ADVERTISEMENT

സോണി എ7 4 (Sony Alpha 7 IV) എത്തുമ്പോള്‍ എതിരാളികളായ ക്യാനനെയും നിക്കോണിനെയും പിന്നിലാക്കി മിറര്‍ലെസ് ക്യാമറാ രംഗം അടക്കിവാഴുമെന്നായിരുന്നു സോണി ഫാന്‍സ് വിശ്വസിച്ചിരുന്നത്. അതു നടക്കുമോ? അതോ കമ്പനി അവരെ നിരാശപ്പെടുത്തുമോ? തുടര്‍ന്നു വായിക്കൂ... 

 

സോണിയുടെ തുടക്ക ശ്രേണിയിലെ ഏറ്റവും പുതിയ ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറയാണ് എ7 4. ഇതേ സീരീസില്‍ ഉണ്ടായിരുന്ന എ7 3, ഇതിറങ്ങിയ സമയത്ത് ചെറു വിപ്ലവം തന്നെയാണ് നടത്തിയത്. പുതിയ വേര്‍ഷന്‍ എത്തുമ്പോള്‍ സ്വാഭാവികമായും സോണി ആരാധകരുടെ പ്രതീക്ഷ വാനോളം ഉയരും. എന്നാല്‍, സോണി എ7 3 ഇറങ്ങിയ സമയത്തേതു പോലെയല്ലാതെ അടുത്തിടെയായി ക്യാമറാ രംഗത്ത് പല മാറ്റങ്ങളും വന്നു കഴിഞ്ഞു. ക്യാനന്‍ ആര്‍6, നിക്കോണ്‍ സെഡ് 6 II, പാനസോണിക് എസ്1 തുടങ്ങിയ ക്യാമറകളില്‍ നിന്ന് കടുത്ത വെല്ലുവിളി നേരിടുന്ന സമയത്താണ് സോണി പുതിയ ക്യാമറയുമായി എത്തുന്നത്. പുതിയ ക്യാമറയ്ക്ക് 33എംപി ബാക്‌സൈഡ്-ഇലൂമിനേറ്റഡ് സീമോസ് സെന്‍സറാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒപ്പമുള്ളത് കമ്പനിയുടെ ഏറ്റവും പുതിയ ബിയോണ്‍സ് എക്‌സ്ആര്‍ പ്രോസസറും. കമ്പനിയുടെ ഏറ്റവും പുതിയ ഫുള്‍ഫ്രെയിം ക്യാമറയുടെ ഡിസൈനും മെന്യു സിസ്റ്റവും എ7 4ന് ഉണ്ട്. മികച്ച കണക്ടിവിറ്റി ഓപ്ഷന്‍സ്, പോര്‍ട്ട് വിന്യാസം തുടങ്ങിയവയും നടത്തിയിരിക്കുന്നു.

 

∙ ലോകത്തെ ഏറ്റവും മികച്ച ഓട്ടോഫോക്കസിങ് സിസ്റ്റങ്ങളിലൊന്ന്

 

ലോകത്തെ ഏറ്റവും മികച്ച ഓട്ടോഫോക്കസിങ് ഉള്ള ക്യാമറകളിലൊന്നായി വിലയിരുത്തപ്പെടുന്നത് സോണിയുടെ പ്രൊഫഷണല്‍ മോഡലായ എ1 ആണ്. ആ ക്യാമറയില്‍ നിന്നു പകര്‍ത്തിവച്ചതാണ് എ7 4. മനുഷ്യരുടെയും മൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ കണ്ണുകള്‍ തിരിച്ചറിഞ്ഞ് ട്രാക്കു ചെയ്യാനുള്ള ശേഷിയാണ് ക്യമറയ്ക്കുള്ളത്. സബ്ജക്ടിനെ അറിഞ്ഞ് ട്രാക്കു ചെയ്യുന്ന രീതി വിഡിയോ പകര്‍ത്തുമ്പോഴും ലഭിക്കുമെന്നത് ക്യാമറയുടെ മികവുകളിലൊന്നാണ്.

 

∙ വിഡിയോ

 

സെക്കന്‍ഡില്‍ 30 ഫ്രെയിം വരെ യുഎച്ഡി 4കെ വിഡിയോ സെന്‍സറിന്റെ മുഴുവന്‍ പ്രതലവും ഉള്‍പ്പെടുത്തി പകര്‍ത്താം. ഇത് 7കെ ക്യാപ്ചറില്‍ നിന്ന് ഓവര്‍സാംപിള്‍ ചെയ്തതാണ് എന്നതും മികവു വര്‍ധിപ്പിക്കാന്‍ സഹായകമാകുമെന്നു കരുതുന്നു. അതേസമയം, എപിഎസ്-സി ക്രോപ് മോഡില്‍ ക്യാമറയ്ക്ക് 4കെ 60പി റെക്കോഡിങ് സാധ്യമാണ്. വിഡിയോയ്ക്ക് 10 ബിറ്റ് 4:2:2 അല്ലെങ്കില്‍ 4:2:0 ഡിറ്റെയില്‍ സെറ്റു ചെയ്യാം. വിവിധ ലോഗ് പ്രൊഫൈലുകളും ഉണ്ട്. 

 

∙ വെബ്ക്യാം ഫങ്ഷണാലിറ്റി

 

ഇക്കാലത്ത് വെബ്ക്യാമുകളായി പ്രവര്‍ത്തിപ്പിക്കാവുന്ന ക്യാമറകളുടെ ആവശ്യകത വര്‍ധിച്ചിരിക്കുകയാണ്. ഇതിനായി ഇത്തരം ഒരു ക്യാമറ വാങ്ങാനുള്ള പണം മുടക്കാനുള്ളവര്‍ പോലും ചില പ്രശ്‌നങ്ങള്‍ നേരിടുന്നു. പലപ്പോഴും ക്യാമറകളെ കംപ്യൂട്ടറുകളുമായി കണക്ടു ചെയ്യണമെങ്കില്‍ സങ്കീര്‍ണ്ണമായ സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കണം എന്നതാണ് കാരണങ്ങളിലൊന്ന്. ഇതെല്ലാം പരിഹരിച്ചെത്തുന്ന ആദ്യ ക്യമറകളിലൊന്നാണ് എ7 4. യാതൊരു വിഷമവും ഇല്ലാതെ ആര്‍ക്കും വെബ്ക്യാമായി കണക്ടു ചെയ്യാമെന്നത് ചില ഉപയോക്താക്കള്‍ക്ക് ഈ ക്യാമറ പ്രിയപ്പെട്ടതാക്കാം.

 

∙ ആദ്യമായി ലോസ്‌ലെസ് കംപ്രസ്ഡ് റോ

 

സോണി ക്യാമറകളുടെ പരിമിതികളിലൊന്നായി പലരും കരുതിവന്ന കാര്യങ്ങളിലൊന്ന് ലോസ്‌ലെസ് കംപ്രസഡ് റോ ഫയലുകള്‍ സൃഷ്ടിക്കാനുള്ള കഴിവില്ലായ്മയാണ്. അത് എ7 4ല്‍ പരിഹരിച്ചിരിക്കുകയാണ്. ഒന്നുകില്‍ ഒട്ടും കംപ്രഷനില്ലാത്ത റോ ഫയലുകള്‍ അല്ലെങ്കില്‍ ലോസി കംപ്രസ്ഡ് എന്ന പരിമിതിയില്‍ നിന്നും സോണി പുതിയ ക്യാമറയ്‌ക്കൊപ്പം കരകയറി എന്നു കരുതുന്നു. 

 

sony-a7-4

∙ ഫോക്കസ് ബ്രീതിങ് കറക്ഷന്‍

 

ലോകത്ത് ആദ്യമായിട്ടായിരിക്കണം ഫോക്കസ് ബ്രീതിങ് കറക്ഷന്‍ ഒരു ക്യാമറയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അതിനുള്ള യോഗവും എ7 4ന് ലഭിച്ചു. 

 

∙ ഫോക്കസ് മാപ്

 

എ7 4 ആദ്യമായി കൊണ്ടുവരുന്ന മറ്റൊരു ഫീച്ചറാണ് ഫോക്കസ് മാപ്. ഫോക്കസ് പ്ലെയ്‌നിനു മുന്നിലും പിന്നിലുമായി ഒരു ചുവന്ന അല്ലെങ്കില്‍ നീല ഫില്‍റ്റര്‍ കൊണ്ടുവരികയാണ് ചെയ്യുന്നത്. ചില അവസരങ്ങളില്‍ ഫോക്കസ് പീക്കിങ്ങിനേക്കാള്‍ മികച്ച പ്രകടനം ലഭിക്കുന്നുവെങ്കിലും ഇത് ശ്രദ്ധതെറ്റിക്കുന്ന ഒന്നായി അനുഭവപ്പെടുന്നു എന്നും വാദമുണ്ട്. ഫോക്കസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണ്ട സമയത്ത് ഇത് ഉപയോഗിക്കാം.

 

∙ സോണി എ7 4ന് പരിമിതികള്‍ ഉണ്ടോ?

 

ഇത്രയധികം ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഒരു ക്യാമറയ്ക്ക് അധികം പരിമിതികള്‍ കണ്ടേക്കില്ലെന്നു കരുതാമെങ്കിലും പല സോണി ആരാധകരെ പോലും ഈ ക്യാമറ നിരാശപ്പെടുത്തിയെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. ഒന്നാമതായി 4കെ ഷൂട്ടിങ്ങില്‍ കടന്നുകൂടുന്ന റോളിങ് ഷട്ടര്‍. ഇത് എ7 3യെക്കാള്‍ കൂടുതലാണെന്നും അല്ല അത്രയൊക്കെ ഉള്ളൂ എന്നും ആദ്യ റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്തായാലും ഇത് നരാശാജനകമാണ്. അതായത് 4കെ വിഡിയോ റെക്കോഡു ചെയ്യണമെന്ന ഉദ്ദേശത്തോടെ ക്യാമറ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ എ7 4ന്റെ കാര്യത്തില്‍ രണ്ടാമതും മൂന്നാമതും ആലോചിച്ചേക്കുമെന്നും പറയുന്നു. 

 

∙ അപ്പോള്‍ ഫോട്ടോയുടെ കാര്യത്തിലോ?

 

ഫോട്ടോയുടെ കാര്യത്തില്‍ ക്യാമറയുടെ ഷൂട്ടിങ് സ്പീഡ് സെക്കന്‍ഡില്‍ 10 ഫ്രെയിമാണെന്ന് സോണി അവകാശപ്പെടുന്നുണ്ടെങ്കിലും അത് ലോസി കംപ്രസ്ഡ് റോ റെക്കോഡു ചെയ്യുമ്പോഴേ ലഭിക്കൂ. ലോസ്‌ലെസ് കംപ്രസ്ഡ് റോ ചെയ്യുമ്പോള്‍ ഷൂട്ടിങ് സ്പീഡ് സെക്കന്‍ഡില്‍ 5 ഫ്രെയിമായി ചുരുങ്ങും. അധികമാരും വാങ്ങാതെ കിടന്ന നിക്കോണ്‍ സെഡ്5 ബോഡി പോലും പൊടുന്നനെ വളരെ ആകര്‍ഷകമായ ക്യാമറയായി മാറിയെന്ന് നിക്കോണ്‍ ആരാധകര്‍ പറയുന്നു. അതേസമയം, ക്യാനന്‍ ആര്‍6, നിക്കോണ്‍ സെഡ്6 2, പാനസോണിക് എസ്1 (ഓട്ടോഫോക്കസിന്റെ കാര്യത്തില്‍ പിന്നിലാണ്) തുടങ്ങിയ ക്യാമറകള്‍ അത്യാകര്‍ഷകമായി തീരുകയും ചെയ്തിരിക്കുന്നു.

 

∙ സോണി എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിച്ചത്?

 

മികച്ച വിഡിയോ പകര്‍ത്തല്‍ ശേഷിയും ഷൂട്ടിങ് സ്പീഡും കൂടെ എ7 4ന് നല്‍കി കഴിഞ്ഞാല്‍ കമ്പനിയുടെ എ7 എസ്3, എ1 തുടങ്ങിയ ക്യാമറകളുടെ വില്‍പന കുറയുമെന്നതു തന്നെയാണ് ഒരു കാരണം. ഒരു പക്ഷേ തൊട്ടു മുൻപിലത്തെ മോഡലായ എ7 3 കുറേക്കാലത്തേക്കു കൂടി മാര്‍ക്കറ്റില്‍ നിലനിര്‍ത്താനും കമ്പനി ആഗ്രഹിക്കുന്നുണ്ടാകാം. സോണി എ7 എസ്3, എ1 എന്നിവ കൈയ്യിലുള്ള ആരും ഈ ക്യാമറ വിഡിയോ ഷൂട്ടിങ്ങിനായി വാങ്ങാന്‍ ആഗ്രഹിക്കില്ല.

 

∙ എ7 4 ആര്‍ക്ക്?

 

എ7 3 ഉപയോഗിച്ചു വന്നവര്‍ എ7 4 വാങ്ങിയാല്‍ ഓട്ടോഫോക്കസിലടക്കം പല ഗുണങ്ങളും അനുഭവവേദ്യമാകുമെന്നു പറയുന്നു. ഫാസ്റ്റ് ഷൂട്ടിങ് വേണ്ടെന്നുള്ളവര്‍ക്ക് മികച്ച സ്റ്റില്‍ ക്യാമറ തന്നെയായിരിക്കും ഇത്. അതേസമയം, ഇന്ന് പുതിയ മിറര്‍ലെസ് സിസ്റ്റം ക്യാമറ വാങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഓള്‍ റൗണ്ട് പ്രകടനം നല്‍കുന്ന ഏറ്റവും മികച്ച ക്യാമറ ക്യാനന്‍ ആര്‍6 (ഫോട്ടോയ്ക്ക് റെസലൂഷന്‍ കുറയും), നിക്കോണ്‍ സെഡ് 6 2 തുടങ്ങിയവ ആയിരിക്കുമെന്നു പറയുന്നു. ഒരു പക്ഷേ, എ7 എസ്3 ഉപയോഗിക്കുന്നവര്‍ക്ക് കൂടിയ റെസലൂഷനുള്ള സ്റ്റില്‍ ക്യാമറ വാങ്ങണമെന്നു തോന്നുന്നുണ്ടെങ്കിലും സോണി എ7 4 പരിഗണിക്കാം.

 

∙ സോണിക്കും ക്യാനനും ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കാന്‍ നിക്കോണ്‍?

 

അടുത്ത ദിവസങ്ങളില്‍ പുറത്തിറക്കാന്‍ പോകുന്ന നിക്കോണ്‍ സെഡ്9 ഇക്കാലം വരെ ഇറങ്ങിയിരിക്കുന്നതില്‍ വച്ച് ഏറ്റവും മികച്ച ഫുള്‍ ഫ്രെയിം ക്യാമറ ആയിരിക്കുമെന്നാണ് അഭ്യൂഹങ്ങള്‍ പറയുന്നത്.

 

English Summary: Sony Alpha 7 IV With 33-Megapixel Sensor, BIONZ XR Image Processor Unveiled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com