ഫൊട്ടോഗ്രഫി പുതിയ മേഖലയിലേക്ക് കടക്കുന്നോ, ക്യാനന്റെ പുതിയ ഇരട്ട ലെന്‍സ് പറയുന്നതെന്ത്?
Mail This Article
ശരാശരി ഫൊട്ടോഗ്രാഫര്‍ക്ക് ഇപ്പോള്‍ ആവശ്യമുണ്ടാകാന്‍ സാധ്യതയില്ലാത്ത അല്‍പം വിചിത്ര ലെന്‍സാണ് ക്യാനന്‍ അവരുടെ ആര്‍എഫ് ശ്രേണിയല്‍ പുതിയതായി അവതരിപ്പിച്ചത്. ആര്‍എഫ് 5.2 എംഎം എഫ് 2.8 ഡ്യുവല്‍ ഫിഷ്‌ഐ ലെന്‍സ് എന്നു പേരിട്ടിരിക്കുന്ന ഒപ്ടിക്‌സ്, ഫൊട്ടോഗ്രഫി ലോകത്തിനു ചെറിയൊരു ഷോക്കു തന്നെയാണ് നല്‍കിയിരിക്കുന്നത്. പരമ്പരാഗത ഫോട്ടോ ഷൂട്ടിങ്ങിന് ഇത് ആവശ്യമില്ല. എന്നാല്‍, വെര്‍ച്വല്‍ റിയാലിറ്റി കണ്ടെന്റ് സൃഷ്ടിക്കാന്‍ ഇത് ഉപയോഗിക്കുകയും ചെയ്യാം. സ്‌റ്റീറിയോസ്‌കോപ്പിക് 3ഡി 180ഡിഗ്രി വിആര്‍ പിടിക്കാനാണ് പുതിയ ലെന്‍സ് ഉപകരിക്കുക. ഇത് 8കെ റെസലൂഷനിലാണ് പകര്‍ത്തുക. നിലവില്‍ ഈ ലെന്‍സ് സപ്പോര്‍ട്ടു ചെയ്യുന്ന ഏക ക്യാമറ ഇഒഎസ് ആര്‍5 ആണ്.
പരമ്പരാഗത വിഡിയോ ഷൂട്ടിങ്ങിനപ്പുറത്തേക്കുള്ള കണ്ടെന്റ് ക്രിയേഷന്‍ ആണ് അണിയറയില്‍ ഒരുങ്ങുന്നതെന്നു കരുതുന്നു. പുതിയ ലെന്‍സ് ഉപയോഗിച്ചു സൃഷ്ടിക്കുന്ന കണ്ടെന്റ് ഉപയോഗിക്കാന്‍ സാധിക്കണമെങ്കില്‍ കമ്പനിയുടെ ക്യാനന്‍ ഇഒഎസ് വിആര്‍ സോഫ്റ്റ്‌വെയർ വേണം. ഇത് സബ്‌സ്‌ക്രിപ്ഷന്‍ കേന്ദ്രീകൃതമാണ്. അഡോബി പ്രീമിയര്‍ പ്രോയില്‍ ഒരു ആഡ് ഓണ്‍ ആണിത്. ക്യാനന്റെ പുതിയ ലെന്‍സില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ പൊലിമയോടെ കാണണമെങ്കില്‍ ഒക്യുലസ് ക്വെസ്റ്റ് 2 ഹെഡ്‌സെറ്റും വേണം. ഏറ്റവും വലിയ ക്യാമറാ നിര്‍മാണ കമ്പനിയാണെങ്കിലും വേണ്ടത്ര നൂതനത്വം കൊണ്ടുവരാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലാത്ത കമ്പനിയാണ് തുടങ്ങിയ പഴികള്‍ കേട്ടുവന്ന ക്യാനന്‍ ഇറക്കിയ പുതിയ ലെന്‍സ് കണ്ട് പകച്ചിരിക്കുകയാണ് ഫൊട്ടോഗ്രഫി ലോകം. ലെന്‍സിന് വിലയിട്ടിരിക്കുന്നത് 1999 ഡോളറാണ്. തീര്‍ച്ചയായും നിങ്ങള്‍ക്ക് ആര്‍5 ക്യാമറയും, ഇഒഎസ് വിആര്‍ സിസ്റ്റം സോഫ്റ്റ്‌വെയറും ഉണ്ടെങ്കിലെ പുതിയ മേഖലയില്‍ പരീക്ഷണങ്ങള്‍ നടത്താനാകുക. ഡിസംബറില്‍ ലെന്‍സ് വാങ്ങാനാകുമെന്നു പറയുന്നു. ലെന്‍സിനെക്കുറിച്ച് ക്യാനന്‍ പുറത്തിറക്കിയിരിക്കുന്ന വിഡിയോ ഇവിടെ കാണാം: https://youtu.be/OJAr7SbVGBg
∙ ഉത്സാഹം പകര്‍ന്ന് സോണി 70-200 എഫ്2.8 ജിമാസ്റ്റര്‍ എത്തി
സോണി ഷൂട്ടര്‍മാര്‍ കാത്തിരുന്ന പുതിയ 70-200 എംഎം പ്രൊഫഷണല്‍ സൂം ലെന്‍സ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. സോണി എഫ്ഇ 70-200എംഎം ജിഎം ഒഎസ്എസ് II എന്നാണ് മുഴുവന്‍ പേര്. ഏതു ക്യാമറാ സിസ്റ്റം ഉപയോഗിക്കുന്ന പ്രൊഫഷണലുകള്‍ ആണെങ്കിലും അവര്‍ക്ക് ഏറ്റവുമധികം പ്രയോജനപ്രദമായ സൂമുകളില്‍ ഒന്നാണ് 70-200എംഎം. ഈ വിഭാഗത്തില്‍ സോണിയുടെ ഇപ്പോഴുള്ള മോഡല്‍ ക്യാനന്‍, നിക്കോണ്‍, പാനസോണിക് തുടങ്ങിയ കമ്പനികളുടെ മോഡലുകളേക്കാള്‍ പ്രകനടന മികവ് കുറഞ്ഞ ഒന്നാണെന്നാണ് ടെസ്റ്റുകള്‍ കാണിച്ചു തരുന്നത്. ഈ കുറവ് പരിഹരിക്കാനാണ് പുതിയ ലെന്‍സുമായി സോണി എത്തിയിരിക്കുന്നത്. സോണിയുടെ ഇപ്പോള്‍ വില്‍പനയിലുള്ള സെന്‍സിനു സമാനമാണ് പുതിയ ലെന്‍സിന്റെയും വലുപ്പം. എന്നാല്‍ ഭാരക്കുറവുണ്ട് എന്നത് ഷൂട്ടര്‍മാര്‍ക്ക് ഇഷ്ടപ്പെടും. പുതിയ ലെന്‍സിന് 1045 ഗ്രാമാണ് ഭാരം. പഴയ ലെന്‍സിനേക്കാള്‍ 30 ശതമാനത്തോളം ഭാരക്കുറവാണിത്.
പുതിയ ലെന്‍സിന് മികച്ച കോണ്‍ട്രാസ്റ്റ് ഉണ്ടെന്നാണ് ആദ്യ പ്രതികരണങ്ങള്‍ പറയുന്നത്. മികച്ച ഓട്ടോഫോക്കസിങ് ആണ് ലെന്‍സിന്റെ മറ്റൊരു എടുത്തു പറയേണ്ട ഫീച്ചര്‍. നാല് ലീനിയര്‍ എക്‌സ്ഡി മോട്ടറുകള്‍ ഉള്‍പ്പെടുത്തി ഇറക്കിയിരിക്കുന്ന പുതിയ ലെന്‍സായിരിക്കും ഈ ഫോക്കല്‍ റെയ്ഞ്ചില്‍ ഇപ്പോള്‍ ലഭ്യമായ ഏറ്റവും വേഗമേറിയ ലെന്‍സ് എന്നു കരുതുന്നു. സോണി എ1 ക്യാമറയ്‌ക്കൊപ്പം ഉപയോഗിച്ചാല്‍ അവിശ്വസനീയമായ ഓട്ടോഫോക്കസ് പ്രകനമാണ് നടത്തുന്നതെന്നു പറയുന്നു. ലെന്‍സ് സൂം ചെയ്തുകൊണ്ടിരുന്നാല്‍ പോലും ഓടുന്ന ആളുകളെ ഫോക്കസില്‍ നിർത്താമത്രെ. ഓട്ടോഫോക്കസിങ്ങിന്റെ കാര്യത്തില്‍ ഇന്ന് ഏറ്റവും മികവു പുലര്‍ത്തുന്ന കമ്പനികള്‍ സോണിയും ക്യാനനുമാണ്. ലോങിട്യൂഡിനല്‍ ക്രോമാറ്റിക് അബറേഷന്‍സ് അഥവാ ലോക്കയും ഈ ലെന്‍സിന് തീരെയില്ല എന്നതും മികവാര്‍ന്ന പ്രകടനം നടത്തുന്നു എന്ന സൂചന നല്‍കുന്നു. ഇപ്പോള്‍ വില്‍പനയിലുള്ള സോണി 70-200ന്റെ ഏറ്റവും വലിയ കുറവുകളിലൊന്ന് ഷാര്‍പ്‌നെസ് കുറവാണ്. പുതിയ ലെന്‍സ് 70എംഎം, 200എംഎം ഫോക്കല്‍ ലെങ്തുകളില്‍ പഴയ ലെന്‍സിനേക്കാൾ അതിശയിപ്പിക്കുന്ന പ്രകടനമാണ് നടത്തുന്നത്. പുതിയ ലെന്‍സിന് 2799 ഡോളറാണ് വില.
∙ നിക്കോണ്‍ സെഡ്9 ക്യാമറയുടെ പുതിയ ടീസര്‍ പുറത്തിറക്കി
ലോകത്തെ ഏറ്റവും മികച്ച മിറര്‍ലെസ് ക്യാമറകളില്‍ ഒന്നാകുമെന്നു കരുതപ്പെടുന്ന നിക്കോണ്‍ സെഡ്9 ക്യാമറയുടെ പുതിയ ടീസര്‍ വിഡിയോ പുറത്തുവന്നു. ക്യാമറയ്ക്ക് 8കെ വിഡിയോ റെക്കോർഡിങ് ശേഷി, രണ്ടു രീതിയില്‍ ടില്‍ട്ടു ചെയ്യാവുന്ന എല്‍സിഡി ഡിസ്‌പ്ലെ, സെക്കന്‍ഡില്‍ 30 ഫോട്ടൊ എടുക്കാനുള്ള കഴിവ് തുടങ്ങിയവ ഉണ്ടായിരിക്കും. സെഡ്9 ക്യാമറയ്ക്ക് 8കെ വിഡിയോ ഒരു മണിക്കൂറിലേറെ തുടര്‍ച്ചയായി റെക്കോഡു ചെയ്യാന്‍ സാധിച്ചേക്കുമെന്നാണ് സൂചന. ഒരു പക്ഷേ പരിധിയില്ലാതെയും റെക്കോർഡിങ് സാധിച്ചേക്കും. നിലവില്‍ ഏറ്റവും മികച്ച ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറയായി കരുതുന്നത് സോണിയുടെ എ1 മോഡലാണ്. നിക്കോൺ സെഡ്9 അതിനൊപ്പമോ, അപ്പുറമോ എത്തുമെന്നു കരുതുന്നു. പക്ഷേ പൊള്ളുന്ന വിലയായിരിക്കാനും സാധ്യതയുണ്ട്. ക്യാമറയില്‍ 45 എംപി സെന്‍സറായിരിക്കും ഉപയോഗിച്ചിരിക്കുക എന്നാണ് സൂചന. ക്യാനന്‍ ഇഒഎസ് ആര്‍1 ആയിരിക്കും ഈ ബോഡികള്‍ക്ക് എതിരാളിയാകാന്‍ ഇനി ഇറങ്ങുക. ചിപ്പ് പ്രതിസന്ധി ക്യാമറ കമ്പനികളെയും അലട്ടുന്നു എന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.
∙ നിക്കോണ്‍ സെഡ് ഡിഎക്‌സ് 18-140എംഎം ലെന്‍സ് പുറത്തിറക്കി
നിക്കോണ്‍ കമ്പനിയുടെ സെഡ് മൗണ്ടിലുള്ള എപിഎസ്-സി ക്യാമറകള്‍ക്കായി പുതിയ 18-140എംഎം ലെന്‍സ് പുറത്തിറക്കി. നിക്കോര്‍ സെഡ് ഡിഎക്‌സ് 18-140എംഎം എഫ്3.5-6.3 വിആര്‍ എന്നാണ് പുതിയ ലെന്‍സിന്റെ മുഴുവന്‍ പേര്. സെഡ്50, സെഡ് എഫ്‌സി ക്യാമറകള്‍ക്കായാണ് ഇതു പുറത്തിറക്കിയിരിക്കുന്നത്. ലെന്‍സിന് 600 ഡോളറാണ് വിലയിട്ടിരിക്കുന്നത്.
∙ പാനസോണിക് ലൂമിക്‌സ് ഡിസി-ബിഎസ്1എച് ബോക്‌സ് ആകൃതിയിലുള്ള ക്യാമറ പുറത്തിറക്കി
വിഡിയോ റെക്കോഡിങ്ങിന്റെ കാര്യത്തില്‍ പലര്‍ക്കും പ്രിയപ്പെട്ട ക്യാമറകള്‍ ഇറക്കുന്ന കമ്പനിയാണ് പാനസോണിക്. ഫോട്ടോയും വിഡിയോയും പകര്‍ത്താവുന്ന ഓള്‍ റൗണ്ടര്‍ ക്യാമറ പോലെയല്ലാതെ, വിഡിയോ റെക്കോഡിങ്ങിന് ശ്രദ്ധ നല്‍കി പുറത്തിറക്കിയിരിക്കുന്ന ക്യാമറയാണ് പാനസോണിക് ലൂമിക്‌സ് ഡിസി-ബിഎസ്1എച്. ഓപ്പണ്‍-ഗെയ്റ്റ് 6കെ, 5.9കെ 16:9 തുടങ്ങിയ രീതികളില്‍ വിഡിയോ പകര്‍ത്താം. 3500 ഡോളറാണ് വില. ബോക്‌സ് ആകൃതിയിലാണ് ക്യാമറ ഇറക്കിയിരിക്കുന്നത്.
∙ 2021ലെ വൈല്‍ഡ്‌ലൈഫ് ഫൊട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ വിഭാഗത്തിലെ വിജയികളുടെ ചിത്രങ്ങള്‍ കാണാം
ബ്രിട്ടനിലെ ദി നാച്യുറല്‍ ഹിസ്റ്ററി മ്യൂസിയം സംഘടിപ്പിച്ച വൈല്‍ഡ്‌ലൈഫ് ഫൊട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ മത്സരത്തിലെ വിജിയകളെ പ്രഖ്യാപിച്ചു. വിജയികളുടെ ചിത്രങ്ങള്‍ ഇവിടെ കാണാം; https://www.nhm.ac.uk/wpy/gallery
∙ ഗോപ്രോ ഹീറോ10 ബ്ലാക് അവതരിപ്പിച്ചു
പ്രമുഖ ആക്ഷന്‍ ക്യാമറാ നിര്‍മാതാവായ ഗോപ്രോയുടെ പുതിയ മോഡല്‍ പുറത്തിറക്കി - ഹീറോ10 ബ്ലാക്. ഇതിന്റെ പ്രധാന സവിശേഷത 5.3കെ വിഡിയോ റെക്കോഡിങ് ശേഷിയാണ്.
English Summary: Canon Unveils the RF 5.2mm f/2.8 L Dual Fisheye Lens For VR Capture