ADVERTISEMENT

ഏതു മുക്കിലും മൂലയിലും വരെ സിസിടിവി കണ്ണുതുറന്നിരിക്കുന്ന അവസ്ഥയാണ് ഇന്ന് എവിടെയും കാണാവുന്നത്. സിസിടിവി എന്ന മൂന്നാം കണ്ണ് നമ്മുടെ നിത്യ ജീവിതത്തിലേക്കു തുറന്നിട്ടു കുറച്ചു വർഷങ്ങളായെങ്കിലും കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഇതിന്റെ പ്രാധാന്യവും വിൽപനയും കുതിച്ചു കയറുന്നതാണ് കണ്ടത്. എന്തെങ്കിലും കുറ്റകൃത്യം നടന്നാൽ മുകളിലിരിക്കുന്നവൻ പകരം ചോദിച്ചോളും എന്നു പറഞ്ഞിരുന്നിടത്തു നിന്നു മുകളിലുള്ള ക്യാമറ കയ്യോടെ പൊക്കിക്കോളും എന്നു പറയുന്നതിലേക്കെത്തി കാര്യങ്ങൾ.

സമൂഹത്തിൽ വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ തന്നെയാണ് സിസിടിവി വിൽപനയ്ക്കു കുതിപ്പേകുന്നത്. മറ്റുള്ളവരിൽ നിന്നു ഭീഷണി ഉയരുകയും ഏകാന്തത അനുഭവപ്പെടുകയും ചെയ്യുന്നിടത്തു സിസിടിവി വയ്ക്കാനുള്ള സാധ്യത ജനിക്കുകയാണ്. എടിഎമ്മുകളിലും ധനകാര്യ സ്ഥാപനങ്ങളിലും ആദ്യം പ്രത്യക്ഷപ്പെട്ടു തുടങ്ങിയ വലിയ പെട്ടിയിൽ നിന്നു കുഞ്ഞൻ രൂപത്തിലേക്കു ക്യാമറകൾ മാറി. ഏത് ഇരുട്ടിലും ചാരുതയോടെ ദൃശ്യങ്ങൾ പകർത്താനുള്ള സാങ്കേതിക വിദ്യ വന്നു. 

ചൈനീസ് കമ്പനികളാണ് കേരളത്തിലെ സിസടിവി ക്യാമറ വിപണിയെ അടക്കിവാഴുന്നത്. ഓഫിസുകളിലും സ്ഥാപനങ്ങളിലും ആദ്യം ഇടംപിടിച്ച ക്യാമറകൾ ഇപ്പോൾ വീടുകളിൽ വരെയെത്തി. ഏതു കോണിൽ ഉണ്ടാകുന്ന അപകടമായാലും ആക്രമണമായാലും അതിന്റെ ദൃശ്യങ്ങൾ പുറംലോകത്തെ അറിയിക്കാൻ ഒരു ക്യാമറ കണ്ണുതുറന്ന് ഇരിപ്പുണ്ട് എന്ന നിലയിലേക്കു കാര്യങ്ങൾ മാറി. കേരളത്തിൽ ഏറ്റവും കൂടുതൽ സിസിടിവി വിൽപന നടക്കുന്നത് കൊച്ചിയിലാണ്. പ്രമുഖ കമ്പനികളുടെ പ്രധാന ഓഫിസുകൾ കൊച്ചിയിലാണ് എന്നതാണു കാരണം. അവർ അവിടെ നിന്നു ക്യാമറകൾ വാങ്ങി മറ്റു ബ്രാഞ്ചുകളിലേക്ക് അയയ്ക്കുന്നു.

വിദേശത്തു നിന്നു നാട്ടിൽ എത്തിയവരാണ് വീടുകളിൽ സിസിടിവി സ്ഥാപിക്കുന്നവരിൽ ഏറിയ പങ്കും. ലോകോത്തര കമ്പനികളുടെ, മികച്ച നിലവാരത്തിലുള്ള ദൃശ്യങ്ങൾ തരുന്ന ക്യാമറകളാണ് ഇത്തരക്കാർക്ക് ആവശ്യം. ഇതിനൊപ്പം ക്യാമറ വിപണിയും വളരുകയാണ്. രണ്ടു വർഷം മുൻപുവരെ 2 മെഗാപിക്സൽ ആയിരുന്നു ഏറ്റവും ഉയർന്ന മോഡലിൽ ഉണ്ടായിരുന്നത്. ഇപ്പോൾ കൂടുതൽ പേരും ഡീലർമാരോട് ആവശ്യപ്പെടുന്നതു തന്നെ 8 മെഗാപിക്സൽ ക്യാമറകൾക്കാണ്. പുതിയ ജനറേഷൻ ക്യാമറകളിൽ നൈറ്റ് വിഷനും കളറായി തന്നെ ലഭ്യമാകുന്നു.

kollam-cctv

ക്യാമറകളുടെ വിൽപന കൂടുന്നു എന്നു പറയുമ്പോൾ നാം മനസ്സിലാക്കേണ്ട മറ്റൊരു കാര്യം സമൂഹത്തിൽ ഓരോ വ്യക്തിയും നേരിടുന്ന അതിക്രമങ്ങൾ കൂടി എന്നാണ്. ഓരോ വ്യക്തിയും ചെയ്യുന്ന കുറ്റകൃത്യങ്ങൾ കൂടി എന്നും പറയാം. ഓരോരുത്തരും അവരുടെ സ്വകാര്യതയ്ക്കു വലിയ വില കൊടുക്കുമ്പോൾ അതിലേക്കുള്ള എത്തിനോട്ടം പോലും കുറ്റകൃത്യമാകുന്നു. തന്നെയല്ലാതെ മറ്റാരെയും വിശ്വാസമില്ലാത്ത മനുഷ്യൻ തന്റെ സമീപത്തെ മനുഷ്യരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി ക്യാമറകൾ നിരത്തുന്നു.

വിവിധ തരം സിസിടിവി ക്യാമറകളെ പരിചയപ്പെടാം...

 

∙ ഡോം സിസിടിവി ക്യാമറ: 360ഡിഗ്രി തിരിയാൻ കഴിയുന്ന ഈ ക്യാമറകൾ ഒരു കറുത്ത കവചത്തിനുള്ളിലായാകും സ്ഫാപിച്ചിട്ടുണ്ടാകുക. മോഷ്ടാക്കൾക്കും മറ്റും വേഗത്തിൽ ക്യാമറ എവിടേക്കാണു ഫോക്കസ് െചയ്തിരിക്കുന്നതെന്നു കണ്ടെത്താൻ കഴിയില്ല.

 

∙ ബുള്ളറ്റ് ക്യാമറ: സിലിണ്ടറിക്കൽ ആകൃതിയിൽ പുറത്തേക്കു തള്ളി നിൽക്കുന്നവയാണിവ. പ്രധാനമായും പുറത്തെ വലിയൊരു പ്രദേശത്തെ നിരീക്ഷിക്കാനാണ് ഇവ ഉപയോഗിക്കുന്നത്. പൊടിയും മഴയും ഏറ്റാലും പ്രശ്നമില്ലാത്ത പെട്ടിക്കുള്ളിലായാകും ഇലക്ട്രോണിക്സ് ഭാഗങ്ങൾ ഘടിപ്പിച്ചിട്ടുണ്ടാകുക.

 

∙ സി മൗണ്ട്് സിസിടിവി ക്യാമറ: ഒരു ദണ്ഡിനോടു ഘടിപ്പിച്ച നിലയിലാണ് ഇത്തരം ക്യാമറ കാണുക. ക്യാമറ എളുപ്പത്തിൽ ഇളക്കി മാറ്റി, മറ്റൊന്നു സ്ഥാപിക്കാമെന്നതും 360 ഡിഗ്രി ചലനം സാധ്യമെന്നതും പ്രധാന സവിശേഷതകൾ. ഉയരത്തിൽ നിന്ന് ആവശ്യത്തിനുള്ള കോണിൽ ദൃശ്യങ്ങൾ പകർത്തുന്ന രീതിയിൽ സ്ഥാപിക്കാൻ കഴിയും.

 

∙ പാൻ ടിൽറ്റ് ആൻഡ് സൂം ക്യാമറ: ക്യാമറ ലെൻസ് യഥേഷ്ടം ഇടത്തേക്കോ വലത്തേക്കോ ചലിപ്പിക്കാൻ കഴിയുന്ന, സൂം ചെയ്യാൻ കഴിയുന്ന ക്യാമറകളാണിവ. കൺട്രോൾ റൂമിൽ ഇരുന്നു തന്നെ ഇവയുടെ നിയന്ത്രണം സാധ്യമാക്കാം. മുഖവും മറ്റും കൂടുതൽ മിഴിവോടെ തിരിച്ചറിയാൻ സഹായിക്കുന്ന ക്യാമറയാണിത്.

തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ നഗരത്തിൽ സ്ഥാപിച്ച ക്യാമറ യൂണിറ്റുകളിൽ ഒന്ന്.
തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ നഗരത്തിൽ സ്ഥാപിച്ച ക്യാമറ യൂണിറ്റുകളിൽ ഒന്ന്.

 

∙ ഡേ–നൈറ്റ് ക്യാമറ : ഏതു തരം സാഹചര്യത്തിലും വെളിച്ചക്കുറവുള്ളപ്പൊഴും പ്രവർത്തിക്കാൻ കഴിയുന്ന ക്യാമറകളാണിവ. ഇൻഫ്രാറെഡ് രശ്മികൾ ഉപയോഗിക്കാത്തതിനാൽ തന്നെ ഇൻഫ്രാറെഡ് ക്യാമറകൾ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ കൂടുതലായി ഉപയോഗിക്കപ്പെടുന്നു.

∙ ഇൻഫ്രാറെഡ് ക്യാമറ : തീരെ പ്രകാശമില്ലാത്ത അവസ്ഥയിലും തെളിച്ചമുള്ള ദൃശ്യങ്ങൾ പകർത്താൻ കഴിയുന്നവയാണ് ഈ ക്യാമറകൾ. ക്യാമറയ്ക്കു സമീപമുള്ള ഇൻഫ്രാറെഡ് എൽഇഡികളിൽ നിന്നുള്ള ഇൻഫ്രാറെഡ് രശ്മികൾ മുന്നിലുള്ള വസ്തുക്കളുടെ പ്രതലത്തിൽ പതിച്ചു തിരിച്ചെത്തുന്നതിലൂടെയാണു ദൃശ്യങ്ങൾ പകർത്തുന്നത്.

∙ വയർലെസ് ക്യാമറ: ഇന്റർനെറ്റുമായി ബന്ധിപ്പിച്ചോ അല്ലാതെയോ പ്രവർത്തിക്കുന്നവയാണിവ. ഇന്റർനെറ്റുമായി ബന്ധിപ്പിച്ച സംവിധാനമാണെങ്കിൽ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ തുടങ്ങിയവ വിദൂരത്തിലിരുന്ന് നിയന്ത്രിക്കാൻ കഴിയും.

∙ ഹൈ ഡെഫനിഷൻ ക്യാമറ : വളരെ മികച്ച നിലവാരത്തിലുള്ള ദൃശ്യങ്ങൾ പകർത്തുന്നവയാണ് ഹൈ ഡെഫനിഷൻ (എച്ച്ഡി) ക്യാമറകൾ. സൂം ചെയ്താലും തെളിമ നഷ്ടപ്പെടുകയോ, പടം മോശമാകുകയോ ചെയ്യില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

‌ഇവയ്ക്കു പുറമേയാണു പ്രത്യേക ആവശ്യങ്ങൾക്കായി രൂപകൽപന ചെയ്യുന്ന ക്യാമറകൾ. കേരള പൊലീസ് അടുത്തിടെ വാങ്ങിയ എഐ ക്യാമറകൾ ഇക്കൂട്ടത്തിൽപെടുന്നതാണ്. സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക പോലെ നിയമം തെറ്റിച്ചു വാഹനങ്ങൾ ഓടിക്കുന്നവരെ കണ്ടെത്താനാണു എഐ ക്യാമറകൾ ഉപയോഗിക്കുക. ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങളെ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചു പഠിച്ചാണ് സ്വയം നിയന്ത്രിത സംവിധാനം ഇത്തരം തീരുമാനങ്ങളിലെത്തുന്നത്. ക്രമസമാധാനപാലനത്തിനുൾപ്പെടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂട്ടാനാകാത്ത ഒന്നായി മാറുകയാണു സിസിടിവി ക്യാമറകൾ.

 

English Summary: Different Types of CCTV - CCTV Camera Types and Uses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com