ADVERTISEMENT

തിരുമ്മൽ കേന്ദ്രങ്ങളിലും പൊതു സ്ഥലങ്ങളിലെ ശുചിമുറികളിൽ പോലും ഒളിക്യാമറ വഴി ദൃശ്യങ്ങൾ പകർത്തുന്ന കാലമാണിത്. സ്റ്റാർ ഹോട്ടലുകളിലെ ബാത്ത്റൂം വിഡിയോ പോലും പുറത്തുവരുന്നുണ്ട്. അതായത് ഈ കെണിയിൽ ആരും എപ്പോഴും വീഴാം. സ്ക്രൂവിലും ബൾബിലും ഘടിപ്പിക്കാവുന്ന ഇത്തരത്തിലുള്ള നൂറായിരം ഒളിക്യാമറകൾ ഇന്ന് വിപണിയിലുണ്ട്. ഇതിനു പുറമെയാണ് സ്മാർട് ഫോൺ ക്യാമറകളും. ഇതെല്ലാം കണ്ടുപിടിക്കുക അത്ര എളുപ്പമുള്ള കാര്യവുമല്ല.

 

മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കാന്‍ പൊതുവേ മനുഷ്യര്‍ക്ക് വലിയ ഇഷ്ടമാണ്. ഇങ്ങനെയല്ലാത്തവര്‍ എണ്ണത്തില്‍ കുറവാണ്. ഇങ്ങനെ നോക്കുന്നത് പലര്‍ക്കും ഹരമാണ്. മറ്റു ചിലര്‍ക്കാവട്ടെ, ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാനും മാനസികമായി പീഡിപ്പിക്കാനുമെല്ലാം ഉള്ള ഒരു ഉപാധിയാണെന്ന് പറയാം.

 

സ്വകാര്യതയിലേക്ക് നീളുന്ന ക്യാമറക്കണ്ണുകള്‍ എവിടെയും പ്രത്യക്ഷപ്പെട്ടേക്കാം. പല രൂപത്തിലും ഭാവത്തിലും അത് കാണാം. തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല. യാത്രകളില്‍ ഹോട്ടല്‍ മുറികളിലും ബാത്ത്‌റൂമുകളിലും പൊതുസ്ഥലങ്ങളിൽ, തുണിക്കടയിലെ ട്രയല്‍ റൂമിലുമെല്ലാം ഇത്തരത്തിലുള്ള ക്യാമറകള്‍ കണ്ടുപിടിക്കുന്ന വാര്‍ത്തകള്‍ സ്ഥിരം കേള്‍ക്കുന്നതാണ്. എത്രയോ പേരുടെ ചിത്രങ്ങളും വിഡിയോകളും പകര്‍ത്തിയ ശേഷമാണ് ഒരിക്കല്‍ ആരെങ്കിലും ഇത് കണ്ടുപിടിക്കുന്നതു തന്നെ. അപ്പോഴേയ്ക്കും നിരവധിപ്പേരുടെ സ്വകാര്യത നഗ്‌നചിത്രങ്ങളായും വിഡിയോകളായും സമൂഹ മാധ്യമങ്ങളിലും അശ്ലീല വെബ്സൈറ്റുകളിലും കറങ്ങിത്തിരിയുന്നുണ്ടാവും.

 

യാത്രകളിലും മറ്റും ഇത്തരത്തിലുള്ള കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടത് ഇന്നത്തെക്കാലത്ത് അത്യാവശ്യമാണ്. അപകടം ഇല്ലെന്നു ഉറപ്പിക്കുന്ന സ്ഥലങ്ങളില്‍ പോലും ശ്രദ്ധയോടെ മാത്രം പെരുമാറുക. നിലവില്‍ ഓണ്‍ലൈനിലും മറ്റു മാര്‍ക്കറ്റുകളിലുമെല്ലാം തന്നെ വിവിധ രൂപത്തിലും ഭാവത്തിലുമുള്ള രഹസ്യക്യാമറകള്‍ ലഭ്യമാണ്. സാധാരണയായി വില്‍ക്കപ്പെടുന്ന ഇത്തരം ചില ക്യാമറകളെ പരിചയപ്പെടാം. ഇത്തരം ക്യാറകളെയാണ് എവിടെയും സൂക്ഷിക്കേണ്ടത്.

 

1. ബള്‍ബ് ക്യാമറ

 

ദൂരസ്ഥലങ്ങളിലും മറ്റും പോകേണ്ടിവരുമ്പോള്‍ സുരക്ഷിതമായ താമസസ്ഥലം തിരഞ്ഞെടുക്കാന്‍ നമ്മള്‍ ഏറെ ശ്രദ്ധിക്കും. മുറിക്കുള്ളില്‍ കയറിയാല്‍ പിന്നെ സുരക്ഷിതമായി എന്നായിരിക്കും മിക്കവരുടെയും ചിന്ത. എന്നാല്‍ ഇനി ആ ചിന്ത പോലും വേണ്ട. മുറിയിലെ ചുവരില്‍ സര്‍വ്വം നിരീക്ഷിക്കാന്‍ ഒരു ഒരു ക്യാമറ ചിലപ്പോള്‍ കണ്ണും തുറന്നിരിക്കുന്നുണ്ടാവും!

 

കാണുമ്പോള്‍ സാധാരണ ബള്‍ബിനെപ്പോലെത്തന്നെ ഇരിക്കുന്ന ഈ ക്യാമറയ്ക്ക് ഇരുട്ടത്ത് പോലും കാര്യങ്ങള്‍ കാണാനും രേഖപ്പെടുത്താനും കഴിയും. അതും എച്ച്ഡി മികവോടെ! അപ്പുറത്ത് ഇരിക്കുന്ന ആള്‍ക്ക് റിമോട്ട് കണ്ട്രോള്‍ ഉപയോഗിച്ച് കാര്യങ്ങള്‍ നിയന്ത്രിക്കാനുള്ള സംവിധാനവും ഇതില്‍ കാണും.

 

2. ടേബിള്‍ ക്ലോക്ക് ക്യാമറ

 

ഇന്റര്‍വ്യൂവിനോ മറ്റോ പോകുമ്പോഴും ആളുകളോട് സംസാരിക്കുമ്പോഴുമെല്ലാം മുന്നിലെ ടേബിളില്‍ ശരിക്ക് നോക്കിക്കോളൂ. മേശപ്പുറത്ത് വച്ച ക്ലോക്കിനുള്ളില്‍ ചിലപ്പോള്‍ നിങ്ങളെ നിരീക്ഷിക്കാന്‍ ഒരു ക്യാമറ കാണും. ഇതും റിമോട്ട് കണ്ട്രോള്‍ വഴി നിയന്ത്രിക്കാന്‍ സാധിക്കും.

 

3. പേന ക്യാമറ

 

പേനയിലെ ക്യാമറകള്‍ ചിലപ്പോള്‍ കുറച്ചുകൂടി കണ്ടുപരിചയം കാണും. കീശയില്‍ നിന്ന് അല്‍പ്പം ഉയര്‍ന്നു നില്‍ക്കുന്ന പേനകള്‍ മുന്നില്‍ സംസാരിച്ചു കൊണ്ടിരിക്കുന്ന ആളുകളുടെ ഫോട്ടോകളും വിഡിയോകളും രേഖപ്പെടുത്തി വയ്ക്കും. സാധാരണ സിനിമകളില്‍ എല്ലാം ജേര്‍ണലിസ്റ്റുകളും സ്‌പൈ എജന്റുകളും ഉപയോഗിക്കുന്ന വസ്തുവായി ഈ ക്യാമറ കാണിക്കാറുണ്ട്.

 

4. കീച്ചെയിന്‍ ക്യാമറ

 

കീച്ചെയിനിന്റെ രൂപത്തിലിരിക്കുന്ന ക്യാമറയാണിത്. കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയാനാവില്ല. ഒരിക്കല്‍ മുഴുവനായി ചാര്‍ജ് ചെയ്താല്‍ മണിക്കൂറുകള്‍ വരെ കിട്ടുന്ന തരം ക്യാമറകള്‍ ഉണ്ട്. ഫോട്ടോകളും വിഡിയോകളും എടുക്കാം.

 

5. ബട്ടന്‍ ക്യാമറ

 

ഷര്‍ട്ടിന്റെ ബട്ടന്‍ഹോളിനുള്ളില്‍ തിരുകി വയ്ക്കാവുന്ന ക്യാമറയാണ് ഇത്. ഇതത്ര പുതുമയുള്ളതൊന്നുമല്ല. ഒളിക്യാമറകളുടെ ആദ്യ തലമുറയില്‍ പെട്ടതാണിത്. മുന്‍പില്‍ ഇരിക്കുന്ന ആള്‍ പറയുന്ന കാര്യങ്ങള്‍ അയാളറിയാതെ റെക്കോഡ് ചെയ്യുന്ന ഇത്തരം ക്യാമറകളും പെന്‍ ക്യാമറകളുമെല്ലാം സാധാരണയായി ജേണലിസ്റ്റുകളും മറ്റും ഉപയോഗിച്ച് വരാറുണ്ട്.

 

∙ ക്യാമറക്കണ്ണുകള്‍ എങ്ങനെ തിരിച്ചറിയാം

 

കണ്ണുകള്‍ കൊണ്ട് തിരിച്ചറിയാനാവാത്ത വിധം വിദഗ്ധമായായിരിക്കും ഒളിക്യാമറകള്‍ ക്രമീകരിക്കുന്നത്. ഇവയെ പ്രതിരോധിക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്.

 

1. വയര്‍ലെസ് ക്യാമറ ഡിറ്റക്റ്റര്‍

 

ഓണ്‍ലൈനില്‍ നിന്നോ ഇലക്ട്രോണിക് സ്റ്റോറുകളില്‍ നിന്നോ ഇവ വാങ്ങാന്‍ കിട്ടും. ഇവ ഉപയോഗിച്ച് മുറിക്കുള്ളില്‍ ഒളിപ്പിച്ചിരിക്കുന്ന ക്യാമറ കണ്ടെത്താം.

 

2. സെല്‍ഫോണ്‍ ഉപയോഗിക്കാം

 

സ്പീക്കറുകള്‍ക്കടുത്തൊക്കെ നിന്ന് സംസാരിക്കുമ്പോള്‍ മൂളല്‍ പോലെ ഫോണില്‍ ഒരു പ്രത്യേക ശബ്ദം കേള്‍ക്കാറില്ലേ. ഇതേ വിദ്യ ഇവിടെയും പ്രായോഗികമാണ്. ക്യാമറ ഉള്ളിടത്ത് ശക്തമായ വൈദ്യുതകാന്തികമണ്ഡലം (electromagnetic field) കാണും. ഇങ്ങനെയുള്ളിടത്തു നിന്ന് ഫോണില്‍ സംസാരിക്കുമ്പോള്‍ ഇതേ രീതിയിലുള്ള ശബ്ദം കേള്‍ക്കാന്‍ സാധിക്കും.

 

∙ ശ്രദ്ധിക്കുക

 

പോവുന്നിടത്തെല്ലാം നിങ്ങളെ പിന്തുടരാനും സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കാനും എവിടെയും ക്യാമറക്കണ്ണുകള്‍ പതിയിരിക്കുന്നുണ്ടാവാം. അപരിചിതമായ സ്ഥലങ്ങളില്‍ പോകുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുക.

 

English Summary: How to Detect Hidden Cameras Within Minutes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com