കൃത്യതയില്ലാത്ത കളര്‍ തുടങ്ങിയ ദൂഷ്യങ്ങളില്ലാതെ ചിത്രങ്ങള്‍ എടുക്കാനും ആര്‍3യ്ക്ക് സാധിക്കും.

 

സെക്കന്‍ഡില്‍ എത്ര ഫ്രെയിം ഷൂട്ടു ചെയ്യാമെന്നതില്‍ മാത്രമല്ല ആര്‍3യുടെ സ്പീഡ് അറിയാനാകുക. ഫോക്കസിങ്ങിലും അത് തിളങ്ങുന്നു. കേവലം 0.03 സെക്കന്‍ഡില്‍ ഫോക്കസ് ചെയ്യാന്‍ സാധിക്കുന്ന ആര്‍3യാണ് ഇന്നേവരെ ഇറക്കിയിരിക്കുന്നതില്‍ വച്ച് ഏറ്റവും വേഗമേറിയ ഇഒഎസ് ആര്‍ ക്യാമറ. ഇതിനാല്‍ തന്നെ സ്‌പോര്‍ട്‌സ്, വാര്‍ത്താ ഫൊട്ടോഗ്രാഫര്‍മാര്‍ക്ക് ഏറ്റവും ഉത്തമമായ ക്യാനന്‍ ബോഡിയും ഇതാണ്. വാര്‍ത്താ, സ്‌പോര്‍ട്‌സ് മേഖലകളിലെ അപ്രവചനീയമായ നിമിഷങ്ങള്‍ പോലും പകര്‍ത്താന്‍ ആര്‍3 അത്യുത്തമമാണ്. ക്യാനന്റെ ഡ്യൂവല്‍പിക്‌സല്‍ സീമോസ്എഫ് II ശക്തിപകരുന്ന ആര്‍3യ്ക്ക് കൂടുതല്‍ മികവാര്‍ന്ന ഡീപ് ലേണിങ് അല്‍ഗോറിതം ഉണ്ട്. മനുഷ്യരുടെയും മൃഗങ്ങളുടെയും കണ്ണ്, ശരീരം മുഖം തുടങ്ങിയവയും, തല മുഴുവനായും സ്റ്റില്‍ ഫൊട്ടോഗ്രഫിയിലും വിഡിയോയിലും തിരിച്ചറിയാന്‍ സാധിക്കും. അതിവേഗ സ്‌പോര്‍ട്‌സ് വിഭാഗമായ മോട്ടോര്‍ സ്പോര്‍ട്‌സുകളുടെ ചിത്രങ്ങള്‍ പകര്‍ത്താനായി വണ്ടികളെ ട്രാക്കു ചെയ്യാനുള്ള മോഡും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മോട്ടോര്‍ബൈക്കുകള്‍, ഓപ്പണ്‍ കോക്പിറ്റ് ഫോര്‍മുല കാറുകള്‍, ജിറ്റി, റാലി കാറുകള്‍ തുടങ്ങിയവയും ട്രാക്കു ചെയ്യാം. ഇവിടെ വാഹനത്തെയാണോ, ഡ്രൈവറുടെ ഹെല്‍മറ്റിനെയാണോ ട്രാക്കുചെയ്യേണ്ടത് എന്നും ക്യാമറയില്‍ സെറ്റുചെയ്യാം. കണ്ണ്, മുഖം, തല, ശരീരം എന്നിവ ഇപ്പോള്‍ എല്ലാ എഎഫ് മോഡുകളിലും ലഭ്യമാണ്. പുതിയ ഫ്‌ളെക്‌സിബിൾ ഓട്ടോഫോക്കസ് സോണുകളിലും ഇതിനെ പ്രവര്‍ത്തിപ്പിക്കാം. ഇതിനായി ഉപയോക്താക്കള്‍ക്ക് സോണ്‍ എഫ് മേഖലയില്‍ ഏതു സൈസും ആകൃതിയും തിരഞ്ഞെടുക്കാം. ഇഒഎസ് ആര്‍3 മറ്റൊരു പ്രകടനമികവും കൊണ്ടുവരുന്നു. 7.5 ഇവി വരെ പ്രകാശക്കുറവുള്ള മേഖലകളില്‍ പോലും ഓട്ടോഫോക്കസ് പ്രവര്‍ത്തിപ്പിക്കാം. ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ വെളിച്ചക്കുറവുള്ള മേഖലകളില്‍ ഏറ്റവും മികവുറ്റ പ്രകടനം കാഴ്ചവയ്ക്കുന്ന ക്യാമറകളില്‍ ഒന്നായി തീര്‍ന്നിരിക്കുകയാണ് ഇഒഎസ് ആര്‍3.

 

എല്ലാ എഎഫ് ഓപ്ഷനുകളിലും ഓട്ടോഫോക്കസ് ക്രമീകരണം പരമാവധി ഫൊട്ടോഗ്രാഫറുടെ നിയന്ത്രണത്തിലാക്കാനായി ആര്‍3യില്‍ മൂന്ന് വ്യത്യസ്ത വഴികളാണുള്ളത്. ക്വിക് സ്മാര്‍ട് കണ്ട്രോളര്‍, വളരെ കൃത്യതയാര്‍ന്ന മള്‍ട്ടി കണ്ട്രോളര്‍ എന്നീ പരമ്പരാഗത രീതികള്‍ കൂടാതെ ഫൊട്ടോഗഗ്രാഫര്‍ക്ക് നോട്ടത്തിലൂടെ ഓട്ടോഫോക്കസ് പതിപ്പിക്കാനുള്ള അവസരവും ഉണ്ട്. ഇതിനെ ഐകണ്ട്രോള്‍ എഎഫ് എന്നു വിളിക്കുന്നു. ഇതുവഴി ക്യാമറയോട് ഫൊട്ടോഗ്രാഫര്‍ക്ക് കൂടുതല്‍ സ്വാഭാവികമായി ഇടപെടാനാകും. ഫൊട്ടോഗ്രാഫര്‍ എവിടെ നോക്കുന്നോ അവിടെ ഫോക്കസ് ചെയ്യാനുള്ള കഴിവാണ് ക്യാമറ ആര്‍ജിച്ചിരിക്കുന്നത്. ഒരു കാര്യം വേഗത്തില്‍ സംഭവിക്കാന്‍ പോകുന്ന അവസരങ്ങളില്‍ ഫൊട്ടോഗ്രാഫര്‍ക്ക് സ്വാഭാവികമായി തന്നെ വേണ്ടിടത്ത് ഫോക്കസ് ചെയ്യാനാകുന്നു എന്നതാണ് ഇതിന്റെ ഗുണം.

 

ക്യാമറ കയ്യില്‍ പിടിച്ചു ഷൂട്ടു ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ഇളക്കം തട്ടാത്ത ചിത്രങ്ങള്‍ പകര്‍ത്താനായി 5-ആക്‌സിസ് ഇമേജ് സ്റ്റബിലൈസേഷനും ക്യാമറയില്‍ ഉണ്ട്. ഇതിന് ആര്‍എഫ് ലെന്‍സുകളിലുള്ള ഇമേജ് സ്റ്റബിലൈസറുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള ശേഷിയും ഉണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ 8 സ്‌റ്റോപ് വരെ ഇമേജ് സ്റ്റബിലൈസേഷന്‍ ലഭിക്കുമെന്ന് കമ്പനി പറയുന്നു.

 

∙ എതിരാളികള്‍ക്കപ്പുറത്തേക്ക്

 

ഒളിംപിക്‌സ് പോലെയുള്ള ഇവന്റുകള്‍ ഷൂട്ടു ചെയ്യുന്ന ഫൊട്ടോഗ്രാഫര്‍മാര്‍ക്ക് ഫോട്ടോ എടുത്താല്‍ മാത്രം പോര, അവയെ അതിവേഗം എഡിറ്റര്‍മാരുടെ അടുത്തേക്ക് എത്തിക്കുകയും വേണം. ഇതിനായി നിരവധി കണക്ടിവിറ്റി ഓപ്ഷനുകളും ക്യാമറയില്‍ ലഭ്യമാക്കിയിട്ടുണ്ട്. ബ്ലൂടൂത്ത് 5.0, വൈ-ഫൈ 5ഗിഗാഹെട്‌സ് തുടങ്ങിയവ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇഒഎസ് ആര്‍3യെ സ്മാര്‍ട് ഫോണുമായോ, വൈ-ഫൈ നെറ്റ്‌വര്‍ക്കുമായോ എളുപ്പത്തില്‍ ബന്ധിപ്പിക്കാം. പോരെങ്കില്‍ ഗിഗാബിറ്റ് എതര്‍നെറ്റ് പോര്‍ട്ടും ഉണ്ട്. ഇതുവഴി അതിവേഗം ഡേറ്റ അയയ്ക്കാം. എഫ്ടിപി വഴിയും ചിത്രങ്ങള്‍ അയയ്ക്കാം. ഇഒഎസ് ആര്‍5, ഇഒഎസ്-1ഡി മാര്‍ക്ക് III മോഡലുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് നെറ്റ്‌വര്‍ക്ക് സെറ്റിങ്‌സ് ഷെയർ ചെയ്യുകയും ആകാം.

 

ക്യാമറയെ സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ചും റിമോട്ടായി നിയന്ത്രിക്കാം. ക്യാനന്റെ ക്യാമറാ കണക്ട് ആപ്, എതര്‍നെറ്റ് കണക്ഷന്‍ വഴി ബ്രൗസര്‍ റിമോട്ട് ഫങ്ഷന്‍ പ്രയോജനപ്പെടുത്തിയും റിമോട്ടായി ആര്‍3 പ്രവര്‍ത്തിപ്പിക്കാം. ക്യാനന്റെ മൊബൈല്‍ ഫയല്‍ട്രാന്‍സ്ഫര്‍ ആപ്പും പ്രയോജനപ്പെടുത്താം.

 

∙ അവിശ്വസനീയമായ വിഡിയോ ഷൂട്ടിങ് ശേഷി

 

ക്യാനന്‍ ഇഒഎസ് ആര്‍5നെ പോലെ തന്നെ ഫോട്ടോയും വിഡിയോയും പകര്‍ത്തുന്നതില്‍ ഒരു ഓള്‍റൗണ്ടര്‍ തന്നെയാണ് ആര്‍3 മോഡലും. കൃത്യമായി പറഞ്ഞാല്‍ ആര്‍3 അതിന്റെ ഓള്‍റൗണ്ടര്‍ വിശേഷണം അടുത്ത തലത്തിലേക്കു തന്നെ എത്തിക്കുന്നു. ആര്‍3യ്ക്ക് 6കെ 60പി റോ റെസലൂഷനുള്ള വിഡിയോ വരെയാണ് ഷൂട്ടു ചെയ്യാനാകുക. ഇത് 4കെയേക്കാള്‍ 50 ശതമാനം കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കുന്നുവെന്ന് ക്യാനന്‍ പറയുന്നു. ആര്‍3യുടെ 6കെ, സിആര്‍എം റോ ഫയലുകളുടെ എക്‌സ്‌പോഷറും വൈറ്റ്ബാലന്‍സും എല്ലാം വിഡിയോ ഷൂട്ടു ചെയ്തതിനു ശേഷം ക്രമപ്പെടുത്തി അത്യന്തം മികവുറ്റ വിഡിയോ നിര്‍മിക്കാം. കൂടാതെ, 6കെയില്‍ നിന്ന് ഓവര്‍സാംപിള്‍ ചെയ്ത് 4കെ 60പി ഫൂട്ടേജും പിടിച്ചെടുക്കാം. ഇതുവഴി ഏറ്റവും മികവുറ്റ 4കെ ഫൂട്ടേജ് ലഭിക്കുന്നുവെന്ന് ഉറപ്പിക്കാം. അതിവേഗ ആക്ഷന്‍ പിടിച്ചെടുക്കാനായി 4കെ, 120പി സ്ലോമോഷനും പകര്‍ത്താം. സാധാരണ വിഡിയോ 6 മണിക്കൂര്‍ നേരം വരെ പകര്‍ത്താനാകുമെന്ന് ക്യാനന്‍ പറയുന്നു. എന്നാല്‍, 19.88/100പി ഫ്രെയിം റേറ്റ് ആണെങ്കില്‍ ഒന്നര മണിക്കൂര്‍ വരെയായിരിക്കും റെക്കോഡിങ് സമയം.

 

എതിരാളികളേക്കാള്‍ വേഗത്തില്‍ ഫോട്ടോകള്‍ പകര്‍ത്തി എത്തിക്കുക എന്നതാണ് ആര്‍3യുടെ മുഖ്യ കടമയെങ്കിലും വിഡിയോയുടെ കാര്യത്തിലും ഉന്നതമായ മികവ് പുലര്‍ത്തുന്നു. ഫയല്‍ സൈസ് കുറയ്ക്കാനും വിഡിയോ വര്‍ക്ഫ്‌ളോയുടെ വേഗം വര്‍ധിപ്പിക്കാനും സിആര്‍എം ലൈറ്റ് അല്ലെങ്കില്‍ എംപി4 ഫൂട്ടേജ് ഓള്‍-ഐ, ഐപിബി അല്ലങ്കില്‍ അതിലും ചെറിയ ഐപിബി ലൈറ്റ് (All-I, IPB, IPB light) ഓപ്ഷണുകളില്‍ റെക്കോർഡ് ചെയ്യാം. വേണ്ട ബിറ്റ് റേറ്റും ഉപയോഗിക്കാം. ഇരട്ട കാര്‍ഡ് സ്ലോട്ടുകളാണ് നല്‍കിയിരിക്കുന്നത്. ഒരു യുഎച്എസ്-II എസ്ഡി കാര്‍ഡും അള്‍ട്രാ ഹൈസ്പീഡ് സിഎഫ്എക്‌സ്പ്രസ് കാര്‍ഡുമാണ് നല്‍കിയിരിക്കുന്നത്. ഇത് 6കെ റോ വിഡിയോ റെക്കോഡിങ്ങിന് ഉചിതമാണ്. ക്യാനന്‍ ലോഗ്3 ഉപയോഗിച്ച് 10-ബിറ്റ് ഇന്റേണല്‍ റെക്കോഡിങും നടത്താം. ഇതുവഴി കൂടുതല്‍ ഡൈനാമിക് റെയ്ഞ്ച് അല്ലെങ്കില്‍ 10 ബിറ്റ് എച്ഡിആര്‍ പിക്യു വിഡിയോ റെക്കോഡ് ചെയ്യാം. ഇതിന് പോസ്റ്റ് പ്രൊഡക്ഷന്‍ പ്രക്രിയയില്‍ കുറച്ച് എഡിറ്റിങും ഗ്രേഡിങും മതിയാകും. കറങ്ങി നടന്നു റിപ്പോര്‍ട്ടു ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് പുതിയ മള്‍ട്ടി-ഫങ്ഷന്‍ ഹോട്ട്ഷൂ. ഇതില്‍ ഫ്‌ളാഷ് മാത്രമല്ല പുതിയതായി കമ്പനി അവതരിപ്പിച്ച ഡയറക്ഷണല്‍ സ്റ്റീരിയോ മൈക്രോഫോണ്‍ ഡിഎം-ഇഐഡിയും പിടിപ്പിക്കാം. അഡാപ്റ്റര്‍ ഉപയോഗിച്ചാല്‍ രണ്ടു ചാനല്‍ പ്രൊഫഷണല്‍ എക്‌സ്എല്‍ആര്‍ മൈക്രോഫോണുകളും ഉപയോഗിക്കാം.

 

ഇഒഎസ്-1 സീരീസ് ബോഡികള്‍ ഉപയോഗിച്ചു വന്നിരുന്ന പ്രൊഫഷണലുകള്‍ക്ക് ഒട്ടും ബ്ലാക്-ഔട്ട് ഇല്ലാത്ത അതീവമേന്മയുള്ള 57.6 ലക്ഷം ഡോട്ട് ഇവിഎഫ് പിടിപ്പിച്ചിരിക്കുന്നു. ഇതിന് സെക്കന്‍ഡില്‍ 120 ഫ്രെയിം വരെയാണ് റിഫ്രഷ് റേറ്റ്. ഇനി ഒപ്ടിക്കല്‍ വ്യൂഫൈന്‍ഡര്‍ തന്നെയാണ് വേണ്ടതെങ്കില്‍ ആ രീതിയിലും ഇവിഎഫിനെ പ്രവര്‍ത്തിപ്പിക്കാം. ഷട്ടര്‍ ലാഗ് ആകട്ടെ 20 മില്ലി സെക്കന്‍ഡ്‌സ് ആയി കുറച്ചിരിക്കുന്നു. പല വീക്ഷണകോണുകളില്‍ ക്രമീകരിക്കാവുന്ന 41 ലക്ഷം ഡോട്ട് ടച്‌സ്‌ക്രീനാണ് ക്യാമറയുടെ മറ്റൊരു സവിശേഷത. മികവാര്‍ന്നതാണ് ഇത്. നിലവില്‍ ഇഒഎസ് ബോഡികള്‍ ഉപയോഗിച്ചു വരുന്നവര്‍ക്ക് അധികമായി പരിചയപ്പെടാനുള്ള ഒന്നും തന്നെ ഇല്ല. എന്നാല്‍, പുതിയ പല കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും ലഭ്യമാക്കിയിട്ടുണ്ട്. പഴയ ക്യാനന്‍ ക്യാമറ ബോഡിയില്‍ നിന്ന് മറ്റൊന്നിലേക്കു മാറുമ്പോള്‍ പഴയ ക്യാമറയില്‍ ഉപയോഗിച്ചിരുന്ന പേഴ്‌സണലൈസ്ഡ് സെറ്റിങ്‌സ് മെമ്മറി കാര്‍ഡില്‍ പകര്‍ത്തി ഇഒഎസ് ആര്‍3യില്‍ ഉപയോഗിക്കാം. പരിചിതമായ എല്‍പി-ഇ19 ബാറ്ററിയാണ് ആര്‍3യ്ക്കും.

 

ആര്‍3യുടെ നിര്‍മാണം ഭാരം കുറഞ്ഞ മഗ്നീഷ്യം ഉപയോഗിച്ചാണ്. എന്നാല്‍ ഇത് വെതര്‍ റെസിസ്റ്റന്റാണ് താനും. പല കാലാവസ്ഥകളിലും ഉപയോഗിക്കാം. പുതിയ വലുപ്പക്കുറവുള്ള സ്പീഡ്‌ലൈറ്റ് ട്രാന്‍സ്മിറ്റര്‍ എസ്ടി-ഇ10 മള്‍ട്ടി-ഫങ്ഷന്‍ ഷൂ വഴി ഉപയോഗിക്കാം. ഇതുവഴി വിവിധ ഫ്‌ളാഷുകളെ റിമോട്ടായി പ്രവര്‍ത്തിപ്പിക്കാം. അത്യന്തം വേഗമേറിയ, പ്രതികരണക്ഷമതയേറിയ സ്‌പോര്‍ട്‌സ് ക്യാമറയാണ് ഇഒഎസ് ആര്‍3.

 

ആര്‍3 ക്യാമറാ ബോഡിക്കൊപ്പം, ആര്‍എഫ് 100-400എംഎം എഫ്-5.6-8 ഐഎസ്, യുഎസ്എം ആര്‍എഫ് 16എംഎം എഫ്2.8 എസ്ടിഎം ലെന്‍സുകളും അവതരിപ്പിച്ചു. ഇവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്: https://en.canon-me.com/lenses/rf-16mm-f2-8-stm/ https://en.canon-me.com/lenses/rf-100-400-f5-6-8-isu

 

English Summary: The wait is over – Canon’s new sports hero is here to outpace and outperform

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com